ഗതാഗത നിയന്ത്രണം; ആറ്റിങ്ങൽ പോലീസിന്റെ അറിയിപ്പ്

ഗതാഗത നിയന്ത്രണം; ആറ്റിങ്ങൽ പോലീസിന്റെ അറിയിപ്പ്

നാളെ മത്സ്യത്തൊഴിലാളികൾ ആഹ്വാനം ചെയ്തിരിക്കുന്ന ആറ്റിങ്ങലിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആലംകോട് തിരിഞ്ഞ് കിളിമാനൂർ വഴി തിരുവനന്തപുരത്തേക്കും പോകും. തിരുവനന്തപുരത്തു നിന്നും വരുന്ന വാഹനങ്ങൾ വെട്ട് റോഡ് തിരിഞ്ഞ് പോത്തൻകോട്, കിളിമാനൂർ വഴി ആലംകോട് എത്തി കൊല്ലത്തേക്ക് പോകും.

ഭാര്യയുടെ കൈ വെട്ടിമാറ്റി; ഒളിവിലായിരുന്ന ഭർത്താവ് തൂങ്ങി മരിച്ചനിലയില്‍

ഭാര്യയുടെ കൈ വെട്ടിമാറ്റി; ഒളിവിലായിരുന്ന ഭർത്താവ് തൂങ്ങി മരിച്ചനിലയില്‍

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ കൈ വെട്ടിമാറ്റിയ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് മരിച്ചനിലയിൽ. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ ഇരു കൈകളും വെട്ടിയ ശേഷം ഒളിവിൽ പോയത്. സാരമായി പരിക്കേറ്റ മഞ്ജു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ

കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ

കോൺഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നാളെ. എ.ഐ.സി.സി യിലും പ്രദേശ് കോൺഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ്. രാവിലെ 10 മണിമുതൽ വൈകിട്ട് 4 വരെ വോട്ട് ചെയ്യാം.

വോട്ടെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് അവസാനിക്കും. മുതിർന്ന നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെ തുടർന്ന് മാറ്റിവച്ച ഉത്തർപ്രദേശിലാണ് തരൂർ അവസാന ദിവസം പ്രചാരണം നടത്തുക. ഇന്ന് രാവിലെ ലഖ്‌നൗവിൽ തന്റെ ‘ബാറ്റിൽ ഒഫ് ബിലോംഗിംഗ്’ എന്ന പുസ്തകത്തിന്റെ ഹിന്ദി പരിഭാഷാ പ്രകാശനത്തിന് ശേഷം ഉച്ചയ്ക്ക് ലഖ്‌നൗ പി.സി.സിയിലെത്തി തരൂർ നേതാക്കളെ കണ്ടു. ഇന്നലെ അദ്ദേഹം ഗോഹട്ടി പി.സി.സിയിൽ പ്രചാരണം നടത്തി. നാളെ തരൂരിന് തിരുവനന്തപുരത്താണ് വോട്ട്. ഖാർഗെ പ്രചാരണത്തിന് ശേഷം ഇന്നലെ രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ ചേർന്നിട്ടുണ്ട്. 2000ൽ ആണ് ഇതിന് മുൻപ് കോൺഗ്രസിൽ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്.

മലയാളി താരം റിസ്വാന്റെ യുഎഇക്ക് നിരാശ; നെതര്‍ലന്‍ഡ്‌സിന് 3 വിക്കറ്റ് ജയം

മലയാളി താരം റിസ്വാന്റെ യുഎഇക്ക് നിരാശ; നെതര്‍ലന്‍ഡ്‌സിന് 3 വിക്കറ്റ് ജയം

ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് നെതര്‍ലന്‍ഡ്‌സ്. യുഎഇയെ 111 റണ്‍സില്‍ ഒതുക്കിയതിന് ശേഷം ഒരു പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് നെതര്‍ലന്‍ഡ്‌സ് വിജയ ലക്ഷ്യം മറികടന്നത്.

അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ 6 റണ്‍സ് ആണ് നെതര്‍ലന്‍ഡ്‌സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തിലും നെതര്‍ലന്‍ഡ്‌സ് സിംഗിള്‍ എടുത്തു. നാലമത്തെ പന്തില്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് ഡബിള്‍ ഓടിയെടുത്തതോടെ സ്‌കോര്‍ തുല്യമായി. അവസാന ഓവറിലെ അഞ്ചാമത്തെ പന്തില്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ്‌സ് സിംഗിള്‍ എടുത്തതോടെ നെതര്‍ലന്‍ഡ് മൂന്ന് വിക്കറ്റ് ജയത്തിലേക്ക് എത്തി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് ആണ് കണ്ടെത്തിയത്. 41 റണ്‍സ് എടുത്ത ഓപ്പണര്‍ മുഹമ്മദ് വസീം ആണ് യുഎഇയുടെ ടോപ് സ്‌കോറര്‍. മലയാളി താരം സിപി റിസ്വാന്‍ 2 പന്തില്‍ നിന്ന് ഒരു റണ്‍സ് എടുത്ത് മടങ്ങി. മുഹമ്മദ് വസീം ഒഴികെ ഒരു യുഎഇ താരത്തിനും 20ന് മുകളിലേക്ക് സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

112 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ നെതര്‍ലന്‍ഡ്‌സ് 76-6 എന്ന നിലയിലേക്ക് വീണു. എന്നല്‍ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ് വേര്‍ഡ്‌സും ടിം പ്രിങ്കിളും ചേര്‍ന്ന് നെതര്‍ലന്‍ഡ്‌സ് സ്‌കോര്‍ 100 കടത്തി. ഇതാണ് വിജയ ലക്ഷ്യം മറികടക്കാന്‍ നെതര്‍ലന്‍ഡ്‌സിനെ തുണച്ചത്.

