വിതുരയിൽ കടബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

വിതുരയിൽ കടബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

വിതുര പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണനാണ് മരിച്ചത്. ഇന്ന് അമലിന്‍റെ മകന്‍റെ ചോറൂണ് ദിവസമായിരുന്നു. സമീപത്തുള്ള ഗുരുമന്ദിരത്തിൽ വീട്ടുകാർ ചോറു കൊടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു ആത്മഹത്യ.

പേരയത്തുപാറയിൽ ലാംസിയ എന്ന് പേരുള്ള ടർഫ് സുഹൃത്തുക്കൾക്കൊപ്പം നടത്തിവരികയായിരുന്നു. ഈ ടർഫിനു സമീപത്തുള്ള പഴയ കെട്ടിടത്തിനകത്താണ് അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മകന്‍റെ ചോറൂണിന് അമൽ ഗുരുമന്ദിരത്തിൽ എത്താത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ടര്‍ഫ് നടത്തുന്നതിലടക്കം അമലിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം.

എട്ടാഴ്ച, ഷെല്‍റ്ററുകളിലേക്ക് മാറ്റേണ്ടത് അഞ്ച് ലക്ഷം നായ്ക്കളെ; സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി

എട്ടാഴ്ച, ഷെല്‍റ്ററുകളിലേക്ക് മാറ്റേണ്ടത് അഞ്ച് ലക്ഷം നായ്ക്കളെ; സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി

തിരുവനന്തപുരം: പൊതു ഇടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ സമയബന്ധിതമായി നീക്കണം എന്ന് സുപ്രീം കോടതി നിലപാട് കടുപ്പിക്കുമ്പോള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണം. എട്ടാഴ്ചയാണ് തെരുവ് നായ വിഷയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സമയം. ഈ സമത്തിനുള്ളില്‍ ഏകദേശം 5 ലക്ഷത്തോളം തെരുവ് നായ്ക്കളെയാണ് സംസ്ഥാനത്തിന് കൈകാര്യം ചെയ്യേണ്ടിവരിക. ഇവയെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സൗകര്യങ്ങളുള്ള ഷെല്‍റ്ററുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന സംസ്ഥാനത്ത് സമയ ബന്ധിതമായി നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളി സൃഷ്ടിച്ചേക്കും.

പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത്, മൃഗ ജനന നിയന്ത്രണ (എബിസി) നിയമങ്ങള്‍ക്കനുസൃതമായി വന്ധ്യംകരണവും വാക്‌സിനേഷനും നടത്തിയ ശേഷം ഷെല്‍റ്ററുകളില്‍ പുനരധിവസിപ്പിക്കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇവയെ പിടികൂടിയ സ്ഥലത്ത് തുറന്ന് വിടരുത് എന്നും കോടതി വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട പുരോഗതി റിപ്പോര്‍ട്ട് 2026 ജനുവരി 13 സമര്‍പ്പിക്കണം എന്നുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ഷെല്‍ട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലവിലുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ നല്‍കുന്ന പ്രതികരണം. എല്ലാ ജില്ലകളിലും തെരുവ് നായ്ക്കള്‍ക്ക് ഷെല്‍റ്ററുകള്‍ തുറക്കാന്‍ സ്ഥലം കണ്ടെത്തുക പ്രയാസമാണെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.

കേരളം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ്. തെരുവ് നായകളുടെ വന്ധ്യം കരണം നടപ്പാക്കേണ്ട എബിസി സെന്ററുകള്‍ സ്ഥാപിക്കുന്നതില്‍ പോലൂം ജനങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുന്നു. ‘ഈ വര്‍ഷം കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ എബിസി സെന്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലം ഓച്ചിറയില്‍ എബിസി സെന്ററിന് തറക്കല്ലിടാന്‍ എത്തിയപ്പോള്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഒരു കോടി രൂപ ചെലവഴിച്ച് കണ്ണൂരില്‍ കേന്ദ്രം സ്ഥാപിച്ചു, പക്ഷേ നാട്ടുകാര്‍ അത് മാറ്റണമെന്ന് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.

