അഴൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പെരുങ്ങുഴി മണ്ഡലത്തിലെ  എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു

അഴൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പെരുങ്ങുഴി മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു

അഴൂര്‍ പഞ്ചായത്തില്‍
കോണ്‍ഗ്രസ് പെരുങ്ങുഴി മണ്ഡലത്തിലെ റെയില്‍വേ സ്റ്റേഷന്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു. പെരുങ്ങുഴി റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന യോഗം മുന്‍ എം.എല്‍.എ അഡ്വ. ടി. ശരത്ത്ചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു. പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് സി.എച്ച്. സജീവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അഡ്വ. എസ്. കൃഷ്ണകുമാര്‍, വി.കെ.ശശിധരന്‍, മാടന്‍വിള നൗഷാദ്, അഴൂര്‍ വിജയന്‍, ജി. സുരേന്ദ്രന്‍, എ.ആര്‍. നിസാര്‍, പുതുക്കരി പ്രസന്നന്‍, എസ്.ജി. അനില്‍കുമാര്‍, അനു.വി നാഥ്, ജയാ സജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
മുന്‍ പഞ്ചായത്ത് അംഗം എസ്. മധു സ്വാഗതം പറഞ്ഞു.

അങ്കണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും

അങ്കണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും

സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹര്‍ സഹകരണ ഭവനില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും.

പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കുന്നു. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ്. അങ്കണവാടിയിലെ 3 വയസ് മുതല്‍ ആറ് വയസ് വരെയുളള 4 ലക്ഷത്തോളം പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നല്‍ നല്‍കി ആറ് സേവനങ്ങളാണ് അങ്കണവാടി വഴി നല്‍കുന്നത്. ഇതില്‍ ഒരു പ്രധാന സേവനമാണ് അനുപൂരക പോഷകാഹാര പദ്ധതി. ഈ പദ്ധതി പ്രകാരം, 6 മാസം മുതല്‍ 6 വയസ് വരെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് അങ്കണവാടികളിലൂടെ അനുപൂരക പോഷകാഹാരം നല്‍കി വരുന്നു. ഇത് കൂടാതെയാണ് അങ്കണവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തിയത്.

മില്‍മ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ വഴി ഈ പദ്ധതിയ്ക്ക് ആവശ്യമായ പാല്‍ അങ്കണവാടികളില്‍ നേരിട്ട് എത്തിക്കുന്നതാണ്. ഈ സംവിധാനങ്ങള്‍ ഒന്നും ലഭ്യമല്ലാത്ത മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അങ്കണവാടികളില്‍ മില്‍മയുടെ യുഎച്ച്ടി പാല്‍ വിതരണം ചെയ്യുന്നതാണ്. അങ്കണവാടികളില്‍ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂര്‍ണമായ ബാല്യം പ്രധാനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.

സപര്യ സാഹിത്യ പുരസ്‌കാരം ഷാബു കിളിത്തട്ടിലിന്

സപര്യ സാഹിത്യ പുരസ്‌കാരം ഷാബു കിളിത്തട്ടിലിന്

2021 ലെ സപര്യ സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ ഷാബു കിളിത്തട്ടിലിന് ലഭിച്ചു. മാറിയ ഗൾഫും ഗഫൂർക്കാ ദോസ്തും എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്കാരം.
പതിനായിരം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം . ആഗസ്റ്റ് 25 ന് കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ അവാർഡ് സമ്മാനിക്കും. സി രാധാകൃഷ്ണൻ ചെയർമാനും കാനായി കുഞ്ഞിരാമൻ ,ഡോ. ആർ സി കരിപ്പത്ത്‌ അംഗങ്ങളുമായ പുരസ്‌കാര നിർണ്ണയ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പ്രവാസജീവിതത്തിന്റെ ഭാവുകത്വത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുകയും മാറിയ ലോകക്രമത്തിൽ വരാനിരിക്കുന്ന കുടിയേറ്റ പ്രവണതകളെ പ്രവചന സ്വഭാവത്തോടെ കണ്ടറിഞ്ഞ് അനുവാചക സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിൽ അനിതര സാധാരണമായ വൈഭവം പ്രകടിപ്പിച്ച എഴുത്തുകാരനാണ് ഷാബു കിളിത്തട്ടിലെന്ന് ജൂറി അഭിപ്രായപ്പെട്ടു. മുൻവർഷങ്ങളിൽ മഹാകവി എസ് രമേശൻ നായർ,ഡോ.ആർ.സി.കരിപ്പത്ത് എന്നിവർക്കാണ് സപര്യ സാഹിത്യ പുരസ്കാരം ലഭിച്ചത്.

തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ ഷാബു കിളിത്തട്ടിൽ ദുബായ് ഹിറ്റ് 96.7 എഫ് എമ്മിൽ ന്യൂസ് ഡയറക്ടറാണ്. ചെറുകഥയ്ക്ക് പാറപ്പുറത്ത് പുരസ്‌കാരം, കൈരളി നോവൽ അവാർഡ്, പ്രവാസി ബുക്ക് ട്രസ്റ്റ് പുരസ്‌കാരം തുടങ്ങി നിരവധി സാഹിത്യ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സപര്യ സംസ്ഥാന പ്രസിഡന്റ് പ്രാപ്പൊയിൽ നാരായണൻ, ജനറൽ സെക്രട്ടറി ആനന്ദകൃഷ്ണൻ എടച്ചേരി, ട്രഷറർ അനിൽ കുമാർ പട്ടേന എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

വർക്കലയിൽ യുവാവ്  തീപ്പൊള്ളലേറ്റ് മരിച്ചു

വർക്കലയിൽ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു

വർക്കല: വർക്കലയിൽ യുവാവ് തീപ്പൊള്ളലേറ്റ് മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി
അഹമ്മദാലി (35) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം 7.30 മണിയോടെയാണ് ഇയാൾക്ക് തീപ്പൊള്ളൽ എൽക്കുന്നത്. വൈകുന്നേരം 7 മണിയോടെ വർക്കല ഇലകമൺ കരവാരത്തെ ഭാര്യ റെഫിനാ യുടെ വീട്ടിൽ ഭാര്യയെയും മകനെയും കാണാൻ എത്തിയതായിരുന്നു അഹമ്മദാലി. കൈയിൽ പെട്രോൾ നിറച്ച കുപ്പിയിമായി ആണ് ഇയാൾ എത്തുന്നത് കണ്ട് തങ്ങളെ അക്രമിക്കുമോ എന്ന് ഭയന്ന റെഫിനായുടെ പിതാവ് റഫീക്ക് വാതിൽ അടയ്ക്കുകയായിരുന്നു. തുടർന്ന് വീടിന്റെ പിറകിലെ വാതിലും പൂട്ടി എത്തുമ്പോൾ ജനലിലൂടെ തീ പിടിച്ച നിലയിൽ അഹമ്മദാലിയെ കണ്ടു എന്നാണ് റഫീക്ക് പൊലീസിന് നൽകിയ മൊഴി. ബഹളം കേട്ട് നാട്ടുകാർ ഓടി എത്തുകയും രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ 90 ശതമാനത്തോളം ശരീരത്തിൽ പൊള്ളൽ എറ്റിരുന്ന അഹമ്മദാലിയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ 6.30 മണിയോടെ മരണപ്പെടുകയായിരുന്നു.

അഹമ്മദാലിയും ഭാര്യ റെഫിനായും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ രണ്ടരമാസമായി പിരിഞ്ഞു കഴിയുകയായിരുന്നു. മുൻപ് സന്ദർശക വിസയിൽ വിദേശത്തു പോയി വന്ന ശേഷമാണ് ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നതും പിരിഞ്ഞു കഴിയുന്നതും. ഇതിനിടയിൽ രണ്ട് വട്ടം അഹമ്മദാലി റെഫിനായുടെ വീട്ടിൽ പെട്രോളുമായി എത്തുകയും വധഭീഷണിയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തിരുന്നതായി റെഫിനായുടെ പിതാവ് റഫീക്ക് പറയുന്നുണ്ട്.

എന്നാൽ അഹമ്മദാലി സ്വയം തീ കൊളുത്തിയത് ആണോ എന്നുള്ളത്തിൽ ഇതുവരെ പോലീസിന് വ്യക്തത വന്നിട്ടില്ല. വിദഗ്ധ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മുൻപും ആത്മഹത്യ ശ്രമം നടത്തുകയും റെഫിനായുടെ കുടുംബം പരാതിയുമായി അയിരൂർ പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു എന്ന് കുടുംബം ചുണ്ടികാട്ടുന്നുണ്ട്.

വരുന്ന തിങ്കളാഴ്ച വീണ്ടും വിദേശത്തേയ്ക്ക് മടങ്ങി പോകാൻ ഇരുന്ന അഹമ്മദാലി കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അഹമ്മദാലിയുടെ സഹോദരീ ഭർത്താവായ നിസാമുദ്ദീനെ ഫോണിൽ വിളിക്കുകയും
വർക്കലയിലെ ഭാര്യവീട്ടിലേക്ക് പോവുകയാണെന്ന് പറയുകയും ചെയ്തിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഭാര്യയെയും രണ്ട് വയസ്സുകാരനായ മകനെയും കണ്ട് യാത്ര പറയണമെന്നും , അതുപോലെ അവരെ ഒന്ന് ഭയപ്പെടുത്തുന്നതിനുവേണ്ടി ഒരു കുപ്പി പെട്രോളും കയ്യിൽ കരുതിയിട്ടുണ്ട് എന്നും ഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നതായി സഹോദരി ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട് എന്നാൽ വീട്ടിൽ വഴക്ക് നടന്നത് കെട്ടില്ലെന്നും നിലവിളി കേട്ട് ഓടിയെത്തിയത് ആണെന്നുമാണ് അയൽക്കാരുടെ പ്രതികരണം.

