ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം, രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍

ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം, രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകള്‍ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ബിഎന്‍എസ് 64- എഫ്
(അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎന്‍എസ് 64- എം (തുടര്‍ച്ചയായ ബലാത്സംഗം ), ബിഎന്‍എസ് 64- എച്ച് ( ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം), ബിഎന്‍എസ് 89 ( നിര്‍ബന്ധിത ഭ്രൂണഹത്യ) തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.

ബിഎന്‍എസ് 315 ( അതിക്രമം), ബിഎന്‍എസ് 115 ( കഠിനമായ ദേഹോപദ്രവം എല്‍പ്പിക്കല്‍ ), ഐടി ആക്ട് 63 ഇ ( അനുമതിയില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിക്കുക ), തുടങ്ങിയ വകുപ്പുകളും രാഹുലിനെതിരെ ചേര്‍ത്തിട്ടുണ്ട്. വിശ്വാസ വഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നല്‍കി പീഡനം, അശാസ്ത്രീയമായ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയത്. 2024 മാര്‍ച്ച് നാലിന് പരാതിക്കാരിയുടെ ഫ്‌ലാറ്റില്‍ വെച്ച് നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും, ദേഹോപദ്രവം എല്‍പ്പിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. 2025 ഏപ്രിലില്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റില്‍ വെച്ച് ബലാത്സംഗം ചെയ്തു. 2025 മെയ് മാസം അവസാനം രണ്ടു തവണ പാലക്കാട്ടെ ഫ്‌ലാറ്റില്‍ വെച്ചും ബലാത്സംഗം ചെയ്തുവെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയമല പൊലീസ് ഇന്ന് രാവിലെ ആറ് മണിക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗര്‍ഭനിരോധന ഗുളിക നല്‍കിയ സുഹൃത്ത് ജോബി ജോസഫിനെയും പ്രതിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ഇന്നുതന്നെ അപേക്ഷ നല്‍കും. രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇതിനായി രാഹുലിനെയും സുഹൃത്ത് ജോബിയെയും കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തെ കോൺഗ്രസിൻ്റെ സമരമുഖം എം.എ. ലത്തീഫിനെ പാർട്ടിയിൽ തിരിച്ചെടുത്തു

തിരുവനന്തപുരത്തെ കോൺഗ്രസിൻ്റെ സമരമുഖം എം.എ. ലത്തീഫിനെ പാർട്ടിയിൽ തിരിച്ചെടുത്തു

കഴക്കൂട്ടം: തിരുവനന്തപുരത്തെ കോൺഗ്രസിന്റെ സമരമുഖം എംഎൽ ലത്തീഫിനെ അച്ചടക്ക നടപടി പിൻവലിച്ച് കോൺഗ്രസ് തിരിച്ചെടുത്തു. കെപിസിസി മുന് സെക്രട്ടറിയായിരുന്നു എംഎ ലത്തീഫ്. അച്ചടക്ക നടപടി പിന് വലിച്ച്
കോൺഗ്രസിലേക്ക് തിരിച്ചെടുത്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല് എ അറിയിച്ചു.

ഡെങ്കിപ്പനിക്കെതിരായ ആദ്യത്തെ സിംഗിള്‍ ഡോസ് വാക്സിന് അംഗീകാരം, 91.6 ശതമാനം ഫലപ്രാപ്തി

ഡെങ്കിപ്പനിക്കെതിരായ ആദ്യത്തെ സിംഗിള്‍ ഡോസ് വാക്സിന് അംഗീകാരം, 91.6 ശതമാനം ഫലപ്രാപ്തി

ഡെങ്കിപ്പനിക്കെതിരായ ലോകത്തിലെ ആദ്യത്തെ സിംഗിൾ ഡോസ് വാക്സിന് അംഗീകാരം നൽകി ബ്രസീൽ. ബ്രസീലിയൻ ആരോഗ്യ നിയന്ത്രണ ഏജൻസിയായ ANVISAന് കീഴിലുള്ള സാവോ പോളോയിലെ ബുട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച Butantan-DV വാക്സിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.

മൂന്ന് മാസത്തെ ഇടവേളയിൽ രണ്ട് ഡോസുകൾ ആവശ്യമുള്ള വാക്സിൻ TAK-003 ആണ് നിലവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ബ്യൂട്ടന്റാൻ-ഡിവിയുടെ സിംഗിള്‍ ഡോസില്‍ രോഗത്തെ ഫലപ്രദമായി ചെറുക്കാന്‍ സഹായിക്കുമെന്ന് ബുട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എസ്പർ കല്ലാസ് പറഞ്ഞു.