2019 ലെ കന്നുകാലി സെന്‍സസ് പ്രകാരം കേരളത്തില്‍ 2.89 ലക്ഷം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. 2024 ലെ സെന്‍സസിന്റെ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് 19 എബിസി സെന്ററുകളാണ് മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 2024-25 സമയത്ത് 15,767 തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി. 88,744 നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 9,737 തെരുവ് നായ്ക്കള്‍ക്ക് വന്ധ്യംകരണം നടത്തുകയും 53,401 നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കണക്കുകള്‍ ഇങ്ങനെയെങ്കിലും 2019 ന് ശേഷം സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ എണ്ണം 30 മുതല്‍ 40 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഒരു പോര്‍ട്ടബിള്‍ എബിസി സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഈ സംവിധാനം നടപ്പാക്കാന്‍ ആണ് പദ്ധതി. എല്ലാ ജില്ലകളിലും എബിസി സെന്ററുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 2 കോടി രൂപ നീക്കിവച്ചിട്ടുണ്ട്, ബ്ലോക്ക് പഞ്ചായത്തുകള്‍ അതിനായി ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒരു പോര്‍ട്ടബിള്‍ എബിസി സെന്ററിന് 28 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ അഞ്ച് ദിവസം നിരീക്ഷിക്കുന്നതിനായും സംവിധാനം ഒരുക്കും. പദ്ധതിയെക്കുറിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെന്നും ചിഞ്ചുറാണി പറഞ്ഞു.

സംസ്ഥാനത്ത് പേവിഷബാധ മൂലമുള്ള മരണങ്ങളുടെ എണ്ണം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പുറത്തുവന്ന സുപ്രീം കോടതി ഉത്തരവിനെ ചൊല്ലി ചര്‍ച്ചകളും സജീവമാണ്. 2025 ലെ ആദ്യ എട്ട് മാസങ്ങളില്‍ സംസ്ഥാനത്ത് ഏകദേശം 2.25 ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 17 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധി സ്വാഗതം ചെയ്തും എതിര്‍ത്തും ഇതിനോടകം ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. തെരുവ് നായ്ക്കളെ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെടുന്ന ആക്ടിവിസ്റ്റുകള്‍ സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്ത് രംഗത്തെത്തി. എന്നാല്‍ ഉത്തരവ് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മൃഗാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

ഉത്തരവ് വലിയൊരു ആശ്വാസമാണെന്ന് ആക്ടിവിസ്റ്റ് ജോസ് മാവേലി പ്രതികരിച്ചു. തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് സുപ്രീം കോടതി ശാസിച്ച വ്യക്തി കൂടിയാണ് ജോസ് മാവേലി. തെരുവുകളിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് തെറ്റായ സന്ദേശം നല്‍കുമെന്ന് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം എം എന്‍ ജയചന്ദ്രന്‍ പറഞ്ഞു. തെരുവില്‍ നിന്ന് 10 നായ്ക്കളെ ഒരു ഷെല്‍ട്ടറിലേക്ക് മാറ്റിയാല്‍, ഒരു മാസത്തിനുള്ളില്‍ മറ്റൊരു കൂട്ടം നായ്ക്കള്‍ ആ പ്രദേശത്തെത്തും. കശാപ്പ് മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കാത്തതാണ് കേരളത്തിലെ തെരുവ് നായ ശല്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

കൊച്ചി: ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കണമെന്നു പറഞ്ഞ് സമീപിച്ച് യുവാവിനെ കബളിപ്പിച്ച് 1,35,000 രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. അശമന്നൂര്‍ നെടുങ്ങപ്ര കൂടംചിറത്ത് ലിബില ബേബി (29)യെയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം എടുത്തു വില്‍ക്കാന്‍ സഹായിക്കും എന്ന് അശമന്നൂര്‍ സ്വദേശി പത്രത്തില്‍ പരസ്യം ചെയ്തിരുന്നു. ഇതു കണ്ടാണ് യുവതി ഇയാളുമായി ബന്ധപ്പെട്ടത്. കോലഞ്ചേരിയിലെ ബാങ്കില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇത് എടുക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി ഒരു ലക്ഷം രൂപ പണമായും 35,000 രൂപ ഗൂഗിള്‍ പേ വഴിയും വാങ്ങിയശേഷം ഇവര്‍ മുങ്ങുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ സി എല്‍ ജയന്‍, എസ്‌ഐമാരായ കെ ജി ബിനോയ്, ജി ശശിധരന്‍, എഎസ്‌ഐമാരായ ബിജു ജോണ്‍, സുരേഷ് കുമാര്‍, മഞ്ജു ബിജു, സീനിയര്‍ സിപിഒമാരായ റിതേഷ്, ആശ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഇനി തിരുവനന്തപുരത്തിനും മെട്രോ; പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റ് അംഗീകരിച്ചു

