by Midhun HP News | Dec 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ (വിസി) നിയമനത്തില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം തുടരുന്നതിനിടെ സമവായ ചര്‍ച്ചകള്‍ക്കായി മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും ഗവര്‍ണറെ കണ്ടെങ്കിലും സമവായം ഉണ്ടായില്ല. വിഷയത്തില്‍ സമവായത്തിലെത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്നാണ് മന്ത്രിമാര്‍ ബുധനാഴ്ച രാവിലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്കൊടുവില്‍ മന്ത്രിമാര്‍ മടങ്ങി.
വി സി നിയമന തര്‍ക്കത്തില്‍ ഡോ. സിസാ തോമസിനെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെ ഖണ്ഡിക്കാന്‍ ഗവര്‍ണര്‍ ശക്തമായ വാദങ്ങളാണ് നിരത്തിയത്. സിസാ തോമസ് യോഗ്യയാണ് എന്ന് സര്‍ക്കാരിന് തന്നെ ബോധ്യമുണ്ടെന്നാണ് ഗവര്‍ണറുടെ നിലപാട്. ടെക്‌നോ പാര്‍ക്കിന്റെയും ഇന്‍ഫോ പാര്‍ക്കിന്റെയും സി.ഇ.ഒ.യെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ സര്‍ക്കാര്‍ സിസാ തോമസിനെ നിയോഗിച്ചിരുന്നു. കെ-സ്പേസ്, ഇക്‌ഫോസ്, കെ-ഫോണ്‍ എന്നിവയുടെ നേതൃനിരയില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ടൂറിസം വകുപ്പിന് വേണ്ടി ഡിജിറ്റല്‍ പ്ലാറ്റ്ഫോം തെരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ സിസാ തോമസിനെ സര്‍ക്കാര്‍ അംഗമാക്കിയിരുന്നു. സര്‍ക്കാരിന്റെ ഐ.ടി. വകുപ്പിന്റെ സാങ്കേതിക ഉപദേശക സമിതിയിലും നയരൂപീകരണ ഉപസമിതിയിലും സിസാ തോമസ് അംഗമായിരുന്നു. നല്ല അക്കാദമിക് പശ്ചാത്തലമുള്ള, മികച്ച വ്യക്തിയാണ് സിസാ തോമസ് എന്ന് സര്‍ക്കാരിന് അറിയാമായിരുന്നിട്ടും എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഗവര്‍ണര്‍ ആരാഞ്ഞതായാണ് വിവരം.
ഈ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ തനിക്ക് ഉദ്ദേശമില്ല. അതുകൊണ്ട് തന്നെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. കോടതിയിലും വിശദീകരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് (ചാന്‍സലര്‍ക്ക്) നല്‍കിയ പട്ടികയില്‍ നിന്നുതന്നെ വി സി നിയമനം നടത്തണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ എപ്പോഴും സമവായത്തോടുകൂടി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. വിശദാംശങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കേണ്ടതില്ലെന്നും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
വി സി നിയമനത്തില്‍ സമവായത്തിലെത്തിയില്ലെങ്കില്‍ സുപ്രീംകോടതി നേരിട്ട് ഈ രണ്ട് സര്‍വകലാശാലകളിലും വി സിമാരെ നിയമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍, സമവായം ഉണ്ടായിട്ടുണ്ടെങ്കില്‍ വ്യാഴാഴ്ച സുപ്രീം കോടതിയിലായിരിക്കും ഇക്കാര്യത്തില്‍ വ്യക്തത വരുത്തുക.



by Midhun HP News | Dec 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറ ആണ് ഹര്‍ജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്.
ബംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. യുവതി കെപിസിസി പ്രസിഡന്റിന് ഇ-മെയില്‍ ആയി നല്‍കിയ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. ഡിജിപി കൈമാറിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത അവസരത്തില്‍ പരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഐജി പൂങ്കുഴലി നേരിട്ട് പരാതിക്കാരിയുടെ മൊഴി എടുത്തത്. പൊലീസുമായി ഓണ്‍ലൈനില്‍ ബന്ധപ്പെടാന്‍ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെപിസിസി പ്രസിഡന്റിന് ഇ-മെയല്‍ സന്ദേശം അയച്ച് പരാതി പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിഭാഗം വാദം.
ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതെന്ന് യുവതി മൊഴിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയതെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കുന്നു.
‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകര്‍ന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. കേസുമായി മുന്നോട്ട് പോകാന്‍ ഭയമുണ്ടെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സീല്‍ വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേസമയം, ആദ്യ പീഡനക്കേസില്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
by Midhun HP News | Dec 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ടതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ കുറ്റബോധമില്ല. കിഡ്‌നിക്ക് തകരാര്‍ വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാലാണ് താന്‍ ജയിലിലെ നിരാഹാരം അവസാനിപ്പിച്ചത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന തന്നെ വെറുതെ ജയിലില്‍ കിടത്തിയതാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.
‘ ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷം. മാധ്യമങ്ങളോട് വിജയഭേരി മുഴക്കുകയല്ല, പക്ഷെ ദയവായി ഞങ്ങളെ പോലുളളവര്‍ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോള്‍ നിങ്ങള്‍ പിന്തുണയ്ക്കണം. കിഡ്‌നിക്ക് പ്രശ്‌നമാവുന്നെന്ന് ഡോക്ടര്‍ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. നാലുദിവസം വെള്ളമില്ലാതെ കഴിഞ്ഞു. അഞ്ച് ദിവസം ആഹാരമില്ലാതെ കഴിഞ്ഞു. പതിനൊന്നുദിവസമായി..സ്റ്റേഷന്‍ ജാമ്യം തരേണ്ട കേസാണ്’ – രാഹുല്‍ പറഞ്ഞു.
പരാതിക്കാരിയെ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ എന്നിവരടക്കം 6 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. 2 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.



