ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്ഭവന്‍ പൊലീസിന്റെ സൈബര്‍ സെല്ലിനു പരാതി നല്‍കി. രണ്ടു വീഡിയോ മെസ്സേജുകളാണ് പേജില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. പേജ് ഹാക്ക് ചെയ്തതായി ഫെയ്‌സ്ബുക്കിനു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പുനലൂരിൽ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

പുനലൂരിൽ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

കൊല്ലം തിരുമംഗലം ദേശീയ പാതയിൽ പുനലൂർ കലയനാടിന് സമീപം ലോറി മറിഞ്ഞു. തമിഴ്നാട് സ്വദേശിയായ ഡ്രൈവർ മരിച്ചു. ഇന്ന് വെളുപ്പിന് 5.15 ഓടു കൂടിയായിരുന്നു അപകടം. സിമന്റ്‌ മിക്സ്‌മായി വന്ന ലോറി കലയനാട് വളവിൽ മറിയുകയായിരുന്നു.

സംഭവം അറിഞ്ഞു പുനലൂർ പോലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി നാട്ടുകാരുടെ സഹായത്തോടെ 2 ക്രെയിനും 2 ജെ സി ബി യും ഉപയോഗിച്ച് രക്ഷപ്രവർത്തനം നടത്തിയെങ്കിലും രണ്ടര മണിക്കൂറിനു ശേഷമേ ഡ്രൈവറെ പുറത്ത് എത്തിക്കാൻ കഴിഞ്ഞുള്ളൂ.മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടം നടന്ന സ്ഥലത്തിന് സമീപം ഈ അടുത്ത സമയത്ത് നിരവധി അപകടങ്ങളും മരണങ്ങളും നടന്നതായി നാട്ടുകാർ പറഞ്ഞു.ഡ്രൈവർ തമിഴ്നാട് സ്വദേശി ആണെന്നാണ് പ്രാഥമിക വിവരം.

വനിതാ ഏഷ്യാകപ്പ് ഫൈനല്‍; ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യാകപ്പ് ഫൈനല്‍; ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യയ്ക്ക് കിരീടം

കലാശപ്പോരാട്ടത്തിന്റെ ആവേശത്തിലേക്ക് ഉയരാതെ പോയ ഏഷ്യാ കപ്പ് ഫൈനലിൽ, ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യയ്ക്ക് ഏഴാം കിരീടം. തീർത്തും ഏകപക്ഷീയമായ മാറിയ ഫൈനലിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 65 റൺസ്. മറുപടി ബാറ്റിങ്ങിൽ 69 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ ലക്ഷ്യത്തിലെത്തി.

ശ്രീലങ്കൻ ബാറ്റർമാരെ വട്ടംചുറ്റിച്ച അതേ പിച്ചിൽ അനായാസം ബാറ്റു വീശി അർധസെഞ്ചറി നേടിയ ഓപ്പണർ സ്മൃതി മന്ഥനയാണ് ഇന്ത്യയ്ക്ക് ആധികാരിക വിജയം സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ മന്ഥന വെറും 25 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. തുടർച്ചയായ പന്തുകളിൽ ഫോറും സിക്സും കണ്ടെത്തിയാണ് മന്ഥന അർധസെഞ്ചറിയിലെത്തിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 14 പന്തിൽ 1‌1 റൺസുമായി വിജയത്തിലേക്ക് സ്മൃതിക്കു കൂട്ടുനിന്നു.

ഓപ്പണർ ഷെഫാലി വർമ (എട്ടു പന്തിൽ അഞ്ച്), ജമൈമ റോഡ്രിഗസ് (നാലു പന്തിൽ രണ്ട്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ശ്രീലങ്കയ്ക്കായി ഇനോക രണവീര, കാവിഷ ദിൽഹരി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി

ഭാര്യയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഭർത്താവിനെ ഭീഷണിപ്പെടുത്തി 5 ലക്ഷം തട്ടിയെടുത്തു

ഭാര്യയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഭർത്താവിനെ ഭീഷണിപ്പെടുത്തി 5 ലക്ഷം തട്ടിയെടുത്തു

കൊച്ചി: ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഭർത്താവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഹോമിയോ മരുന്നുകട ഉടമ അറസ്റ്റിൽ. ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ–1 എന്ന സ്ഥപാനം നടത്തുന്ന ഇടപ്പള്ളി നോർത്ത് താമരശ്ശേരി വീട്ടിൽ ടി.എൻ.നവാസ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് 10നു യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

യുവതി 2014ൽ നഗരത്തിൽ ജോലി ചെയ്യുമ്പോഴാണ് നവാസിനെ പരിചയപ്പെട്ടത്. 2021 ഫെബ്രുവരിയിലാണു നവാസ് ഇടപ്പള്ളി ടോളിൽ ഹോമിയോ സോൺ–1 എന്ന സ്ഥാപനം ആരംഭിച്ചത്. നവാസിനു ഹോമിയോ മരുന്നുകളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. നവാസിനു ഷോപ് തുടങ്ങാനുള്ള സഹായം നൽകിയത് യുവതിയാണ്. ഇടപ്പള്ളിയിലെ തന്റെ ഹോമിയോ ഷോപ്പിൽ സ്റ്റോക്കെടുപ്പിനെന്നു പറഞ്ഞ് 2021 മാർച്ചിൽ യുവതിയെ വിളിച്ചു വരുത്തി. അവിടെ വച്ച് നവാസ് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ചു പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പീഡനം നിരന്തരം തുടർന്നു. പിന്നീട് വഴങ്ങാതെ വന്നപ്പോൾ മർദ്ദിച്ചു. ഭർത്താവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. നിവർത്തിയില്ലാതെ അഞ്ച് ലക്ഷം രൂപ നൽകി.

വായ്പയെടുത്താണ് ഭർത്താവ് അഞ്ച് ലക്ഷം രൂപ നൽകിയത്. ബാക്കി പണം നൽകാതിരുന്നപ്പോൾ ബന്ധുക്കളെയും കൂട്ടുകാരെയും വിളിച്ച് തന്നെ അപകീർത്തിപ്പെടുത്തുകയും തന്റെ സ്ഥാപനത്തിനെതിരെ ഉന്നതങ്ങളിൽ വ്യാജ പരാതി നൽകി ദ്രോഹിച്ചതായും യുവതി വെളിപ്പെടുത്തുന്നു. ഇപ്പോൾ പുറത്തിറങ്ങി നടക്കാൻ പോലും ഭയമാണെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇതിനിടെ നവാസിനു വേണ്ടി മധ്യസ്ഥ ചർച്ചക്കു വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് മുൻ ഭാരവാഹി ശ്രമിച്ചു എന്നും യുവതി വെളിപ്പെടുത്തി

ഗ്ലോബൽ കെ എം സി സി ആറ്റിങ്ങൽ നിയോജക മണ്ഡലം അംഗത്വ പ്രകാശനം നടന്നു

ഗ്ലോബൽ കെ എം സി സി ആറ്റിങ്ങൽ നിയോജക മണ്ഡലം അംഗത്വ പ്രകാശനം നടന്നു

ഗ്ലോബൽ കെ എം സി സി ആറ്റിങ്ങൽ നിയോജക മണ്ഡലം അംഗത്വ പ്രകാശനം ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ജി കെ എം സി സി ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് എസ്‌ നഹാസ് അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ ഗ്ലോബൽ കെ എം സി സി തിരുവനന്തപുരം ജില്ലാ ചെയർമാൻ കെ എച്ച് എം അഷ്റഫ്, ഷിബു പള്ളിമുക്ക്, യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ഫറാസ് മാറ്റപ്പള്ളി എന്നിവർ ആശംസകൾ അറിയിച്ചു. ജി കെ എം സി സി എ സെക്രട്ടറി
എ ഹാരിസ് സ്വാഗതവും, ജി കെ എം സി സി എ ട്രഷറർ ജലീൽ ആറ്റിങ്ങൽ നന്ദിയും രേഖപ്പെടുത്തി.

പ്രൊഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി മരവിപ്പിച്ച് സുപ്രീം കോടതി

പ്രൊഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി മരവിപ്പിച്ച് സുപ്രീം കോടതി

ഡല്‍ഹി: മാവോയിസ്റ്റ് കേസില്‍ പ്രൊഫസര്‍ ജി എന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു. കേസിന്റെ മെരിറ്റ് പരിഗണിക്കാതെയാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് എംആര്‍ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. സായിബാബയെ കുറ്റവിമുക്തനായതിനെതിരെ മഹാരാഷ്ട്രാ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. പ്രൊഫ. സായിബാബയെയും മറ്റു പ്രതികളെയും ഉടന്‍ ജയിലില്‍നിന്നു മോചിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മഹാരാഷ്ട്രാ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പ്രൊഫ. സായിബാബയും മറ്റുള്ളവരും നാലാഴ്ചയ്ക്കകം പ്രതികരണം അറിയിക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഇന്നലെ ഹൈക്കോടതി വിധി വന്നതിനു പിന്നാലെ തന്നെ അപ്പീലുമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച് ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് വാദം കേട്ടത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട്, വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജിഎന്‍ സായിബാബയെ ബോംബെ ഹൈക്കോടതി ഇന്നലെയാണ് കുറ്റവിമുക്തനാക്കിയത്. ജീവപര്യന്തം തടവിനു ശിക്ഷിച്ച, 2017ലെ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രൊഫ. സായിബാബ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ശാരീരിക വെല്ലുവിളി നേരിടുന്ന സായിബാബ നിലവില്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ്.

സായിബാബയ്‌ക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ട അഞ്ച് പേരുടെയും അപ്പീലുകള്‍ ഹൈക്കോടതി അനുവദിച്ചു. ഇതില്‍ ഒരാള്‍ അപ്പീല്‍ വാദത്തിനിടെ മരിച്ചിരുന്നു.
ഗഡ്ചിരോളിയിലെ വിചാരണക്കോടതിയാണ് സായിബാബയെയും മറ്റ് അഞ്ച് പേരെയും ശിക്ഷിച്ചത്. രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്‌തെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. ഐപിസിയിലെ വിവിധ വകുപ്പുകള്‍, യുഎപിഎ എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്.