by Midhun HP News | Oct 19, 2025 | Latest News, ജില്ലാ വാർത്ത
തൊടുപുഴ: ഇടുക്കിയില് തുടരുന്ന കനത്ത മഴയെത്തുടര്ന്ന് മുല്ലപ്പെരിയാര് അണക്കെട്ടില് ജലനിരപ്പ് ഉയരുകയാണ്. ഡാമിലെ ജലനിരപ്പ് ഇപ്പോള് 139.30 അടിയായി. അണക്കെട്ടിന്റെ 13 ഷട്ടറുകള് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയാണ്.
സെക്കന്റില് 8800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഈ സാഹചര്യത്തില് പെരിയാര് നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര് അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം നിര്ദേശിച്ചു. വൃഷ്ടിപ്രദേശത്തെ കനത്ത മഴയെത്തുടര്ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 24 മണിക്കൂറിനിടെ ആറടിയോളമാണ് ഉയര്ന്നത്. റബള് കര്വ് പ്രകാരമുള്ള സംഭരണശേഷി പിന്നിട്ടതിനെത്തുടര്ന്ന് ഇന്നലെ രാവിലെ ആദ്യം മൂന്നു ഷട്ടറുകള് തുറന്നു. നീരൊഴുക്ക് കൂടുന്നത് കണക്കിലെടുത്ത് പിന്നീട് 13 ഷട്ടറുകളും ഉയര്ത്തുകയായിരുന്നു.


by Midhun HP News | Oct 19, 2025 | Latest News, ജില്ലാ വാർത്ത
അടിമാലി: കുമളിയില് ഇന്നലെ രാത്രി പെയ്ത കനത്ത മഴയെത്തുടര്ന്നുള്ള മലവെള്ളപ്പാച്ചിലില് രൂപപ്പെട്ട വെള്ളക്കെട്ടില് കനത്ത നാശം. കുമളി ടൗണിലും സമീപപ്രദേശങ്ങളിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ഒന്നാം മൈല് ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്.
അടിമാലി: കുമളിയില് ഇന്നലെ രാത്രി പെയ്ത കനത്ത മഴയെത്തുടര്ന്നുള്ള മലവെള്ളപ്പാച്ചിലില് രൂപപ്പെട്ട വെള്ളക്കെട്ടില് കനത്ത നാശം. കുമളി ടൗണിലും സമീപപ്രദേശങ്ങളിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. ഒന്നാം മൈല് ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്.
കുമളി ചെളിമടയ്ക്ക് സമീപം കെ കെ റോഡില് മരം കടപുഴകി വീണതിനെത്തുടര്ന്ന് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കുമളി പത്തുമുറി റൂട്ടില് മണ്ണിടിച്ചിലിനെത്തുടര്ന്ന് ഗതാഗതം പൂര്ണമായി സ്തംഭിച്ചു. കുമളി പ്രദേശത്തെ തോടുകളും നീര്ച്ചാലുകളുമെല്ലാം നിറഞ്ഞു കഴിഞ്ഞൊഴുകുകയാണ്.


