by Midhun HP News | Dec 29, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വെഞ്ഞാറമൂട്ടിൽ ടൂറിസ്റ്റ് വാൻ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം. ഏഴുപേർക്ക് പരുക്കേറ്റു. എംസി റോഡിൽ ആലുന്തറ ജംഗ്ഷനിൽ ഇന്നലെ രാത്രി 11.30 നാണ് അപകടം നടന്നത്. നാഗർകോവിലിലെ തക്കല നിന്നും ഗുരുവായൂരിലേയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് വാനും എതിർ ദിശയിൽ നിന്ന് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട വാൻ റോഡിലേക്ക് മറിയുകയുമായിരുന്നു.
ബൈക്കിൽ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് സ്വദേശി നന്ദു (26)വിന് ഗുരുതര പരുക്കേറ്റു. വാനിൽ ഡ്രൈവർ ഉൾപ്പെടെ 11 പേരാണ് സഞ്ചരിച്ചിരുന്നത്. ഇതിൽ സ്ത്രീകളും കുട്ടിയുമടക്കം 6 പേർക്ക് പരുക്കേറ്റു. തക്കല സ്വദേശികളായ സൗമ്യ (24), ഗിരിജ (48), മഹാദേവൻ (50), വിജയ(47), ഋതിഷ് (16) ഷൈനി (27) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ സൗമ്യ, ഗിരിജ എന്നിവർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



by Midhun HP News | Dec 29, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സർക്കാർ കോൺട്രാക്ടർമാർക്കു വേണ്ടി അടിയന്തിര പ്രാധാന്യത്തോടെ ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നും കരാർ ബില്ലുകൾ മാറി കിട്ടുന്നതിലെ കാലതാമസം അവസാനിപ്പിക്കണമെന്നും ആൾ കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡൻ്റ് എ.നഹാസിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡൻ്റ് എ.മനാഫ്, മുൻ ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ആർ.സോമശേഖരൻ നായർ, ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുൽ ജലീൽ, വർക്കല താലൂക്ക് പ്രസിഡൻ്റ് എ.നാദിർഷ, സി.മുരളീധരൻനായർ തുടങ്ങിയവർ സംസാരിച്ചു മുൻ ജില്ലാ കമ്മിറ്റി ഓഡിറ്റർ എം.ആർ.ഷാനവാസ് സ്വാഗതവും ആർ.എസ്.വിനോദ് മണി കൃതജ്ഞതയും പറഞ്ഞു.
താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി എ.നഹാസ് (പ്രസിഡൻ്റ്), ആർ.എസ്.വിനോദ് മണി (ജനറൽ സെക്രട്ടറി), വി.തുളസീധരൻ നായർ (ട്രഷറർ), എൻ.ശശിധരൻ നായർ, കെ.മണിക്കുട്ടൻ, തുളസീധരൻ. കെ (വൈസ് പ്രസിഡൻ്റ്) എസ്.ഇൻസാർ, രാജ്കുമാർ. എസ്, എ.താജുദ്ദീൻ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ യോഗം തെരഞ്ഞെടുത്തു.



by Midhun HP News | Dec 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട ആര്‍ ശ്രീലേഖ നടത്തിയ ഇടപെടലില്‍ വിവാദം തുടരുന്നതിനിടെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ ശബരിനാഥന്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന എംഎല്‍എ ഹോസ്റ്റലില്‍ തന്നെ രണ്ട് ഓഫീസ് മുറികള്‍ വി കെ പ്രശാന്തിനുണ്ട്. വലിയ സൗകര്യങ്ങളുള്ള ഹോസ്റ്റല്‍ മുറികള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത് എന്നാണ് ശബരിനാഥന്‍ ഉന്നയിക്കുന്ന ചോദ്യം.
എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31, 32 നമ്പറില്‍ രണ്ട് ഓഫീസ് മുറികള്‍ വികെ പ്രശാന്തിന്റെ പേരില്‍ ഉണ്ട്. നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എംഎല്‍എ ഹോസ്റ്റല്‍ എന്നും ശബരി പോസ്റ്റില്‍ പറയുന്നു.
ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം പ്രശാന്ത് ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത്. അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം എന്നും ശബരിനാഥൻ പറയുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കരാറുകള്‍ സമഗ്രമായി പരിശോധിക്കുന്നതിലേക്ക് വി കെ പ്രശാന്തിന് എംഎല്‍എ ഓഫീസ് അനുവദിച്ച വിഷയം എത്തിനില്‍ക്കെയാണ് ശബരിനാഥിന്റെ ഇടപെടല്‍.
പോസ്റ്റ് പുര്‍ണരൂപം-
ശാസ്തമംഗലം വാര്‍ഡിലെ നഗരസഭ ഓഫീസില്‍ MLA യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാര്‍ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങള്‍ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നില്‍ക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.
കേരളത്തിലെ ഭൂരിഭാഗം MLA മാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോള്‍ ആര്യനാട് ഒരു വാടകമുറിയില്‍ മാസവാടക കൊടുത്തു പ്രവര്‍ത്തിച്ചത്.
പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ ങഘഅ ഹോസ്റ്റല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള MLA ഹോസ്റ്റല്‍. ഞാന്‍ അന്വേഷിച്ചപ്പോള്‍ MLA ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31,32 നമ്പറില്‍ ഒന്നാന്തരം രണ്ട് ഓഫീസ് മുറികള്‍ അങ്ങയുടെ പേരില്‍ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള MLA ഹോസ്റ്റല്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്?
ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം MLA ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.



by Midhun HP News | Dec 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ 5 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. മുന്നണിയിലെ തർക്കങ്ങളും ക്വാറം തികയാത്തതിനേയും തുടർന്നു മാറ്റിവച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആലപ്പുഴയിൽ നെടുമുടി, വീയപുരം, കാസർകോട് പുല്ലൂർ- പെരിയ, എറണാകുളം വെങ്ങോല, മലപ്പുറം തിരുവാലി പഞ്ചായത്തുകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക.
പലയിടത്തും മുന്നണികളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ചതിനാൽ ഇന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ വീയപുരത്ത് പട്ടിക ജാതി വനിത അംഗമില്ലാത്തതിനാൽ ഭൂരിപക്ഷമുണ്ടെങ്കിലും യുഡിഎഫിന് പ്രസിഡന്‍റ് സ്ഥാനം ലഭിക്കില്ല. മുന്നണികളിലെ തർക്കത്തെ തുടർന്നും ക്വാറം തികയാത്തതിനെ തുടർന്നും മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. ഇന്നത്തെ തെരഞ്ഞെടുപ്പിലും യുഡിഎഫ് അംഗങ്ങൾ പങ്കെടുക്കില്ല. പങ്കെടുക്കുന്ന അംഗങ്ങളിൽ നിന്ന് വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷമുള്ളയാളെ പ്രസിഡന്‍റാക്കും. ഇതോടെ അഞ്ച് അംഗങ്ങളുള്ള എൽഡിഎഫിനാകും പ്രസിഡന്‍റ് സ്ഥാനം.
നെടുമുടി പഞ്ചായത്തിൽ പാർട്ടി തീരുമാനിച്ച പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ സിപിഎം അംഗങ്ങൾ എതിർക്കുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പിന്നാലെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിച്ച് പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
കാസർകോട് പുല്ലൂർ- പെരിയ പഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനത്തെ ചൊലിയുള്ള തർക്കത്തെ തുടർന്ന് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പിന്നാലെ പ്രശ്നം പരിഹരിച്ചു. യുഡിഎഫിനും എൽഡിഎഫിനും ഒൻപത് അംഗങ്ങൾ വീതവും എൻഡിഎയ്ക്ക് ഒരു അംഗവുമാണുള്ളത്.
24 സീറ്റുകളുള്ള എറണാകുളം വെങ്ങോല പഞ്ചായത്തിൽ എല്‍ഡിഎഫും ട്വന്‍റി ട്വന്‍റിയും വിട്ടു നിന്നിരുന്നു. യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് എട്ടും ട്വന്‍റി ട്വന്‍റിക്ക് ആറ് സീറ്റും എസ്ഡിപിഐക്ക് ഒരു സീറ്റുമാണുള്ളത്. മലപ്പുറം തിരുവാലി പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങളാണ് വിട്ടു നിന്നത്. 19 അംഗ ഭരണ സമിതിയിൽ യുഡിഎഫിന് 11 ഉം എൽഡിഎഫിന് 7ഉം അംഗങ്ങളാണുള്ളത്. നാലംഗങ്ങളുള്ള മുസ്ലീം ലീഗ് രണ്ടര വർഷം പ്രസിഡന്‍റ് സ്ഥാനം ആവശ്യപെട്ടതാണ് തർക്കത്തിനു കാരണം. പിന്നീട് സമവായമായി.



