കെ.എസ്.ആര്‍.ടി.സിയില്‍ ഇനി വാട്‌സ്ആപ്പ് വഴി ടിക്കറ്റ് എടുക്കാം

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി വാട്‌സ്ആപ്പ് വഴി ടിക്കറ്റ് എടുക്കാം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം ഒരുങ്ങുന്നു. മെട്രോ റെയിൽ സംവിധാനങ്ങളുടെ മാതൃകയിൽ എ.ഐ അധിഷ്ഠിത ചാറ്റ്ബോട്ട് ഉപയോഗിച്ചാണ് കെ.എസ്.ആർ.ടി.സിയുടെ പുതിയ വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് നടക്കും. ഗതാഗത മന്ത്രി സി.പി. ജോൺ ഉദ്ഘാടനം നിർവഹിക്കും. ഇതിനായി പ്രത്യേക വാട്സ്ആപ്പ് നമ്പറും കെ.എസ്.ആർ.ടി.സി ഉടൻ പുറത്തുവിടും.

യാത്രക്കാർക്ക് വാട്‌സ്ആപ്പ് ചാറ്റിലൂടെ തന്നെ യാത്ര ആരംഭിക്കുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും തെരഞ്ഞെടുത്ത് വളരെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ആശയവിനിമയത്തിനായി മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾക്ക് പുറമേ ‘മംഗ്ലീഷ്’ ഭാഷയും ചാറ്റ്ബോട്ട് പിന്തുണയ്ക്കും.

യാത്ര സംബന്ധമായ വിവരങ്ങളും സംശയങ്ങളും ചാറ്റ്ബോട്ട് വഴി ഉടനടി ലഭ്യമാകും. സാങ്കേതിക പരിജ്ഞാനം കുറവുള്ള സാധാരണക്കാർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ എഐ അധിഷ്ഠിത ചാറ്റ്ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള വലിയൊരു ഡിജിറ്റൽ മാറ്റത്തിനാണ് ഇതിലൂടെ തുടക്കമാകുന്നത്.

കെ.എസ്.ആർ.ടി.സി.യുടെ ഡിജിറ്റൽ യാത്രാസേവനങ്ങളിലെ അടുത്ത ചുവടുവയ്പ്പായ, യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനായി AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഇന്ന് (2026 ഓഗസ്റ്റ് 6) നിലവിൽ വരും.

ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. സി. പി. ജോൺ 2026 ഓഗസ്റ്റ് 6-ന് രാവിലെ 11.00 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.

പ്രസ്തുത ചടങ്ങിൽ *സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കുള്ള അവാർഡ് ദാനം*…

*സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കെഎസ്ആർടിസി യൂണിറ്റിനുള്ള അവാർഡ് ദാനം*

*കെഎസ്ആർടിസിയുടെ 24×7 കസ്റ്റമർ കെയർ ടോൾ ഫ്രീ (149) സേവനത്തിന്റെ ഉദ്ഘാടനം*

*നവീകരിച്ച കെഎസ്ആർടിസി കൊറിയർ സംവിധാനത്തിൻ്റെ ഉദ്ഘാടനം എന്നിവയും ഗതാഗത വകുപ്പ് മന്ത്രി നിർവ്വഹിക്കുന്നു.*

ഗതാഗത സെക്രട്ടറി ശ്രീമതി.റ്റി.വി. അനുപമ IAS സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ബഹു. ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.കെ.മുരളീധരൻ അധ്യക്ഷതവഹിക്കും. കെഎസ്ആർടിസി CMD പദ്ധതികളുടെ റിപ്പോർട്ട് അവതരിപ്പിക്കും.

ദേശീയപാതയോരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

ദേശീയപാതയോരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

കണിയാപുരം പള്ളിപ്പുറത്ത് ദേശീയപാതയോരത്ത് സാമൂഹ്യ വിരുദ്ധർ തള്ളിയിട്ടിരുന്ന മാലിന്യം നീക്കം ചെയ്യാനെത്തിയ ഹരിത കർമ്മ സേന അംഗങ്ങളാണ് റോഡരുകിൽ വളർന്ന നിന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപെട്ടതോടെ ഹരിത കർമ്മസേന അംഗങ്ങൾ ഉടൻ തന്നെ പഞ്ചായത്ത് പ്രെസിഡന്റിനേയും പോലീസുകാരേയും വിവരം അറിയിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി കഞ്ചാവ് ചെടി പിഴുത് മാറ്റി. ദേശീയപാതയോരത്ത് കഞ്ചാവ് ചെടി വളർന്നത് ആശങ്കയ്ക്കു ഇടവരുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ നിരീക്ഷണം ശക്തമാക്കണമെന്നു നാട്ടുകാർ ആവശ്യപെടുന്നു.

മുതലപ്പൊഴി അപകടം : ഫ്രീമോന്റെയും ഷിജിന്റെയും വീടുകളിൽ ബിജെപി സന്ദർശനം

മുതലപ്പൊഴി അപകടം : ഫ്രീമോന്റെയും ഷിജിന്റെയും വീടുകളിൽ ബിജെപി സന്ദർശനം

മുതലപ്പൊഴി അപകടത്തിൽപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് ബിജെപി.
ഭാരതീയ ജനത പാർട്ടി തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് എസ് ആർ റജികുമാറിന്റെ നേതൃത്വത്തിലാണ് അപകടത്തിൽപ്പെട്ടവരുടെ വീടുകളിലെത്തി കുടുംബഅംങ്ങളെ കണ്ടത്. കഴിഞ്ഞ 31 ന് മുതലപ്പൊഴിയിൽ ഉണ്ടായ അപകടത്തിൽ അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവ് സ്വദേശികളായ ഫ്രീമോൻ (26), ഷിജിൻ (32) തുടങ്ങിയവരെ കാണാതായിരുന്നു. ഇവരിൽ ഫ്രീമോന്റെ മൃതദേഹം ഞായറാഴ്ചയോടെ കണ്ടെത്തിയിരുന്നു. ഷിജിനെ കണ്ടെത്താനായിരുന്നില്ല.

ഇരു കുടുംബങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. അപകടം സംഭവിച്ച് ദിവസങ്ങൾ കഴിയുമ്പോഴും ഷിജിനെ കണ്ടെത്താൻ കഴിയാത്തതിൽ ബന്ധുക്കളുടെ ആശങ്കകൾ കേട്ടറിഞ്ഞ അദ്ദേഹം പാർട്ടിയുടെ ഭാഗത്ത് നിന്നും മുതലപ്പൊഴിയിലെ സുരക്ഷാ ക്രമീകണങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്നും ബന്ധുക്കൾക്ക് ഉറപ്പുനൽകി.

തുടർന്ന്, മുതലപ്പൊഴി അഴിമുഖ ചാലിൽ എത്തിയ അദ്ദേഹം അഴിമുഖ ചാലിലെ സ്ഥിതിഗതികളും നിർമ്മാണ പ്രവർത്തികളുടെ പുരോഗതികളും വിലയിരുത്തി. മുതലപ്പൊഴിയിലെ സുരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും തെരച്ചിൽ സംബന്ധമായി മുങ്ങൽ വിദഗ്ധരുടെ സേവനം അടിയന്തിരമായി ഉറപ്പ് വരുത്തുവാനുമുള്ള നടപടികൾ വേഗത്തിലാക്കുവാനും മുതലപ്പൊഴി ഹാർബർ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രാകേഷ് എം എസ് നെ ഓഫീസിലെത്തികണ്ട് ആവിശ്യപ്പെട്ടു.

ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രഭാരി ഭൂവനേന്ദ്രൻ നായർ, മുൻ എൻഡിഎ സ്ഥാനാർത്ഥി ബി എസ് അനൂപ്, ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, ജനറൽ സെക്രട്ടറി ബൈജു എസ്, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് വത്സലൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഓപ്പറേഷൻ തൂഫാൻ: എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) കൂട്ടയോട്ടം സംഘടിപ്പിച്ചു

ഓപ്പറേഷൻ തൂഫാൻ: എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) കൂട്ടയോട്ടം സംഘടിപ്പിച്ചു

ഓപ്പറേഷൻ തൂഫാന്റെ പ്രചരണാർത്ഥം എസ്.പി.സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) കൂട്ടയോട്ടം സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് സെന്റ് ജോസഫ് എച്ച്.എസ്.എസ്, കഠിനംകുളം സെന്റ് മൈക്കിൾ എച്ച്.എസ്.എസ്, കടയ്ക്കാവൂർ എസ്.എസ്.പി.ബി എച്ച്.എസ്.എസ്, വക്കം ജി.വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളുടെ സംയുക്താഭിമുഖ്യത്തിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.

അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടത്തിന്റെ ഉദ്ഘാടനം കടയ്ക്കാവൂർ സർക്കിൽ ഇൻസ്‌പെക്ടർ സൈജു കെ നിർവ്വഹിച്ചു. പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം അഞ്ചുതെങ്ങ് പോലീസ് സബ് ഇൻസ്‌പെക്ടർ ജയകുമാർ നിർവ്വഹിച്ചു. അഞ്ചുതെങ്ങ് ജെൻക്ഷനിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം കായിക്കര ആശാൻ സ്മാരകത്തിൽ സമാപിച്ചു.

പരിപാടിയിൽ തിരുവനന്തപുരം റൂറൽ ജില്ല എസ്.പി.സി എ.ഡി.എൻ.ഒ സുഭാഷ് കുട്ടികൾക്ക് പരേഡ് പ്രാക്ടീസ് നൽകി. കടയ്ക്കാവൂർ പോലീസ് സബ് ഇൻസ്‌പെക്ടർ ജയപ്രകാശ്, ഡ്രിൽ ഇൻസ്‌ട്രെക്ടർമാർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

കർഷക അവാർഡ്: അപേക്ഷകൾ ക്ഷണിക്കുന്നു

കർഷക അവാർഡ്: അപേക്ഷകൾ ക്ഷണിക്കുന്നു

ചിങ്ങം 1 കർഷക ദിനാചരണത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്നു. കഴിഞ്ഞ 3 വർഷത്തിനിടയിൽ കർഷക അവാർഡ് ലഭിക്കാത്ത പഞ്ചായത്തിലെ മികച്ച ജൈവകൃഷി അവലംബിക്കുന്നവർ, മികച്ച വനിതാ കർഷക, മികച്ച വിദ്യാർത്ഥി കർഷകൻ/ കർഷക, മികച്ച മുതിർന്ന കർഷകൻ/ കർഷക, മികച്ച എസ്.സി/ എസ്.റ്റി വിഭാഗത്തിലുള്ള കർഷകർ, മികച്ച ക്ഷീര കർഷകൻ/ കർഷക തുടങ്ങിയ കാറ്റഗറികളിലേയ്ക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ ആഗസ്റ്റ്‌ ഏഴ് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കകം കൃഷിഭവനിൽ എത്തിക്കണം.

യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശനി ബസ് സർവീസ് കടയ്ക്കാവൂർ പഞ്ചായത്തിലും ആരംഭിച്ചു

യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശനി ബസ് സർവീസ് കടയ്ക്കാവൂർ പഞ്ചായത്തിലും ആരംഭിച്ചു

യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന പ്രിയദർശനി ബസ് സർവീസ് കടയ്ക്കാവൂർ പഞ്ചായത്തിലും ആരംഭിച്ചു. അഞ്ചുതെങ്ങ് പെരുമാതുറ കോവളം വിഴിഞ്ഞം പൂവാർ വഴി പോകുന്ന ബസ് റൂട്ട് ആണ് എംഎൽഎ കുമാരി രമ്യ ഹരിദാസ് അനുവദിച്ചു നൽകിയത്.

യോഗത്തിൽ കടയ്ക്കാവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആ ആർ സജികുമാർ അധ്യക്ഷത വഹിക്കുകയും ഷിറാസ് സ്വാഗതം പറയുകയും എംഎൽഎ ഉദ്ഘാടനം നിർവഹിക്കുകയും ബസിന്റെ ഫ്ലാഗ് ഓൺ നടത്തുകയും ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഭയൻ DCC മെമ്പർ റസൂൽ ഷാൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൻസാർ പെരുംകുളം, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൂഡ് ജോർജ്, പഞ്ചായത്ത് മെമ്പർമാർ ജിജി, അസീന അൻസർ, യൂത്ത് കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് ആകാശ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അനു കടയ്ക്കാവൂർ, കൃഷ്ണകുമാർ കടയ്കാവൂർ, ദളിത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് സുജിത്ത്, റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.