‘കരിക്ക്’ ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

‘കരിക്ക്’ ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

മലയാളത്തിലെ ഏറെ ആരാധകരുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്‌സ് ‘’കരിക്ക്” ടീം ആദ്യമായി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു കരിക്ക് സ്റ്റുഡിയോസിനൊപ്പം ഈ ചിത്രം നിർമ്മിക്കും. നിഖിൽ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്.

ഡോക്ടർ അനന്തു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കരിക്ക് ബിഗ് സ്ക്രീനിലെത്തുന്ന പ്രൊജക്റ്റ്. നിഖിൽ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഡിജിറ്റൽ പ്ലാറ്റഫോം കൂടിയാണ്. തേരാ പാര മുതലുള്ള കരിക്ക് വെബ് സീരീസ് ആരാധകരായുള്ള പ്രേക്ഷകർക്ക് വലിയ ആഹ്ലാദം പകർന്ന പ്രഖ്യാപനം ആണ് കരിക്കിന്റെ സിനിമ പ്രവേശം. കരിക്ക് ടീം ഒരുക്കുന്ന ആദ്യ സിനിമയുടെ ടൈറ്റിൽ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടും. 2025 ഡിസംബറിൽ ചിത്രീകരണം ആരംഭിച്ച്, അടുത്ത വർഷം തിയറ്ററുകളിൽ എത്തിക്കാൻ പാകത്തിനാണ് ചിത്രം പ്ലാൻ ചെയ്യുന്നത്. “കരിക്ക്” ടീം ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന വാർത്ത വന്നത് മുതൽ കരിക്ക് ആരാധകരും സിനിമാ പ്രേമികളും ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആണിത്.

മികച്ച ഉള്ളടക്കക്കത്തിൽ മലയാളിയുടെ ആസ്വാദന നിലവാരം ഉൾക്കൊണ്ടു കൊണ്ട് ഓരോ കണ്ടന്റ്റും ഒരുക്കുന്ന കരിക്ക് ടീമിനൊപ്പം മലയാളത്തിലെ യുവ സംരഭകനായ ഡോക്ടർ അനന്തുവിന്റെ പ്രൊഡക്ഷൻ ബാനർ കൈകോർക്കുന്ന വിഡിയോക്കും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്‌.

2018-ൽ നിഖിൽ പ്രസാദ് സ്ഥാപിച്ച “കരിക്ക്” യൂട്യൂബ് ചാനൽ ഇതിനോടകം 10 മില്യണോളം സബ്സ്ക്രൈബേർസ് നേടിയെടുത്ത ഡിജിറ്റൽ കണ്ടെൻറ് പ്ലാറ്റ്‌ഫോമാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്.

‘കരിക്ക്’ വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും കരിക്ക് സിനിമയുടെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.

ദക്ഷിണേന്ത്യയിലെ മുൻ നിര എഡ് ടെക് സ്ഥാപനമായ സൈലം സ്ഥാപകനും പരിശീലകനുമായ ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സ് നിർമ്മിക്കുന്ന ആദ്യ ചിത്രമായ “അതിരടി” യുടെ ചിത്രീകരണം അങ്കമാലിയിലെ കോളേജിൽ പുരോഗമിക്കുകയാണ്. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ മൾട്ടിസ്റ്റാർ ചിത്രവും അടുത്ത വർഷം പ്രേക്ഷകരുടെ മുന്നിലെത്തും.

അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തീയേറ്റേറുകളെ ഇളക്കി മറിക്കുന്ന, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളുമായാണ് അടുത്ത വർഷം ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സ് എത്തുക. പിആർഒ – വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം

തിരുവനന്തപുരം: കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. 5 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

1970-കളില്‍ ‘ബംഗാള്‍’ എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്. 1998ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പുരസ്‌കാരത്തിന് അര്‍ഹനായി. ‘കെ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍’ക്ക് 2002-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2019ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു. ആധുനിക മലയാള കവിതയുടെ മുഖം എന്ന് വിശേഷിപ്പിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.

1947ല്‍ കൊല്ലം ജില്ലയിലെ ചവറയിലാണ് കെജിഎസിന്റെ ജനനം. വിവിധ സര്‍ക്കാര്‍ കോളജുകളില്‍ മലയാളവിഭാഗം അധ്യാപകനായി പ്രവര്‍ത്തിച്ചു. എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ആയിരുന്നു. ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. എന്‍ എസ് മാധവന്‍ ചെയര്‍മാനും കെ ആര്‍ മീര, ഡോ. കെ എം അനില്‍ എന്നിവര്‍ അംഗങ്ങളും കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവായി കെ ജി ശങ്കരപ്പിള്ളയെ തെരഞ്ഞെടുത്തത്.

