9.29 കോടി രൂപ ഓപ്പറേഷണല്‍ റവന്യൂ; പ്രതിദിന വരുമാനത്തില്‍ നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി

9.29 കോടി രൂപ ഓപ്പറേഷണല്‍ റവന്യൂ; പ്രതിദിന വരുമാനത്തില്‍ നേട്ടം കൊയ്ത് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: പരിഷ്‌കാരങ്ങളും നവീകരണവും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു എന്നതിന് തെളിവായി വരുമാനക്കണക്കുകള്‍. ഓപ്പറേഷണല്‍ വരുമാനത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ തുകയാണ് നവംബര്‍ 24 ന് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 9.29 കോടി രൂപയാണ് നവംബര്‍ 24 ലെ കോര്‍പറേഷന്റെ വരുമാനം.

കെഎസ്ആര്‍ടിസി ഈ വര്‍ഷം ഉയര്‍ന്ന വരുമാനം സ്വന്തമാക്കുന്ന മൂന്നാമത്തെ ദിവസമാണ് നവംബര്‍ 24. 10.19 കോടി രൂപ നേടിയ 2025 സെപ്തംബര്‍ 8 ആണ് പട്ടികയില്‍ മുന്നിലുള്ളത്. 2025 ഒക്ടോബര്‍ 6 ന് 9.41 കോടി രൂപയും വരുമാനമായി ലഭിച്ചിരുന്നു. ഇതിന് ശേഷമുള്ള ഉയര്‍ന്ന തുകയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച രേഖപ്പെടുത്തിയത് എന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

അസാധ്യമെന്ന് കരുതുന്നതെന്തും കൂട്ടായ പരിശ്രമത്തിലൂടെ നേടാനാകും എന്ന് തുടങ്ങുന്ന കുറിപ്പും ജീവനക്കാരെ അഭിനന്ദിച്ച് കൊണ്ടാണ് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക പേജില്‍ എംഡി പങ്കുവച്ചിട്ടുണ്ട്. വളരെ പ്രതികൂല കാലാവസ്ഥയിലും ഒത്തൊരുമയോടെ മികച്ച രീതിയില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിലവിലെ എല്ലാ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിനായി യൂണിറ്റുകളില്‍ നടക്കുന്ന കൂട്ടായ കഠിനപ്രയത്‌നവും ഈ വലിയ നേട്ടത്തിന് കാരണമായിട്ടുണ്ട്.

പരമാവധി ജീവനക്കാരെ നിയോഗിച്ചും ഓഫ് റോഡ് കുറച്ചും കൃത്യമായ ഷെഡ്യൂള്‍ പ്ലാനിംഗ് നടത്തിയും ഓണ്‍ലൈന്‍ റിസര്‍വേഷന്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ തുടങ്ങി എല്ലാ മേഖലയിലും കാലാനുസൃതമായ, ഗുണകരമായ മാറ്റങ്ങള്‍ വരുത്തിയും ആധുനിക സൗകര്യങ്ങളോടുകൂടിയ ആകര്‍ഷകമായ ബസ്സുകള്‍ ഉപയോഗിച്ച് സര്‍വിസുകള്‍ ആരംഭിച്ചും കെഎസ്ആര്‍ടിസി മുന്നേറുകയാണ്. ഇത്തരത്തില്‍ മികച്ച രീതിയിലുള്ള ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ സമീപഭാവിയില്‍ത്തന്നെ കെഎസ്ആര്‍ടിസിക്ക് സ്വയംപര്യാപ്ത സ്ഥാപനമായി മാറാനാകും എന്ന് പ്രതീക്ഷിക്കുന്നു.

ആയതിലേയ്ക്കുവേണ്ടി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന എല്ലാ പ്രിയപ്പെട്ട ജീവനക്കാരെയും സൂപ്പര്‍വൈസര്‍മാരെയും ഓഫീസര്‍മാരെയും ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു എന്നും മാനേജ്‌മെന്റ് അറിയിച്ചു.

സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

2025-ലെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, വെറ്റിനറി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചെയ്ഞ്ച് & എൻവയോൺമെന്റൽ സയൻസ്, കൂടാതെ കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cee.kerala.gov.in വഴി വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് പരിശോധിക്കാം.

താത്ക്കാലിക അലോട്ട്മെന്റിൽ എന്തെങ്കിലും പിശകുകളോ ക്രമക്കേടുകളോ ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് പരാതികൾ സമർപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പരാതികൾ നവംബർ 27 ന് ഉച്ചയ്ക്ക് 12.30 വരെ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. നിർദ്ദിഷ്ട സമയത്തിനു ശേഷമുള്ള പരാതികൾ പരിഗണിക്കില്ലെന്ന് കമ്മീഷണർ അറിയിച്ചു.

അഡ്മിഷൻ നടപടികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ, രേഖകൾ, നിർദ്ദേശങ്ങൾ എന്നിവയും കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് സഹായം ആവശ്യമായാൽ ഹെൽപ് ലൈൻ നമ്പർ 0471-2525300 വഴി ബന്ധപെടുക.

‘എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു; ചിരഞ്ജീവി സാർ മോശമാണെന്നല്ല ഞാൻ പറഞ്ഞത്’

‘എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു; ചിരഞ്ജീവി സാർ മോശമാണെന്നല്ല ഞാൻ പറഞ്ഞത്’

ഏറ്റവും മികച്ച ഡാൻസർ വിജയ് ആണോ ചിരഞ്ജീവി ആണോ എന്ന ചോദ്യത്തിന് വിജയ് എന്ന് നടി കീർത്തി സുരേഷ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ചിരഞ്ജീവി ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് കീർത്തി. താൻ ആരെയും മോശമാക്കി കാണിക്കാൻ അല്ല അങ്ങനെ പറഞ്ഞതെന്നും ചിരഞ്ജീവി സാറിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും കീർത്തി സുരേഷ് പറഞ്ഞു.

