പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

കോട്ടയം: പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക മേരി റോയ് (89) അന്തരിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശം ചോദ്യം ചെയ്ത് സുപ്രീം കോടതി വരെ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി സ്ത്രീക്കനുകൂലമായ വിധി സമ്പാദിച്ച പോരാളിയാണ് മേരി റോയ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. സംസ്കാരം നാളെ രാവിലെ 11 ന് പള്ളിക്കൂടം സ്കൂളിനോട് ചേർന്ന വീട്ടുവളപ്പിൽ വെച്ച് നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ നാളെ രാവിലെ 10 മണി വരെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും.

സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ ഇനി ലൈസൻസ്

സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ ഇനി ലൈസൻസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ലെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത്.

ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. പാഴ്‌സലിൽ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം. വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണം. എല്ലാ ഭക്ഷ്യ വസ്തുക്കളും തയാറാക്കുന്നതിന് ഫുഡ് സേഫ്റ്റിയുടെ ലൈസൻസ് വേണം. അത് തന്നെയാണ് ഷവർമയുടെ കാര്യത്തിലം ബാധകമാകുന്നത്. പച്ചക്കറി ഉപയോഗിക്കുന്നതിനും കടുത്ത നിബന്ധനയുണ്ട്.

ജോലി വാഗ്ദാനം നടത്തി യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം ; മൂന്ന് പേർ അറസ്റ്റിൽ

ജോലി വാഗ്ദാനം നടത്തി യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം ; മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. കാഞ്ഞഞ്ഞാട് സ്വദേശി വിജേഷ്, തമിഴ്നാട് സ്വദേശി മലർ എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശിയ്ക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.

ആഗസ്റ്റ് 27 ശനിയാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി മയക്കിയ ശേഷമായിരുന്നു പീഡനം. കാഞ്ഞങ്ങാട്ട് സ്വദേശി വിജേഷ് (28), തമിഴ്നാട് സ്വദേശി മലര്‍(26), കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്ക് എതിരെയാണ് കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിരിക്കുന്നത്. രാവിലെ ജോലിക്കെന്ന് പറഞ്ഞ് രണ്ട് പേർ യുവതി താമസിച്ച സ്ഥലത്ത് നിന്നും ഓട്ടോറിക്ഷയിൽ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തിരിച്ചു വരുമ്പോൾ മഴ പെയ്തതോടെ യുവതിയെ ഇവർ ചാലക്കുന്നിലെ ഒരു ക്വാട്ടേഴ്സിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ജ്യൂസിൽ മയക്ക് മരുന്ന് കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചു.

സമീപ ക്വാട്ടേഴ്സുകളിലുള്ളവരാണ് അവശനിലയിലായ യുവതിയെ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ആരോഗ്യനില വീണ്ടെടുത്തതായാണ് റിപ്പോർട്ട്. യുവതിയുടെ കാമുകനും ബന്ധുവായ സ്ത്രീക്കും സംഭവത്തിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

പാലിയേക്കരയിൽ പുതിയ ടോൾ നിരക്ക്

പാലിയേക്കരയിൽ പുതിയ ടോൾ നിരക്ക്

തൃശൂർ: പാലിയേക്കരയിൽ കൂടിയ പുതിയ ടോൾ നിരക്ക് നിലവിൽ വന്നു. 15 ശതമാനമാണ് വർധന. ഒരു വശത്തേക്ക് ഉള്ള യാത്രക്ക് വിവിധ വാഹനങ്ങൾക്ക് പത്ത് മുതൽ 65 രൂപയുടെ വരെ വ്യത്യാസം ഉണ്ടാകും. കാറുകൾക്ക് ഒരു ഭാഗത്തേക്ക് എൺപത് രൂപ ആയിരുന്നത് 90 രൂപയാകും. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് 140 ൽ നിന്ന് 160 ആയും, ഒന്നിൽ കൂടുതൽ യാത്രകൾക്ക് 235 രൂപയും ആകും. ദേശിയ മൊത്തവില സൂചികയുടെ അടിസ്ഥാനത്തിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിന് ആണ് പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും വലിയ വർധന ഉണ്ടായിരുന്നില്ല.

വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു

കൊച്ചി: പാചക വാതക വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് തൊണ്ണൂറ്റി നാല് രൂപ അന്‍പത് പൈസയാണ് കുറഞ്ഞത്. 1896 രൂപ അന്‍പത് പൈസയാണ് പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

ശക്തമായ മഴയെ തുടന്ന് പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ ശിവക്ഷേത്രം മുങ്ങി

ശക്തമായ മഴയെ തുടന്ന് പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ ശിവക്ഷേത്രം മുങ്ങി

കൊച്ചി: പെരിയാറിൽ ജലനിരപ്പ് ഉയർന്നു. തുടർന്ന് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 1.5 മീറ്ററോളമാണ് പെരിയാറിലെ ജലനിരപ്പ് ഉയർന്നത്. ആലുവ ക്ഷേത്രത്തിൽ വെള്ളം ഉയർന്നതോടെ പുലർച്ചെയുള്ള പൂജാ കർമങ്ങൾ ഉൾപ്പെടെ തടസപ്പെട്ടു.

ആലുവ ജല ശുദ്ധീകരണ ശാലയുടെ ഭാഗത്ത് ജലനിരപ്പ് 2.3 മീറ്റർ ഉയർന്നതായും രേഖപെടുത്തി. എന്നാൽ ബുധനാഴ്ച ഇത് 80 സെന്റിമീറ്റർ മാത്രമായിരുന്നു. പെരിയാർ കലങ്ങി ഒഴുകുന്നതിനാൽ വെള്ളത്തിലെ ചെളിയുടെ തോതും വർധിച്ചിട്ടുണ്ട്. 70 എൻ റ്റിയു ആയാണ് ചെളിയുടെ തോത് വർധിച്ചത്.

റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബുധനാഴ്ച ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 25 സെന്റീമീറ്റർ കൂടി ഉയർത്തിയിരുന്നു. 131.69 ക്യുമെകസ് ജലമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്. ഇതിനൊപ്പം മഴയും ശക്തമായതോടെയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.