ഇ ബസ് നഗരത്തിനുള്ളില്‍ മതിയെന്ന് മേയര്‍, പറ്റില്ലെന്ന് കെഎസ്ആര്‍ടിസി

ഇ ബസ് നഗരത്തിനുള്ളില്‍ മതിയെന്ന് മേയര്‍, പറ്റില്ലെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഇലക്ട്രിക് ബസുകളെച്ചൊല്ലി തിരുവനന്തപുരം കോര്‍പ്പറേഷനും കെഎസ്ആര്‍ടിസിയും തമ്മില്‍ പോരു മുറുകുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ കെഎസ്ആര്‍ടിസിക്കു നല്‍കിയ ഇലക്ട്രിക് ബസുകള്‍ നഗരത്തിനുള്ളില്‍ തന്നെ ഓടിയാല്‍ മതിയെന്നാണ് മേയര്‍ വി വി രാജേഷ് നിര്‍ദേശം നല്‍കിയത്. കോര്‍പ്പറേഷന് കൃത്യമായ ലാഭവിഹിതം ലഭിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്തേണ്ട ബസുകള്‍ നഗരത്തിനു പുറത്ത് സര്‍വീസ് നടത്തുകയാണ്. കോര്‍പ്പറേഷനുമായുള്ള ധാരണയ്ക്ക് വിരുദ്ധമായി കെഎസ്ആര്‍ടിസി നടത്തുന്ന ഏകപക്ഷീയമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ല. നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും മേയര്‍ രാജേഷ് ആവശ്യപ്പെട്ടു.

നഗരത്തിലെ ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താനും ഹരിതനഗരം എന്ന ആശയം നടപ്പിലാക്കാനും വേണ്ടിയാണ് സിറ്റി സർക്കുലർ ഇ-ബസ് സംവിധാനം കൊണ്ടുവന്നത്. കേന്ദ്രസർക്കാറിന്റെ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കോർപ്പറേഷന്റെ സഹായത്തോടെ വാങ്ങിയ ഇ-ബസുകളാണ് കെഎസ്ആർടിസി ഇഷ്ടാനുസരണം പുറത്തേക്ക് നീട്ടിയത്. കരാർ മാറ്റാൻ ഒന്നോ രണ്ടോ വ്യക്തികൾക്ക് അധികാരമില്ല.

ഇ- ബസുകൾ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷന് നൽകിയതാണ്. കോർപ്പറേഷന് കിട്ടിയത് കോർപ്പറേഷനിലുളളവർക്ക് ഉപകാരപ്പെടണം. കെഎസ്ആർടിസിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും മേയർ വിവി രാജേഷ് പറഞ്ഞു.113 ഇലക്‌ട്രിക് ബസുകളാണ് സിറ്റി സർക്കുലറിൽ ഉണ്ടായിരുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാതിരുന്ന സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തി ഓഫീസുകൾ, ആശുപത്രികൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയവയെ ബന്ധിപ്പിച്ചായിരുന്നു സിറ്റി സർക്കുലർ ബസുകൾ ആരംഭിച്ചത്.

എന്നാല്‍ തലസ്ഥാനത്തേക്കുള്ള യാത്രക്കാരെ കൊണ്ടുവരാനാണ് പുറത്തേക്ക് സര്‍വീസ് നീട്ടിയതെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. മേയറുടെ നിര്‍ദേശപ്രകാരം സര്‍വീസ് നടത്താനാകില്ല. കോര്‍പ്പറേഷന്‍ പറയുന്ന പോലെ നഗരസഭ പരിധിക്കുള്ളില്‍ സര്‍വീസ് അവസാനിപ്പിച്ചാല്‍, കോര്‍പ്പറേഷന്‍ പരിധിയുടെ അതിര്‍ത്തി വരുന്നയിടത്ത് ബസ് ചാര്‍ജ് ചെയ്യാനുള്ള സൗകര്യമില്ല എന്നും കെഎസ്ആര്‍ടിസി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നഷ്ടത്തില്‍ ഓടിക്കാനാകില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നുണ്ട്.

