by Midhun HP News | Aug 27, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ 30 ന് ഡി.ഇ.ഒ ഓഫീസുകളില്‍ എത്തുമെന്ന് പരീക്ഷാ വിഭാഗം അധികൃതര്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബർ ആദ്യം സ്‌കൂളുകളില്‍ വിതരണം ചെയ്യും. പരീക്ഷാഫലം വന്ന് രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് വിതരണം നടക്കാത്തതില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്ളസ് വണ്‍ പ്രവേശനത്തിന് മുൻപ് തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നെങ്കിലും ഇത്തവണ മൂന്നാം അലോട്ട്മെന്റായിട്ടും ലഭ്യമായില്ല. പ്ലസ് വണ്‍ പ്രവേശനത്തില്‍ ബോണസ് മാര്‍ക്കിനും സംവരണത്തിനും സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും അത് ലഭിക്കാത്തവര്‍ മാര്‍ക്ക് ലിസ്റ്റാണ് പകരം അപ്‌ലോഡ് ചെയ്തത്.
by Midhun HP News | Aug 27, 2022 | Latest News, ജില്ലാ വാർത്ത
മലപ്പുറം: മലപ്പുറം ചേളാരി ജി വി എച്ച് എസ് സ്കൂളിലെ പതിനെട്ട് അധ്യാപകര്‍ക്ക് കൂട്ട സ്ഥലം മാറ്റം. സ്കൂൾ കെട്ടിടത്തിന് മതിയായ സുരക്ഷയില്ലെന്ന് കണ്ടെത്തിയതോടെ ക്ലാസ് മുറികളുടെ എണ്ണം കുറച്ചതാണ് കൂട്ട സ്ഥലം മാറ്റത്തിന് കാരണം. വർഷങ്ങൾക്ക് മുമ്പ് തന്നെ പുതിയ കെട്ടിടം നിർമിക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല. ഇതോടെയാണ് ഷീറ്റ് മറച്ച് ക്ലാസ് മുറികളാെരുക്കേണ്ടി വന്നത്. എന്നാല്‍ സുരക്ഷാകാരണത്താല്‍ ഈ ക്ലാസ്മുറികളില്‍ കുട്ടികളെ പഠിപ്പിക്കാനാവില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.
പത്താം തരത്തില്‍ നൂറ് ശതമാനവും ജയം നേടിയ സര്‍ക്കാര്‍ സ്കൂളുകളിലൊന്നാണ് മലപ്പുറം ചേളാരി ജി വി എച്ച് എസ് സ്കൂള്‍. നിലവില്‍ ആയിരത്തി അഞ്ഞൂറോളം കുട്ടികളാണ് ചേളാരി ജി വി എച്ച് എസ് സ്കൂളില്‍ പഠിക്കുന്നത്. 55 അധ്യാപകരും സ്കൂളിലുണ്ടായിരുന്നു. പക്ഷെ, ഷീറ്റിട്ട് മറച്ച കാലപ്പഴക്കമുള്ള കെട്ടിടങ്ങളിലാണ് കുട്ടികളെയിരുത്തി പഠിപ്പിച്ചിരുന്നത്. ഫിറ്റ്നസ് പരിശോധനയില്‍ 21 മുറികളുള്ള മൂന്ന് നില കെട്ടിടം മാത്രമാണ് സുരക്ഷിതമെന്ന് കണ്ടെത്തിയിരുന്നു. മറ്റു കെട്ടിടങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളും ഇതിലേക്ക് മാറണം എന്നായിരുന്നു നിര്‍ദ്ദേശം.
കുറഞ്ഞ ക്ലാസ് മുറികളുടെ എണ്ണം കൂടി പരിഗണിച്ചപ്പോള്‍ 18 അധ്യാപകളെ സ്ഥലം മാറ്റുകയായിരുന്നു. കുട്ടികള്‍ തിങ്ങി ഞെരുങ്ങി പഠിക്കേണ്ടതിനൊപ്പം ഇനി അധ്യാപകരുടെ കുറവും പഠനത്തെ ബാധിക്കും എന്നാണ് രക്ഷിതാക്കളുടെ ആശങ്ക. സുരക്ഷിതമാണെന്ന് കണ്ടെത്തിയ കെട്ടിടത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ് പ്രവര്‍ത്തിപ്പിച്ചാല്‍ അധ്യാപകരെ നിലനിര്‍ത്താമായിരുന്നെന്നും എന്നാല്‍ ഇങ്ങനെയൊരു നിര്‍ദേശം വെച്ചപ്പോള്‍ പിടിഎ അതിന് വഴങ്ങിയില്ലെന്നുമാണ് ഡിഇയുടെ പ്രതികരണം. ഇതോടെയാണ് അധ്യാപകരുടെ കൂട്ട സ്ഥലം മാറ്റലിലേക്ക് പോകേണ്ടി വന്നത്.
by Midhun HP News | Aug 27, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും വഞ്ചിയൂര്‍ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ബിജെപിയും യുഡിഎഫും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് സിപിഎം ജില്ലാ ഓഫീസിന് നേരെയുള്ള കല്ലേറ് എന്ന് മേയർ ആര്യാ രാജേന്ദ്രൻ ആരോപിച്ചു.

മൂന്ന് ബൈക്കിൽ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. അക്രമികള്‍ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാർ പറയുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവൽ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു. ബൈക്കുകൾ നിർത്താതെ തന്നെ വന്ന് വേഗതയിൽ കല്ലെറിഞ്ഞ് പോകുന്നത് സിസിറ്റിവി ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ മനസിലാകുന്നില്ല. പൊലീസുകാർ പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ സ്ഥലത്തെത്തി പരിശോധിച്ചു.
by Midhun HP News | Aug 27, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പെഴ്‌സണൽ സ്റ്റാഫിനെ അയയ്ക്കുന്നതിനു പകരം മന്ത്രിമാര്‍ നേരിട്ടു വരണമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഫയലുമായി മന്ത്രിമാര്‍ തന്നെ രാജ്ഭവനില്‍ വരണമെന്നും പെഴ്‌സണൽ സ്റ്റാഫിനെ അയയ്ക്കുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

‘ഇന്നു രാവിലെയും മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു വിളി വന്നിരുന്നു. മുഖ്യമന്ത്രിക്കു വേണ്ടിയോ മറ്റേതെങ്കിലും മന്ത്രിക്കു വേണ്ടിയോ പെഴ്‌സണൽ സ്റ്റാഫ് വരേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെയ്റ്റിങ് റൂമിന് അപ്പുറത്തേക്ക് അവര്‍ക്ക് അനുമതി നല്‍കില്ല. മന്ത്രിമാര്‍ വരട്ടെ, അവര്‍ക്കു കാര്യങ്ങള്‍ വിശദീകരിക്കാനാവില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ അയയ്ക്കട്ടെ’- ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രിമാരുടെ ഓഫിസില്‍ പാര്‍ട്ടി നിയമിക്കുന്ന പെഴ്‌സണൽ സ്റ്റാഫ് ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഫയലിലെ കാര്യങ്ങള്‍ ഗവര്‍ണറോടു വിശദീകരിക്കേണ്ടത് മന്ത്രിമാരാണ്. ഗവര്‍ണറെ കൃത്യമായി കാര്യങ്ങള്‍ അറിയിക്കുകയെന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. പലവട്ടം ഓര്‍മിപ്പിച്ചിട്ടും സര്‍ക്കാര്‍ അതു ചെയ്യുന്നില്ല. സംശയങ്ങളുള്ള ഒരു ഫയലിലും ഇനി ഒപ്പിടില്ല, അതെല്ലാം മന്ത്രിമാര്‍ വന്നു വിശദീകരിക്കട്ടെ- ഗവര്‍ണര്‍ വ്യക്തമാക്കി.
പെഴ്‌സണൽ സ്റ്റാഫിനെ അയയ്ക്കുന്നതിനു പകരം മന്ത്രിമാര്‍ നേരിട്ടു വരണമെന്ന് വ്യക്തമാക്കി ബുധനാഴ്ചയാണ്, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയത്. വകുപ്പു സെക്രട്ടറിമാരെയും മന്ത്രിമാര്‍ക്ക് ഒപ്പം കൂട്ടാമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Aug 27, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ 1 മുതൽ 2023 ഫെബ്രുവരി 28 നുള്ളിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സസ്‌പെന്റ് ചെയ്യുന്നതാണെന്ന് സർക്കാർ അറിയിച്ചു.

അത്തരക്കാർക്ക് 2023 മാർച്ച് മാസം മുതൽ പെൻഷനുകൾ അനുവദിക്കുന്നതല്ല. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപന സെക്രട്ടറി പെൻഷൻ പുനസ്ഥാപിച്ചു നൽകുന്നതാണ്. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താൽ തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹതയുണ്ടായിരിക്കില്ല.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നതിനുള്ള നിലവിലെ വരുമാന പരിധിയായ ഒരു ലക്ഷം രൂപയിൽ അധികം വരുമാനമുള്ളവരെ പെൻഷൻ ഗുണഭോക്തൃ ലിസ്റ്റിൽ നിന്നും സ്ഥിരമായി ഒഴിവാക്കുമെന്നും സർക്കാർ അറിയിച്ചു.
by Midhun HP News | Aug 27, 2022 | Latest News, ജില്ലാ വാർത്ത
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കു മുമ്പായി ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ച സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്തും. അടുത്ത മാസം നാലിനു പരീക്ഷ നടത്തുമെന്ന് അറിയിപ്പു ലഭിച്ചതായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു.
ആയുര്‍ മാര്‍തോമാ കോളജിലാണ് വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ചത്. അടുത്ത മാസം നാലിനു രണ്ടു മണിക്കാണ് പരീക്ഷ. പരീക്ഷാ കേന്ദ്രം ആയൂര്‍ കോളജില്‍നിന്നു കൊല്ലം എസ്എന്‍ കോളജിലേക്കു മാറ്റിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ മാത്രം വീണ്ടും പരീക്ഷ എഴുതിയാല്‍ മതി.

Recent Comments