മുന്നറിയിപ്പ്; അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത

മുന്നറിയിപ്പ്; അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ഇന്ന് തീവ്ര മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. നാളെ ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരും.

വെള്ളമുയര്‍ന്നതോടെ, പാലക്കാട്‌ മലമ്പുഴ ഡാം തുറന്നു. നാലു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം ഒഴുക്കിവിടുന്നത്. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് ഡാം തുറക്കുന്നത്. കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴപുഴ, ഭാരതപ്പുഴ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം; പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനിയർക്ക് സ്ഥലമാറ്റം

മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം; പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനിയർക്ക് സ്ഥലമാറ്റം

തിരുവനന്തപുരം : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെ പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനിയർക്ക് സ്ഥലമാറ്റം. മന്ത്രിയുടെ മിന്നൽ പരിശോധനാ സമയത്ത് ഓഫീസിലില്ലാതിരുന്ന എഞ്ചിനിയറെയാണ് സ്ഥലം മാറ്റിയത്. പൂജപ്പുര അസി. എഞ്ചിനിയർ മംമ്ദയെ എറണാകുളത്തേക്കാണ് മാറ്റിയത്. അസി.എഞ്ചിനിയർ അനുമതി വാങ്ങാതെ ഓഫീസിൽ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എഞ്ചിനിയർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നാണ് സ്ഥലം മാറ്റം.

കെ.ആർ.നാരായണൻ ഗ്ലോബൽ ഫൗണ്ടേഷൻ കർമ്മ ശ്രേഷ്ഠാ പുരസ്കാരം- മികവ് 2022 സംഘടിപ്പിച്ചു

കെ.ആർ.നാരായണൻ ഗ്ലോബൽ ഫൗണ്ടേഷൻ കർമ്മ ശ്രേഷ്ഠാ പുരസ്കാരം- മികവ് 2022 സംഘടിപ്പിച്ചു

ഡോ.കെ.ആർ.നാരായണൻ ഗ്ലോബൽ ഫൗണ്ടേഷൻ കർമ്മ ശ്രേഷ്ഠാ പുരസ്കാരം- മികവ് 2022 ഡോ.കെ.ആർ.നാരായണൻ അനുസ്മരണ സമ്മേളനവും,പുരസ്കാര വിതരണവും, കവിയരങ്ങും, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ ക്വിസ് മത്സരവും ഐ എൻ റ്റി യു സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി.എസ്. അജിത് കുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ചെയർമാൻ ആറ്റിങ്ങൽ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയപ്രകാശ് കെ. വി. സ്വാഗതം നേർന്നു. ബ്ലോക്ക് പ്രസിഡന്റ്‌ ശ്രീകണ്ഠൻ.എ.എസ്. ഭക്ഷ്യ കിറ്റ് വിതരണവും, ഡോ. ശബരിനാഥ് രാധാകൃഷ്ണൻ നെയ്യാറ്റിൻകര ചികിത്സാ സഹായ വിതരണവും, അധ്യാപക സംഘടനാ മുൻ സംസ്ഥാന പ്രസിഡന്റ് ജെ.ശശി സ്വതന്ത്ര യൂട്യൂബ് ചാനലായ ജനതാ ന്യൂസ് ചാനലിന്റെ ലോഗോ പ്രകാശനവും ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മാറനല്ലൂർ ഗോപകുമാർ നന്ദി അറിയിച്ചു.

സമൂഹ മാധ്യമ അക്കൗണ്ടിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ദമ്പതികൾ ഉൾപ്പെടെ ആറുപേർ ഹണി ട്രാപ്പില്‍ അറസ്റ്റിൽ

സമൂഹ മാധ്യമ അക്കൗണ്ടിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ദമ്പതികൾ ഉൾപ്പെടെ ആറുപേർ ഹണി ട്രാപ്പില്‍ അറസ്റ്റിൽ

പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തി ന​ഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യൂട്യൂബർമാരായ ദമ്പതികൾ ഉൾപ്പെടെയുള്ള സംഘം അറസ്റ്റിൽ. കൊല്ലം പെരുന്നാട് സ്വദേശി ദേവു (24), ഭർത്താവ് കണ്ണൂർ മേലെ ചൊവ്വ വലിയന്നൂർ ഗോകുൽ ദീപ് (29) എന്നിവർ ഉൾപ്പെടെ ആറു പേരാണ് കേസിൽ അറസ്റ്റിലായത്. ദേവു–ഗോകുൽ ദീപ് ദമ്പതികൾ സമൂഹമാധ്യമങ്ങളി‍ൽ സജീവമാണ്.