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു

സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് സെന്റർ ആറ്റിങ്ങൽ ശ്രീനിവാസൻ അനുസ്മരണം സഘടിപ്പിച്ചു രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.കൗൺസിലർമാരായ രാജേഷ് മാധവൻ പി എസ് കിരൺ ആശ പ്രിയങ്ക രാജ് ഡോക്ടർ രാധാകൃഷ്ണൻ നായർ ഉണ്ണി ആറ്റിങ്ങൽ കരവാരം രാമചന്ദ്രൻ സിജെ രാജേഷ് കുമാർ അഡ്വക്കറ്റ് മുഗസീൻ സുജിത്ത് ഭവാനന്ദൻ അനന്ത ഗോപൻ ഗോപകുമാർ പി ആർ ജയചന്ദ്രൻ മനോജ് മാനസ് ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.പ്രസിഡന്റ് ശശിധരൻ നായർ അധ്യക്ഷത വഹിച്ചു സെക്രട്ടറി സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി.

ആറ്റിങ്ങൽ മങ്കാട്ടുമൂല റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ആറ്റിങ്ങൽ മങ്കാട്ടുമൂല റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ആറ്റിങ്ങൽ മങ്കാട്ടുമൂല റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം വാർഡ് കൗൺസിലർ കെ തുളസീധരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി നാരായണപിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് സതീഷ് കുമാർ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്ക്ശേഷം റിപ്പോർട്ടും വരവ്ചെലവ് കണക്കും അംഗീകരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ തുളസീധരൻ നായർ, സെക്രട്ടറി ജി.എസ് മണികണ്ഠൻ, ട്രഷറർ അജിതാ സുരേഷ് ബാബു എന്നിവരെ തെരഞ്ഞെടുത്തു.

ശിവധ്യാനത്തിൽ ഗുരു: ശ്രീനാരായണ ഗുരുവിൻ്റെ അപൂർവ്വ ചിത്രവുമായി സുരേഷ് കൊളാഷ്

ശിവധ്യാനത്തിൽ ഗുരു: ശ്രീനാരായണ ഗുരുവിൻ്റെ അപൂർവ്വ ചിത്രവുമായി സുരേഷ് കൊളാഷ്

ആറ്റിങ്ങൽ: ശിവലിംഗം മടിയിൽ വച്ച് ധ്യാനനിരതനായിരിക്കുന്ന ശ്രീനാരായണ ഗുരു. ഗുരുവിനെക്കുറിച്ചുള്ള സാധാരണ സങ്കല്പങ്ങൾക്കപ്പുറമാണത്. ആറ്റിങ്ങൽ സ്വദേശിയായ സുരേഷ് കൊളാഷാണ് ഗുരുവിനെക്കുറിച്ചുള്ള ഈ അപൂർവ്വ സങ്കല്പം വർണങ്ങളിൽ ആവാഹിച്ചിരിക്കുന്നത്.

ഗുരുവിൻ്റെ പ്രസിദ്ധ കൃതിയായ ശിവശതകത്തെ ആധാരമാക്കിയാണ് ചിത്രരചന നടത്തിയിട്ടുള്ളത്. ഭൗതീകതയും ആധ്യാത്മികതയും തമ്മിൽ ഗുരു മനസ്സിലുണ്ടായ ഏറ്റുമുട്ടൽ വായിച്ചെടുക്കാൻ കഴിയുന്ന കൃതിയാണ് ശിവശതകം. ഏതൊരാളെയും പൂർണമായ വിശുദ്ധിയിലേക്ക് നയിക്കാൻ ഈ കൃതിയുടെ പഠനം സഹായിക്കും. ശിവശതകത്തിൻ്റെ പശ്ചാത്തലത്തിൽ ഗുരുവിൻ്റെ ശിവധ്യാനം എങ്ങനെ ആയിരിക്കുമെന്ന അന്വേഷണമാണ് ഈ ചിത്രം. നദിയിൽ നിന്ന് മുങ്ങിയെടുത്ത ശിലയെ മടിയിൽ വച്ച് ഏറെ നേരം ധ്യാനനിരതനായി ഇരുന്നതിന് ശേഷമാണ് ഗുരു അരുവിപ്പുറത്തെ പ്രതിഷ്ഠ നിർവ്വഹിച്ചതെന്നാണ് ചരിത്രം. കേരളത്തിൻ്റെ നവോത്ഥാനചരിത്രത്തിലെ നാഴികക്കല്ലായ അരുവിപ്പുറം പ്രതിഷ്ഠയും ഈ ചിത്രത്തിൽ ഇഴചേരുന്നുണ്ട്.