by Midhun HP News | Oct 19, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തെക്ക് കിഴക്കന് അറബിക്കടലിലും അതിനോട് ചേര്ന്നുള്ള കേരള കര്ണാടക തീരങ്ങള്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമര്ദ്ദം ശക്തി കൂടിയ ന്യൂനമര്ദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തീവ്ര ന്യൂനമര്ദ്ദമായി മാറി ശക്തിപ്രാപിക്കാന് സാധ്യത. മാന്നാര് കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കന് ആന്ഡമാന് കടലിലും അതിനോട് ചേര്ന്ന തെക്ക്-കിഴക്കന് ബംഗാള് ഉള്ക്കടലിലും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തില് പലയിടത്തും മിന്നല്പ്രളയങ്ങള്ക്കും സാധ്യതയുണ്ട്. മലപ്പുറം, കണ്ണൂര്, കോഴിക്കോട്, കാസര്കോട് ജില്ലകളിലും ലക്ഷദ്വീപിലും ഞായറാഴ്ച തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്, പാലക്കാട്, വയനാട് ജില്ലകളില് യെല്ലോ അലര്ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഒക്ടോബര് 21-ഓടെ തെക്ക്-കിഴക്കന് ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദം രൂപപ്പെടാന് സാധ്യതയുണ്ട്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, തുടര്ന്നുള്ള 48 മണിക്കൂറിനുള്ളില് തെക്കന് ബംഗാള് ഉള്ക്കടലിന്റെ മദ്ധ്യഭാഗങ്ങളിലും അതിനോട് ചേര്ന്ന പടിഞ്ഞാറന്-മദ്ധ്യ ബംഗാള് ഉള്ക്കടലിലുമുള്ള ഭാഗങ്ങളിലും തീവ്ര ന്യൂനമര്ദ്ദമായി ശക്തിപ്രാപിക്കാന് സാധ്യത. കേരളത്തില് ഒക്ടോബര് 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും 30-40 കിലോമീറ്റര് വേഗതയില് കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്ദേശം
കേരള – കര്ണാടക – ലക്ഷദ്വീപ് തീരങ്ങളില് ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്ണാടക തീരങ്ങളിലും അതിനോട് ചേര്ന്ന കടല് പ്രദേശങ്ങളിലും മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കന്യാകുമാരി പ്രദേശം, മാലിദ്വീപ്, തെക്കു കിഴക്കന് അറബിക്കടല്, മധ്യ കിഴക്കന് അറബിക്കടലിനോട് ചേര്ന്ന ഭാഗങ്ങള്, ഗള്ഫ് ഓഫ് മന്നാര് എന്നിവിടങ്ങളില് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. നാളെ ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 65 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


by Midhun HP News | Oct 18, 2025 | Latest News, ജില്ലാ വാർത്ത
വര്ക്കലയില് പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര് തമ്മിലുണ്ടായ സംഘര്ഷത്തിനിടെ തലയ്ക്ക് അടിയേറ്റ് കാമുകന്റെ സുഹൃത്ത് കൊല്ലപ്പെട്ടു. കൊല്ലം ചിറ്റുമല സ്വദേശി അമലാണ് ക്രൂര മര്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ഒരാഴ്ച മുമ്പായിരുന്നു സംഭവം. കാമുകനായിരുന്ന യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേക്കുറിച്ച് സംസാരിക്കാന് വര്ക്കല കണ്ണമ്പയിലുള്ള വീട്ടില് എത്തിയപ്പോൾ ആയിരുന്നു സംഘർഷവും കൊലപാതകവും നടന്നത്. പ്രണയബന്ധം തകർന്നതിനെ തുടർന്ന് കഴിഞ്ഞ കുറെ കാലങ്ങളായി ഇത് കുടുംബങ്ങളും തമ്മിൽ ഫോൺ വഴി തർക്കങ്ങൾ നടന്നുവരികയായിരുന്നു. ഇത് സംസാരിച്ച് പരിഹരിക്കുന്നതിന് വേണ്ടിയാണ് അമലും സുഹൃത്തായ യുവാവും ബന്ധുക്കളും കണ്ണമ്പയിലെ പെൺകുട്ടിയുടെ വീടിന് സമീപത്ത് എത്തിയത്. തുടർന്നു വാക്കു തർക്കം ഉണ്ടാവുകയും പെൺകുട്ടിയുടെ ബന്ധുക്കൾ അമലിനെ ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു.
തുടർന്ന് വീട്ടിലേക്ക് മടങ്ങിയ അമൽ പിറ്റേന്ന് രാവിലെ കൂടുതൽ അവശനാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. തെങ്ങിൽ നിന്ന് വീണ് പരിക്കുപറ്റി എന്നാണ് ആശുപത്രിയിൽ ബന്ധുക്കൾ പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ പതിനേഴാം തീയതിയാണ് അമൽ മരണപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ പിതാവും ബന്ധുക്കളുമായ
വർക്കല കണ്ണംബ സ്വദേശി സുരേഷ്, രാജേഷ്, അജിത്ത് എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.


