ആറ്റിങ്ങൽ ഉപജില്ല ശാസത്രോത്സത്തിനു സമാപനം

ആറ്റിങ്ങൽ ഉപജില്ല ശാസത്രോത്സത്തിനു സമാപനം

ആറ്റിങ്ങൽ ഉപജില്ല ശാസത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഉദ്ഘാടനവും സമ്മാന വിതരണവും നടത്തി. ചടങ്ങിൽ ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ തുളസിധരൻ പിള്ള, ഡോ. പി സന്തോഷ്‌കുമാർ, ഷാജികുമാർ എന്നിവർ പങ്കെടുത്തു.

ഹൃദയാഘാതം; കവി ഡോ. ചായം ധര്‍മ്മരാജന്‍ അന്തരിച്ചു

ഹൃദയാഘാതം; കവി ഡോ. ചായം ധര്‍മ്മരാജന്‍ അന്തരിച്ചു

തിരുവനന്തപുരം: പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കൗണ്‍സില്‍ അംഗവും കവിയും അധ്യാപകനുമായ വിതുര വലിയ താന്നിമൂട് ചുണ്ട കരിക്കകം നിലാവില്‍ ഡോ. ചായം ധര്‍മ്മരാജന്‍ (57) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

എകെജിസിടിയുടെ വിവിധ യൂണിറ്റുകളിലെ പ്രസിഡന്റായും ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ചായം ധര്‍മ്മരാജന്റെ വിയോഗത്തില്‍ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ കോളജുകളില്‍ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എകെജിസിടിയുടെ വിവിധ യൂണിറ്റുകളിലെ പ്രസിഡന്റായും ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ചായം ധര്‍മ്മരാജന്റെ വിയോഗത്തില്‍ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ കോളജുകളില്‍ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിതുരയ്ക്കടുത്തുള്ള ചായം ഗ്രാമത്തിലാണ് ജനനം. 2002ലാണ് കട്ടപ്പന ഗവ. കോളേജില്‍ അധ്യാപകനായി ജോലി ലഭിച്ച ത്. പിന്നീട് ആറ്റിങ്ങല്‍ ഗവ. കോളേജ്, ഗവ. വിമന്‍സ് കോളേജ് തിരുവനന്തപുരം, നെടുമങ്ങാട് ഗവ. കോളേജ് തുടങ്ങിയയിടങ്ങളില്‍ മലയാള വിഭാഗത്തിന്റെ തലവനായി. നിരവധി കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരിയും എഴുത്തുകാരിയുമായ ഡോ. കവിതയാണ് ഭാര്യ.

2 സെഞ്ച്വറികള്‍, 1 അര്‍ധ സെഞ്ച്വറി; ബാറ്റെടുത്തവരെല്ലാം 35 റണ്‍സ് കടന്നു!

2 സെഞ്ച്വറികള്‍, 1 അര്‍ധ സെഞ്ച്വറി; ബാറ്റെടുത്തവരെല്ലാം 35 റണ്‍സ് കടന്നു!

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും സായ് സുദര്‍ശന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. കെഎല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരും മികച്ച ബാറ്റിങുമായി കളം വാണു.

ഗില്‍ സെഞ്ച്വറി നേടിയതിനു പിന്നാലെ ധ്രുവ് ജുറേല്‍ അര്‍ധ ശതകം നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും താരം 44 റണ്‍സില്‍ പുറത്തായി. പിന്നാലെയാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഗില്‍ 196 പന്തുകള്‍ നേരിട്ട് 16 ഫോറും 2 സിക്‌സും സഹിതം 129 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കു നഷ്ടമായ അഞ്ചില്‍ മൂന്ന് വിക്കറ്റുകളും ജോമല്‍ വാറിക്കനാണ് സ്വന്തമാക്കിയത്. ജുറേലിന്റെ വിക്കറ്റ് വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സിനാണ്. യശസ്വി ജയ്‌സ്വാള്‍ റണ്ണൗട്ടായി.

