സ്വർണക്കടത്ത് കേസ്; മുന്‍ എംഎല്‍എ പി സി ജോര്‍ജിന് മുൻകൂർ ജാമ്യം

സ്വർണക്കടത്ത് കേസ്; മുന്‍ എംഎല്‍എ പി സി ജോര്‍ജിന് മുൻകൂർ ജാമ്യം

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ 24 മണിക്കൂറിനകം സ്റ്റേഷൻ ജാമ്യം നൽകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീൽ നൽകിയ പരാതിയിലാണ് സ്വപ്ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ പൊലീസ് കേസെടുത്തത്. കേസിലെ പ്രതിയായ പി സി ജോർജും സരിതയുമായുള്ള ശബ്ദരേഖയും പുറത്തു വന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ സ്വർണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് വേണ്ടി ഒരു ഓണ്‍ലൈൻ ചാനലിന് അഭിമുഖം നൽകാൻ പി സി ജോർജ് പ്രേരിപ്പിച്ചുവെന്നാണ് സരിതയുടെ മൊഴി. സ്വപ്നയും പി സി ജോർജും ക്രൈം നന്ദകുമാറും ഗൂഢാലോചന നടത്തിയെന്നും സോളാർ കേസിലെ പ്രതിയായ സരിത മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചന തെളിയിക്കുന്നതായാണ് സരിതയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തുന്നത്.

എന്‍എസ്എസിന്റെ മുന്‍ പ്രസിഡന്റ് പി. എന്‍ നരേന്ദ്രനാഥ് അന്തരിച്ചു

എന്‍എസ്എസിന്റെ മുന്‍ പ്രസിഡന്റ് പി. എന്‍ നരേന്ദ്രനാഥ് അന്തരിച്ചു

പത്തനംതിട്ട: എന്‍എസ്എസിന്റെ മുന്‍ പ്രസിഡന്റ് പി. എന്‍ നരേന്ദ്രനാഥ് (91) അന്തരിച്ചു. ചെങ്ങന്നൂര്‍ കല്ലിശേരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം മുന്‍ ജില്ലാ ജഡ്ജിയും പത്തനംതിട്ട കോന്നി സ്വദേശിയാണ്.

2012 മുതല്‍ നാല് തവണ എന്‍എസ്എസ് പ്രസിഡന്റായിരുന്നു. ഒരു മാസം മുന്‍പാണ് പി.എന്‍ നരേന്ദ്രനാഥ് സ്ഥാനമൊഴിഞ്ഞത്. സംസ്‌ക്കാരം നാളെ നടക്കും. മുൻ കേരള ഹൈക്കോടതി ജഡ്ജി കെ ഹരിപാലിന്റെ മരുമകനാണ്.

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ അറിയിച്ചു. കേസില്‍ ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. ശരത്തിനെ പ്രതി ചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. വിചാരണ ഉടൻ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ്‌ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

തെളിവുകൾ നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നതാണ് ദിലീപിനെതിരെ പുതിയതായി ചുമത്തുന്ന വകുപ്പുകള്‍. ശരത് പ്രതിയാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

കേസിന്‍റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അജകുമാറിനെ സർക്കാർ കഴിഞ്ഞ ദിവസം നിയമിച്ചു. അതിജീവിതയുടെ ആവശ്യ പ്രകാരമാണ് മുഖ്യമന്ത്രിയുടെ തീരുമാനം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനാണ് അജകുമാർ. അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറായി സുനിൽകുമാറിനെയും നിയമിച്ചു. നടിയെ ആക്രമിച്ച കേസിൽ നേരത്തെ നിയമിച്ചിരുന്ന രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാരും രാജിവച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോഴും അതിജീവിത പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സംവിധായകൻ മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു

സംവിധായകൻ മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: സംവിധായകൻ മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തെ. പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുന്നതിനിടെയാണ് മണിരത്നത്തിന് കോവിഡ് പിടിപെടുന്നത്.

സുഖമില്ലാതായതിനേ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംവിധായകന് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ തുടരുന്ന അദ്ദേഹം
ആരോ​ഗ്യവാനാണെന്നും മറ്റ് രോ​ഗലക്ഷണങ്ങളില്ലെന്നുമാണ് റിപ്പോർട്ട്. ജൂലൈ എട്ടിന് നടന്ന പൊന്നിയിൻ സെൽവൻ ടീസർ ലോഞ്ചിൽ മണിരത്നം പങ്കെടുത്തിരുന്നു.

നിത്യോപയോഗ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി; സാധാരണക്കാർ വലയും

നിത്യോപയോഗ ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി; സാധാരണക്കാർ വലയും

ന്യൂഡല്‍ഹി: പാക്ക് ചെയ്ത് ലേബല്‍ ചെയ്ത് വില്‍ക്കുന്ന 25 കിലോഗ്രാം വരെയുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് 5% ചരക്ക് സേവന നികുതി (ജിഎസ്ടി) തിങ്കളാഴ്ച മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. അരിയും ഗോതമ്പും പാലും തൈരും മോരും തേനും ശര്‍ക്കരയും ഉള്‍പ്പെടെയുള്ള നിത്യോപയോഗ ഭക്ഷ്യസാധനങ്ങള്‍ക്കെല്ലാം കൂടുതല്‍ വില നല്‍കേണ്ടത് സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ്.

സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന നടപടിക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ജിഎസ്ടി കൗണ്‍സിലില്‍ കേരളമടക്കം ഒരു സംസ്ഥാനവും ഇതിനെ എതിര്‍ത്തിരുന്നില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പയുന്നത്.

കെ എസ് ശബരിനാഥ്‌ അറസ്റ്റിൽ; നടപടി മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനിടെ

കെ എസ് ശബരിനാഥ്‌ അറസ്റ്റിൽ; നടപടി മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനിടെ

തിരുവനന്തപുരം: വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ ശബരിനാഥ് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാൻ തിരു. സെഷൻസ് കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു. നിലവില്‍ ശംഖമുഖം അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിലാണ് കെ എസ് ശബരിനാഥന്‍.

വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്‍റെ ഭീരുത്വമാണെന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ശബരിനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും സമാധാനപരമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിൽ പ്രതിഷേധിച്ചതെന്നും ശബരിനാഥ് പറഞ്ഞു. സംഘടന ആലോചിച്ചാണ് സമരം നടത്തിയത്. ഊരിപിടിച്ച വാളുപോയിട്ട് ഒരു പേന പോലുമില്ലാതെയാണ് പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് സ്വതന്ത്ര സംഘടനയാണ്. യൂത്ത് കോൺഗ്രസ് എടുക്കുന്ന തീരുമാനം സംഘടനയുടേതാണ്. പാർട്ടി നിർദ്ദേശപ്രകാരമല്ല യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞ ശബരിനാഥ്, പ്രചരിച്ച സ്ക്രീൻ ഷോട്ടിലുള്ളത് തന്‍റെ സന്ദേശമാണോയെന്ന് പൊലീസിനോട് പറയുമെന്നും പ്രതികരിച്ചു.