അർദ്ധ നഗ്നനായി വെള്ളമുണ്ടുടുത്ത് കൈ വെള്ളയിൽ ശിവലിംഗവും വച്ച് ശാന്തസ്വരൂപനായിരിക്കുന്ന ഗുരുവാണ് ചിത്രത്തിൽ. പിന്നിൽ മഞ്ഞു മൂടിയ മലനിര ഹിമവാനെ അനുസ്മരിപ്പിക്കും. ഹിമവാനെക്കാൾ തലപ്പൊക്കമുണ്ട് ചിത്രത്തിലെ ഗുരുവിന്. ഹിമാലയത്തിൻ്റെ ഏറ്റവും വലിയ പ്രാധാന്യം കൈലാസവാസിയായ പരമേശ്വരനാണ്. ആ ശിവനെ ഉള്ളംകൈയിലെടുത്ത് മടിയിൽ വച്ചിരിക്കുന്ന ഗുരുവിന് ഹിമവാനേക്കാൾ തലപ്പൊക്കം നല്കിയിരിക്കുന്നത് ആസ്വാദകരെയും ഗുരുഭക്തരെയും ഒരുപോലെ ആനന്ദിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. വ്യാഖ്യാനങ്ങൾക്കപ്പുറമായ ഗുരുമനസ്സിൻ്റെ വിശാലതയും ശാന്തതയും ചിത്രത്തിലെ നീലാകാശം പകർത്തിവച്ചിട്ടുണ്ട്.

ഇങ്ങനെ ഗുരുവിൻ്റെ ചരിത്ര പ്രാധാന്യവും ആധ്യാത്മിക ഔന്നിത്യവും വിളിച്ചോതുന്ന ചിത്രം ചിത്രകാരനായ സുരേഷ് കൊളാഷ് തിങ്കളാഴ്ച ശിവഗിരി മഠത്തിന് സമർപ്പിച്ചു. 1721- ലെ ആറ്റിങ്ങൽ കലാപത്തിൻ്റെ ചിത്രമുൾപ്പെടെ നിരവധി ചിത്രങ്ങൾ രചിച്ചിട്ടുള്ളയാളാണ് ആറ്റിങ്ങൽ കൊളാഷ്. ചിത്രകലാ അക്കാദമിയുടെ ഡയറക്ടർ കൂടിയാണ് സുരേഷ് കൊളാഷ്.

ശിവഗിരി തീർത്ഥാടനം: ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണം അഡ്വ.അടൂർ പ്രകാശ് എം പി

ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വർക്കല റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് പ്രത്യേക സ്റ്റോപ്പുകൾ അനുവദിക്കണമെന്നും തീർത്ഥാടനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേ മന്ത്രിക്കും റെയിൽവേ മന്ത്രാലയത്തിനും അഡ്വ. അടൂർ പ്രകാശ് എം. പി കത്ത് നൽകി. പതിനായിരകണക്കിന് തീർത്ഥാടകർ വന്നുപോകുന്ന ഡിസംബർ 30, 31 ജനുവരി 1 തീയതികളിൽ നിലവിൽ സ്റ്റോപ്പുകൾ ഇല്ലാത്ത എല്ലാ ട്രെയിനുകൾക്കും പുതിയ സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ഈ തീർത്ഥാടന സമയത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എം. പി റെയിൽവേ മന്ത്രാലയത്തിന് കത്ത് നൽകിയത്.

ആഹാരം വച്ചു വിളമ്പിയ അരുണയ്ക്കും ശ്രീനിവാസന്‍ വീടു നല്‍കി; ചുറ്റുമുള്ളവരെ ചേര്‍ത്തുപിടിച്ച പ്രതിഭ; വൈറലായി കുറിപ്പ്

ആഹാരം വച്ചു വിളമ്പിയ അരുണയ്ക്കും ശ്രീനിവാസന്‍ വീടു നല്‍കി; ചുറ്റുമുള്ളവരെ ചേര്‍ത്തുപിടിച്ച പ്രതിഭ; വൈറലായി കുറിപ്പ്

ശ്രീനിവാസന്റെ വിയോഗത്തിന് ഒരാഴ്ചയ്ക്കിപ്പുറവും അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് മതിയാകുന്നില്ല മലയാളികള്‍ക്ക്. ശ്രീനിവാസന്‍ സിനിമകളും തമാശകളുമൊക്കെ ചര്‍ച്ചയാകുമ്പോള്‍ സിനിമയ്ക്ക് പുറത്തുള്ള ശ്രീനിവാസന്റെ ജീവിതവും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് അദ്ദേഹത്തിന്റെ വീട്ടില്‍ സഹായത്തിന് നിന്നിരുന്ന സ്ത്രീയ്ക്ക് വീടു വച്ചു നല്‍കിയ സംഭവം.

