by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഇന്ന് തുടക്കമാകും. തെരഞ്ഞെടുത്ത നഗരങ്ങളിലാണ് 5ജി സേവനം ആദ്യം ലഭ്യമാവുക. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവതരിപ്പിക്കും. ആദ്യം ഏതൊക്കെ നഗരങ്ങളില്‍ എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.
5 ജി സേവനങ്ങൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കുന്നു. ഡൽഹി വേദിയാവുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാമത് പതിപ്പിലാണ് 5ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. ഇന്ത്യയിൽ 5ജിയുടെ സാമ്പത്തിക സ്വാധീനം 2035 ഓടെ 450 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്‌പെക്ട്രം ലേലം നടന്നത്. ഒരാഴ്ച്ച നീണ്ടു നിന്ന സ്പെക്ട്രം ലേലത്തിൽ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് ലേലം വന്നത്. മൊത്തം 51.2 GHz സ്‌പെക്ട്രം വിറ്റഴിച്ചു.
by Midhun HP News | Sep 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയെ അഭിമുഖത്തിനിടെ അപമാനിച്ചെന്ന സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിട്ടുണ്ട്. അഭിമുഖത്തിനിടെ തന്നെ അപമാനിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടികാട്ടി മരട് പൊലീസിൽ നൽകിയ പരാതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. സംഭവത്തിൽ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞെന്നും അതിനാൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.

അവതാരകയുമായി ഒത്തുതീർപ്പിലെത്തിയെന്നാണ് ശ്രീനാഥിന്റെ ഹർജിയിലും വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ 21 നാണ് കൊച്ചിയിലെ നക്ഷത്രഹോട്ടലിൽ അഭിമുഖത്തിനിടെ പരസ്യമായി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു മരട് പൊലീസ് കേസ് എടുത്തത്.
by Midhun HP News | Sep 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദ്ദിച്ച കാട്ടാക്കട കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലൻ ഡോറിച്ച് (45), അനിൽകുമാർ (49) കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ വർക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ബസ് കൺസെഷൻ പുതുക്കാൻ വന്ന മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദ്ദിച്ച സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾക്ക് മുൻകൂർ ജാമ്യം അർഹിക്കുന്നില്ല. വീഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളിൽ നിന്ന് ശബ്ദവും ദൃശ്യങ്ങളും ഉൾപ്പടെയുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിന് പ്രതികളുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
by Midhun HP News | Sep 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: കലവൂരില്‍ കിടക്ക നിര്‍മ്മാണ ഫാക്ടറിക്ക് തീപിടിച്ച് വന്‍ അപകടം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
തൊഴിലാളികള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്
തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം ഫയര്‍ഫോഴ്‌സ് എത്താന്‍ അരമണിക്കൂര്‍ വൈകിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് ഏക്കറോളം സ്ഥലത്ത് നീണ്ടു കിടക്കന്നതാണ് കിടക്ക ഫാക്ടറി. തീപിടിത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തിയമര്‍ന്നു.

by Midhun HP News | Sep 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മണിച്ചന്റെ മോചന വിഷയം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മണിച്ചന്റെ മോചന കാര്യത്തിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാകും സംസ്ഥാനം ഇന്ന് സ്വീകരിക്കുക. സമയം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഇനിയും അംഗീകരിക്കരുതെന്ന് മണിച്ചന്റെ ഭാര്യയും സുപ്രിം കോടതിയോട് അഭ്യർത്ഥിക്കും. അടിയന്തര ജാമ്യം നൽകണമെന്നതടക്കമാകും മണിച്ചന്റെ ഭാര്യയുടെ അഭിഭാഷക ആവശ്യപ്പെടുക. മണിച്ചന്റെ ഭാര്യ ഇക്കാര്യത്തിലെ നിലപാട് സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്. മണിച്ചന്റെ ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജിയാണ് ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് എത്തുക. ണിച്ചൻ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയെങ്കിലും മണിച്ചൻ പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. പിഴ തുക കെട്ടിവച്ചാൽ മാത്രമേ മണിച്ചനെ മോചിപ്പിക്കാൻ കഴിയുകയുള്ളുവെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ജയിൽ മോചനം വീണ്ടും അനന്തമായി നീളുന്നുവെന്ന് കാട്ടിയാണ് ഭാര്യ ഉഷ ചന്ദ്രൻ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

മണിച്ചൻ്റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രിം കോടതി മെയ് മാസം 20 ന് നിർദേശിച്ചിരുന്നു. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയിരുന്നത്. ഇതനുസരിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം മണിച്ചനെ മോചിപ്പിക്കാൻ നൽകിയ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പ് വച്ചിരുന്നു.20 വർഷത്തിലധികമായി ജയിലിൽ കഴിയുന്നവരെ വിട്ടയക്കാൻ നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.
ജയിൽ മോചിതനായ ശേഷം നാല് വർഷം മറ്റൊരു കേസിലും പ്രതിയാകരുത് എന്നാണ് നിബന്ധന. പ്രതിയായാൽ വിട്ടയക്കൽ ഉത്തരവ് റദ്ദാക്കും. ഈ തീരുമാനപ്രകാരം ആണ് മണിച്ചൻ ജയിൽ മോചിതനാകുന്നത്.2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു , ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാൻ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചൻറെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി മോചിപ്പിച്ചിരുന്നു. 31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ.

by Midhun HP News | Sep 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ, പ്രതി ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തി. കേസിൽ പൊലീസ് തിരയുന്ന യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ മുൻ ഡ്രൈവറുടേതാണ് സ്കൂട്ടർ എന്നാണ് വിവരം. സ്കൂട്ടറിന്റെ ഉടമ കഴക്കൂട്ടം സ്വദേശിയായ സുധീഷ് ഇപ്പോൾ വിദേശത്താണ്. കഠിനംകുളത്ത് നിന്നാണ് സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എകെജി സെൻറർ ആക്രണക്കേസിലെ പ്രതി ജിതിൻെറ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. മുമ്പും കേസുകളിൽ പ്രതിയായ ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.
കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകളൊന്നും ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഗൂഢാലോചനയിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുവാദം. വിശദമായ വാദത്തിന് ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ 22നാണ് ഏകെജി സെന്റർ ആക്രമണ കേസിൽ ജിതിൻ പിടിയിലായത്.

എകെജി സെൻറർ ആക്രമിക്കുമ്പോള്‍ പ്രതി ധരിച്ചിരുന്ന ടീ ഷർട്ട്, ഷൂസ് എന്നിവയിൽ നിന്നുമാണ് ജിതിനിലേക്ക് എത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നത്. ജിതിൻ ഉപയോഗിച്ച ടീഷർട്ട്, ഷൂസ്, സ്കൂട്ടർ എന്നി കണ്ടെത്തുന്നതിനുവേണ്ടിയാണ് നാലു ദിവസത്തെ കസ്റ്റഡയിൽ വാങ്ങിയത്. പ്രതി കുറ്റം സമ്മതിച്ച സ്ഥലത്തുനിന്നും ഷൂസ് കണ്ടെത്തിയെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. എവിടെ നിന്നാണ് തൊണ്ടി കണ്ടെത്തിയതെന്ന് വ്യക്തമാക്കുന്നതില്ല. മറ്റൊരു പ്രധാന തെളിവായ ടീഷർട്ട് വേളിക്കായലിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്തുകൊണ്ടുപോയി തെളിവെടുത്ത ശേഷം ടീ ഷർട്ട് വാങ്ങിയ കടയിലും കൊണ്ടുപോയിരുന്നു.
Recent Comments