ശബരിമല കൊടിമര പുനർനിർമാണം; സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ തേടി വിജിലൻസ്; മൊഴിയെടുക്കും

ശബരിമല കൊടിമര പുനർനിർമാണം; സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ തേടി വിജിലൻസ്; മൊഴിയെടുക്കും

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയവരുടെ വിവരങ്ങൾ ശേഖരിച്ച് വിജിലൻസ്. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള 27 പേരുടെ വിവരങ്ങളാണ് വിജിലൻസ് തേടിയത്. രേഖകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് വിജിലൻസ് കത്ത് നൽകി. എല്ലാവരെയും നേരിൽക്കണ്ട് മൊഴിയെടുക്കാനാണ് വിജിലൻസിന്റെ നീക്കം. അഭിഭാഷക കമ്മീഷനായിരുന്ന എഎസ്പി കുറുപ്പ്, തിരുവാഭരണം കമ്മീഷണർ, ശില്പി വെങ്കിടേഷ് എന്നിവരെയും വിജിലൻസ് വിളിച്ചുവരുത്തും. അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസിന് ഉന്നതതല നിർദേശമുണ്ട്.

ശബരിമലയിലെ കൊടിമരത്തിന് സ്വർണം സംഭാവന നല്‍കിയവരില്‍ സിനിമാ മേഖലയില്‍ നിന്നുളളവരുടെ നീണ്ട നീരയാണുളളത്. സംഭാവന നല്‍കിയവര്‍ സ്വര്‍ണപ്പാളികള്‍ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചിരുന്നു. നടന്മാരായ സുരേഷ് ഗോപി, മകന്‍ ഗോകുല്‍ സുരേഷ്, സുധീര്‍ കരമന, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവരാണ് ചടങ്ങിനെത്തിയത്. എന്നാൽ അഭിഭാഷക കമ്മീഷണര്‍ എഎസ്പി കുറുപ്പ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സുരേഷ് ഗോപി മാത്രമാണ് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഉളളത്.

കാർ ഡിവൈഡറിൽ ഇടിച്ചു കയറി; നടൻ റിയാസ് പത്താന് പരിക്ക്

കാർ ഡിവൈഡറിൽ ഇടിച്ചു കയറി; നടൻ റിയാസ് പത്താന് പരിക്ക്

കൊച്ചി: നടൻ റിയാസ് പത്താന് കാറപകടത്തിൽ പരിക്കേറ്റു. തമിഴ്‌നാട്ടിലെ തേനിയ്ക്ക് അടുത്ത് വച്ച് കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഇദ്ദേ​ഹം സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗമാണ് ഇടിച്ചു കയറിയത്. റിയാസിന്റെ മകൻ അജ്മൽ ആണ് കാർ ഓടിച്ചിരുന്നത്.

പരിക്കേറ്റതിനെ തുടർന്ന് ആദ്യം തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നടനെ പിന്നീട് വിദ​ഗ്ധ ചികിത്സക്കായി വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിലേക്ക് മാറ്റി. ആലപ്പുഴയിലെ വീട്ടിൽ നിന്ന് രാവിലെ നാല് മണിക്കാണ് ഇവർ യാത്ര തിരിച്ചത്.

‘ഫ്ലാറ്റ് നമ്പർ 4 ബി’യിൽ പ്രധാനകഥാപാത്രമായെത്തി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച റിയാസ് ‘കായംകുളം കൊച്ചുണ്ണി’, ‘ക്ലിന്റ്’, ‘റാണി’, കന്നഡ ചിത്രമായ ‘ഗഡിയാറ’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മനോരമ മാക്സിൽ റിലീസ് ചെയ്ത ‘രണ്ടാം മുഖം’ എന്ന ചിത്രത്തിലും റിയാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രണ്ട് സിനിമകളുടെ തിരക്കഥ രചിച്ച് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റിയാസ് ഉടൻ ആശുപത്രിവിടുമെന്ന് അധികൃതർ അറിയിച്ചു. റിയാസിന്റെ മകൻ അജ്മൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

‘അതെല്ലാം അസത്യം’; അല്ലു അർജുന്റെ 42 നിബന്ധനകൾ, വിവാദമായതിന് പിന്നാലെ നിയമനടപടിക്കൊരുങ്ങി നടൻ