കോരാണി എൽ പി എസിനു അനുവദിച്ച പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം നടന്നു

കോരാണി എൽ പി എസിനു അനുവദിച്ച പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം നടന്നു

കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കോരാണി എൽ പി എസിനു അനുവദിച്ച പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം വി ശശി എം എൽ എ നിർവഹിച്ചു. മംഗലാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, വൈസ് പ്രസിഡണ്ട്‌ ജി മുരളീധരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ കെ പി ലൈല, വനജകുമാരി, വാർഡ്‌ മെമ്പർ ജുമൈലാബീവി,എസ് എം സി ചെയർമാൻ മനോജ്‌ ഡി എം, ഹെഡ്‌മിസ്ട്രസ്, പി ടി എ പ്രസിഡന്റ്‌ ശരണ്യ. ബി, രാജീവ്‌. പി. സുന്ദരേശൻ, കെ ജി അനിൽകുമാർ, പി. അർച്ചന എന്നിവർ സംസാരിച്ചു.

ജി വി ആർ എം യു പി എസ് നാഗരുകാവ് പുലിയൂർക്കോണം റോഡിന്റെ നിർമ്മാണോൽഘാടനം നടന്നു

ജി വി ആർ എം യു പി എസ് നാഗരുകാവ് പുലിയൂർക്കോണം റോഡിന്റെ നിർമ്മാണോൽഘാടനം നടന്നു

ജി വി ആർ എം യു പി എസ് നാഗരുകാവ് പുലിയൂർക്കോണം റോഡ് നിർമ്മാണോൽഘാടനം ചിറയികീഴ് എം എൽ എ വി ശശി നിർവഹിച്ചു. 5.ആം വാർഡ് മെമ്പർ പ്രസന്ന അധ്യക്ഷത വഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് 3ആം വാർഡ്മെമ്പറും ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വിനിത. ഏരിയ കമ്മിറ്റി അംഗം വേണുഗോപാലൻ നായർ ലോക്കൽ കമ്മിറ്റി അംഗം പ്രദീപ്. ബ്രാഞ്ച് അംഗങ്ങൾ സുരേഷ്, സുനിൽ, സാജൻ, വേണു നായർ, സുനിൽ, വനജാബിക, സിന്ധു, രാജശേഖരൻ, കാട്ടുമ്പുറം ബ്രാഞ്ച് സെക്രട്ടറി ഗോപകുമാർ.ജി നന്ദിയും രേഖപ്പെടുത്തി.

ഇന്ന് (നവംബർ 1) മുതൽ ഉപഭോക്താക്കൾക്ക് വിവിധ ഓഫറുകളുമായി സപ്ലൈകോ

ഇന്ന് (നവംബർ 1) മുതൽ ഉപഭോക്താക്കൾക്ക് വിവിധ ഓഫറുകളുമായി സപ്ലൈകോ

നവംബർ 1 മുതൽ ഉപഭോക്താക്കൾക്ക് ആകർഷണീയമായ ഓഫറുകളുമായി സപ്ലൈകോ. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന വിലക്കുറവിന് പുറമേ ആണിത്. നവംബർ ഒന്നു മുതൽ എല്ലാം നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും.

ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും. ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവിൽ നൽകും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉൽപ്പന്നം നവംബർ ഒന്നു മുതൽ 44 രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും. വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് 5% അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. 500 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപയ്ക്കാണ് നൽകുക. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേൽ സപ്ലൈകോ വില്പനശാലകളിൽ യുപിഐ മുഖേന പണം അടക്കുകയാണെങ്കിൽ അഞ്ചു രൂപ വിലക്കുറവും നൽകും. സപ്ലൈകോയുടെ 50 വർഷ ആഘോഷങ്ങളുടെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് വിലക്കുറവും ഓഫറുകളും നൽകുന്നത്. നവംബർ ഒന്നു മുതൽ 50 ദിവസത്തേക്കാണ് ഈ പദ്ധതികൾ നടപ്പാക്കുക.

മുഹമ്മ പോലീസ് സ്റ്റേഷന് മുഖ്യമന്ത്രിയുടെ ട്രോഫി

മുഹമ്മ പോലീസ് സ്റ്റേഷന് മുഖ്യമന്ത്രിയുടെ ട്രോഫി

2024 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫിക്ക് ആലപ്പുഴ ജില്ലയിലെ മുഹമ്മ പോലീസ് സ്റ്റേഷന്‍ അര്‍ഹമായി. 2024 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. തൃശ്ശൂര്‍ റൂറലിലെ
കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനാണ് രണ്ടാം സ്ഥാനം. കാസർഗോഡ് ജില്ലയിലെ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി അധ്യക്ഷനായ സമിതിയാണ് മികച്ച പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. ഇന്ന് (നവംബര്‍ ഒന്ന്, ശനിയാഴ്ച) രാവിലെ എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.