2 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് ഇന്ന് യശസ്വി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (38), സായ് സുദര്‍ശന്‍ (87) എന്നിവരാണ് ആദ്യ ദിവസം പുറത്തായത്.

ടെസ്റ്റ് നായകനായ ശേഷം ഗില്‍ ഇന്ത്യന്‍ മണ്ണില്‍ നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ പത്താം ശതകമാണ് ഡല്‍ഹിയില്‍ പിറന്നത്. 13 ഫോറുകളും ഒരു സിക്‌സും സഹിതം ഗില്‍ 177 പന്തില്‍ 102 റണ്‍സെടുത്താണ് ശതകത്തിലെത്തിയത്. ടെസ്റ്റ് നായക പദവിയിലെത്തിയ ശേഷം ഗില്‍ നേടുന്ന അഞ്ചാം സെഞ്ച്വറിയെന്ന പ്രത്യേകതയും ഇന്നിങ്‌സിനുണ്ട്.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇരട്ട ശതകത്തിലെത്തും മുന്‍പ് മടങ്ങി. ഇന്നലത്തെ സ്‌കോറിനോട് 2 റണ്‍സ് ചേര്‍ത്ത് താരം 175 റണ്‍സുമായി പുറത്തായി. 22 ഫോറുകള്‍ സഹിതമാണ് താരം 175ല്‍ എത്തിയത്. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് യശസ്വി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കുറിച്ചത്. റണ്ണൗട്ടായാണ് ഇന്ത്യന്‍ യുവ ഓപ്പണറുടെ മടക്കം.

പിന്നീട് ഗില്ലിനൊപ്പം ക്രീസില്‍ ഒന്നിച്ച നിതീഷ് കുമാറും മികച്ച ബാറ്റിങ് പുറത്തെടുത്തു. താരത്തിനു അര്‍ഹിച്ച അര്‍ധ സെഞ്ച്വറിയാണ് നഷ്ടമായത്. നിതീഷ് 4 ഫോറും 2 സിക്‌സും സഹിതം 43 റണ്‍സുമായി മടങ്ങി.

ഫോമിലെത്തിയില്ലെങ്കില്‍ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നത്തില്‍ നില്‍ക്കെയാണ് സായ് മികവിലേക്കുയര്‍ന്നത്. കന്നി ടെസ്റ്റ് സെഞ്ച്വറി 13 റണ്‍സ് അകലെ നഷ്ടമായതാണ് താരത്തെ നിരാശപ്പെടുത്തിയത്. 165 പന്തുകള്‍ നേരിട്ട് 12 ഫോറുകള്‍ സഹിതം താരം 87 റണ്‍സുമായി മടങ്ങി. രണ്ടാം വിക്കറ്റില്‍ യശസ്വി- സായ് സഖ്യം 193 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി വന്ന ശേഷം ആദ്യമായാണ് ഗില്‍ ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് കളികളിലും ഗില്ലിനു ടോസ് നഷ്ടമായിരുന്നു. പിന്നാലെ ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും ടോസ് കിട്ടിയില്ല. ആറ് മത്സരങ്ങള്‍ക്കു ശേഷമാണ് ആദ്യമായി ഗില്‍ ടോസ് ജയിക്കുന്നത്.

ഇന്ത്യയ്ക്ക് ഓപ്പണര്‍ കെഎല്‍ രാഹുലിനെയാണ് ആദ്യം നഷ്ടമായത്. താരം 54 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സുമായി മടങ്ങി. ജോമല്‍ വാറിക്കന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംമ്ലാചാണ് താരത്തെ പുറത്താക്കിയത്. കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. സ്‌കോര്‍ 58ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടാം വിക്കറ്റ് കിട്ടാന്‍ വിന്‍ഡീസിനു 251 റണ്‍സ് വരെ കാക്കേണ്ടി വന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് കൂടുതല്‍ സൗകര്യം; ഉച്ചയ്ക്ക് ഒരു മണിക്കൂറേ അടയ്ക്കൂ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് കൂടുതല്‍ സൗകര്യം; ഉച്ചയ്ക്ക് ഒരു മണിക്കൂറേ അടയ്ക്കൂ

