അപകടമരണം; അവയവദാനത്തിലൂടെ അഞ്ചുപേര്‍ക്ക് ജീവൻ നൽകി പ്രവാസി യുവാവ്‌

അപകടമരണം; അവയവദാനത്തിലൂടെ അഞ്ചുപേര്‍ക്ക് ജീവൻ നൽകി പ്രവാസി യുവാവ്‌

ദുബായ്: അവയവദാനത്തിലൂടെ അഞ്ചുപേര്‍ക്ക് ജീവൻ നൽകി പ്രവാസി യുവാവ്. ചാലക്കുടി സ്വദേശി യു. വി.ഗോപകുമാറാണ് മരണത്തിലും അഞ്ചു പേര്‍ക്ക് പുതുജീവന്‍ നല്‍കിയത്. യുഎഇയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ നിറസന്നാധ്യമായിരുന്നു ഗോപകുമാർ. പരിയാരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മോതിരക്കണ്ണി ഊരേക്കാട്ട് വീട്ടില്‍ യു. ജി. വേലായുധന്റെ മകനാണ് ഇദ്ദേഹം.

ഒരു മാസത്തെ അവധിക്ക് നാട്ടിൽ എത്തിയ ഗോപകുമാറിന് കഴിഞ്ഞ തിങ്കളാഴ്ച ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഗോപകുമാറിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. ന്യൂറോസര്‍ജറി വിഭാഗം കിണഞ്ഞു ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല. 13ന് രാത്രിയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. പിന്നീട് ആശപത്രി അധികൃതര്‍ അവയവദാനത്തിനു ബന്ധുക്കളെ സമീപിക്കുകയായിരുന്നു. അവര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന കേരള നെറ്റ് വർക്ക്‌ ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങിൽ അറിയിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന സാനിയ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്കാണ് ഗോപകുമാറിന്റെ കരള്‍ മാറ്റി വച്ചത്.

രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയാണ് ഒരു വൃക്ക സ്വീകരിച്ചത്. രണ്ടാമത്തെ വൃക്ക കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിക്കു ദാനം ചെയ്തു. ഹൃദയവും കോര്‍ണിയയും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും ദാനം ചെയ്തു.

ഓർമയുടെ ജാഫ്സ മേഖലാ പ്രവർത്തകനായിരുന്നു ഗോപകുമാര്‍. ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുത്തിരുന്ന വ്യക്തിയായിരുന്നു ഈ യുവാവ്.

തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി

തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണം തുടങ്ങി

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണവും ശ്രീരാമ പൂജയും കഴിഞ്ഞ ദിവസം കവി രാധാകൃഷ്ണൻ കുന്നുംപുറം ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്തു. മാസാചരണവും ശ്രീരാമ പൂജയും ആഗസ്റ്റ് 16 വരെ ഉണ്ടാകും. 24ന് വൈകിട്ട് 6ന് ഡോ.എസ്.ഗോപകുമാറിന്റെയും 31ന് വൈകിട്ട് 6ന് പകൽക്കുറി വിശ്വന്റെയും ആഗസ്റ്റ് 7ന് വൈകിട്ട് 6 ന് തോന്നയ്ക്കൽ മണികണ്ഠന്റെയും 14 ന് വൈകിട്ട് 6 ന് ഡോ.എസ്.രമേശ് കുമാറിന്റെയും ആദ്ധ്യാത്മിക പ്രഭാഷണം ഉണ്ടാകും.

15 ന് മുടപുരം കഥകളി ആസ്വാദക സമിതിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 6 മുതൽ മേജർ സെറ്റ് കഥകളി നടക്കും. 16ന് വൈകിട്ട് 5 മുതൽ ശ്രീരാമ പട്ടാഭിഷേകം, രാത്രി 8 ന് പട്ടാഭിഷേകം തുടർന്ന് ശ്രീരാമപൂജ. എല്ലാ ദിവസവും രാവിലെയും വൈകിട്ടും രാമായണ പാരായണവും തത്വവിചാരവും രാത്രി 7.30 മുതൽ ശ്രീരാമ പൂജയും തുടർന്ന് ഔഷധക്കഞ്ഞി വിതരണവും ഉണ്ടാകും.