തന്റെ സഹായിക്ക് ശ്രീനിവാസന്‍ വീടു വച്ചു നല്‍കിയതിനെക്കുറിച്ച് ചന്ദ്രലേഖ രഞ്ജിത് എന്ന് ബ്ലോഗര്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. വീട്ടിലെ കുക്ക് ആയിരുന്ന അരുണയ്ക്കാണ് ശ്രീനിവാസന്‍ വീടു വച്ചു നല്‍കിയത്. അരുണയെ സഹായിയായിട്ടല്ല, വീട്ടിലെ ഒരംഗമായി തന്നെയാണ് ശ്രീനിവാസനും കുടുംബവും കണ്ടിരുന്നതെന്ന് ചന്ദ്രലേഖ കുറിപ്പില്‍ പറയുന്നു.

ആ വാക്കുകളിലേക്ക്:”ഇത് അരുണേച്ചി. തൊക്കിലങ്ങാടിയില്‍ ആണ് താമസം. തൊക്കിലങ്ങാടി ശ്രീനാരായണ ഹോട്ടലിലെ ജീവനക്കാരിയുമാണ്. ഈ പോസ്റ്റ് അരുണേച്ചിക്ക് വേണ്ടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിതത്തിലെ ദുര്‍ഘടവഴികളിലൂടെ ജീവിക്കാനായ് നെട്ടോട്ടമോടിയ അരുണേച്ചി ശ്രീനിവാസന്‍ എന്ന അതുല്യ കലാകാരന്റെ വീട്ടിലെത്തുകയും അവര്‍ക്ക് രുചികരമായ ആഹാരം വച്ച് വിളമ്പി മക്കളെയും നോക്കി കഴിഞ്ഞ ആ കാലഘടത്തില്‍ വെറുമൊരു അടുക്കളക്കാരിയെ പോലെ കാണാതെ സ്വന്തം വീട്ടിലെ ഒരംഗത്തെപോലെ ആയിരുന്നു അരുണേച്ചി അവിടെ.

അരുണേച്ചിക്ക് അദ്ദേഹം ഒരു വീട് സ്വന്തമായി വച്ച് കൊടുത്തിരുന്നു പൂക്കോട്. അങ്ങനെ അദ്ദേഹത്തിന്റെ സഹായത്തോടെ ആണ് അരുണേച്ചി ജീവിതം മുന്നോട്ട് നയിച്ചതും ഇന്നും സന്തോഷത്തോടെ ജീവിച്ചിരിക്കുന്നതും. തന്റെ ചുറ്റുമുള്ളവര്‍ ആരുമായ്‌ക്കോട്ടെ അവരെയൊക്കെ ചേര്‍ത്ത് പിടിക്കാന്‍ കാണിച്ച ആ പ്രതിഭയ്ക്ക് ശതകോടി പ്രണാമം” എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ശ്രീനിവാസന്റെ ഡ്രൈവറായിരുന്ന ഷിനോജിന്റെ കുറിപ്പും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. 17 വര്‍ഷം ശ്രീനിവാസന്റെ സാരഥിയായിരുന്നു ഷിനോജ്. താന്‍ ചോദിക്കുക പോലും ചെയ്യാതെയാണ്, ധ്യാനിനോടും വിനീതിനോടും പറഞ്ഞ് ശ്രീനിയേട്ടന്‍ തനിക്കായി വീടൊരുക്കിയതെന്നാണ് ഷിനോജ് പറഞ്ഞത്. എവിടെ ആണെന്ന് അറിയില്ലെങ്കിലും, അവിടെ ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മറക്കരുതേ എന്നു പറഞ്ഞാണ് ഷിനോജ് കുറിപ്പ് അവസാനിപ്പിച്ചത്.