കിളിമാനൂർബാറിന് മുന്നിൽ സംഘർഷം; പൊലീസുകാരന് പരിക്ക് 6 പേർ പൊലീസ് പിടിയിൽ

കിളിമാനൂർബാറിന് മുന്നിൽ സംഘർഷം; പൊലീസുകാരന് പരിക്ക് 6 പേർ പൊലീസ് പിടിയിൽ

കിളിമാനൂർ: കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ കിളിമാനൂർ ഇന്ദ്രപ്രസ്ഥ ബാറിന് മുന്നിലായിരുന്നു സംഘർഷം. ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഒരു കൂട്ടം ആൾക്കാർ തമ്മിൽ അടിപിടി കൂടുകയായിരുന്നു. തുടർന്ന് ബാർ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി അടിപിടി തടയുന്നതിനിടയിൽ ഇവർ പൊലീസിനെ ആക്രമിക്കുകയും കിളിമാനൂർ പൊലീസ് സി.പി.ഒ കിരണിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കിളിമാനൂർ സി.ഐ സനൂജിൻ്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി അക്രമികളെ പിടികൂടുകയായിരുന്നു. ഇരുപത്തിയഞ്ചോളം പേർ ആക്രമണത്തിൽ ഉണ്ടായിരുന്നെങ്കിലും ആറ് പേരെ മാത്രമാണ് പൊലീസിന് പിടികൂടാൻ കഴിഞ്ഞത്. ബാക്കിയുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. തട്ടത്തുമല വട്ടപ്പച്ച കോളനിയിലെ മനു , വിനോദ് , അനീഷ് , സുജിത്ത് , സുമേഷ് , അഭിലാഷ് തുടങ്ങിയവരാണ് പൊലിസ് കസ്റ്റഡിയിൽ ഉള്ളത്. പരിക്കേറ്റ സി.പി.ഒ കിരണിനെ കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെൻ്റെറിൽ പ്രവേശിച്ചിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയിച്ചു.

യുവ എഴുത്തുകാരിയുടെ പരാതി; സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനക്കേസ്

യുവ എഴുത്തുകാരിയുടെ പരാതി; സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനക്കേസ്

സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ വീണ്ടും കേസെടുത്തു. പീഡനശ്രമത്തിന് കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്.2020ല്‍ കോഴിക്കോട് സ്വദേശിയായ യുവഎഴുത്തുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് പൊലീസ്‌ കേസെടുത്തത്. സിവികിനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പൊലീസ് തന്നെയാണ്.
കേസെടുത്ത് മൂന്നാഴ്ചയോളം ആയിട്ടും ഈ പരാതിയില്‍ സിവിക് ചേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിട്ടില്ല. സിവിക് സംസ്ഥാനം വിട്ടതായാണ് പൊലീസ് പറയുന്നത്. ഇതിനിടെ ആദ്യ പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും. വിശദമായ വാദം കേള്‍ക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ച്‌ കഴിഞ്ഞ ദിവസം മുഖൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ സിവികിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു. പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് സിവിക് ചന്ദ്രന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരി​ഗണിച്ച്‌ ഇന്നു വരെ കോടതി അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിരുന്നു.

സാഹിത്യകാരിയായ യുവതിയാണ് സിവിക് ചന്ദ്രനെതിരെ ആദ്യം പരാതിയുമായി എത്തിയത്. ഏപ്രിലില്‍ പുസ്തക പ്രസാധനത്തിനായി ഒത്തുകൂടിയപ്പോഴായിരുന്നു അതിക്രമം നടന്നതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സിവിക് ചന്ദ്രന്‍ അഡ്മിനായ ‘നിലാനടത്തം’ വാട്ട്സ്‌ആപ്പ് ​ഗ്രൂപ്പിലാണ് ലൈം​ഗികാതിക്രമത്തിന് ഇരയായ കാര്യം കവയത്രി കൂടിയായ യുവതി വെളിപ്പെടുത്തിയത്. സിവിക് ചന്ദ്രന്‍, വി ടി ജയദേവന്‍ എന്നിവര്‍ക്കെതിരെയായായിരുന്നു യുവതിയുടെ ആരോപണം. ഈ രണ്ടു വ്യക്തികളില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം തന്നെ കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി പറയുന്നു. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സിവിക് ചന്ദ്രനെതിരെ ചുമത്തിയിട്ടുള്ളത്.