by Midhun HP News | Dec 28, 2025 | Latest News, ജില്ലാ വാർത്ത
വക്കം ആങ്ങാവിളയിൽ ഇന്ന് ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വക്കം കായിക്കര കടവിൽ അബി എന്നറിയപ്പെടുന്ന അഫിൻ, വക്കം ചാമ്പാവിള സ്വദേശി റപ്പായി എന്നറിയപ്പെടുന്ന ശ്രീനാഥ് എന്നിവരാണ് മരണപ്പെട്ടത്.
ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. നിലയ്ക്കാമുക്ക് ഭാഗത്തുനിന്ന് മൂവർ സംഘം സഞ്ചരിച്ചിരുന്ന ബുള്ളറ്റും എതിര്‍ ദിശയിൽ അബി സഞ്ചരിച്ചെത്തിയ ബൈക്കുമാണ് ആങ്ങാവിള ഭാഗത്ത് കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റ നാല് പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും, രണ്ട് പേർ ചികിത്സയ്ക്കിടയിൽ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
by Midhun HP News | Dec 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണമെന്ന ബിജെപി കൗൺസിലർ ആർ ശ്രീലേഖയുടെ ആവശ്യത്തിൽ പ്രതികരണവുമായി വി കെ പ്രശാന്ത് എംഎൽഎ. വാടക കാലാവധി കഴിയുന്നതുവരെ ഓഫീസിൽ തുടരും. സഹോദര തുല്യൻ എന്ന നിലയിൽ പറഞ്ഞതിൽ സന്തോഷമുണ്ട്. മാർച്ച് മാസം വരെ വാടക കാലാവധിയുണ്ട്. അതുകൊണ്ടാണ് സാധ്യമല്ലെന്ന് പറഞ്ഞത്. അതല്ലാതെ, അഭ്യർത്ഥന ആയാലും യാചന ആയാലും ഇക്കാര്യം ആവശ്യപ്പെട്ട ഉടൻ തന്നെ സാധനങ്ങളുമെടുത്ത് പോകാൻ പറ്റുമോയെന്നും വി കെ പ്രശാന്ത് ചോദിച്ചു.
കെട്ടിടത്തിൽ ഇതുവരെ കൗൺസിലർ ഓഫീസും, എംഎൽഎ ഓഫീസും പ്രവർത്തിച്ചിട്ട് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. മുമ്പ് എൽഡിഎഫിന്റെ കൗൺസിലർ ബിന്ദുവും, ബിജെപിയുടെ കൗൺസിലർ മധുസൂദനൻ നായരും ഈ ഓഫീസുകളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ 10 വർഷമായി ഇല്ലാതിരുന്ന പ്രശ്നം ഇപ്പോൾ എങ്ങനെയാണ് ഉണ്ടായത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രധാന കേന്ദ്രം എന്ന നിലയ്ക്കാണ് ശാസ്തമംഗലത്ത് ഓഫീസ് തുടങ്ങിയതെന്ന് വി കെ പ്രശാന്ത് പറഞ്ഞു.
കോർപ്പറേഷന്റെ നോട്ടീസ് കിട്ടിയാലും ഓഫീസ് ഒഴിയാൻ തീരുമാനിച്ചിട്ടില്ല. അതിനുശേഷം കൗൺസിൽ യോഗം ചേർന്ന് തീരുമാനമെടുത്താൽ അപ്പോൾ ഉചിതമായ നിലപാട് സ്വീകരിക്കും. എംഎൽഎയ്ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഓഫീസ് പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ കൗൺസിലർക്ക്, ഒരു എംഎൽഎയുടെ അത്ര ജനങ്ങളെ കാണേണ്ടി വരുമോ?. അത്ര വലിയ ഓഫീസ് ആവശ്യമുണ്ടോ?. അഭ്യർത്ഥന ആയാലും യാചന ആയാലും ഓഫീസ് ഒഴിയാൻ ഫോണിലൂടെ പറഞ്ഞാൽ ഉടൻ പെട്ടിയും പ്രമാണവും എടുത്ത് പോകാൻ സാധിക്കുമോ?. ശ്രീലേഖയുമായി വ്യക്തിപരമായ ഒരു പ്രശ്നവും ഇല്ലെന്നും വി കെ പ്രശാന്ത് പറഞ്ഞു.