‘അതെല്ലാം അസത്യം’; അല്ലു അർജുന്റെ 42 നിബന്ധനകൾ, വിവാദമായതിന് പിന്നാലെ നിയമനടപടിക്കൊരുങ്ങി നടൻ

നടൻ അല്ലു അർജുനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ബ്രാൻഡ് മാനേജർക്കെതിരെ നിയമനടപടി സ്വീകരിച്ച് താരത്തിന്റെ ടീം. അല്ലു അർജുനെ കാണുന്നതിന് മുൻപ് ‘താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്ന ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലിനെതിരെയാണ് താരം അപകീർത്തിക്കേസ് കൊടുത്തത്.

ആരോപണങ്ങൾ തികച്ചും അസത്യമാണെന്നും താരത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനുള്ള നീക്കമാണിതെന്നും അല്ലു അർജുന്റെ ടീം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. കാവേരി ബറുവ ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ നടത്തിയ പരിഹാസരൂപേണയുള്ള പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടൻ നിയമനടപടിയിലേക്ക് നീങ്ങിയത്.

അല്ലു അർജുനെയും അദ്ദേഹത്തിന്റെ ടീമിനെയും ലക്ഷ്യമിട്ട് ബ്രാൻഡ് മാനേജർ കാവേരി ബറുവ നടത്തിയ വെളിപ്പെടുത്തലുകൾ കടുത്ത പരിഹാസം നിറഞ്ഞതായിരുന്നു. താരത്തെ നേരിട്ട് കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 കർശന നിബന്ധനകൾ അടങ്ങിയ ഒരു പട്ടിക തനിക്ക് ലഭിച്ചിരുന്നുവെന്നാണ് കാവേരി അവകാശപ്പെട്ടത്.‘സാറിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, അദ്ദേഹത്തിന് ഹസ്തദാനം നൽകരുത്, നിശ്ചിത അകലം പാലിക്കണം’ തുടങ്ങിയ വിചിത്രമായ നിർദ്ദേശങ്ങൾ ഇതിലുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഫോൺ ഉപയോഗിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അത് തടഞ്ഞുവെന്നും അവർ ആരോപിച്ചിരുന്നു. താരത്തിന് ചുറ്റും നിരവധി മാനേജർമാരുടെ നിരയുണ്ടെന്നും ഈ സംവിധാനം വളരെ സങ്കീർണമാണെന്നും കാവേരി പരിഹസിച്ചു.

ആറ്റിങ്ങലിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

ആറ്റിങ്ങലിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

ആറ്റിങ്ങലിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളെ തിരുവനന്തപുരം തമ്പാനൂരിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. ആറ്റിങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളായ ശ്രീവൈഗ, എയ്ഞ്ചൽ എന്നീ വിദ്യാർത്ഥിനികളെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായത്.

ദിവസം ഒരു മരണം വീതം, കേരളത്തില്‍ കൗമാരക്കാരുടെ ആത്മഹത്യ വര്‍ധിക്കുന്നു; ആശങ്കപ്പെടുത്തുന്ന കണക്ക്

ദിവസം ഒരു മരണം വീതം, കേരളത്തില്‍ കൗമാരക്കാരുടെ ആത്മഹത്യ വര്‍ധിക്കുന്നു; ആശങ്കപ്പെടുത്തുന്ന കണക്ക്

തിരുവനന്തപുരം: കേരളത്തില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ആത്മഹത്യകളുടെ എണ്ണം ആശങ്കാജനകമായ രീതിയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2025 ലെ കണക്ക് പ്രകാരം ഒരു ദിവസം ഒരു ആത്മഹത്യ എന്ന നിലയിലേക്ക് കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യകള്‍ വര്‍ധിച്ചതായി പൊലീസ് പറയുന്നു.

