by Midhun HP News | Aug 29, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപ പ്രഖ്യാപിച്ചു. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ അറിയിച്ചു.
സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നല്‍കും.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം – കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്.
by Midhun HP News | Aug 29, 2022 | Latest News, ജില്ലാ വാർത്ത
സ്നേഹ ഭവനം ചാരിറ്റബിൾ ട്രസ്റ്റും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് 3 വികസന സമിതിയും ചേർന്നൊരുക്കിയ മെഡിക്കൽ ക്യാമ്പും ഓണക്കോടി വിതരണവും നഗരസഭ അദ്ധ്യക്ഷ അഡ്വ. എസ് കുമാരി ഉത്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ദീപ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. പ്രഭു മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബിനു ബി എൻ തോട്ടക്കാട് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഡോ ഷമ്മി, സീരിയൽ താരം അനന്തു ഷീജയെ ആദരിച്ചു. ഉണ്ണി ഗുരുക്കൾ, മലപ്പുറം നയിച്ച യോഗ അവബോധക്ലാസ് ശ്രദ്ധേയമായി. എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ട്രസ്റ്റി പ്രസന്ന സുകുമാരൻ ആദരിച്ചു. രാജേഷ് മാധവൻ, ബിനു ബി എൻ തോട്ടക്കാട്, ഷീജ (മൈ ബ്യൂട്ടി), പ്രീത സ്റ്റാലിൻ, ലീന കീഴാറ്റിങ്ങൽ എന്നിവർ നേതൃത്വം നൽകി.

by Midhun HP News | Aug 29, 2022 | Latest News, ജില്ലാ വാർത്ത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള വടക്കന്‍ ജില്ലകളിലും കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലുമാണ് മഴമുന്നറിയിപ്പുള്ളത്.ഈ ജില്ലകളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളത്തിന് സമീപവും തെക്കന്‍ ബംഗാള്‍ ഉള്‍കടലിലും നിലനില്‍ക്കുന്ന ചക്രവാതചുഴികളും ബംഗാള്‍ ഉള്‍കടല്‍ മുതല്‍ തമിഴ്‌നാട് വരെയുള്ള ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ ശക്തമാകാന്‍ കാരണം. ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ ശക്തമാകും. നാളെയും മറ്റന്നാളും കേരളത്തില്‍ 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് മസ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

by Midhun HP News | Aug 29, 2022 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: തട്ടത്തുമല ലക്ഷം വീട് കോളനിയിൽ വീട്ടു നമ്പർ 35 ൽ താമസക്കാരനായ ആർ. അംജിത്തിനെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 23 ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്കു താമസിക്കുന്ന 79 വയസുള്ള വൃദ്ധയുടെ വീട്ടിൽ ബന്ധുവായ യുവാവ് എത്തി പീഡിപ്പിയ്ക്കാൻ ശ്രമിക്കവേ കുതറി മാറി രക്ഷപ്പെട്ട വൃദ്ധയെ ക്രൂരമായി മർദിച്ചവശയാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
മർദനത്തിൽ പരിക്കേറ്റ വൃദ്ധയെ രാവിലെ ബന്ധുക്കളെത്തി ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോലീസിൽ പരാതി നൽകി. തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് പ്രതി ഒളിവിലായിരുന്ന സ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു.
യുവാവ് മുൻപും സമാന കേസിൽ പ്രതിയായിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള യുവാവ് കിളിമാനൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുമാണ്. കിളിമാനൂർ ഐഎസ്എച്ച്ഒ എസ്.സനൂജിന്റെ നേതൃത്വത്തിൽ എസ് ഐമാരായ വിജിത്ത്.കെ.നായർ, രാജേന്ദ്രൻ, എഎസ്ഐ ഷാജു, സീനിയർ സിപിഒ കിരൺ, സിപിഒ പ്രജിത്ത്, വനിതാ സീനിയർ സിപിഒ ശ്രീജ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
by Midhun HP News | Aug 29, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രം നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 14 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി 66 കേസുകൾ രജിസ്റ്റർ ചെയ്യുകയും കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിക്കാനുപയോഗിച്ച ലാപ്ടോപ്പുകളടക്കം 279 തൊണ്ടി മുതലുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇന്നലെയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നത്. നവമാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നവരാണ് പിടിയിലായത്.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും, പ്രചരിപ്പിക്കുകയും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സൈബർ ഡോം,സൈബർ സെൽ, സൈബർ പോലീസ് സ്റ്റേഷൻ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കോട്ടയം ജില്ലയിൽ നിന്ന് മാത്രം 35 മൊബൈൽ ഫോണുകളും, ഒരു ലാപ് ടോപ്പും, മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടിയെന്നാണ് റിപ്പോർട്ട്.
by Midhun HP News | Aug 29, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: എറണാകുളം നഗരത്തിലും സമീപ പ്രദേശങ്ങളിലും നടന്ന എടിഎം തട്ടിപ്പില്‍ പണം നഷ്ടമായവര്‍ക്കു തുക തിരിച്ചുനല്‍കിയതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. പരാതിപ്പെട്ട ഇടപാടുകാര്‍ക്കും പരാതിപ്പെടാത്തതും തുക നഷ്ടപ്പെട്ടതുമായ മറ്റ് ഇടപാടുകാര്‍ക്കും കൃത്യമായ പരിശോധനയ്ക്കു ശേഷം തുക പൂര്‍ണമായി തിരിച്ചു നല്‍കിയെന്ന് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.

തട്ടിപ്പു നടന്ന വിവരം അറിഞ്ഞ ഉടന്‍ ബാങ്കിന്റെ ഭാഗത്തു നിന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും കളമശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡിജിപി, എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കും പരാതികള്‍ സമര്‍പ്പിച്ചിരുന്നു. വ്യാഴാഴ്ച നടന്ന സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്യാനും മറ്റു ബാങ്കുകളുടെ എടിഎമ്മിലും തട്ടിപ്പു നടത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനും പൊലീസ് നടത്തിയ സമയോചിത ഇടപെടലിനെ ബാങ്ക് അഭിനന്ദിച്ചു.
മെഷീനില്‍ നിന്ന് കറന്‍സി പുറത്തു വരുന്ന ഭാഗത്ത് കൃത്രിമ തടസ്സമുണ്ടാക്കിയാണ് തട്ടിപ്പുകാര്‍ പണം കവരാന്‍ ശ്രമിച്ചത്. പണം പുറത്തു വരാതാകുന്നതോടെ ട്രാന്‍സാക്ഷന്‍ പരാജയപ്പെട്ടുവെന്ന് കരുതി ഉപഭോക്താവ് മടങ്ങിയ ശേഷം ഈ കൃത്രിമ തടസ്സം നീക്കി പണം തട്ടുകയായിരുന്നു ഇവരുടെ രീതി. സമാന തട്ടിപ്പുകള്‍ വിവിധ സംസ്ഥാനങ്ങളിലെ മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലും നടന്നതായാണ് വിവരമെന്ന് ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.
Recent Comments