തുലാവര്‍ഷ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം നട ഇന്ന് തുറക്കും

പത്തനംതിട്ട: തുലാവര്‍ഷ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല. തുലാം ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 7.30 ന് ഉഷപൂജയ്‌ക്ക് ശേഷം പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പും നടക്കും.

10 പേരാണ് ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. 8 പേർ മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തുന്ന കൃതികേഷ് വർമ്മയും പൗർണ്ണമി ജി വർമ്മയും ആണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്ക് എടുക്കുക.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. കെ അനന്തഗോപൻ, ബോർഡ് അംഗം പി എം തങ്കപ്പൻ, ദേവസ്വം കമ്മീഷണർ ബി എസ് പ്രകാശ്, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ മനോജ്, ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകൻ റിട്ട.ജസ്റ്റിസ് ആർ ഭാസ്‌കരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മേൽശാന്തി നറുക്കെടുപ്പ്.
തുലാമാസ പൂജകളുടെ ഭാഗമായി ഈ മാസം 17 മുതൽ 22 വരെ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം. നിലയ്‌ക്കലിൽ ഭക്തർക്കായി സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22 ന് രാത്രി 10ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്‌ക്കും. ചിത്തിര ആട്ട വിശേഷത്തിനായി ക്ഷേത്രനട വീണ്ടും 24ന് തുറക്കും.

ആറ്റിങ്ങലിൽ റോഡ് ഉപരോധം തുടങ്ങി

ആറ്റിങ്ങലിൽ റോഡ് ഉപരോധം തുടങ്ങി

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ വിഴിഞ്ഞം മത്സ്യ തൊഴിലാളികൾ റോഡ് ഉപരോധം തുടങ്ങി. വൻ പോലീസ് സന്നാഹങ്ങളാണ് എവിടെ എത്തിയിട്ടുള്ളത്. ജല പീരങ്കി ഉൾപ്പെ ടെയുള്ള സംവിധാനകൾ സജ്ജീകരിച്ചിട്ടുണ്ട്. വാഹനങ്ങൾ തടയുന്നുണ്ട്.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത.

തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. നാളെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 11 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

.

വിഴിഞ്ഞം സമരം; റോഡ് ഉപരോധം നിരോധിച്ച് ഉത്തരവ്

വിഴിഞ്ഞം സമരം; റോഡ് ഉപരോധം നിരോധിച്ച് ഉത്തരവ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം ജംഗ്ഷൻ, മുല്ലൂര്‍ എന്നിവടങ്ങളില്‍ തിങ്കളാഴ്ച മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് കളക്റ്റർ. മുദ്രാവാക്യം വിളിയും നിരോധിച്ചു. അതിരൂപതയുടെ സമരവും ഇതിനെതിരായ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധവും സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നത് കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, സര്‍ക്കാരിന് എതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് അതിരൂപതയുടെ നീക്കം. അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ സര്‍ക്കാരിനെതിരായ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചു. നാളത്തെ റോഡ് ഉപരോധ സമരത്തിന്റേയും, ബുധനാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന്റേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കുലര്‍. സര്‍ക്കാരിന്റേത് ഏകപക്ഷീയമായ നിലപാടുകള്‍ ആണെന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു. നീതി കിട്ടും വരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ പാലിച്ചില്ലെന്നും സര്‍ക്കാരിന് തികഞ്ഞ ധാര്‍ഷ്ട്യ മനോഭാവമാണെന്നും സര്‍ക്കുലറിലുണ്ട്.

പോക്കിരിരാജയ്ക്ക് ശേഷം വീണ്ടും പൃഥ്വിയും വൈശാഖും; ‘ഖലീഫ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

പോക്കിരിരാജയ്ക്ക് ശേഷം വീണ്ടും പൃഥ്വിയും വൈശാഖും; ‘ഖലീഫ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

പൃഥ്വിരാജും സംവിധായകൻ വൈശാഖും പോക്കിരിരാജയ്ക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ‘ഖലീഫ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പൃഥ്വിയുടെ പിറന്നാളിനോട് അനുബന്ധിച്ച് താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ ഇറക്കിയത്. സ്വർണം ഒലിച്ചിറങ്ങുന്ന കൈകൊണ്ട് മുഖം പാതി മറച്ച് നിൽക്കുന്ന പൃഥ്വിരാജാണ് പോസ്റ്ററിലുള്ളത്.

സിനിമയുടെ പേരിന് മുകളിലായി ദ റൂളർ എന്നും കാണാം. പ്രതികാര കഥയായിരിക്കും ഖലീഫ എന്നാണ് പോസ്റ്ററിലെ തലവാചകം സൂചിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റഭിനേതാക്കളേക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ, സാരി​ഗമ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കടുവയ്ക്ക് ശേഷം ജിനു വി എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രമാണ് ഖലീഫ.

കോണ്‍ഗ്രസ് സഖ്യത്തില്‍ വ്യക്തത വേണം, സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം

കോണ്‍ഗ്രസ് സഖ്യത്തില്‍ വ്യക്തത വേണം, സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം

വിജയവാഡ: ബിജെപി വിരുദ്ധ ബദല്‍ സഖ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വേണമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടു. പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച രാജാജി മാത്യു തോമസാണ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സഖ്യമുണ്ടാക്കണം. പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസും അടക്കമുള്ള ദേശീയ കക്ഷികളും ചേര്‍ന്ന് മാത്രമേ ബിജെപി വിരുദ്ധ ബദല്‍ രൂപീകരിക്കാന്‍ സാധിക്കുള്ളുവെന്നും കേരള ഘടകം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎമ്മിനെ പോലെ ഒളിച്ചുകളി വേണ്ടെന്നും കേരള ഘടകം ആവശ്യപ്പെട്ടു.

അതേസമയം, പാര്‍ട്ടിയില്‍ പ്രായ പരിധി കര്‍ശനമായി നടപ്പാക്കാനുള്ള നീക്കത്തിലാണ് ദേശീയ നേതൃത്വം. പാര്‍ട്ടിയില്‍ യുവാക്കളുടെ സാന്നിധ്യം കുറവാണെന്ന് സംഘടന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളില്‍ ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്. കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കുന്നവരെ ക്ഷണിതാക്കളാക്കാം എന്ന നിര്‍ദേശത്തെ കേരള ഘടകം എതിര്‍ത്തേക്കും.