കോൺഗ്രസ്‌ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി

കോൺഗ്രസ്‌ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി

കോൺഗ്രസ്‌ ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌
ആർ. എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. യു ഡി എഫ് ആറ്റിങ്ങൽ മണ്ഡലം ചെയർമാൻ റ്റി. പി. അംബിരാജ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഈ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ‘കുടുംബശ്രീക്ക്’; ജയിച്ചത് 7,210 പ്രവര്‍ത്തകര്‍

ഈ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ‘കുടുംബശ്രീക്ക്’; ജയിച്ചത് 7,210 പ്രവര്‍ത്തകര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍. സംസ്ഥാനത്തുടനീളം സ്ഥാനാര്‍ഥികളായി നിന്ന 7,210 കുടുംബശ്രീ പ്രവര്‍ത്തകര്‍ വിജയിച്ചു. താഴെത്തട്ടില്‍ വനിതാ ശാക്തീകരണ ദൗത്യത്തിന്റെ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സാന്നിധ്യത്തെയാണ് ഫലം കാണിക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 17,082 കുടുംബശ്രീ പ്രവര്‍ത്തകരാണ് മത്സരിച്ചത്. എല്ലാ ജില്ലകളിലും വിജയികള്‍ ഉണ്ട്. കമ്മ്യൂണിറ്റി വികസനത്തിലും തദ്ദേശ ഭരണത്തിലും സഹകരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ ജനപിന്തുണയാണ് ഫലം വ്യക്തമാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ വിജയിച്ചത് കോഴിക്കോട് (709) ആണ്. മലപ്പുറം (697), തൃശൂര്‍ (652), പാലക്കാട് (648), ആലപ്പുഴ (643) എന്നിങ്ങനെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വിജയിച്ച തൊട്ടുപിന്നിലുള്ള ജില്ലകള്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കുടുംബശ്രീ പ്രവര്‍ത്തകരുടെ കടന്നുവരവ് വികേന്ദ്രീകൃത ഭരണത്തെ ശക്തിപ്പെടുത്തും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, സാമൂഹിക ക്ഷേമം തുടങ്ങിയ രംഗങ്ങളില്‍ ഇവര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിയുമെന്ന് കുടുംബശ്രീ മിഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒരു പവന്‍ പൊന്നിന് ഒരു ലക്ഷം, ഒറ്റയടിക്ക് വര്‍ധിച്ചത് 1760 രൂപ

ഒരു പവന്‍ പൊന്നിന് ഒരു ലക്ഷം, ഒറ്റയടിക്ക് വര്‍ധിച്ചത് 1760 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു. സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്ന് പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് ഒരു ലക്ഷം കടന്ന് കുതിച്ചത്. 1,01,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 220 രൂപയാണ് വര്‍ധിച്ചത്. 12,700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രണ്ടു തവണയായി 1440 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും ഓഹരി വിപണിയിലെ അസ്ഥിരതയും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കും

പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കും

തിരുവനന്തപുരം: മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനുവും യുഡിഎഫില്‍. ഇരുവരെയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. വിഷ്ണുപുരം ചന്ദ്രശേഖന്റെ വിഎസ്ഡിപിയും യുഡിഎഫിന്റെ ഭാഗമാകും.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. ഇതിന് മുന്നോടിയായി മുന്നണി വിപുലീകരിച്ച് കൂടുതല്‍ ശക്തമായി പ്രചാരണരംഗത്തേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഇരുവരെയും യുഡിഎഫില്‍ എടുക്കാന്‍ തീരുമാനിച്ചത്. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നാണ് തീരുമാനം. സീറ്റ് വിഭജനം ജനുവരിയില്‍ പൂര്‍ത്തിയാക്കി നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേയ്ക്ക് കടക്കാനാണ് യോഗത്തില്‍ ധാരണയായിരിക്കുന്നത്.

ഓഗസ്റ്റിലാണ് സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് ജാനു എന്‍ഡിഎ വിട്ടത്. സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച പി വി അന്‍വര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് മെമ്പറാക്കി യുഡിഎഫ് പാളയത്തിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പന്‍ കൂടിക്കാഴ്ച നടത്തിയത് അന്ന് വാര്‍ത്തയായിരുന്നു.

നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവം; ജീവനക്കാരിക്ക് ദാരുണാന്ത്യം

നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവം; ജീവനക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. സിമി സന്തോഷ് ആണ് ഇന്ന് പുലർച്ചെ മരിച്ചത് 44 വയസ്സായിരുന്നു. ഗ്യാസ് പൊട്ടിത്തെറിച്ച കടയിലെ ജീവനക്കാരിയാണ് സിമി. ഇന്നലെ നവാസ് എന്നയാളും മരിച്ചിരുന്നു. ഡിസംബർ 14 നാണ് അപകടം നടന്നത്. പൊട്ടിത്തെറിയിൽ 3 പേർക്കായിരുന്നു പരുക്ക് പറ്റിയത്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്..

