by Midhun HP News | Dec 17, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
മുംബൈ: അര്‍ജന്റെന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യ സന്ദര്‍ശനം ആരാധകര്‍ക്ക് സന്തോഷ നിമിഷങ്ങളാണ് സമ്മാനിച്ചത്. ഗോട്ട് ടൂര്‍ 2025 എന്ന പേരില്‍ മൂന്നു ദിവസത്തെ പര്യടനത്തിനു പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്ക് മെസ്സി നന്ദിയും അറിയിച്ചു.
എന്നാല്‍ സന്ദര്‍ശനവേളയില്‍ മെസിക്ക് മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനി നല്കിയ സമ്മാനത്തെ കുറിച്ചാണ് സോഷ്യമീഡിയയിലെ ചര്‍ച്ച. 10.91 കോടി രൂപ വില വരുന്നൊരു അത്യാഡംബര വാച്ചാണ് അനന്ത് അംബാനി, മെസിക്ക് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിച്ചാര്‍ഡ് മില്ലെയുടെ ആര്‍എം 003-വി2(Richard Mille RM 003V2) എന്ന മോഡലാണ് അനന്ത് അംബാനി സമ്മാനിച്ചത്. ഇതൊരു ലിമിറ്റഡ് എഡിഷന് മോഡലാണ്. ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ ‘വന്താര’യിലെ മെസിയുടെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഈ വാച്ചുണ്ട്. ലോകത്ത് റിച്ചാര്‍ഡ് മില്ലെ പുറത്തിറക്കിയ 12 പീസ് വാച്ചുകളില്‍ ഒന്നാണിത്. ഇതിന് ഒരു കറുത്ത കാര്‍ബണ്‍ കേസും ഒരു ഓപ്പണ്‍-സ്റ്റൈല്‍ ഡയലും ഉണ്ട്.
മെസിക്കൊപ്പമുള്ള ചിത്രത്തില്‍ അനന്ത് അംബാനി ധരിച്ചത് അപൂര്‍വമായ മറ്റൊരു വാച്ചാണ്. റിച്ചാര്‍ഡ് മില്ലെ ആര്‍എം 056 സഫയര്‍ ടൂര്‍ബില്ലണ്‍ ആയിരുന്നു അത്. ഇതും അപൂര്‍വം ചിലരുടെ കൈവശമുള്ള വാച്ചാണിത്. ഏകദേശം 5 മില്യണ്‍ യുഎസ് ഡോളര്‍ അതായത് ഏകദേശം 45.59 കോടി രൂപ വിലവരും.



by Midhun HP News | Dec 17, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്ട്ടിന് ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പൊലീസ്. അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസ് നീക്കം.
കേസില്‍ വിധി വന്നതിന് ശേഷമാണ് ഈ വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. കേസിന്റെ വിചാരണ കാലയളവില്‍ മാര്ട്ടിന് ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഈ വിഡിയോ ചിത്രീകരിച്ചത്. വിചാരണ കോടതി തള്ളിയ വാദങ്ങളാണ് ഈ വിഡിയോയുടെ ഉള്ളടക്കം. കേസില്‍ താന്‍ നല്കിയ മൊഴിയിലും ഇതേ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നാണ് മാര്ട്ടിന് വിഡിയോയില്‍ പറയുന്നത്. ഇതില്‍ അതിജീവിതയുടെ പേരും വെളിപ്പെടുത്തുന്നുണ്ട്.
കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി മാര്ട്ടിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. മറ്റൊരു ഗൂഢാലോചന വാദമാണ് മാര്ട്ടിന് ഇതില്‍ പറയുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ മറ്റ് പലരുമായും ചേര്‍ന്ന് എട്ടാം പ്രതിയും വിചാരണ കോടതി കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെതിരെ നടത്തിയ ഗൂഢാലോചനയെന്നാണ് മാര്ട്ടിന് വിഡിയോയില്‍ പറയുന്നത്.
കേസില്‍ മാര്ട്ടിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷം കഠിന തടവിന് വിധിച്ചിരുന്നു. പ്രമുഖരടക്കം പലരും വിഡിയോ പ്രചരിപ്പിക്കുന്നതായി പൊലീസ് കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ കേസ് രജിസ്റ്റര്‍ ചെയ്തേക്കും.



by Midhun HP News | Dec 17, 2025 | Latest News, കായികം, ജില്ലാ വാർത്ത
ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ലഖ്നൗവില്‍ വൈകീട്ട് ഏഴിനാണ് മത്സരം. 5 മത്സര പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1 ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകും. അതേസമയം വിജയത്തോടെ തിരിച്ചുവരാനാണ് പ്രോട്ടീസ് ശ്രമം.
ടി 20 ലോകകപ്പ് ആസന്നമായിരിക്കെ, നായകന് സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങില്‍ ഫോം ഔട്ടായി തുടരുന്നത് ഇന്ത്യന്‍ ടീം മാനേജ്മെന്റിന് തലവേദനയായിട്ടുണ്ട്. 118 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന മൂന്നാം മത്സരത്തിലും സൂര്യയ്ക്ക് മികച്ച സ്കോര്‍ നേടാനായില്ല. 12 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്.
ഈ വര്‍ഷം ടി 20യില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും സൂര്യകുമാര്‍ യാദവ് നേടിയിട്ടില്ല. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ബാറ്റിങ്ങില്‍ മോശം ഫോം തുടരുകയാണ്. കഴിഞ്ഞ മത്സരത്തില്‍ 28 റണ്‍സ് ഗില്‍ നേടി. സഞ്ജു സാംസണ് അടക്കമുള്ള താരങ്ങള്‍ പുറത്ത് അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് സൂര്യയും ഗില്ലും തുടര്‍ച്ചയായി പരാജയപ്പെടുന്നത്.
സ്പിന്നര്‍ കുല്‍ദീപ് യാദവിനും പേസര്‍ ഹര്‍ഷിത് റാണയ്ക്കും മൂന്നാം മത്സരത്തില്‍ അവസരം നല്‍കിയിരുന്നു. അസുഖബാധിതനായ ഓള്റൗണ്ര് അക്ഷര്‍ പട്ടേലിനു പകരം ഷഹബാസ് അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പര നേടിയ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര പരാജയപ്പെട്ടിരുന്നു.
by Midhun HP News | Dec 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നു പുറപ്പെടുവിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടക്കുക.
ഈ മൂന്നു വാര്‍ഡുകളില്‍ ജനുവരി 13 ന് വോട്ടെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു. ജനുവരി 14 ന് വോട്ടെണ്ണലും നടക്കും. ഡിസംബര്‍ 24 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. പത്രികയുടെ സൂക്ഷമ പരിശോധന ഡിസംബര്‍ 26 ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 29 ആണ്.
ഈ വാര്‍ഡുകളില്‍ നിലവില്‍ സ്ഥാനാര്‍ഥികളായവര്‍ വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായും തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ പ്രത്യേകമായും മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്ക് വളരെ നിര്‍ണായകമാണ്. 101 അംഗ കൗണ്‍സിലില്‍ 50 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രമാണ് നിലവില്‍ ബിജെപിക്ക് കുറവുള്ളത്. അതുകൊണ്ടുതന്നെ വിഴിഞ്ഞം വാര്‍ഡില്‍ വിജയിക്കേണ്ടത് ബിജെപിക്ക് അത്യന്താപേക്ഷിതമായിരിക്കുകയാണ്.
by Midhun HP News | Dec 16, 2025 | Latest News, ജില്ലാ വാർത്ത
മാസംതോറും നിശ്ചിത തുക നിക്ഷേപിക്കുന്ന എസ്ഐപിക്ക് ഇന്ന് സ്വീകാര്യത വര്‍ധിച്ചിരിക്കുകയാണ്. റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ സുഖമായി ജീവിക്കുന്നതിന് ചെറുപ്പത്തിലെ തന്നെ സേവിങ്സ് ആരംഭിക്കുന്നത് നല്ലതാണ് എന്ന ചിന്തയില്‍ ഒരുപാട് പേര് എസ്ഐപി സ്കീമില്‍ നിക്ഷേപിക്കുന്നുണ്ട്.
2004ല്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച നാഷണല്‍ പെന്ഷന് സ്കീമിലും (എന്‍പിഎസ്) എസ്ഐപി വഴി നിക്ഷേപം നടത്താന്‍ സാധിക്കും. കയറ്റിറക്കത്തില്‍ ആവറേജ് ചെയ്ത് പോകുന്നത് നിക്ഷേപകന് വലിയ തോതിലാണ് പ്രയോജനപ്പെടുന്നത്. പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്പ്മെന്റ് അതോറിറ്റിയാണ് എന്‍പിഎസ് നിയന്ത്രിക്കുന്നത്.
സര്‍ക്കാര്‍ കടപ്പത്രം, കോര്‍പ്പറേറ്റ് ബോണ്ട്, ഓഹരി വിപണി തുടങ്ങിയ ഇടങ്ങളിലാണ് നിക്ഷേപിക്കുന്നത്. വിരമിക്കുന്ന സമയത്ത് ഫണ്ടില്‍ നിന്ന് വലിയൊരു ഭാഗം പിന്‍വലിച്ച ശേഷം ബാക്കി തുക പെന്ഷന് പോലെ നിശ്ചിത ഇടവേളകളില്‍ ലഭിക്കുന്ന തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്നതാണ് നാഷണല്‍ പെന്ഷന് സ്കീം. നിക്ഷേപം തെരഞ്ഞെടുക്കാന്‍ നിരവധി ഓപ്ഷനുകള്‍, നികുതി ആനുകൂല്യം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.
എന്‍പിഎസില്‍ എസ്ഐപി രജിസ്റ്റര്‍ ചെയ്യുന്ന വിധം:
എന്‍പിഎസിന്റെ സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യുന്നതിന് PRAN നമ്പറും ജനനത്തീയതിയും ആവശ്യമാണ്.
ഇ-മെയില്‍ ഐഡി അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. രണ്ടും കൂടി നല്കിയാലും കുഴപ്പമില്ല. തുടര്‍ന്ന് ‘സബ്മിറ്റ് ഒടിപിയില്‍’ ക്ലിക്ക് ചെയ്യുക
ലഭിക്കുന്ന ആറക്ക ഒടിപി നല്കി മുന്നോട്ടു പോകുക
‘New SIP Registration in NPS’ ഓപ്ഷന് തെരഞ്ഞെടുത്ത് സബ്മിറ്റ് അമര്‍ത്തുക
എസ്ഐപി തുക, എസ്ഐപി തീയതി, കാലാവധി ആവുന്ന മാസവും വര്‍ഷവും എന്നിവ നല്‍കുക
ഓണ്‍ലൈന്‍ ഇ-മാന്‍ഡേറ്റ് പ്രക്രിയയ്ക്കായി വരിക്കാരന് ബാങ്ക് വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. തുക അതേ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കുറയ്ക്കും. SIP പ്രക്രിയയ്ക്കായി എംപാനല്‍ ചെയ്ത ബാങ്കുകളുടെ പട്ടികയ്ക്കായി ക്ലിക്ക് ചെയ്യുക
വെരിഫിക്കേഷന് പ്രക്രിയയ്ക്കായി നല്കിയ വിശദാംശങ്ങള്‍ വരിക്കാരന് കാണാന്‍ സാധിക്കും. പരിശോധിച്ചുറപ്പിച്ച ശേഷം മുന്നോട്ടുപോകുക
എസ്ഐപിയുടെ രജിസ്ട്രേഷന് ബാങ്കിന്റെ അംഗീകാരം ലഭിച്ചാല്‍ എസ്ഐപി തുക വരിക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യും.
വരിക്കാര്‍ക്ക് എസ്ഐപി രജിസ്ട്രേഷന്റെ നിലവിലെ സ്ഥിതി അറിയാനും സംവിധാനമുണ്ട്.
by Midhun HP News | Dec 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി അതിജീവിത. ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഒരുമണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നീണ്ടു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അതിജീവിതയെ അറിയിച്ചു.
കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നി മുഖ്യമന്ത്രി അതിജിവിതയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേസിന്റെ തുടക്കം മുതല്‍ അതിജീവിതക്കൊപ്പമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. തുടര്‍ന്നും കേരള ജനത ഒപ്പമുണ്ടെന്ന ഉറപ്പ് മുഖ്യമന്ത്രി അറിയിച്ചു. വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം.
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറുവരെ പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന് ചുമത്തിയ എല്ലാ വകുപ്പുകളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. കേസിലെ ഏഴു മുതല്‍ പത്തു വരെ പ്രതികളെയാണ് ജഡ്ജി ഹണി എം വര്‍ഗീസ് കുറ്റവിമുക്തരാക്കിയത്. കേസില്‍ എട്ടാം പ്രതിയാണ് നടന് ദിലീപ്.
ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സിനില്‍കുമാര്‍ എന്‍ എസ്, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്.
ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ് എന്ന ഗോപാലകൃഷ്ണന്, ഒന്‍പതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി നായര്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. ദിലീപിനെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരെ മാത്രമാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയിട്ടുള്ളത്.
Recent Comments