ഓഫീസ് ഒഴിയാനുള്ള ആവശ്യം വിവാദമായതിനു പിന്നാലെ ആർ ശ്രീലേഖ, എംഎൽഎ ഓഫീസിലെത്തി വി കെ പ്രശാന്തിനെ കണ്ടിരുന്നു. പ്രശാന്ത് അനിയനെപ്പോലെയാണെന്നും, തന്റെ കൗൺസിലർ ഓഫീസിന് സ്ഥലപരിമിതി ഉള്ളതിനാൽ എംഎൽഎ ഓഫീസ് ഒഴിഞ്ഞു നൽകാൻ അഭ്യർത്ഥിക്കുകയുമായിരുന്നു എന്ന് ശ്രീലേഖ പറഞ്ഞു. യാചനാ സ്വരത്തിലാണ് താൻ ആവശ്യമുന്നയിച്ചത്. വി കെ പ്രശാന്തുമായി പ്രശാന്തുമായി ഒരു പ്രശ്നവുമില്ലെന്നും ഇരുവരും ഹസ്തദാനം നൽകിക്കൊണ്ട് ശ്രീലേഖ വ്യക്തമാക്കി. വാടക കരാർ കാലാവധി കഴിയുന്നതുവരെ ആ ചെറിയ കൗൺസിലർ ഓഫീസിൽ പ്രവർത്തിക്കുമെന്നും ആർ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു തര്‍ക്കത്തിനും ഞങ്ങളില്ലെന്ന് വി കെ പ്രശാന്ത് പറഞ്ഞപ്പോള്‍, ഒരു തര്‍ക്കവുമില്ലെന്ന് ശ്രീലേഖയും കൂട്ടിച്ചേര്‍ത്തു. പ്രശാന്ത് മൂന്നു മാസമോ നാലുമാസമോ തുടരുന്നതില്‍ വിരോധമില്ല. ഞാന്‍ അഭ്യര്‍ത്ഥിച്ചു എന്നേയുള്ളൂ. എന്റെ ആളുകളും ഞാനും നിലവിലെ ഓഫീസില്‍ ഇരിക്കും. അതല്ലാതെ എനിക്ക് ഒരു നിവൃത്തിയുമില്ല. അതിന്റെ ബുദ്ധിമുട്ട് പ്രശാന്ത് സഹിക്കണമെന്നും ശ്രീലേഖ പറഞ്ഞു. ഈ ഏഴു വര്‍ഷം ഇല്ലാത്ത ബുദ്ധിമുട്ട് മാഡം അവിടെ ഇരിക്കുന്നതുകൊണ്ട് എനിക്കു വരാനില്ലെന്ന് വി കെ പ്രശാന്തും മറുപടി പറഞ്ഞു. പ്രശ്‌നമല്ലെ തീര്‍ന്നല്ലോ, ഇനിയെല്ലാവര്‍ക്കും പോകാമെന്ന് ശ്രീലേഖ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരത്തെ എംഎൽഎയോട് വിളിച്ച് ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്ന് വി കെ പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നു. കോർപറേഷൻ നിശ്ചയിച്ച വാടക നൽകിയാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്. അത് ഒഴിയാൻ നിയമപരമായ നടപടികളുണ്ട്. എംഎൽഎ ഓഫീസിനായി സ്ഥലം നൽകിയ കൗൺസിൽ ആ തീരുമാനം റദ്ദാക്കണം. അതിനുശേഷം നഗരസഭാ സെക്രട്ടറിയാണ് കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടത്. ഏഴ് വർഷമായി ജനങ്ങൾ ആശ്രയിക്കുന്ന ഓഫീസാണിത്. ഇപ്പോൾ ബിജെപി കൗൺസിലർ ആർ ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ നീക്കമാണെന്നും വി കെ പ്രശാന്ത് ആരോപിച്ചു.



Recent Comments