by Midhun HP News | Oct 18, 2025 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: പരിക്കു മാറിയിട്ടും പേസര് മുഹമ്മദ് ഷമിയെ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ പരിമിത ഓവര് പരമ്പരയിലേക്കുള്ള രണ്ട് ടീമുകളിലേക്കും സെലക്ടര്മാര് പരിഗണിച്ചിരുന്നില്ല. ടീമിലേക്ക് പരിഗണിക്കാത്തതിനെ തുടര്ന്നു സെലക്ടര്മാരെ പരോക്ഷമായി ട്രോളി താരം രംഗത്തെത്തിയതു വലിയ ചര്ച്ചയായിരുന്നു. ഷമിയുടെ കുറിപ്പിനെക്കുറിച്ചും ഷമിയെ എന്തുകൊണ്ടു ടീമില് എടുത്തില്ലെന്ന ചോദ്യത്തിനും മറുപടി നല്കി ചീഫ് സെലക്ടര് അജിത് അഗാര്ക്കര്.
രഞ്ജി കളിച്ച് ഫിറ്റ്നസ് തെളിയിച്ചാല് ഷമിയെ ഇന്ത്യന് ടീമിലേക്ക് വീണ്ടും പരിഗണിക്കുമെന്നായിരുന്നു അഗാര്ക്കറുടെ മറുപടി. ഒരു മാധ്യമ പരിപാടിയില് സംസാരിക്കവേയാണ് അദ്ദേഹം ഷമിയെക്കുറിച്ചു വ്യക്തമാക്കിയത്.
‘അദ്ദേഹത്തിനു എന്തെങ്കിലും പരിഭവമുണ്ടെങ്കില് അത് നേരിട്ടെന്നെ വിളിച്ചു പറയാം. അതിനുള്ള സ്വാതന്ത്ര്യം എല്ലാ താരങ്ങള്ക്കും ഞാന് നല്കിയിട്ടുണ്ട്. സമൂഹ മാധ്യമത്തില് അദ്ദേഹം എന്താണ് പറഞ്ഞതെന്നു എനിക്കറിയില്ല. അതു ഞാന് കണ്ടിട്ടില്ല. കണ്ടിരുന്നെങ്കില് അദ്ദേഹത്തെ ഞാന് നേരിട്ടു വിളിക്കുമായിരുന്നു. എന്റെ ഫോണ് എപ്പോഴും ഓണായിരിക്കും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന് അദ്ദേഹവുമായി ഒന്നിലധികം തവണ സംസാരിച്ചിട്ടുണ്ട്. അതേക്കുറിച്ച് പരസ്യമായി പറയാന് ഞാന് ആഗ്രഹിക്കുന്നില്ല.’
‘ഷമി അസാധ്യ താരമാണ്. അദ്ദേഹത്തിനു ചിലപ്പോള് മറ്റെന്തെങ്കിലും എന്നോടു പറയാന് ഉണ്ടാകും. ഇംഗ്ലണ്ട് പര്യടനത്തിനു മുന്പ് ഫിറ്റായിരുന്നെങ്കില് അദ്ദേഹം ആ വിമാനത്തില് ഉണ്ടാകുമായിരുന്നു. നിര്ഭാഗ്യത്തിനു അദ്ദേഹം കളിക്കാനുള്ള ശാരീരിക ക്ഷമതയിലായിരുന്നില്ല. എന്തായാലും ഇപ്പോള് ആഭ്യന്തര സീസണ് ആരംഭിച്ചല്ലോ. അദ്ദേഹം ഫിറ്റാണോ എന്നു നോക്കാം. രഞ്ജിയുടെ ആദ്യ റൗണ്ട് പോരാട്ടങ്ങളാണ് ഇപ്പോള് നടക്കുന്നത്. ടൂര്ണമെന്റില് അദ്ദേഹം പന്തെറിയുന്നതു മികവോടെയാണോ എന്നു പരിശോധിക്കാനുള്ള അവസരമുണ്ടല്ലോ.’
