by Midhun HP News | Aug 5, 2025 | Latest News, ജില്ലാ വാർത്ത
കോവളം: അവസാന പന്തുവരെ ആവേശം അലതല്ലിയ കലാശപ്പോരാട്ടത്തില്‍ ഹിറ്റേഴ്‌സ് എയര്‍പോര്‍ട്ടിനെ കീഴടക്കി വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സിന് കിരീടം, റോയല്‍സ് കപ്പില്‍ മുത്തമിട്ടു. ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ ഫൈനലില്‍, വിജയറണ്‍ നേടാന്‍ അവസാന പന്തില്‍ ബൗണ്ടറി പായിച്ചാണ് ബാച്ച്‌മേറ്റ്‌സ് ആവേശകരമായ വിജയം സ്വന്തമാക്കിയത്.
പതിനാറ് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ആവേശകരമായ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്കാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്. ആദ്യ സെമിയില്‍ അരോമ എയര്‍പോര്‍ട്ടിനെ പരാജയപ്പെടുത്തിയാണ് വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സ് ഫൈനലില്‍ ഇടംപിടിച്ചത്. രണ്ടാം സെമിയില്‍ ക്രേസി 11 വിഴിഞ്ഞത്തെ തകര്‍ത്ത് ഹിറ്റേഴ്‌സ് എയര്‍പോര്‍ട്ടും കലാശക്കളിക്ക് യോഗ്യത നേടി.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഹിറ്റേഴ്‌സ് എയര്‍പോര്‍ട്ട്, നിശ്ചിത അഞ്ച് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സിനായി വെടിക്കെട്ട് ബാറ്റര്‍ ഇമ്മാനുവേല്‍ നിറഞ്ഞാടിയപ്പോള്‍ മത്സരം ആവേശക്കൊടുമുടി കയറി. അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍, സമ്മര്‍ദ്ദത്തെ അതിജീവിച്ച് അവസാന പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബാച്ച്‌മേറ്റ്‌സ് ലക്ഷ്യം മറികടന്നു (64/1).
ടൂര്‍ണമെന്റിന്റെ യഥാര്‍ത്ഥ താരം വിഴിഞ്ഞം ബാച്ച്‌മേറ്റ്‌സിന്റെ ഇമ്മാനുവേല്‍ ആയിരുന്നു. ഫൈനലില്‍ വെറും 22 പന്തില്‍ നിന്ന് 56 റണ്‍സ് അടിച്ചുകൂട്ടിയ ഇമ്മാനുവേലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിന് വിജയമൊരുക്കിയത്. ടൂര്‍ണമെന്റിലുടനീളം 207 റണ്‍സ് നേടിയ ഇമ്മാനുവേല്‍ തന്നെയാണ് കളിയിലെ താരവും ടൂര്‍ണമെന്റിലെ താരവും. മികച്ച ബൗളറായി മച്ചമ്പീസ് വിഴിഞ്ഞത്തിന്റെ താരം വിജയിയെയും തിരഞ്ഞെടുത്തു.
തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ കോവളം എം.എല്‍.എ എം. വിന്‍സെന്റ്, വിഴിഞ്ഞം വോയേജ് ചര്‍ച്ച് വികാരി
ഫാ.ഡോ. നിക്കോളാസ് എന്നിവര്‍ ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. കൗണ്‍സിലര്‍ പനത്തുറ ബൈജു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശ്, പോര്‍ട്ട് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഹെഡ് ഡോ. അനില്‍ ബാലകൃഷ്ണന്‍, ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ട് ചീഫ് ഓഫീസര്‍ രാഹുല്‍ ഭട്കോട്ടി, കേരള റീജിയണല്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ് മഹേഷ് ഗുപ്തന്‍, ട്രിവാന്‍ഡ്രം റോയല്‍സ് മാനേജ്‌മെന്റ് പ്രതിനിധി മനോജ് മത്തായി, ടീം പി.ആര്‍ മേധാവി ഡോ. മൈതിലി, ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിങ് കോച്ച് മഥന്‍ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
by Midhun HP News | Aug 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
by Midhun HP News | Aug 4, 2025 | Latest News, ജില്ലാ വാർത്ത
ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ “ആൻ ഈസി മാന്വൽ ഫോർടെക്സിക്കോളജിക്കൽ അനാലിസിസ്” എന്ന പുസ്തകം പുറത്തിറങ്ങി. റിട്ട:ജഡ്ജി എസ്.എച്ച് പഞ്ചാബകേശൻ പ്രകാശനം നിർവ്വഹിച്ചു. ചീഫ് കെമിക്കൽ എക്സാമിനർ എൻ.കെ.രഞ്ജിത്ത് അധ്യക്ഷനായി. മുൻ ചീഫ് കെമിക്കൽ എക്സാമിനർ ആർ. ജയകുമാരൻ നായർ പുസ്തകപരിചയം നടത്തി. വിരമിച്ച ചീഫ് കെമിക്കൽ എക്സാമിനർമാരായ ഡോ.എൻ.ജയശ്രീ, കെ.ജി.ശിവദാസൻ എന്നിവരാണ്പുസ്തകം രചിച്ചിച്ചത്.
ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി കെമിക്കൽ എക്സാമിനേഷൻ വകുപ്പുതലത്തിൽ നടത്തിയമൽസരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു ഭരണഭാഷാവകുപ്പ് അഡീഷണൽ സെക്രട്ടറി കെ.കെ. ബാലഗോപാലