തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് തലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറായി. പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികളുടെ വിതരണവും തിരഞ്ഞെടുപ്പിന് ശേഷം അവ സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്. കോർപ്പറേഷൻ തലത്തിൽ നാലും മുനിസിപ്പാലിറ്റികൾക്ക് ആറും ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകൾക്കായി 11 കേന്ദ്രങ്ങളുമാണ് അനുവദിച്ചിട്ടുള്ളത്.

കോർപ്പറേഷൻ തലത്തിൽ സർവോദയ വിദ്യാലയത്തിൽ മൂന്നു കേന്ദ്രങ്ങളും മാർതിയോഫിലിക്സ് ട്രെയിനിങ് കോളേജിൽ ഒരു കേന്ദ്രവുമുണ്ട്.

മുനിസിപ്പാലിറ്റി തലത്തിൽ നെയ്യാറ്റിൻകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലും മഞ്ച ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലും രണ്ട് വീതവും ആറ്റിങ്ങൽ നഗരസഭാ കാര്യാലയം (മിനി ഹാൾ മൂന്നാം നില) വർക്കല നഗരസഭ കാര്യാലയം എന്നിവയിൽ ഓരോ കേന്ദ്രങ്ങളുമുണ്ട്.

ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് തലത്തിൽ പാറശ്ശാല ഗവ.ഗേൾസ് ഹൈസ്കൂൾ പാറശ്ശാല, പെരുങ്കടവിള ഗവ. ഹൈസ്കൂൾ മാരായമുട്ടം, അതിയന്നൂർ ന്യൂ ഹയർ സെക്കൻഡറി സ്കൂൾ നെല്ലിമൂട്, നേമം ഗവ. വി. എച്ച്.എസ്.എസ് മലയിൻകീഴ്, പോത്തൻകോട് സെൻ്റ് സേവിയേഴ്സ് കോളേജ് തുമ്പ, വെള്ളനാട് ജി.കാർത്തികേയൻ സ്മാരക വൊക്കേഷണൽ& ഹയർ സെക്കൻഡറി സ്കൂൾ വെള്ളനാട്, നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നെടുമങ്ങാട്, വാമനപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിരപ്പൻകോട്, കിളിമാനൂർ ഗവ. എച്ച്.എസ്.എസ് കിളിമാനൂർ, ചിറയിൻകീഴ് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ, വർക്കല ശ്രീനാരായണ കോളേജ് ശിവഗിരി എന്നിവയാണ് കേന്ദ്രങ്ങൾ.

ഡിറ്റ്‌വ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ റെഡ് അലേർട്ട്, കേരളത്തിലും മഴ മുന്നറിയിപ്പ്

ഡിറ്റ്‌വ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ റെഡ് അലേർട്ട്, കേരളത്തിലും മഴ മുന്നറിയിപ്പ്

ചെന്നൈ: ഡിറ്റ്‌വ ചുഴലിക്കാറ്റ് വടക്കൻ തമിഴ്‌നാട് – പുതുച്ചേരി തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുച്ചേരി, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശ്രീലങ്കയ്ക്കും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് സമീപവും ആഞ്ഞടിക്കുന്ന കാറ്റിന്റെ തീവ്രത ഇനിയും വർധിക്കുമെന്നാണ് അറിയിപ്പ്.

ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്ത് നിന്നും വടക്ക്-വടക്ക്പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങി വടക്ക് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര പ്രദേശത്തിന്റെ തെക്കൻ തീരങ്ങൾ എന്നിവിടങ്ങളിലേക്ക് നവംബർ 30ഓടെയെത്തും. ശനിയാഴ്ച തമിഴ്‌നാട്ടിലെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കടലൂർ, മലിയാടുംതുറൈ, വില്ലുപുരം, ചെങ്കൽപേട്ട്‌, പുതുച്ചേരി എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ നിന്നും 90 കിലോമീറ്റർ വേഗത കൈവരിക്കുന്ന അതിശക്തമായ കാറ്റ് ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ തമിഴ്‌നാട് – പുതുച്ചേരി തീരങ്ങളിൽ ആഞ്ഞടിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പോസ്റ്റൽ കാർഡ് വഴി തപാലിലൂടെ വോട്ട് തേടി വ്യത്യസ്തമാകുന്നു ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥി

പോസ്റ്റൽ കാർഡ് വഴി തപാലിലൂടെ വോട്ട് തേടി വ്യത്യസ്തമാകുന്നു ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥി

ആറ്റിങ്ങൽ: പ്രചരണ രംഗത്ത് വ്യത്യസ്തതകൾ കൊണ്ടുവരികയാണ് ഓരോ രാഷ്ട്രീയ പാർട്ടിയും ഓരോ സ്ഥാനാർത്ഥികളും. കൂടുതലും നവയുഗ പ്രചരണ സാധ്യതകളും ഡിജിറ്റൽ മാധ്യമങ്ങളുടെ പിൻബലത്തിൽ ഉള്ളവയുമാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പ്രചരണ രീതിയാണ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാർത്ഥി നടപ്പിലാക്കിയിരിക്കുന്നത്.

ഗൃഹാതുരത്വം ഉയർത്തുന്ന വോട്ട് അഭ്യർത്ഥന. പോസ്റ്റൽ കാർഡ് വഴി തപാലിലൂടെ വോട്ട് തേടൽ. ചിറയിന്‍കീഴ് പഞ്ചായത്തിലെ 17ാം വാര്‍ഡ് പണ്ടകശാല വാര്‍ഡില്‍ നിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എസ്.സിന്ധുവാണ് പ്രചരണ രംഗത്ത് പുതുമ സൃഷ്ടിച്ചത്. വാര്‍ഡിലെ എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റ് കാര്‍ഡ് വഴി അഭ്യര്‍ത്ഥന അയക്കുകയാണ്. ഇതിനായി ആവശ്യമായ പോസ്റ്റ് കാര്‍ഡുകള്‍ തയ്യാറാക്കി.

സ്ഥാനാർത്ഥി വോട്ട് തേടി നേരിട്ടെത്തും അതിനു പുറമെയാണ് പോസ്റ്റ് കാർഡ് വഴി തപാൽ മാർഗ്ഗം അഭ്യർത്ഥന എത്തുന്നത്. ഓരോ പോസ്റ്റുകാർഡും കയ്യെഴുത്ത് ആയി തന്നെ സജ്ജമാക്കി. കഴിഞ്ഞ ദിവസം ആദ്യ ഘട്ട പോസ്റ്റല്‍ കാര്‍ഡ് വിതരണത്തിനളള കാര്‍ഡ് പോസ്റ്റ് ചെയ്തു. സിന്ധു 2010- 15 ല്‍ വാര്‍ഡ് മെമ്പറായും 2015 – 20 ല്‍ ബ്ലോക്ക് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.

ബലാത്സംഗക്കേസ്; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

ബലാത്സംഗക്കേസ്; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന വ്യവസ്ഥ ഇല്ല. അതിനാല്‍ അറസ്റ്റിലേക്ക് കടക്കുന്നതില്‍ പൊലീസിന് നിയമതടസ്സമില്ല.

എന്നാല്‍ ലൈംഗിക അതിക്രമ പരാതി യുവതി മുഖ്യമന്ത്രിക്ക് നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്നത് അഞ്ജാതമാണ്. വ്യാഴാഴ്ച വൈകിട്ട് ഫോണ്‍ ഓഫ് ചെയ്ത രാഹുല്‍, എവിടെയെന്ന് അറിവില്ലെന്നാണ് എംഎല്‍എ ഓഫീസിലെ ജീവനക്കാരും പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത തടയാന്‍ രാഹുലിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജില്ല വിട്ടാല്‍ മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന നിയമോപദേശം ലഭിച്ചതിനാല്‍ രാഹുല്‍ പാലക്കാട്ടെ ഏതെങ്കിലും രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ തുടരുകയാണെന്നാണ് വിവരം.

നിരീക്ഷണം ശക്തമാക്കാന്‍ പാലക്കാട്, കൊച്ചി, തിരുവനന്തപുരം സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ളാറ്റിലുണ്ട്.