‘ഒരു വര്ഷത്തോളമായി ഷമിയെ പ്രതീക്ഷിച്ചാണ് ടീം നില്ക്കുന്നത്. ഓസ്ട്രേലിയന് പര്യടനത്തിനുള്ള ടീമിലേക്ക് പോലും അദ്ദേഹത്തെ പരിഗണിക്കാന് സെലക്ടര്മാര് ആഗ്രഹിച്ചിരുന്നു. എന്നാല് ഷമി ഫിറ്റ്നസ് തെളിയിക്കാത്തതാണ് തടസമായത്. ഏതു ടീമാണ് ഷമിയെ പോലെയൊരു ബൗളറെ ആഗ്രഹിക്കാത്തത്. അടുത്ത കുറച്ചു മാസങ്ങള്ക്കുള്ളില് ഫിറ്റ്നസ് ടെസ്റ്റ് പാസായാല് കാര്യങ്ങള് വ്യത്യസ്തമായിരിക്കും’- അഗാർക്കർ വിശദീകരിച്ചു.
ചാംപ്യന്സ് ട്രോഫി പോരാട്ടത്തിനു ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല. ടൂര്ണമെന്റില് വരുണ് ചക്രവര്ത്തിക്കൊപ്പം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല് വിക്കറ്റെടുത്ത താരമായിരുന്നു ഷമി. പിന്നീട് പരിക്കേറ്റ് താരം വിശ്രമത്തിലായിരുന്നു. നിലവില് താരം ബംഗാളിനായി രഞ്ജി ട്രോഫി കളിക്കുന്നുണ്ട്. ആദ്യ മത്സരത്തില് തന്നെ മികച്ച ബൗളിങാണ് ഷമി പുറത്തെടുത്തത്.


by Midhun HP News | Oct 18, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മമിത ബൈജു, പ്രദീപ് രംഗനാഥൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി തിയറ്ററുകളിലെത്തിയ ചിത്രമാണ് ഡ്യൂഡ്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇൻഡസ്ട്രി ട്രാക്കിങ് വെബ്സൈറ്റായ സ്കാനിൽക്കിന്റെ റിപ്പോർട്ട് പ്രകാരം എല്ലാ ഭാഷകളിൽ നിന്നുമായി ആദ്യ ദിനം 10 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.
ഇതോടെ പ്രദീപ് രംഗനാഥന്റെ കരിയറിലെ റെക്കോർഡ് ബ്രേക്കിങ് ആയി മാറിയിരിക്കുകയാണ് ചിത്രം. നടന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് ആണിത്. ഇതിന് മുൻപ് പ്രദീപ് നായകനായെത്തിയ ഡ്രാഗൺ ആദ്യ ദിനം 7.6 കോടിയും ലവ് ടുഡേ ആദ്യ ദിനം 2.85 കോടിയുമാണ് നേടിയത്. ഈ വാരാന്ത്യം അടുക്കുമ്പോഴേക്കും ചിത്രം മികച്ച കളക്ഷൻ നേടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ.
അതേസമയം ചിത്രത്തിലെ മമിതയുടെ കഥാപാത്രത്തിന് നിരവധി പ്രശംസകളാണ് ലഭിക്കുന്നത്. നവാഗതനായ കീർത്തിശ്വരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഗൻ (പ്രദീപ് രംദനാഥൻ), കുരൽ (മമിത) എന്നീ രണ്ട് പേരുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. ഇരുവരും ഒന്നിച്ച് “ഡ്യൂഡ് ഗ്രൂപ്പ്” എന്നൊരു ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങുന്നു. ഇതിനിടെ കുരലിന് അഗനോട് പ്രണയം തോന്നുകയും അഗൻ നിരസിക്കുകയും ചെയ്യുന്നു.പിന്നീട് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ഡ്യൂഡ്. ശരത്കുമാർ, രോഹിണി, ഹൃദു ഹാരൂൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സായ് അഭ്യങ്കർ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് ചിത്രം കേരളത്തിൽ റിലീസിനെത്തിച്ചിരിക്കുന്നത്.
Recent Comments