മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം;  ഞെട്ടലിൽ കൊള്ളിക്കുന്ന് നിവാസികൾ

മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; ഞെട്ടലിൽ കൊള്ളിക്കുന്ന് നിവാസികൾ

കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് എന്ന സ്ഥലത്ത് മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ തൃശ്ശൂരിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് എന്ന സ്ഥലത്ത് മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകൻ വിഷ്ണു കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ കൊള്ളിക്കുന്നിലുള്ള ഇവരുടെ വാടക വീട്ടിലാണ് സംഭവം ഉണ്ടായത്. ശോഭനക്ക് 55 വയസും വിഷ്ണുവിന് 24 വയസുമാണ്. കൊലയ്ക്ക് ശേഷം പ്രതി വിഷ്ണു വെള്ളിക്കുളങ്ങര പൊലിസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. ഏറെ നേരം പൊലീസിനോട് ഒന്നും പറയാതെ മൗനം തുടർന്നു. ഷർട്ടിലെ ചോരക്കറ കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാരണം പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്.

കൊല്ലപ്പെട്ട ശോഭനയും ഭർത്താവ് ചാത്തൂട്ടിയും മകൻ വിഷ്ണുവും കൊള്ളിക്കുന്നിലെ വാടക വീട്ടിലേക്ക് ഒരു മാസം മുമ്പാണ് താമസം മാറുന്നത്. അതുവരെ ഒരു കിലോമീറ്റർ മാറിയുള്ള താലൂർപാടം എന്ന സ്ഥലത്ത് സ്വന്തം വീട്ടിലായിരുന്നു ഇവരുടെ താമസം. അത് വിറ്റ് കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടു. ഈ പണം വിഷ്ണു പതലവണ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊടുത്തില്ല. വെള്ളിയാഴ്ച വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തർക്കമുണ്ടായി. ഈ സമയം അച്ഛൻ ചാത്തൂട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടിയിലാണ് വീടിൻറെ ഹാളിൽ വച്ച് അമ്മയുടെ തലയിൽ ഗ്യാസ് കുറ്റി അടിച്ച് കൊലപ്പെടുത്തിയത്. തൊട്ടടുത്തുള്ള വീട്ടുകാർ പോലും ബഹളം കേട്ടില്ല.

വിഷ്ണു ടോറസ് ലോറി ഡ്രൈവറാണ്. വീട്ടിൽ നിന്ന് ജോലിക്ക് പോയാൽ ദിവസങ്ങൾ കഴിഞ്ഞാകും വരിക. മകനും അമ്മയും തമ്മിൽ എപ്പോഴും നല്ല സ്‌നേഹത്തിലായിരുന്നു എന്ന അച്ഛൻ ചാത്തൂട്ടി പറയുന്നു. വലിയ പ്രശ്‌നങ്ങൾ ഇവർ തമ്മിൽ ഉണ്ടായിരുന്നില്ലെന്ന് സഹോദരി മാലതിയും വ്യക്തമാക്കുന്നു. വാടക വീടിനടുത്തുള്ള അയൽക്കാർക്കും ഇവർ തമ്മിൽ മുമ്പ് പ്രശ്‌നങ്ങൾ ഉള്ളതായി പറയുന്നില്ല.

വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി

വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി

വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തി. ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ കാലാവധിയുണ്ടാകും.

ഇരുചക്രവാഹനങ്ങളില്‍ ബി.എസ് 6-ന് 100 രൂപയാണ് പുതിയ ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോള്‍, സി.എന്‍.ജി. ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ് പുതിയ ഫീസ്. ബി.എസ്. 4-ന് ആറുമാസമാണ് കാലാവധി. ബി.എസ് 3 വരെ വര്‍ധനയില്ല.

ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് (ബി.എസ് 4, ബി.എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി.എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വര്‍ഷം) നല്‍കണം. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപ(ഒരു വര്‍ഷം)യാണ് ഫീസ്. 150 ആയിരുന്നു പഴയനിരക്ക്. ബി.എസ്. 6-ല്‍പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരുവര്‍ഷത്തെ കാലാവധി ലഭിക്കും. ടെസ്റ്റിങ് സെന്ററുകള്‍ക്ക് വിവിധ ഏജന്‍സികള്‍ നല്‍കുന്ന കാലിബറേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി നീട്ടിയിട്ടുണ്ട്

നാലുവയസ്സുകാരന്റെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ച് ക്രൂര മർദ്ദനം; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

നാലുവയസ്സുകാരന്റെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ച് ക്രൂര മർദ്ദനം; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

പാലക്കാട്: അട്ടപ്പാടിയില്‍ നാലുവയസ്സുള്ള ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം. കുട്ടിയുടെ കാല്‍ സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് പൊള്ളലേല്‍പ്പിച്ചത്. സംഭവത്തില്‍ അമ്മ രഞ്ജിതയേയും രണ്ടാനച്ഛന്‍ ഉണ്ണികൃഷ്ണനേയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പൊലീസ് നടപടി.

കുട്ടിയുടെ കാല്‍പ്പാദത്തിന്റെ അടിഭാഗം പൂര്‍ണമായും പൊള്ളിയ നിലയിലാണ്. കുട്ടി കോട്ടാത്തറ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ ശാരീരികമായും മാനസികമായും രണ്ടാനച്ഛന്‍ ഉപദ്രവിച്ചിരുന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. അംഗന്‍വാടിയില്‍ പോകാതെ റോഡിലിറങ്ങി കളിക്കുന്നു എന്നു പറഞ്ഞാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഹൃദയാഘാതത്തിനിടയിലും കുട്ടികളെ സുരക്ഷതരാക്കി ലോകത്തോട് വിടപറഞ്ഞ്  ഡ്രൈവർ

ഹൃദയാഘാതത്തിനിടയിലും കുട്ടികളെ സുരക്ഷതരാക്കി ലോകത്തോട് വിടപറഞ്ഞ് ഡ്രൈവർ

ഹരിപ്പാട്: ഡ്രൈവിങ് സീറ്റിൽ കുഴഞ്ഞു വീഴുമ്പോഴും രമേശൻ മിനി ബസിലുണ്ടായിരുന്ന 12 കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കി. പിന്നീട് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. കരുവാറ്റ ശ്രീരാമകൃഷ്ണ വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുപോയ മിനി ബസിന്റെ ഡ്രൈവർ കരുവാറ്റ കാട്ടിൽ കിഴക്കതിൽ രമേശൻ ആണ് നെഞ്ചുവേദന അവഗണിച്ച് കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം ജീവിതത്തിൽനിന്നു യാത്രയായത്.

ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ദേശീയപാതയിൽ കരുവാറ്റ വട്ടമുക്കിൽ നിന്ന് എസ്എൻ കടവിലെത്തി കുട്ടികളെ കയറ്റി മടങ്ങുകയായിരുന്നു മിനി ബസ്. നെഞ്ചുവേദന അനുഭവപ്പെട്ട രമേശൻ പെട്ടെന്നു വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്തി. പിന്നാലെ സീറ്റിൽ ചരിഞ്ഞു വീണു. ബസിലെ ആയ വിജയലക്ഷ്മി കുലുക്കി വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു. രമേശന്റെ ശരീരമാകെ വിയർത്തിരുന്നു. തുടർന്ന് അവർ പുറത്തിറങ്ങി ബഹളം വച്ച് നാട്ടുകാരുടെ സഹായത്തോടെ അദ്ദേഹത്തെ കാറിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, രമേശന്റെ ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു. രണ്ടു വശത്തും പാടങ്ങളുള്ള ഭാഗത്തു വച്ചാണ് രമേശൻ കുഴഞ്ഞുവീണത്. ബസ് നിർത്തിയില്ലെങ്കിൽ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയാൻ സാധ്യത ഏറെയായിരുന്നു.

ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണ പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്

ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണ പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്

എറണാകുളം: ലൈംഗികാതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്‌കരണ പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയുടെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. വിദഗ്‌ധ സമിതി രൂപീകരിച്ച് പാഠ്യപദ്ധതി തയ്യാറാക്കി 2023-24 അധ്യയന വർഷത്തിൽ നടപ്പിലാക്കാനാണ് ഹൈക്കോടതി സിബിഎസ്‌ഇയ്‌ക്കും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിരിക്കുന്നത്. ആറ് മാസക്കാലയളവാണ് കോടതി ഇതിനായി അനുവദിച്ചിരിക്കുന്ന സമയം. രണ്ട് മാസത്തിനുള്ളിൽ വിദഗ്‌ധ സമിതി രൂപീകരിക്കാനും നിർദേശിച്ചു.

ലൈംഗികാതിക്രമം തടയുന്നതിന്‍റെ ഭാഗമായി അമേരിക്കയിൽ നടപ്പിലാക്കിയ എറിൻസ് ലോ മാതൃക ആക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ പ്രായം അനുസരിച്ചാകണം പാഠ്യപദ്ധതിയിൽ ലൈംഗികാതിക്രമം തടയുന്നതിനുള്ള വിഷയം ഉൾക്കൊള്ളിക്കേണ്ടതെന്നും കോടതി ഉത്തരവിൽ പറയുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതിൽ കോടതി നേരത്തെ ആശങ്ക പ്രകടിപ്പിക്കുകയും പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു.

ജാമ്യഹർജിയിൽ കോടതി സ്വമേധയാ സിബിഎസ്‌ഇ, കെൽസ(കേരള സ്റ്റേറ്റ് ലീഗൽ അതോറിറ്റി), വിദ്യാഭ്യാസ വകുപ്പ് എന്നിവരെ കക്ഷി ചേർത്ത് ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടിയതിന് ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കായിക്കര സ്വദേശിയുടെ ത്രില്ലർ വെബ് സിരിസ് യുറ്റൂബിൽ വൈറലാകുന്നു

കായിക്കര സ്വദേശിയുടെ ത്രില്ലർ വെബ് സിരിസ് യുറ്റൂബിൽ വൈറലാകുന്നു

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് കായിക്കര സ്വദേശിയുടെ ത്രില്ലർ വെബ്സീരീസിന്റെ ആദ്യ എപ്പിസോഡ് യുറ്റൂബിൽ ചർച്ചയാകുന്നു. സിനി ഡി എന്റർടൈൻമെന്റ്ൻ്റെ ബാനറിൽ കായിക്കര നിവാസിയായ വി ആർ മോത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ ത്രില്ലർ വെബ് സിരിസ് “UXORICIDE” Vibe Junction എന്ന യൂടൂബ് ചാനലിലൂടെ റിലീസ് ചെയ്ത വെബ്‌ സീരീസാണ് ആദ്യഎപ്പിസോഡ് യൂ റ്റൂബിൽ ചർച്ചയായത്.

പ്രേമ തമ്പി നിർമ്മിച്ച സീരിസിൻ്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് വി.ആർ മോത്തി, അനൂപ് മുത്തിക്കാവിൽ എന്നിവർ ചേർന്നാണ്. സിനിമകളിൽ മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്ത ബബിൻ ബാബു, ഫ്ലവ്വേഴ്സ് കോമഡി ഉത്സവത്തിലെ മിമിക്രി താരം അജി ജിറോൺ എന്നിവർ ആണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്‌.

കൂടാതെ സുനിൽ, ആദർശ്, മോനി നാവായ്കുളം മിനിൽ കുമാർ അഞ്ജലി കൃഷ്ണ, നിസ, താര, റാണി എന്നിവരാണ് മറ്റു അഭിനേതക്കൾ.
Dop അനുപ് മുത്തി കാവിൽ എക്സിക്യൂട്ടിവ് പ്രോഡ്യൂസർ സന്ധ്യ മോത്തി
കോ-പ്രോഡ്യൂസർ ബിജു എം (Army) പ്രോഡക്ഷൻ കൺട്രോളർ ദീപേഷ് ഗിതാഞ്ജലി ചീഫ് അസോ ഡയറക്ടർ സുബീഷ് വൈഗ എഡിറ്റിംങ് ഗോപാൽ സോൾടെക്ക് മ്യൂസിക്ക് ആശിഷ് ബിജു ഉന്നുണ്ണി അസോ. ഡയറക്ടർ പൗർണ്ണമി Dop അസോസിയേറ്റ് മഹിവാസൻ പ്രശാന്ത് ശിവ പ്രൊഡക്ഷൻ മാനേജർ ആദർശ് കായിക്കര സംവിധാന സഹായികൾ
ആദിത്യ എം ആർ ആകാശ്, ഉദയകുമാർ ക്യാമറ സഹായികൾ പ്രവീൺ കെ, മുഫാസിൽ.

വീഡിയോ കാണാം
https://youtu.be/mMNZFcSZuGM