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിമുതല്‍ ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ മാത്രമേ അടയ്ക്കൂ. ഉച്ചയ്ക്ക് മൂന്നിന് നടയടച്ചാല്‍ നാലിന് തുറന്ന് രാത്രി 9 വരെ ദര്‍ശനം തുടരും. പുലര്‍ച്ചെ മൂന്നിന് നട തുറക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കൂടുതല്‍ ദര്‍ശന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇന്നലെ ദേവസ്വം ഭരണസമിതി തീരുമാനം എടുത്തതായി ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ പറഞ്ഞു. ഇപ്പോള്‍ ഉച്ചയ്ക്ക് രണ്ടിന് നട അടച്ചാല്‍ വൈകീട്ട് 4.30നാണ് തുറക്കുന്നത്. അവധി ദിവസങ്ങളില്‍ 3.30നാണ് തുറക്കുന്നത്. എന്നാല്‍ ഭക്തരുടെ തിരക്ക് കാരണം ഉച്ചയ്ക്ക് രണ്ടിന് നട അടയ്ക്കാന്‍ കഴിയാറില്ല. 2.45 വരെ ദര്‍ശനം അനുവദിക്കാറുണ്ട്. തിരക്ക് പരിഗണിച്ച് തന്ത്രിയുടെ നിര്‍ദേശം കൂടി സ്വീകരിച്ചാണ് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്.

മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്, നടപടി 2023ല്‍; ഹാജരായില്ലെന്ന് വിവരം

മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്, നടപടി 2023ല്‍; ഹാജരായില്ലെന്ന് വിവരം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്. നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെ, വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ക്രമക്കേട് കണ്ടെത്തിയ ഇഡി അതിന്റെ ഭാഗമായാണ് സമന്‍സ് അയച്ചതെന്നാണ് വിവരം. 2023ലാണ് ഇഡി വിവേകിന് സമന്‍സ് അയച്ചത്. എന്നാല്‍ വിവേക് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്തിലാണ് സമന്‍സ് നല്‍കിയതെന്നതില്‍ വ്യക്തതയില്ല. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്. വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ് എന്നു രേഖപ്പെടുത്തി 2023ല്‍ അയച്ച സമന്‍സിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. അന്നത്തെ ഇഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ പികെ ആനന്ദ് ആണ് സമന്‍സ് അയച്ചത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് ഇഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകാനായിരുന്നു സമന്‍സ്.

എന്നാല്‍, വിവേക് ഹാജരായില്ല. അതേ ഓഫിസില്‍ 3 ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അന്നു രാത്രിയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തത്. സമന്‍സില്‍ ഹാജരാകാതിരുന്ന വിവേകിനെതിരെ ഇഡിയുടെ ഭാഗത്തുനിന്നു പിന്നീട് എന്തു നടപടിയുണ്ടായി എന്നതു പുറത്തു വന്നിട്ടില്ല. അബുദാബിയില്‍ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങള്‍ യുഎഇ അധികൃതരില്‍നിന്ന് ഇഡി തേടിയിരുന്നതായി സൂചനയുണ്ട്. അതിനു ശേഷം എന്തു സംഭവിച്ചെന്ന് അറിവായിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 50-ാം വകുപ്പിലെ 2,3 ഉപവകുപ്പുകള്‍ പ്രകാരമാണ് വിവേകിനു സമന്‍സ് അയച്ചത്.

‘സംസാരിക്കാൻ പഠിക്കാൻ രണ്ട് വർഷമെടുത്തു, നിശബ്ദത പാലിക്കാൻ 80 വർഷവും’; ഹാപ്പി ബർത്ത് ഡേ ബച്ചൻ ജി…

‘സംസാരിക്കാൻ പഠിക്കാൻ രണ്ട് വർഷമെടുത്തു, നിശബ്ദത പാലിക്കാൻ 80 വർഷവും’; ഹാപ്പി ബർത്ത് ഡേ ബച്ചൻ ജി…