ബിഎസ്എൻഎൽ അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ബിഎസ്എൻഎൽ അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

മുടപുരം: ബി.എസ്.എൻ.എൽ തിരുവനന്തപുരം ജില്ലയിൽ മാർക്കറ്റിങ് വിങ്ങിനു കീഴിൽ ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പിനു അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ പാസായവർക്ക് അപേക്ഷിക്കാം. പ്രതിമാസം 7700 രൂപ സ്റ്റൈപ്പന്റ് നൽകും.
താല്പര്യമുള്ളവർ 0471 -2571499 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ജി.മുരളീധരന്‍നായര്‍ അന്തരിച്ചു

ജി.മുരളീധരന്‍നായര്‍ അന്തരിച്ചു

ആറ്റിങ്ങല്‍: പാലസ് റോഡ് ശ്രീനിലയത്തില്‍ (എം.ആര്‍.എ.-106 ബി) അഞ്ചുതെങ്ങിലെ പോസ്റ്റല്‍ അസിസ്റ്റന്‍ഡ് ജി.മുരളീധരന്‍നായര്‍ (63) അന്തരിച്ചു.
ഭാര്യ: ബി.വസന്തകുമാരി
മക്കള്‍: എം.വി.ശ്രീവിഷ്ണു (അബുദാബി), വി.എം.അരുണിമ
മരുമകന്‍: ബി.ആര്‍.സൂരജ് (എച്ച്.ഡി.സി, കഴക്കൂട്ടം)

അടിവസ്ത്രം അഴിപ്പിച്ച സംഭവം; കർശന നടപടി വേണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

അടിവസ്ത്രം അഴിപ്പിച്ച സംഭവം; കർശന നടപടി വേണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ എതിർപ്പ് അറിയിച്ച് സംസ്ഥാനം. ഇതു സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) രംഗത്തെത്തി. പരീക്ഷാ സമയത്തോ പരീക്ഷക്ക് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്ന് പരീക്ഷ സെന്‍റർ നീരീക്ഷകർ എൻടിഎക്ക് റിപ്പോർട്ട് നൽകി. എൻടിഎക്ക് നേരിട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിശദീകരണത്തിലുണ്ട്. ആരോപണം ഉയർന്ന തരത്തിലുള്ള സംഭവങ്ങൾ അനുവദിക്കില്ലെന്നും എൻടിഎ പ്രതികരിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ഇത് പെൺകുട്ടിയുടെ ആരോപണം മാത്രമെന്നാണ് റിപ്പോർട്ടെന്ന് എൻടിഎ ഡി ജി വീനീത് ജോഷി പ്രതികരിച്ചു. എൻടിഎ യുമായി ബന്ധപ്പെട്ട എല്ലാവരിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. ഇത്തരം ഒരു പ്രശ്നം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തിൽ കൂടൂതൽ അന്വേഷണം നടത്തും. പൊലീസ് അന്വേഷണവുമായി എന്‍ടിഎ സഹകരിക്കും. രാജ്യത്ത് ഈ സെന്‍ററിൽ നിന്ന് മാത്രമാണ് ഇത്തരം ഒരു പരാതിയെന്നും എൻടിഎ ഡി ജി പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി പരീക്ഷാ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. കോളേജ് അധികൃതരിൽ നിന്നും മൊഴിയെടുക്കും.

അഗ്നിപഥ്: ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

അഗ്നിപഥ്: ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

പ്രതിരോധ സേനയിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്മെന്‍റ് സ്‌കീമിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ, സൂര്യ കാന്ത് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.പദ്ധതിക്കെതിരെ കോടതിക്ക് മുൻപാകെ എത്തിയ ഹർജികൾ ഒന്നിച്ചാകും പരിഗണിക്കുക. അഭിഭാഷകനായ എം എൽ ശർമ്മ, വിശാൽ തിവാരി എന്നിവരും ഹർജികൾ നൽകിയിട്ടുണ്ട്.

പദ്ധതിയെ കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്നാണ് വിശാൽ തിവാരിയുടെ ഹർജിയിലെ ആവശ്യം. ഹർജികളിൽ തീരുമാനമെടുക്കുന്നതിന് മുൻപ് കേന്ദ്ര സർക്കാരിന്‍റെ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് സർക്കാരും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.ഇന്ത്യന്‍ പ്രതിരോധ സേനയിലേക്ക് 4 വര്‍ഷത്തെക്ക് നിയമനം നല്‍കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നേരത്തെ ഉയര്‍ന്നിരുന്നു.