തന്റെ ഏറ്റവും പുതിയ സിനിമയായ റിവോൾവർ റീത്തയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം. “ഞാൻ എത്ര വലിയ വിജയ് ഫാൻ ആണെന്ന് ചിരഞ്ജീവി സാറിന് അറിയാം. ചിരഞ്ജീവി സാറിനെ എനിക്ക് വലിയ ഇഷ്ടമാണ് മാത്രമല്ല അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ എനിക്ക് അതിയായ താല്പര്യമുണ്ട്.

അദ്ദേഹത്തോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി സാർ മോശമാണ് എന്ന തരത്തിൽ അല്ല ഞാൻ അത് പറഞ്ഞത്. എന്റെ വാക്കുകൾ ചിരഞ്ജീവി ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ചിരഞ്ജീവി സാർ എന്നോട് ഒരിക്കൽ ആരുടെ ഡാൻസ് ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴും ഞാൻ വിജയ് എന്നാണ് പറഞ്ഞത്.

അത് അദ്ദേഹം വരെ ലൈറ്റ് ആയിട്ടാണ് എടുത്തത്. ചിരഞ്ജീവി സാർ എത്രത്തോളം വലിയ നടൻ ആണെന്ന് നമുക്കറിയാം. ആരും ആരെക്കാളും ചെറിയവരല്ല. ഞാൻ ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞത്’, കീർത്തി സുരേഷ് പറഞ്ഞു. 2024 ൽ നടന്ന ഒരു അഭിമുഖത്തിലായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡാൻസ് വിജയ്‌യുടെ ആണെന്ന് കീർത്തി പറഞ്ഞത്.അതേസമയം, റിവോൾവർ റീത്തയാണ് ഇനി പുറത്തിറങ്ങാനുള്ള കീർത്തിയുടെ ചിത്രം. രാധിക, സുനിൽ, ജോൺ വിജയ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ. ജെ കെ ചന്ദ്രുവാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിർമാണം സുധൻ സുന്ദരം, ജഗദീഷ് പളനിസാമി. ഛായാഗ്രഹണം ദിനേശ് കൃഷ്ണൻ, എഡിറ്റിങ് പ്രവീൺ.

എൻ. രാഘവൻ പിള്ള (81) നിര്യാതനായി

എൻ. രാഘവൻ പിള്ള (81) നിര്യാതനായി

മേലാറ്റിങ്ങൽ ദീപാ വിലാസത്തിൽ എൻ. രാഘവൻ പിള്ള (81) അന്തരിച്ചു.
വിമുക്ത ഭടനായിരുന്നു.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി പൂവൻപാറ വാർഡ് മുൻ കൗൺസിലർ ദീപ രാജേഷ് മകളും, ബി ജെ പി തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് മാധവൻ മരുമകനുമാണ്.
ദീപ്തി സനൽ, ദിവ്യ സാബു എന്നിവർ മറ്റു മക്കളാണ്.

പരേതൻ്റെ സംസ്കാരച്ചടങ്ങുകൾ നാളെ (28.11.2025 വെള്ളി) രാവിലെ9.00 ന് സ്വവസതിയിൽ.

ലേബര്‍ കോഡ്: തൊഴില്‍ മന്ത്രി വിളിച്ച ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം ഇന്ന്

ലേബര്‍ കോഡ്: തൊഴില്‍ മന്ത്രി വിളിച്ച ട്രേഡ് യൂണിയന്‍ നേതാക്കളുടെ യോഗം ഇന്ന്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു അടക്കമുള്ള യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും.

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ലേബര്‍ കോഡ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കോഡില്‍ ഇളവ് തേടുന്ന കാര്യം നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുന്നതിലും യോഗം തീരുമാനമെടുത്തേക്കും. ഇടതുമുന്നണിയും ട്രേഡ് യൂണിയനുകളും അറിയാതെ ലേബര്‍ കോഡിന്റെ കരട് ചട്ടം സര്‍ക്കാര്‍ തയ്യാറാക്കിയെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം.

ചര്‍ച്ച ചെയ്യാതെ തൊഴില്‍ കോഡില്‍ കരട് ചട്ടങ്ങളുടെ വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയതിനെതില്‍ ശക്തമായ പ്രതിഷേധം ഇടതു യൂണിയനുകള്‍ അറിയിക്കും. എന്നാല്‍ കരട് തയ്യാറാക്കിയ സമയത്ത് ട്രേഡ് യൂണിയനുകളെ വിവരം അറിയിച്ചിട്ടുണ്ടായിരുന്നു എന്നാണ് മന്ത്രി ശിവന്‍കുട്ടി പറയുന്നത്. ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കേന്ദ്രത്തിന്റെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് മന്ത്രി വിശദീകരിച്ചത്.

ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവും; നാലുദിവസം കൂടി മഴ, ഇടിമിന്നലിന് സാധ്യത, ജാഗ്രത

ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവും; നാലുദിവസം കൂടി മഴ, ഇടിമിന്നലിന് സാധ്യത, ജാഗ്രത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ശ്രീലങ്കക്കും ഭൂമധ്യരേഖക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു .വരും മണിക്കൂറുകളില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തീവ്ര ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്‌നാട്,പുതുച്ചേരി തീരത്തേക്ക് നീങ്ങാനും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട സെന്യാര്‍ വടക്കുകിഴക്കന്‍ ഇന്‍ഡോനേഷ്യയുടെ തീരപ്രദേശത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന്റെ ശക്തി വരുംമണിക്കൂറുകളില്‍ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് സഞ്ചരിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.