ഇന്ത്യൻ സിനിമയുടെ ‘ബി​ഗ് ബി’ അമിതാഭ് ബച്ചന് ഇന്ന് 83-ാം പിറന്നാൾ. പ്രിയതാരത്തിന് ആശംസകൾ നേരുകയാണ് സിനിമാ ലോകവും ആരാധകരും. ശബ്‍ദ സൗകുമാര്യം ഇല്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച യുവാവ്, അമിതാഭ് ശ്രീവാസ്‍തവ ബച്ചൻ എന്ന അമിതാഭ് ബച്ചൻ അതേ ശബ്‍ദത്തിന്റെ ശുദ്ധിയും ഗാംഭീര്യവും പേറിയാണ് ഇന്ത്യൻ സിനിമാ ചരിത്രത്തിലേക്ക് നടന്ന് കയറിയത്.

കവിയായ ഹരിവംശ് റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്റെയും മൂത്ത പുത്രന്റെ ആദ്യ സിനിമാ വേഷം മൃണാൾ സെന്നിന്റെ വിഖ്യാതമായ ഭുവൻ ഷോമിന്റെ ആഖ്യാതാവായിട്ടായിരുന്നു. കഥാപാത്രമായുള്ള അരങ്ങേറ്റം കെ എ അബ്ബാസിന്റെ സാത് ഹിന്ദുസ്‍താനിയിൽ. മെലിഞ്ഞ് നീണ്ട പുതുമുഖ നടൻ‌ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത് ഹൃഷികേശ് മുഖർജിയുടെ ആനന്ദിലൂടെയായിരുന്നു.

അന്നത്തെ സൂപ്പർതാരം രാജേഷ് ഖന്നയുടെ നായക കഥാപാത്രത്തിന്റെ സ്നേഹിതനായെത്തിയ ഡോക്ടർ ഭാസ്‍കറായി അമിതാഭ് മിന്നി. പിന്നീട് അമിതാഭിനെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ സിനിമാ മുഖമാക്കി സഞ്ജീ‍ർ എന്ന സിനിമ. സലീം ജാവേദ് ജോഡിയും അമിതാഭും പിന്നീടും നൽകി നിരവധി ഹിറ്റ് സിനിമകൾ. യാഷ് ചോപ്രക്കൊപ്പം പ്രണയനായകനായി തിളങ്ങിയ സിനിമകൾ വേറെ.

ഷോലെ, നമക് ഹരം, അമർ അക്ബർ ആന്റണി, കഭീ കഭീ, അഭിമാൻ, മജ്ബൂർ, ചുപ്കെ ചുപ്കെ, ദീവാർ, മിസ്റ്റർ നടവ്ർ ലാൽ അങ്ങനെ അങ്ങനെ പല തരം സിനിമകളിൽ നായകനായും ഒന്നിലധികം നായകരിൽ ഒരാളായും എല്ലാം ബച്ചൻ ബോളിവുഡ് അടക്കി വാണു. 82 ൽ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞു.

തൊട്ടുമുന്നിൽ വന്നു നിന്ന മരണത്തെ തോൽപ്പിച്ച് ബച്ചൻ തിരിച്ചെത്തി. പ്രാർഥനകളുമായി കഴിഞ്ഞ ആരാധകലോകം അദ്ദേഹത്തിന്റെ മടങ്ങിവരവ് ഉത്സവമാക്കി. പ്രായത്തിന് ചേരുന്ന വിവിധ കഥാപാത്രങ്ങളിലൂടെ ബച്ചൻ ഇപ്പോഴും തലമുറകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. സെക്ഷൻ 84, ബ്രഹ്മാസ്ത്ര പാർട്ട് 2 എന്നിവയാണ് അമിതാഭ് ബച്ചന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ. “സംസാരിക്കാൻ പഠിക്കാൻ രണ്ട് വർഷമെടുത്തു; നിശബ്ദത പാലിക്കാൻ പഠിക്കാൻ 80 വർഷവും”.- എന്നാണ് പിറന്നാളിന് മുന്നോടിയായി ഇന്നലെ അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇന്ത്യൻ സിനിമയുടെ ഷെഹൻ ഷായ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ.