ജ്വല്ലറി ഉടമയെ ബൈക്കിനിടിച്ചിട്ട് 20 പവൻ സ്വർണ്ണവും നാല് ലക്ഷം രൂപയും കവർന്നു

ജ്വല്ലറി ഉടമയെ ബൈക്കിനിടിച്ചിട്ട് 20 പവൻ സ്വർണ്ണവും നാല് ലക്ഷം രൂപയും കവർന്നു

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ ജ്വല്ലറി ഉടമയെ ബൈക്ക് കൊണ്ടിടിച്ചിട്ട് 20 പവൻ സ്വർണ്ണാഭരണങ്ങളും നാല് ലക്ഷത്തോളം രൂപയും കവർന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് ജുവലറി ഉടമയുടെ ഇടത് കൈയക്ക് പരിക്കേറ്റു. ഉച്ചക്കട-ചപ്പാത്ത് റോഡിൽ വട്ടവിള ജങ്ഷനിൽ സുകൃതാ ഫൈനാൻസ് ഉടമ കോട്ടുകാൽ ഉദിനിന്നവിള പുത്തൻ വീട്ടിൽ പദ്മകുമാറാണ് (60) കവർച്ചക്കിരയായത്. കൈയിലുണ്ടായിരുന്ന ആഭരണവും പണവുമടങ്ങിയ ബാഗാണ് ബൈക്കിലെത്തിയ കവർച്ചാസംഘം തട്ടിയെടുത്തത്.

ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബാങ്ക് പൂട്ടി പോകുന്നതിന് തൊട്ടുമുമ്പ് രണ്ടു ബൈക്കുകളിലായി യുവാക്കൾ കടന്നുപോയിരുന്നതായും ഇവർക്ക് തൊട്ടുമുമ്പിലായി റോഡരികത്ത് ചുവന്ന നിറത്തിലുളള കാറുമുണ്ടായിരുന്നതായും പൊലീസിനോട് പദ്മകുമാർ പറഞ്ഞു. വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന് തൊട്ടുമുമ്പ് ബൈക്കുകളിലൊന്ന് പദ്മകുമാറിന്റെ നേർക്ക് ഓടിച്ചെത്തി ഇടിച്ചിട്ടു. തറയിൽ വീണ പദ്മകുമാറിന്റെ പക്കലുണ്ടായിരുന്ന ആഭരണവും പണവുമടങ്ങിയ ബാഗ് ബൈക്കിലെത്തിയവർ തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഈ സമയത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറും മറ്റൊരു ബൈക്കും വേഗത്തിൽ സ്ഥലം വിട്ടതായും ഇവർ വിഴിഞ്ഞം പൊലീസിന് മൊഴി നൽകി. പരിസരത്തെ റോഡുകളിലെയും വീടുകളിലെയും സിസിടിവി പരിശോധിച്ചു വരുന്നതായും കേസെടുത്ത് അന്വേഷണമാരംഭിച്ചതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.

വെട്ടൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച പ്രീ പ്രൈമറി ക്ലാസ് ഉദ്ഘാടനം ചെയ്തു

വെട്ടൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച പ്രീ പ്രൈമറി ക്ലാസ് ഉദ്ഘാടനം ചെയ്തു

വർക്കല: വെട്ടൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച പ്രീ പ്രൈമറി ക്ലാസിന്റെ ഉദ്ഘാടനം വർക്കല എം എൽ എ അഡ്വക്കേറ്റ് വി.ജോയി നിർവഹിച്ചു. എസ്.എസ്.എൽ.സി,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദിച്ചു.

എ പി ജെ അബ്ദുൾ പുരസ്‌കാരം ആറ്റിങ്ങൽ സ്വദേശിയ്ക്ക്

എ പി ജെ അബ്ദുൾ പുരസ്‌കാരം ആറ്റിങ്ങൽ സ്വദേശിയ്ക്ക്

ഡോക്ടർ എപിജെ അബ്ദുൾ കലാം
സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ഡോക്ടർ എപിജെ അബ്ദുൾ കലാം പുരസ്കാരങ്ങൾ സമ്മാനിച്ചു.
ശാസ്ത്ര, വിദ്യാഭ്യാസ, സാങ്കേതിക മേഖലകളിൽ മികവ് പുലർത്തിയവർക്കാണ് പുരസ്കാരം. 27ന് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. ആറ്റിങ്ങൽ സ്വദേശി എസ് അജിതയ്ക്ക് എക്സലൻസ് അവാർഡ് മന്ത്രി സമ്മാനിച്ചു. വക്കം പ്രബോധിനി സ്കൂളിലെ അധ്യാപികയാണ് അജിത

വിവാഹ വാ​ഗ്ദാനം ചെയ്ത് യുവതികളുടെ പണം പറ്റിക്കുന്ന വിരുതനെ കോടതി റിമാന്റ് ചെയ്തു

വിവാഹ വാ​ഗ്ദാനം ചെയ്ത് യുവതികളുടെ പണം പറ്റിക്കുന്ന വിരുതനെ കോടതി റിമാന്റ് ചെയ്തു

തിരുവനന്തപുരം; നിരവധി യുവതികളെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിക്കുകയും, പണവും, സ്വർണ്ണവും തട്ടിയെക്കുന്ന സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷൻസ് കോടതി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് ആൽത്തറമൂട് കൈനിക്കര വീട്ടിൽ അപ്പി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് ( 35) നെയാണ് റിമാൻഡ് ചെയ്തത്.

കൊല്ലം, തിരുവനന്തപുരം ജില്ലയിൽ നിരവധി സ്ഥലങ്ങളിലുള്ള വിവാ​ഹിതരും, വിദേശത്ത് ഭർത്താക്കൻമാരുള്ള സ്ത്രീകളുമാണ് ഇരകൾ. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ ബസിൽ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടർന്ന് പണവും, സ്വർണ്ണവും തട്ടിയെടുക്കുക യുമായിരുന്നു . ഇത്തരത്തിൽ എട്ടോളം യുവതികളെ ഇയാൾ ചൂഷണം ചെയ്തുവെന്ന് പോലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടിൽ 22 ലക്ഷം രൂപയുള്ളത് പോലീസ് ഫ്രീസ് ചെയ്തിട്ടുണ്ട്.

ആറ്റിങ്ങൽ സ്വദേശിയായ യുവതിയിൽ നിന്നും 25 ലക്ഷം രൂപയും, സ്വർണ്ണവും ഉൾപ്പെടെ തട്ടിയെടുത്ത കേസിൽ ആറ്റിങ്ങൽ പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഒളിവിലായിരുന്ന പ്രതി കോടതിയിൽ നൽകിയ മുൻകൂർ ജാമ്യം പരി​ഗണിക്കവെയാണ് പ്രതിയെ കോടതി റിമാന്റ് ചെയ്തത്.

ചലച്ചിത്ര അവാര്‍ഡുകള്‍ ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രി സമ്മാനിക്കും

2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ സമര്‍പ്പണം 2022 ആഗസ്റ്റ് 3 ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ, രജിസ്ട്രേഷന്‍, സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ കെ.പി കുമാരന് മുഖ്യമന്ത്രി സമ്മാനിക്കും. പുരസ്കാര സമര്‍പ്പണച്ചടങ്ങിനുശേഷം വിവിധ സംഗീതധാരകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ‘പെരുമഴപ്പാട്ട്’എന്ന സംഗീതപരിപാടി ഉണ്ടായിരിക്കും.

മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട ബിജു മേനോന്‍, ജോജു ജോര്‍ജ്, നടി രേവതി, സംവിധായകന്‍ ദിലീഷ് പോത്തന്‍, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ കൃഷാന്ദ് ആര്‍.കെ, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍, അവലംബിത തിരക്കഥയ്ക്ക് അംഗീകാരം നേടിയ ശ്യാംപുഷ്കരന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, ഗായിക സിതാര കൃഷ്ണകുമാര്‍ തുടങ്ങി 50 പേര്‍ മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.
2021ലെ ചലച്ചിത്ര അവാര്‍ഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജുവിന് നല്‍കി പ്രകാശനം ചെയ്യും. മലയാള സിനിമ : നാള്‍വഴികള്‍ എന്ന റഫറന്‍സ് ഗ്രന്ഥത്തിന്റെ പ്രകാശനം ഭക്ഷ്യ, സിവില്‍ സപൈ്ളസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എക്കു നല്‍കിക്കൊണ്ട് നിര്‍വഹിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍, ശശി തരൂര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഡി.സുരേഷ് കുമാര്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍, ചലച്ചിത്ര വിഭാഗം ജൂറി ചെയര്‍മാന്‍ സയ്യിദ് മിര്‍സ, രചനാ വിഭാഗം ജൂറി ചെയര്‍മാന്‍ വി.കെ ജോസഫ്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.
പുരസ്കാര സമര്‍പ്പണച്ചടങ്ങിനുശേഷം നടക്കുന്ന സംഗീത പരിപാടിയില്‍ 2021ലെ മികച്ച പിന്നണി ഗായകര്‍ക്കുള്ള അവാര്‍ഡുകള്‍ നേടിയ സിതാര കൃഷ്ണകുമാര്‍, പ്രദീപ് കുമാര്‍, സംഗീത സംവിധായകനുള്ള പുരസ്കാരം നേടിയ ഹിഷാം അബ്ദുല്‍ വഹാബ്, ജനപ്രീതി നേടിയ ചിത്രത്തിന്റെ സംവിധായകനും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസന്‍, 2020ലെ പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ, മുന്‍ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ ഷഹബാസ് അമന്‍, രാജലക്ഷ്മി, ബിജിബാല്‍, സൂരജ് സന്തോഷ്, പ്രശസ്ത പിന്നണിഗായകരയ സംഗീത ശ്രീകാന്ത്, രൂപ രേവതി, സൗമ്യ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കും.

അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പോലീസ് പിടികൂടി

അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പോലീസ് പിടികൂടി

വക്കം: അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പോലീസ് പിടികൂടി. വക്കം മാർത്താണ്ടൻ കുട്ടി സ്മാരകത്തിന് സമീപം വലിയ വീട്ടിൽ സതീഷ് (28) ആണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും ചാക്കിൽ കെട്ടിവെച്ച് വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന 25 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ മദ്യക്കച്ചവടം നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് അടുക്കള ഭാഗത്ത് ചാക്കിൽ കെട്ടിവെച്ച നിലയിൽ വിവിധയിനം മദ്യം കണ്ടത്തിയത്. ഇയാൾ സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം നിരവധി അടിപിടി, മോഷണക്കേസിൽ പ്രതിയാണന്ന് പോലീസ് പറഞ്ഞു. കടയ്ക്കാവുർ എസ്.എച്ച്. ഒ അജേഷ് വി , എസ് ഐ മാരായ ദീപു, മാഹിൻ , എ.എസ് .ഐ മാരായ ശ്രീകുമാർ, ജയകുമാർ രാജീവ് എസ്.പി.സി. ഒ മാരയ ജോതിഷ് കുമാർ , അജിത് കൃഷ്ണ, മേരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കായ പ്രതിയെ റിമാന്റ് ചെയ്തു.