by Midhun HP News | Jul 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം.കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി. മങ്കിപോക്സിന് കാരണം എ. 2 വൈറസ് വകഭേദമെന്ന് ജിനോം സീക്വന്‍സ് പഠനം. എ. 2 വൈറസ് വകഭേദത്തിന് വ്യാപനശേഷി കുറവാണ്.
കേരളത്തില്‍ ഇതുവരെ രണ്ട് മങ്കി പോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തു നിന്നെത്തിയവര്‍ക്കാണ് രോഗബാധയേറ്റത്. ഇതിനിടെ ഇന്നലെ മങ്കിപോക്സ് ലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെറ്റിലപ്പാറ സ്വദേശിയായ 30കാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രണ്ടാഴ്ച മുന്‍പു ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് വെള്ളിയാഴ്ച ചര്‍മ രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യുവാവിനെയും ഒപ്പമുള്ളയാളെയും പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. യുവാവിനു കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളില്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. യുവാവിന്റെ സ്രവ, രക്ത സാംപിളുകള്‍ മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി ലാബിലേക്കും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ മലപ്പുറത്തെ ആശുപത്രിയിലേക്കു മാറ്റുമെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

by Midhun HP News | Jul 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പബ്ജിയ്ക്ക് പിന്നാലെ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയും (Battlegrounds Mobile India –BGMI) നിരോധിച്ചു. ജനപ്രിയ ഗെയിംമായിരുന്ന പബ്ജിയുടെ ഇന്ത്യൻ പതിപ്പായിരുന്നു ഇത്. ഈ ആപ്പ് രാജ്യത്തെ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്തു കഴിഞ്ഞു.
കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തെ തുടർന്നാണ് ഈ നീക്കം. നേരത്തെ സുരക്ഷാ ഭീക്ഷണികൾ ചൂണ്ടിക്കാട്ടിയാണ് പബ്ജി മൊബൈലും മറ്റ് ആപ്പുകളും കമ്പനി നിരോധിച്ചത്. ഇപ്പോഴിതാ ആപ്പ് സ്റ്റോറുകളിൽ നിന്ന് ബിജിഎംഐ ഗെയിം നീക്കം ചെയ്യാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് മുതൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഗെയിം ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഗൂഗിളും ആപ്പിളും ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ബ്ലോക്ക് ചെയ്തത്. ഗൂഗിൾ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. സർക്കാരിന്‍റെ ആവശ്യം അനുസരിച്ച് ഗെയിം നീക്കം ചെയ്തു എന്നായിരുന്നു ഗൂഗിളിന്‍റെ പ്രസ്താവനയിൽ പറഞ്ഞത് .ആപ്പിൾ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

എന്താണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നിലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചൈനീസ് ബന്ധം തന്നെയാണ് നിരോധനത്തിന് പിന്നില്‍ എന്നാണ് ലഭിക്കുന്ന സൂചന. ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ചൈനയിലെ സെർവറുകളുമായി ആപ്പ് ഡാറ്റ പങ്കിടുന്നു എന്ന ആശങ്കയിലാണ് കേന്ദ്രം.
ഇത് സംബന്ധിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ഗെയിം നിർമാതാക്കളായ ക്രാഫ്റ്റൺ പറയുന്നതും. ഗെയിം ഡവലപ്പറിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ബിജിഎംഐ തിരിച്ച് കൊണ്ടുവരാനുമായി അധികാരികളുമായി ചേർന്ന് കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വക്താവ് പറഞത്.

കഴിഞ്ഞ ആഴ്ചയാണ് ബിജിഎംഐയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നത്. രാജ്യസഭയിലാണ് ഇത് ആദ്യം ഉന്നയിക്കപ്പെട്ടത്. ഇതിനുശേഷമാണ് കേന്ദ്ര സര്ക്കാര് വിലക്ക് കൊണ്ടുവന്നത്. ഇതിനിടയ്ക്ക് ബിജിഎംഐ കളിക്കാൻ സമ്മതിക്കാത്ത പേരിൽ ലഖ്‌നൗവിലെ ഒരു കുട്ടി അമ്മയെ കൊലപ്പെടുത്തിയെന്ന റിപ്പോർട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇത്തരം കാരണങ്ങൾ ആകാം പെട്ടെന്നുള്ള നീക്കത്തിന് പിന്നിൽ.
by Midhun HP News | Jul 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓഗസ്റ്റ് ഒന്നുമുതൽ ഓരോ ഗ്രാമപ്പഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽക്കൂടുതൽ അനുവദിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം. പത്തരക്കോടി തൊഴിൽ ദിനങ്ങളും അതിനുള്ള പദ്ധതികളുടെ ബജറ്റും തയ്യാറാക്കിയ കേരളത്തിന് വലിയ തിരിച്ചടിയാകുന്ന തീരുമാനം നടപ്പാകുന്നതോടെ ഒരു കുടുംബത്തിന് 100 തൊഴിൽദിനങ്ങൾ എന്ന ലക്ഷ്യം നടക്കില്ല.