ഇവരെ കൂടാതെ ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പാല സ്വദേശി ശരത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് നടപടി. ശരത് ആണ് ഹണിട്രാപ്പിന്റെ മുഖ്യസൂത്രധാരൻ

ദേവുവും ഗോകുല്‍ ദീപും ചേർന്ന് നിരവധി ആരാധകരെ വരുതിയിലാക്കിയിരുന്ന വീഡിയോകൾ വ്യത്യസ്ത ഭാവങ്ങളിലും വേഷത്തിലും ഇടവേളകളില്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവരുടെ തട്ടിപ്പ്. സമ്പന്നരെ കുടുക്കാൻ ഹണി ട്രാപ്പ് സംഘത്തിന് ഊര്‍ജം നല്‍കിയതും ഇരുവരുടെയും പ്രകടനമാണ്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം ആറ് മാസം നിരീക്ഷിച്ച് പിന്തുടർന്നു. ചൂണ്ടയിൽ കുരുങ്ങാൻ സാധ്യതയുള്ള ആളെന്ന് ഉറപ്പിച്ചതിന് പിന്നാലെ തേൻ കെണിയൊരുക്കി. ഫോൺ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവില്‍ പരസ്പരം നേരിൽക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് എത്തിച്ചു. അങ്ങനെയാണ് ദേവുവിന്റെ നിര്‍ദേശപ്രകാരം വ്യവസായിയോട് പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ എത്താന്‍ ആവശ്യപ്പെട്ടത്. ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസങ്ങള്‍ പറഞ്ഞ് രാത്രി വരെ നഗരത്തില്‍ നിര്‍ത്തി. പിന്നീട് ദേവു തന്ത്രപൂർവം വാഹനത്തിൽ വീട്ടിലെത്തിച്ചു.

അവിടെ ശരത് ഉൾപ്പെടെയുള്ളവർ സദാചാര ഗുണ്ടകളെന്ന വ്യാജേനയെത്തി ദേവുവിനെ മർദിക്കുന്നതായി കാണിച്ചു. തുടർന്നു പരാതിക്കാരന്റെ 4 പവൻ സ്വർണമാല, മൊബൈൽ ഫോൺ, 1000 രൂപ, എടിഎം കാർഡുകൾ എന്നിവ തട്ടിയെടുത്ത ശേഷം ഇയാളെ കണ്ണുകെട്ടി ബന്ധിച്ചു കാറിൽ കയറ്റി കൊടുങ്ങല്ലൂരിലേക്കു കൊണ്ടു പോയി. കൊടുങ്ങല്ലൂരിൽ എത്തുന്നതിനു മുൻപു മൂത്രമൊഴിക്കണമെന്നു ആവശ്യപ്പെട്ടതോടെ വാഹനം നി‍ർത്തിയപ്പോൾ പരാതിക്കാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ശ്രദ്ധിച്ചു തുടങ്ങിയതോടെ സംഘം കടന്നുകളഞ്ഞു. പിന്നീട്, പരാതിക്കാരന്റെ ഭാര്യയുടെ ഫോണിലേക്കു സംഭവം ഒത്തു തീർപ്പാക്കണമെന്നാവശ്യപ്പെട്ടു വിളി എത്തിയതോടെ പൊലീസിനെ സമീപിച്ചു.

ചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു

ചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു

കാരക്കാസ്: ക്യൂബന്‍ വിപ്ലവ നായകന്‍ ചെ ഗുവേരയുടെ മൂത്ത മകൻ കാമിലോ ഗുവേര മാർച്ച് (60) അന്തരിച്ചു. കാരക്കാസിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിങ്കളാഴ്ച വെനസ്വേല സന്ദർശനത്തിനിടെ കാമിലോ ഗുവേര മാർച്ചിന് ഹൃദയാഘാതമുണ്ടാകുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നെന്നാണ് റിപ്പോർട്ട്.

ചെ ഗുവേരയുടെ പ്രവർത്തനവും പ്രത്യയശാസ്ത്രവും പ്രോത്സാഹിപ്പിക്കുന്നതിനായി നിർമ്മിച്ച ഹവാനയിലെ ചെഗുവേര പഠന കേന്ദ്രത്തിന്റെ ഡയറക്ടറായിരുന്നു കാമിലോ ഗുവേര മാർച്ച്. ചെ ഗുവേരയുടെ ആശയങ്ങളുടെ പ്രചാരകനായിരുന്നു കാമിലോയെന്നും ഏറെ വേദനയോടെയാണ്‌ അദ്ദേഹത്തിന് വിട നല്‍കുന്നതെന്നും ക്യൂബൻ പ്രസിഡന്റ്‌ മിഗേൽ ദിയാസ്‌ കനേൽ ട്വീറ്റ്‌ ചെയ്തു.

കൊച്ചി മെട്രോയുടെ പേട്ട-എസ്.എന്‍. ജംങ്ഷൻ റീച്ച് പ്രധാനമന്ത്രി നാളെ  ഉദ്ഘാടനം ചെയ്യും

കൊച്ചി മെട്രോയുടെ പേട്ട-എസ്.എന്‍. ജംങ്ഷൻ റീച്ച് പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്.എന്‍. ജംങ്ഷൻ റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉദ്ഘാടനം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കും.

പേട്ടയില്‍നിന്ന് തൃപ്പൂണിത്തുറ രാജനഗരിയിലേക്ക് കൊച്ചി മെട്രോ നാളെ ഓടിയെത്തും. പേട്ടയില്‍നിന്ന് 1.8 കിലോമീറ്റര്‍ ദൂരമാണ് എസ്.എന്‍. ജങ്ഷനിലേക്കുള്ളത്. ഈ റീച്ചിന്റെ ഉദ്ഘാടനത്തോടെ തൃപ്പൂണിത്തുറ നഗരത്തിലേക്ക് മെട്രോ എത്തുകയാണ്.
ആലുവമുതല്‍ എസ്‌എന്‍ ജങ്ഷന്‍ വരെയുള്ള യാത്രയ്ക്കും 60 രൂപയാകും നിരക്ക്. വടക്കേകോട്ട, എസ്‌എന്‍ ജങ്ഷന്‍ സ്റ്റേഷനുകള്‍കൂടി വരുന്നതോടെ ആകെ മെട്രോ സ്റ്റേഷനുകള്‍ ഇരുപത്തിനാലാകും.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ കെഎംആര്‍എല്‍ നേരിട്ട് മേല്‍നോട്ടവും നിര്‍മാണവും നടത്തിയ റെയില്‍പ്പാതയാണ് പേട്ട-എസ്‌എന്‍ ജങ്ഷന്‍. ആലുവ മുതല്‍ പേട്ട വരെയുള്ള പാതയ്ക്ക് ഡിഎംആര്‍സിയാണ് മേല്‍നോട്ടം വഹിച്ചത്. 2019 ഒക്ടോബറിലാണ് പേട്ട-എസ്‌എന്‍ ജങ്ഷന്‍ പാതയുടെ നിര്‍മാണം ആരംഭിച്ചത്. കോവിഡും അടച്ചുപൂട്ടലും ഉണ്ടായെങ്കിലും കോവിഡ് മാനദണ്ഡം പാലിച്ചുതന്നെ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടി രൂപയാണ് മൊത്തം നിര്‍മാണച്ചെലവ്. സ്റ്റേഷന്‍ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 99 കോടി രൂപ ചെലവഴിച്ചു.