ഇനി തിരുവനന്തപുരത്തിനും മെട്രോ; പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റ് അംഗീകരിച്ചു

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച്‌ സ്റ്റേഷനുകള്‍.തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അതിവേഗം വളരുന്ന തിരുവനന്തപു

കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും, അന്തിമ തീരുമാനം ഇന്ന്

കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും, അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കെ ജയകുമാറിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിർദേശിച്ചത്. സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ വലിയ രീതിയുലുള്ള പ്രതിരോധത്തിൽ നിൽക്കുകയാണ്.

ഈ സമയത്താണ് കൂടുതൽ സ്വീകാര്യനായ മുൻ ചീഫ് സെക്രട്ടറിയും ബഹുമുഖ പ്രതിഭയുമായ മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സിപിഎം സെക്രട്ടറിയേറ്റിൽ അഞ്ച് പേരുകളാണ് വന്നത്.

ഇതിൽ കൂടുതൽ പരി​ഗണന കെ ജയകുമാർ ഐഎഎസിനായിരുന്നു. മുഖ്യമന്ത്രിയടക്കം അദ്ദേഹത്തിന്റെ പേരിനാണ് മുൻതൂക്കം നൽകിയത്. പത്തനംതിട്ടയിൽ നിന്നുള്ള സതീശൻ എന്നയാളുടെ പേരാണ് ദേവസ്വം മന്ത്രി നിർദേശിച്ചത്. കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയേക്കുമോ എന്ന കാര്യത്തിൽ നാളെ തന്നെ അന്തിമ തീരുമാനം ഉണ്ടാകും. കെ ജയകുമാർ ഐഎഎസ് ഇതാദ്യമല്ല ശബരിമലയുടെ ചുമതലയിൽ വരുന്നത്. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ സ്പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ, ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

വീണ്ടും ​ഗുരുവായൂരിൽ റീൽസ് ചിത്രീകരിച്ച് ജസ്ന സലീം; കേസ്

വീണ്ടും ​ഗുരുവായൂരിൽ റീൽസ് ചിത്രീകരിച്ച് ജസ്ന സലീം; കേസ്

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ​ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരിച്ച ചിത്രകാരിയും സോഷ്യൽ മീഡിയ താരവുമായ ജസ്ന സലീമിനെതിരെ കേസെടുത്തു. പടിഞ്ഞാറെ നടയിൽ വച്ചാണ് റീൽസ് ചിത്രീകരിച്ചത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിലാണ് ​ഗുരുവായൂർ പൊലീസ് കേസെടുത്തത്. ആർഎൽ ബ്രൈറ്റ് ഇൻ എന്ന വ്ലോ​ഗർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

നേരത്തെയും ജസ്ന ​ഗുരുവായൂർ നടയിൽ വച്ച് റീൽസ് ചിത്രീകരിച്ചത് വിവാ​ദമായിരുന്നു. അന്ന് കിഴക്കേ നടയിലെ കൃഷ്ണ വി​ഗ്ര​ഹ​ത്തിൽ മാല ചാർത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത്. ദേവസ്വത്തിന്റെ പരാതിയിൽ കലാപശ്രമത്തിനാണ് അന്ന് കേസെടുത്തത്.

കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് വൈറലായ ജസ്ന ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ വച്ച് കേക്ക് മുറിച്ചതടക്കം വിവാദമായിരുന്നു. സംഭവത്തിൽ ​ദേവസ്വം നൽകിയ പരാതിയിൽ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങൾ ഭക്തർക്കുള്ള ഇടമാണെന്നും ഇത്തരത്തിൽ ചിത്രങ്ങൾ എടുത്ത് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് അം​ഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി നിലപാടെടുത്തു.