16,000-ത്തിലധികം സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി എട്ട് വർഷത്തെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ശേഷമാണ് Butantan-DV സാധാരണക്കാരിലേക്ക് എത്തുന്നത്. പുതിയ വാക്സിൻ 91.6 ശതമാനം ഫലപ്രാപ്തി തെളിയിച്ചതായും ​ഗവേഷകർ കൂട്ടിചേർക്കുന്നു. 12 മുതൽ 59 വയസുവരെയുള്ളവർക്ക് വാക്സിൻ ഉപയോ​ഗിക്കാം.

ഈഡിസ് കൊതുകുകൾ പരത്തുന്നതും “ബ്രേക്ക്ബോൺ ഫിവര്‍” എന്നറിയപ്പെടുന്നതുമായ ഡെങ്കിപ്പനി 2024 ൽ ആഗോളതലത്തിൽ 1.46 കോടിയിലധികം ആളുകളെയാണ് ബാധിച്ചത്. ഏകദേശം 12,000 മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

2026 അവസാനത്തോടെ പുതിയ വാക്സിന്‍ വിപണിയില്‍ എത്തിക്കുന്നതിന് ചൈനീസ് കമ്പനിയായ വുക്സി ബയോളജിക്സുമായി രാജ്യം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

എന്താണ് ഡെങ്കിപ്പനി

ഈഡിസ് ഈജിപ്റ്റെ കൊതുകളിൽ നിന്ന് പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. രോഗത്തിന്റെ തുടക്കത്തിൽ പ്ലേറ്റ്‌ലെറ്റുകൾ കുറയില്ലെങ്കിലും പതുക്കെ ഗണ്യമായ കുറവിലേക്ക് നയിക്കും. പനി, ഛർദ്ദി, തലവേദന, ചെവി വേദന, ശരീര വേദന, ശരീരത്തിൽ തിണർപ്പുകൾ, അതിസാരം എന്നിവയാണ് ഡെങ്കിപ്പനിയുടെ ആദ്യം ലക്ഷണങ്ങൾ. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ലക്ഷണങ്ങൾ പ്രകടമായി ഉണ്ടാവുകയും ചെയ്യും.

നിരന്തരമായ ഛർദ്ദി, വയർ വേദന, മൂക്കിൽ നിന്നും വായിൽ നിന്നും രക്തസ്രാവം, ക്ഷീണം, ഭക്ഷണം കഴിക്കാത്ത അവസ്ഥ എന്നിവയെല്ലാം രോഗം തീവ്രമായതിന്റെ ലക്ഷണങ്ങളാണ്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ കാണിക്കും.

തിരുവനന്തപുരത്ത് വെള്ളത്തിനും കൈക്കൂലി; വാട്ടര്‍ മീറ്റര്‍ റീസെറ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ 5000 രൂപ ആവശ്യപ്പെട്ടു

തിരുവനന്തപുരത്ത് വെള്ളത്തിനും കൈക്കൂലി; വാട്ടര്‍ മീറ്റര്‍ റീസെറ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥന്‍ 5000 രൂപ ആവശ്യപ്പെട്ടു

തിരുവനന്തപുരത്ത് വെള്ളക്കരം കുറച്ചു നല്‍കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സമൂഹമാധ്യമത്തില്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സ്വദേശിയായ ഗണേഷ് തമ്പിയാണ് സമൂഹമാധ്യമത്തില്‍ തെളിവുകള്‍ സഹിതം പോസ്റ്റിട്ടത്. ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്‍കിയാല്‍ മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് പരാതി നല്‍കി. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി എടുക്കാന്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

‘ഈ വ്യക്തിയുമായി അടുപ്പമുള്ളവരെക്കുറിച്ചും പല വിവരങ്ങളും അറിയാം; പെണ്‍കുട്ടികള്‍ പരാതി നല്‍കാത്തത് ഭയം മൂലം’

‘ഈ വ്യക്തിയുമായി അടുപ്പമുള്ളവരെക്കുറിച്ചും പല വിവരങ്ങളും അറിയാം; പെണ്‍കുട്ടികള്‍ പരാതി നല്‍കാത്തത് ഭയം മൂലം’

കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. തനിക്കറിയാവുന്ന കാര്യം സമൂഹത്തെ അറിയിക്കുക എന്ന ദൗത്യമാണ് ചെയ്തതെന്ന് റിനി പറഞ്ഞു. ചില മെസ്സേജുകള്‍ വന്നു എന്നതല്ലാതെ ശാരീരിക ഉപദ്രവങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് നിയമനടപടികളിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

ശാരീരിക ഉപദ്രവങ്ങള്‍ പോലുള്ള കെണികളിലേക്ക് ഞാന്‍ വീണില്ല. വിദഗ്ധമായി രക്ഷപ്പെട്ടു എന്നു തന്നെ പറയാം. അത്തരത്തില്‍ ഒന്നും സംഭവിക്കാത്തതിനാല്‍ നിയമനടപടിക്ക് പോകേണ്ടെന്ന് മുമ്പേ തന്നെ തീരുമാനിച്ചത്. അതുകൊണ്ടാണ് ആരുടേയും പേരെടുത്ത് പറയാതിരുന്നത്. ആരെയും മോശക്കാരനാക്കുക എന്ന ലക്ഷ്യവും തനിക്കുണ്ടായിരുന്നില്ലെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

പെണ്‍കുട്ടികള്‍ ഇത്തരം വേട്ടക്കാരെ തിരിച്ചറിയണം. പ്രത്യേകിച്ചും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ. അവരുടെ പ്രശസ്തിയും മറ്റും കണ്ട് സ്ത്രീകൾ കെണിയില്‍ വീണാല്‍, അവര്‍ക്ക് സ്വാധീനമുണ്ടെന്നും അതുപയോഗിച്ച് നമ്മെ ചവറ്റുകുട്ടയില്‍ എറിയുമെന്നും പെണ്‍കുട്ടികള്‍ മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്. നേരിട്ട മോശം അനുഭവം വെളിപ്പെടുത്തിയതിനു പിന്നാലെ നിരവധി സ്ത്രീകള്‍ എന്നെ വിളിച്ച് പലകാര്യങ്ങളും പറഞ്ഞിരുന്നുവെന്ന് റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

അതില്‍ ഈ പ്രത്യേക വ്യക്തിയെക്കുറിച്ചും പലരും പറഞ്ഞിട്ടുണ്ട്. അല്ലാതെ മറ്റു വ്യക്തികളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ആരോപണ വിധേയനായ ഈ വ്യക്തിയുമായി അടുപ്പത്തില്‍ നില്‍ക്കുന്ന വ്യക്തികളെക്കുറിച്ചും പല വിവരങ്ങളും തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭയം മൂലം പരാതിയുമായി മുന്നോട്ടു പോകാന്‍ പെണ്‍കുട്ടികള്‍ മടിക്കുകയാണ്. ഇത്തരക്കാരെ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളാണ് തീരുമാനമെടുക്കേണ്ടതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

ഐ എച്ച് ആർ ഡിയിൽ അക്കാഡമിക് പ്രോജക്ടുകൾ ചെയ്യാൻ അവസരം

ഐ എച്ച് ആർ ഡിയിൽ അക്കാഡമിക് പ്രോജക്ടുകൾ ചെയ്യാൻ അവസരം

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡി റീജിയണൽ സെന്ററിൽ കോളേജ് വിദ്യാർഥികൾക്കായി വിവിധ വിഷയങ്ങളിലെ അക്കാഡമിക് പ്രോജക്ടുകൾ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ബി.ടെക് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എം.ടെക്, എം.സി.എ എന്നീ വിഷയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ അവസരം പ്രോയോജനപ്പെടുത്താം.

വിദ്യാർഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ, പ്രോജക്ട് ഡെവലപ്മെന്റ് സൗകര്യങ്ങൾ, ലാബ് സഹായം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും റീജിയണൽ സെന്ററിൽ ലഭ്യമാണ്. അക്കാദമിക് ആവശ്യങ്ങൾക്കനുസരിച്ച് പ്രോജക്ടുകൾ പ്രൊഫഷണൽ രീതിയിൽ തയ്യാറാക്കാൻ ആവശ്യമായ പിന്തുണ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി വിദ്യാർഥികൾക്ക് 8547005087, 9495069307, 9400519491, 0471-2660512 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.