നെടുമങ്ങാട് അഴീക്കോടുള്ള ഒറേസാ ഹോട്ടലിൽ രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോള്‍ ആയിരുന്നു അപകടം ഉണ്ടായത്. ഗ്യാസ് ലീക്ക് ആയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരായ സിമി, രാജി എന്നിവർക്കൊപ്പം ചായ കുടിക്കാനെത്തിയ നവാസിനും അപകടത്തിൽ പരുക്കേറ്റു.

മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ തലയുയർത്തി റോട്ടൻ സൊസൈറ്റി

മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ തലയുയർത്തി റോട്ടൻ സൊസൈറ്റി

മുംബൈ ഇൻഡി ഫിലിം സൊസൈറ്റി നടത്തിയ ആറാമത് മുംബൈ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായി റോട്ടൻ സൊസൈറ്റി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സമകാലിക പ്രശ്നങ്ങളെ നർമ്മം കലർത്തി ചിത്രീകരിച്ച ഈ സിനിമ തിരക്കഥ എഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ് എസ് ജിഷ്ണുദേവ് ആണ്. റോട്ടൻ സൊസൈറ്റിക്ക് ഇതിനോടകം തന്നെ 130 ൽ പരം ഇന്റർനാഷനൽ ഫിലിം അവാർഡുകൾ ലഭിച്ചു കഴിഞ്ഞു.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിന്റെ നേതൃത്വത്തിലുള്ള ജൂറി പാനൽ ആണ് റോട്ടൻ സൊസൈറ്റിയെ അവാർഡിനായി തെരഞ്ഞെടുത്തത്.

റോട്ടൻ സൊസൈറ്റി സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ ഒരു കലാ സൃഷ്ടിയാണെന്നും സിനിമ അവസാനിച്ചതിനുശേഷവും കാഴ്ചക്കാരന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന നിമിഷങ്ങൾ റോട്ടൻ സൊസൈറ്റി സൃഷ്ടിക്കുന്നു എന്ന് ജൂറി അഭിപ്രായപ്പെട്ടു.

ഒരു റിപ്പോർട്ടറുടെ കയ്യിലുള്ള ക്യാമറ നഷ്ടപ്പെടുകയും അത് അവിചാരിതമായി ഒരു ഭ്രാന്തന്റെ കൈയിൽ ലഭിക്കുകയും തുടർന്ന് ആ ഭ്രാന്തൻ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളും ഭ്രാന്തനോടൊപ്പം സഞ്ചരിക്കുന്ന ആ ക്യാമറയിലൂടെ പകർത്തുന്ന കാഴ്ചകളുമാണ് സിനിമയുടെ ഇതിവൃത്തം. ഇൻഡിപെൻഡൻറ് സിനിമകളുടെ ഇടയിൽ ശ്രദ്ധ ആകർഷിക്കപ്പെടുന്ന ഈ സിനിമ 2026 ൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും.

ടി സുനിൽ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോൾ പ്രതിനായകനായി എത്തുന്നത് പ്രിൻസ് ജോൺസൺ ആണ്. ഒപ്പം മാനസപ്രഭു, രമേഷ് ആറ്റുകാൽ, സുരേഷ് എം വി, ഗൗതം എസ് കുമാർ, ബേബി ആരാധ്യ, ജിനു സെലിൻ, രാജേഷ് അറപ്പുരയിൽ, ജയചന്ദ്രൻ തലയൽ, വിപിൻ ശ്രീഹരി, ശിവപ്രസാദ്, പുന്നക്കാട് ശിവൻ, അഭിഷേക് ശ്രീകുമാർ, സ്നേഹൽ റാവു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ ആണ് റോട്ടൻ സൊസൈറ്റിയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഒപ്പം സ്നേഹൽ റാവു, ഷൈൻ ഡാനിയേൽ എന്നിവർ കോ പ്രൊഡക്ഷൻ ചെയ്തിരിക്കുന്നു.പശ്ചാത്തല സംഗീതം ഇല്ലാത്ത ഈ സിനിമയിൽ സൌണ്ട് ഇഫക്ട്സിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. സൌണ്ട് എഫക്ട്സ് നിർവഹിച്ചിരിക്കുന്നത് സാബു ആണ്. ചിത്രത്തിന്റെ ശബ്ദമിശ്രണം, സൌണ്ട് ഡിസൈൻ എന്നിവ നടത്തിയിരിക്കുന്നത് ശ്രീവിഷ്ണു ജെ എസ് ആണ്. പ്രജിൻ ഡിസൈൻസ് ആണ് പബ്ലിസിറ്റി ഡിസൈൻസ്. ചിത്രത്തിൻ്റെ പി ആർ ഓ അജയ് തുണ്ടത്തിൽ.