പാസ്‌പോർട്ട് സേവ വാൻ ഡിസംബര്‍ രണ്ടുമുതൽ നാലുവരെ കിളിമാനൂരിൽ

പാസ്‌പോർട്ട് സേവ വാൻ ഡിസംബര്‍ രണ്ടുമുതൽ നാലുവരെ കിളിമാനൂരിൽ

കിളിമാനൂർ : കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജണൽ പാസ്‌പോർട്ട് ഓഫീസിന്റെ മൊബൈൽ പാസ്‌പോർട്ട് സേവ വാൻ ഗ്രാമപ്പഞ്ചായത്തുകളിലെത്തുന്നു. ചൊവ്വാഴ്ചമുതൽ വ്യാഴാഴ്ചവരെ കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും 16മുതൽ 18വരെ ചടയമംഗലം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും സേവനം ലഭ്യമാകും.

അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ പാസ്‌പോർട്ട് സേവാ വാനിനായി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും അനുവദിച്ച അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകൾ അനുസരിച്ച് ആവശ്യമായ രേഖകൾ സഹിതം റിപ്പോർട്ട് ചെയ്യാനും കഴിയും.

ഒരുമിച്ച് വോട്ട് തേടുന്നു ദമ്പതിമാർ

ഒരുമിച്ച് വോട്ട് തേടുന്നു ദമ്പതിമാർ

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലാണ് ദമ്പതികൾ സ്ഥാനാർത്ഥികളായി ഒന്നിച്ചു വോട്ട് തേടുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥികളായ പെരുംകുളം അൻസാർ, അദ്ദേഹത്തിൻ്റെ ഭാര്യ അസീന അൻസാർ എന്നിവരാണ് വോട്ട് തേടുവാൻ ഒന്നിച്ചിറങ്ങുന്നത്.

ബ്ലോക്ക് പഞ്ചായത്ത് കീഴാറ്റിങ്ങൽ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് പെരുംകുളം അൻസാർ, അദ്ദേഹത്തിൻ്റെ ഭാര്യ അസീന അൻസാർ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ മേലാറ്റിങ്ങൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

കടയ്ക്കാവൂർ പഞ്ചായത്തിലെ മേലാറ്റിങ്ങൽ വാർഡിൽ നിന്നുള്ള നിലവിലെ വാർഡ് മെമ്പറാണ് പെരുംകുളം അൻസാർ. ഈ വാർഡ് വനിതാ സംവരണം ആയതോടെ അൻസാറിന്റെ ഭാര്യ അസീനയെ ഇവിടെ സ്ഥാനാർഥിയായി നിശ്ചയിച്ചു. ഈ വാർഡിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യവേ പാർട്ടിയിൽ നിന്ന് പുതിയ നിർദ്ദേശം വന്നു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഈ വാർഡ് ഉൾപ്പെടുന്ന കീഴാറ്റിങ്ങൽ ഡിവിഷനിലേക്ക് മത്സരിക്കണം. സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കേണ്ടതിനാൽ തന്നെ ഒഴിവാക്കണമെന്ന് അൻസാർ ആവശ്യപ്പെട്ടുവെങ്കിലും ഈ ഡിവിഷനിൽ നിന്നുള്ള നേതാവ് എന്ന നിലയിൽ ബ്ലോക്ക് ഡിവിഷനിലേക്ക് അൻസാർ തന്നെ മത്സരിക്കണം എന്ന് പാർട്ടി നിർദ്ദേശിച്ചു. അങ്ങനെ പെരുംകുളം അൻസാറും സ്ഥാനാർത്ഥി ആയി.

മേലാറ്റിങ്ങൽ വാർഡിൽ ഇരുവരും ഒരുമിച്ചുതന്നെ വോട്ട് തേടാൻ ഇറങ്ങുന്നുണ്ട്. അൻസാർ ഇതര പഞ്ചായത്ത് വാർഡുകളിലേക്ക് പ്രചരണത്തിന് പോകുമ്പോൾ അൻസാറിന് വേണ്ടിയും അസീന തന്നെ വോട്ടുതേടും. മേലാറ്റിങ്ങൽ വാർഡിലെ വോട്ടർമാരെ കാണുമ്പോൾ അൻസാർ തനിക്കുവേണ്ടിയും തന്റെ ഭാര്യക്ക് വേണ്ടിയും വോട്ട് തേടും.