by Midhun HP News | Dec 10, 2025 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്ടിൽ അമീബിക് മസ്തിക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. വെഞ്ഞാറമൂട് വലിയ കട്ടയ്ക്കൽ ചെമ്പിട്ടവിള വീട്ടിൽ പ്രഭാകരൻ (77) ആണ് മരിച്ചത്. ശരീരത്തിൽ സോഡിയം കുറഞ്ഞതിനെ തുടർന്ന് ഒരു മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തുടർന്ന് മസ്തിക ജ്വരം സ്ഥിരീകരിച്ചു. രോഗ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
ഭാര്യ : സുനിത
മക്കൾ: പ്രിയ, പ്രിയങ്ക
മരുമകൻ: സന്തോഷ് കുമാർ
by Midhun HP News | Dec 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രാജ്യാന്തരബന്ധം ഉണ്ടെന്നുള്ള വിവരം കൈമാറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഇന്ന് പതിനൊന്നിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കും. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ രാജ്യാന്തര പുരാവസ്തു വില്‍പ്പന സംഘത്തില്‍പ്പെട്ടവര്‍ക്ക് കൈമാറിയിട്ടുണ്ടെന്നു വ്യക്തമാക്കി രമേശ് അന്വേഷണ സംഘത്തിന് കത്തുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൊഴിയെടുക്കുന്നത്.
നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം അന്വേഷിക്കുന്ന ഈ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷണം വിദേശത്തേക്കും എത്തിക്കുന്നതാണ്. ശബരിമലയിലെ സ്വര്‍ണം ബല്ലാരിയിലെ ജ്വല്ലറിയുടമ ഗോവര്‍ധന് വില്‍പന നടത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. എന്നാല്‍ ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണം എന്ന നിലയില്‍ പുരാവസ്തു മൂല്യം തിരിച്ചറിഞ്ഞ് ഒരു രാജ്യാന്തരസംഘം ഇത് കടത്തിയെന്നാണ് ആരോപണം. ദുബൈയില്‍ ഇതുമായി ബന്ധമുള്ള ഒരാള്‍ വിവരം നല്‍കാന്‍ തയ്യാറാണെന്നും രമേശ് അറിയിച്ചിരുന്നു. ഇതില്‍ ഇടനിലക്കാരനായ ചെന്നൈയിലെ പുരാവസ്തു വ്യാപാരിയുടെ പേരും ഇന്നും പുറത്തുവന്നേക്കും.
ശ്രീകോവിലും ദ്വാരപാലകശില്‍പങ്ങളിലും 1998ല്‍ യുബി ഗ്രൂപ്പിന്റെ സ്‌പോണസര്‍ഷിപ്പില്‍ സ്വര്‍ണപാളികള്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന പേരിലാണ് 2019ല്‍ ഇളക്കിമാറ്റി ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വര്‍ണം പൂശിയത്. ഇതെല്ലാം ചെമ്പുപാളിയാണെന്ന് ബോധപൂര്‍വം എഴുതി സ്വര്‍ണം കടത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിലായിരുന്നു കടത്തല്‍. കൊണ്ടുപോയ സ്വര്‍ണം ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണം എന്നുപറഞ്ഞ് മൂല്യം ഉയര്‍ത്തി വില്‍പന നടത്തിയെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.



by Midhun HP News | Dec 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകളില്‍ നാളെ വോട്ടെടുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക
604 തദ്ദേശസ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലാണ് വിധിയെഴുത്ത്. 38,994 സ്ഥാനാര്‍ത്ഥികള്‍. പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. ആകെ വോട്ടര്‍മാര്‍ 1,53,37,125. പുരുഷന്‍മാര്‍ 72,46,269. സ്ത്രീകള്‍ 80,90,746. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് 161. പ്രവാസി വോട്ടര്‍മാര്‍ 3,293.രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാര്‍ഡുകള്‍, 77ബ്ലോക്ക് പഞ്ചായത്തിലെ 1177 വാര്‍ഡുകള്‍, എഴ് ജില്ലാ പഞ്ചായത്തുകളിലെ 182 വാര്‍ഡുകള്‍, 47 മുനിസിപ്പാലിറ്റികളിലെ 1829 വാര്‍ഡുകള്‍, മൂന്ന് കോര്‍പ്പറേഷനുകളിലെ 188 വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളില്‍ 18,974 പുരുഷന്‍മാര്‍. 20,020 വനിതകള്‍. ആകെ 18,274 പോളിങ് സ്റ്റേഷനുകള്‍.



Recent Comments