2024ല്‍ 332 ആത്മഹത്യ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023ല്‍ ഇത് 270 മാത്രമായിരുന്നു. എന്നാല്‍ 2025ല്‍ കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യ 359 ആയി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 73 കേസുകള്‍ 14 വയസ്സിന് താഴെയുള്ളവരാണ്. 14-18 വയസ്സ് പ്രായമുള്ളവരിലാണ് 286 ആത്മഹത്യകളെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 54 എണ്ണം. തൊട്ടുപിന്നില്‍ കൊല്ലമാണ്. 42 എണ്ണം. ആകെ ആത്മഹത്യകളില്‍ 190 പേര്‍ പെണ്‍കുട്ടികളും 169 പേര്‍ ആണ്‍കുട്ടികളുമാണ്. കൗമാരക്കാരുടെ ഇടയില്‍ ആത്മഹത്യ വര്‍ദ്ധിച്ചുവരുന്നത് സമൂഹത്തിലെ ആത്മഹത്യാ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കാണണമെന്ന് കൊല്ലത്തെ ഗവണ്‍മെന്റ് എംസിഎച്ചിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. മോഹന്‍ റോയ് പറഞ്ഞു.

അക്കാദമിക് സമ്മര്‍ദ്ദം, അധ്യാപകരുടെ പീഡനം, കുടുംബ പ്രശ്‌നങ്ങള്‍, മാതാപിതാക്കളുമായുള്ള ചെറിയ വഴക്കുകള്‍ തൊട്ട് പ്രണയ പരാജയങ്ങള്‍ വരെ കൗമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യയ്ക്കുള്ള വ്യത്യസ്ത കാരണങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വിവാദമായ പാലക്കാട് കണ്ണാടി സ്‌കൂളിലെ പതിനാലു വയസുകാരന്റെ ആത്മഹത്യക്ക് കാരണമായത് അധ്യാപികയുടെ ഭീഷണിപ്പെടുത്തലായിരുന്നു. ഇന്‍സ്റ്റഗ്രാം ചാറ്റില്‍ സഹപാഠിയോട് മോശം ഭാഷ ഉപയോഗിച്ചത് സൈബര്‍ സെല്ലില്‍ പരാതിപ്പെടുമെന്ന് അദ്ധ്യാപിക പറഞ്ഞപ്പോള്‍ ഭയപ്പെട്ട ഒന്‍പതാം ക്ലാസുകാരന്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷം അതേ സ്‌കൂളിലെ മറ്റൊരു കുട്ടിയും ആത്മഹത്യ ചെയ്തു, ഒരു പത്താം ക്ളാസുകാരന്‍.

പാലക്കാട് തന്നെ നടന്ന മറ്റൊരു സംഭവത്തിലെ വില്ലന്‍ റാഗിങ്ങ് ആയിരുന്നു. പതിനാറ് വയസുകാരി കടുംകൈ ചെയ്തത് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനെ തുടര്‍ന്നാണെന്നാണ് വീട്ടുകാര്‍ ആരോപിച്ചത്.

കൊറിയന്‍ സുഹൃത്ത് മുതല്‍ ഫുട്ബാള്‍ വരെ

സര്‍ക്കാരും സമൂഹവും ഒന്നിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ 2026 ലും കേരളത്തിലെ സാഹചര്യം വ്യത്യസ്തമാവില്ല എന്നാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. കൊച്ചിയില്‍ പതിനാറുകാരിയായ കുട്ടിയെ പാറമടയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. കുട്ടി ആത്മഹത്യ ചെയ്തതാണെന്നും കാരണം കൊറിയകാരനായ സുഹൃത്തിന്റെ മരണത്തിലുള്ള മനോവിഷമം ആണെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയിലൂടെ കുട്ടി പരിചയപ്പെട്ടതാണീ കൊറിയന്‍ സുഹൃത്തിനെ. അങ്ങനെയൊരു വ്യക്തി ഉണ്ടെന്നോ ഇല്ലെന്നോ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. പൊലീസിന്റെ അന്വേഷണം നടക്കുകയാണ്.

കൊല്ലത്ത് രണ്ടു കായിക വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് ആത്മഹത്യാ ചെയ്യാനുണ്ടായ കാരണം അധ്യാപകര്‍ ചില കൂട്ടുകെട്ടുകള്‍ വിലക്കിയതാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞയാഴ്ച പാലക്കാട് എലപ്പുള്ളിയില്‍ പതിനാറുകാരന്‍ തൂങ്ങി മരിച്ചത് വീട്ടുകാര്‍ ഫുട്ബാള്‍ പരിശീലനത്തിന് പോകാന്‍ അനുവദിക്കാത്തതിനാലാണ് എന്നാണ് പത്രവാര്‍ത്ത.