സംസ്ഥാനത്തെ പഞ്ചായത്തുകളിൽ 13 മുതൽ 23 വാർഡുകളാണുള്ളത്. ഇപ്പോൾ എല്ലാവാർഡുകളിലും ഒരേസമയം വിവിധജോലികൾ നടക്കുന്നുണ്ട്. എന്നാൽ, ഓഗസ്റ്റ് ഒന്നുമുതൽ 20-നു മേൽ വാർഡുകൾ ഉള്ള പഞ്ചായത്തുകളിൽ ഏതെങ്കിലും മൂന്നുവാർഡുകളിലുള്ളവർക്ക് തൊഴിൽ നൽകാനാവില്ല. റൊട്ടേഷൻ പ്രകാരം ഇവരെ പിന്നീട് ഉൾപ്പെടുത്താനാകുമെങ്കിലും സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന തൊഴിൽ നിഷേധിക്കേണ്ടിവരും. 25,90,156 പേരാണ് കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ആക്ടീവ് വർക്കർമാർ. 310.11 രൂപയാണ് ഒരുദിവസത്തെ കൂലി.

വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലുറപ്പിൽ ഏറ്റെടുക്കുന്ന പദ്ധതികൾ പൂർത്തിയാകാത്തതുൾപ്പെടെയുള്ള പോരായ്മകളും ക്രമക്കേടുകളുമാണ് പുതിയ നിയന്ത്രണത്തിനു പിന്നിലെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാർ നിർദേശിച്ച മാർഗനിർദേശങ്ങൾ കേരളം പാലിക്കാറുണ്ട്.
by Midhun HP News | Jul 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പെൻഷൻ ഉറപ്പാക്കാൻ മുൻ മന്ത്രി സജി ചെറിയാന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുനർ നിയമിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനം തീരുമാനിക്കട്ടേ. നിയമമാണ് പ്രധാനം, വ്യക്തിയല്ല. സർക്കാർ ഇപ്പോഴും അതേ രീതിയിൽ മുന്നോട്ട് പോകുകയാണെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയുടേയും മൂന്ന് മന്ത്രിമാരുടേയും സ്റ്റാഫിലേക്കാണ് സജി ചെറിയാന്‍റെ സ്റ്റാഫ് അംഗങ്ങൾക്ക് മാറ്റി നിയമനം നൽകിയത്. ജുലൈ ആറിനാണ് സജി ചെറിയാന്‍റെ രാജി. പിരിഞ്ഞുപോകാനായി സ്റ്റാഫ് അംഗങ്ങളുടെ കാലാവധി 20 വരെ ദീർഘിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. പിന്നാലെ 21 മുതലാണ് വീണ്ടും നിയമനം. സജിയുടെ ക്ലർക്കിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചു. പ്രൈവറ്റ് സെക്രട്ടറിയടക്കം ആറു പേരെ നിയമിച്ചത് വി അബ്ദുറഹ്മാന്‍റെ സ്റ്റാഫിൽ. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ഉൾപ്പടെ അഞ്ച് പേർക്ക് പുനർ നിയമനം മന്ത്രി മുഹമ്മദ് റിയാസിൻ്റെ സ്റ്റാഫിൽ നടത്തി. വി എൻ വാസവന്‍റെ സ്റ്റാഫിൽ അഞ്ച് പേർ. ബാക്കി സർക്കാർ സർവ്വീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്നവർ തിരികെ പോയി.
ഈ മൂന്ന് മന്ത്രിമാർക്കുമായിരുന്നു സജിയുടെ വകുപ്പുകൾ വിഭജിച്ച് നൽകിയത്. രണ്ട് വർഷം എങ്കിലും സർവ്വീസ് ഉണ്ടെങ്കിലെ പേഴ്സനൽ സ്റ്റാഫിന് പെൻഷന് അർഹതയുള്ളൂ. അത് ഉറപ്പാക്കാനാണ് വീണ്ടും നിയമനം. മാറ്റി നിയമനത്തിൽ സ്റ്റാഫ് എണ്ണത്തിലെ ഇടത് നയവും മറികടന്നു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം എൽഡിഎഫ് 25 ആക്കിയിരുന്നു. റിയാസിന്‍റെ സ്റ്റാഫിൻ്റെ എണ്ണം ഇപ്പോൾ 28 ആയി.
by Midhun HP News | Jul 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം എസിപിയാണ് സൂരജ് പാലാക്കാരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാതീയമായി അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് സൂരജ് പാലാക്കാരന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ ഇടുക്കി അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. ഈ കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. സൂരജിനെതിരെ പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
by Midhun HP News | Jul 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’യെന്ന് വിശേഷിപ്പിച്ചതിന് മാപ്പ് പറഞ്ഞ് ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. നാക്ക് പിഴയാണ് സംഭവിച്ചതെന്ന് കാണിച്ച് അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. പിഴവ് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കത്തില്‍ പറയുന്നുണ്ട്. അധിർ രഞ്ജന്‍ ചൗധരിയുടെ വിവാദ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്‍റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്‍മൃതി ഇറാനിയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ഇഡി നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ രഞ്ജന്‍ പറയുകയായിരുന്നു.
Recent Comments