സംസ്ഥാനത്ത് 250 പ്രശ്നസാധ്യതാ സ്കൂളുകൾ; റിപ്പോർട്ട് നൽകിയത് എക്സൈസ് ഇന്റലിജൻസ്

സംസ്ഥാനത്ത് 250 പ്രശ്നസാധ്യതാ സ്കൂളുകൾ; റിപ്പോർട്ട് നൽകിയത് എക്സൈസ് ഇന്റലിജൻസ്

തിരുവനന്തപുരം: സംസ്ഥാനത്തെ 250 സ്കൂളുകൾ ലഹരിസംഘങ്ങൾ നോട്ടമിട്ടിരിക്കുന്ന പ്രശ്നബാധിത സ്കൂളുകളെന്ന് എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ഈ സ്കൂളുകളിൽ ആഴ്ചയിൽ ഒരിക്കൽ മിന്നൽ പരിശോധന നിർബന്ധമാക്കാൻ എക്സൈസ് കമ്മിഷണർ നിർദേശം നൽകി. പരിശോധന നടത്തുന്ന കാര്യം സ്കൂൾ അധികൃതരെ അറിയിക്കാമെങ്കിലും ദിവസവും സമയവും രഹസ്യമാക്കി വയ്ക്കണമെന്നും നിർദേശിച്ചു.

ലഹരി ഉപയോഗത്തിന്റെയും ലഹരി സംഘങ്ങളുമായുള്ള സമ്പർക്കത്തിന്റെയും അടിസ്ഥാനത്തിലാണു പ്രശ്നസാധ്യതാ സ്കൂളുകളുടെ പട്ടിക തയാറാക്കിയത്. ഈ സ്കൂളുകളുടെ പരിസരങ്ങളിലും വിദ്യാർഥികൾ വീട്ടിലേക്കു പോകുന്ന വഴികളിലും ഇത്തരം സംഘങ്ങളുടെ സാന്നിധ്യമുണ്ടെന്നാണു റിപ്പോർട്ട്. ഇവിടെ എക്സൈസിന്റെ ബൈക്ക് പട്രോളിങ് ടീമിനെ രംഗത്തിറക്കും. സ്കൂൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപും സ്കൂൾ വിടും മുൻപും റോഡുകളിൽ പരിശോധന നടത്തും. സ്കൂളുകളിൽ നിരീക്ഷണമുണ്ടാകുമെന്നതിനാൽ പുറത്ത് വിദ്യാർഥികളുടെ ശ്രദ്ധയാകർഷിക്കാനുള്ള ശ്രമം ലഹരി സംഘം നടത്തുന്നതായി റിപ്പോർട്ടി‍ൽ പറയുന്നു. ബസ് കാത്തിരിപ്പുകേന്ദ്രം, ഇന്റർനെറ്റ് കഫേ, ജൂസ് പാർലർ തുടങ്ങി സ്കൂൾ വിട്ടു വിദ്യാർഥികൾ കൂട്ടത്തോടെ എത്താനിടയുള്ള സ്ഥലങ്ങളിലും പട്രോളിങ് വേണമെന്നു നിർദേശിച്ചിട്ടുണ്ട്.
പ്രശ്നസാധ്യതാ സ്കൂളുകളുടെ ജില്ല തിരിച്ചുള്ള എണ്ണം:
തിരുവനന്തപുരം: 25
കൊല്ലം: 39
പത്തനംതിട്ട: 22
ആലപ്പുഴ: 22
കോട്ടയം: 14
ഇടുക്കി: 18
എറണാകുളം: 13
തൃശൂർ: 28
പാലക്കാട്: 14
മലപ്പുറം: 15
കോഴിക്കോട്: 12
വയനാട്: 11
കണ്ണൂർ: 10
കാസർകോട്: 7

എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി

എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണെന്ന് ബാങ്ക് അറിയിച്ചു.

സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് പലിശനിരക്കിലുള്ള വര്‍ധന 25 ബേസിക് പോയന്റിന്റേതാണ്. റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് വീണ്ടും ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ചാണ് നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തിയത്. പുതിയ തീരുമാനത്തോടെ, പൊതുജനങ്ങള്‍ക്ക് പരമാവധി 5.85 ശതമാനം വരെയാണ് പലിശ ലഭിക്കുക. മുതിര്‍ന്ന അംഗങ്ങള്‍ക്ക് 6.65 ശതമാനവും.

10 കോടിയില്‍ താഴെയുള്ള സേവിങ് അക്കൗണ്ടുകളുടെ പലിശനിരക്ക് 2.75 ശതമാനത്തില്‍ നിന്ന് 2.70 ശതമാനമായി കുറച്ചു. പത്തുകോടിക്ക് മുകളിലുള്ള സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശനിരക്ക് 2.75 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി ഉയര്‍ത്തി.

ഒരുവര്‍ഷത്തിന് മുകളിലും രണ്ടുവര്‍ഷത്തില്‍ താഴെയുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.60 ശതമാനമായി ഉയര്‍ത്തി. രണ്ടുവര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക് 5.65 ശതമാനമാണ്. അഞ്ചുവര്‍ഷത്തിനും പത്തുവര്‍ഷത്തിനും ഇടയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.85 ശതമാനമായാണ് ഉയര്‍ത്തിയത്. സമാന കാലയളവില്‍ മുതിര്‍ന്ന അംഗങ്ങള്‍ക്ക് 6.65 ശതമാനം പലിശയാണ് ലഭിക്കുക.