ചികിത്സ വേണ്ടത് സമൂഹത്തിന്

പൊതുവില്‍ മാനസികാരോഗ്യം കുറഞ്ഞതും അതിന് ചികിത്സ തേടാന്‍ മടിക്കുന്നതുമായ ഒരു സമൂഹമാണ് നമ്മുടേതെന്ന് ഡോക്ടര്‍ മോഹന്‍ റോയ് പറയുന്നു. ‘ആത്മഹത്യ ഒരു പകര്‍ച്ചവ്യാധി പോലെ നിലനില്‍ക്കുന്ന സമൂഹത്തിലെ കുട്ടികളാണ് നമ്മുടേത്. ‘കോപ്പിക്യാറ്റ് സൂയിസൈഡ് ട്രെന്‍ഡ് (അനുകരണ സ്വഭാവത്തിലുള്ള ആത്മഹത്യാ പ്രവണത) നിലനില്‍ക്കുന്ന സമൂഹമാണ്. മാധ്യമങ്ങള്‍ വലിയൊരളവ് വരെ ഇതിന് കാരണക്കാരാണ്. എവിടെയെങ്കിലും ഒരാത്മഹത്യ നടന്നാല്‍ ഔചിത്യമില്ലാതെ അവയുടെ വിശദാംശങ്ങള്‍ നല്‍കുമ്പോള്‍ സമാന പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരില്‍ അത് സ്വാധീനം ഉണ്ടാക്കുന്നു. ഇതാ എനിക്കും ഒരു രക്ഷാമാര്‍ഗം എന്ന് അവര്‍ക്ക് തോന്നലുണ്ടാകും,’- മോഹന്‍ റോയ് പറയുന്നു.

‘വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി’ എന്നൊക്കെ തലക്കെട്ട് തട്ടി വിടുന്ന മാധ്യമങ്ങള്‍ ആ വരി മറ്റൊരാളില്‍ ഉണ്ടാക്കാവുന്ന ഗുരുതരവും അപകടകരവുമായ സ്വാധീനത്തെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. കൂട്ടായ ശ്രമം ഉണ്ടെങ്കില്‍ സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് കുറയ്ക്കാന്‍ സാധിക്കുന്നതേയുള്ളു എന്നാണ് മോഹന്റെ അഭിപ്രായം. കുട്ടികളെ രക്ഷിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനമുള്ള രണ്ടു ഘടകങ്ങളാണ് രക്ഷിതാക്കളും അധ്യാപകരും. ഇവര്‍ കൂട്ടായി പ്രവര്‍ത്തിച്ചാല്‍ കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്താനാകും. ഇവര്‍ തമ്മില്‍ ആത്മാര്‍ത്ഥമായ ആശയവിനിമയം എപ്പോഴും ഉണ്ടാകണം.’

‘നമ്മുടെ മിക്ക സ്‌കൂളുകളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ പിടിഎ മീറ്റിംഗ് നടക്കുമ്പോഴാണ് അദ്ധ്യാപകരും രക്ഷിതാക്കളും തമ്മില്‍ കാണുന്നത്. അപ്പോഴും സംഭാഷണ വിഷയം പഠനവും മാര്‍ക്കും മാത്രമാവും. കുട്ടിയുടെ പൊതുവിലുള്ള പെരുമാറ്റം, സ്വഭാവ സവിശേഷതകള്‍ ഒന്നും ചര്‍ച്ചയാവില്ല. ഇത് മാറിയേ തീരൂ. ഇരുകൂട്ടരും കുട്ടിയെ ശ്രദ്ധിക്കുകയും സ്വഭാവത്തിലെ പ്രത്യേകതകള്‍, മാറ്റങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ വേണ്ട കേസുകളില്‍ അത് ചെയ്യണം.’

എല്ലാ സ്‌കൂളുകളിലും അക്കാദമിക വര്ഷം തുടങ്ങുമ്പോള്‍ കുട്ടികളുടെ മാനസികനില വിലയിരുത്തണം. ആത്മഹത്യകള്‍ തികച്ചും തടയാന്‍ സാധിക്കുന്ന ഒന്നാണ്. അതിനായി വലിയൊരു കാമ്പയിന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആശാ വര്‍ക്കര്‍മാര്‍ കുടുംബശ്രീ എന്നിവരുമായി ചേര്‍ന്ന് നടപ്പിലാക്കണം എന്നും മോഹന്‍ പറയുന്നു.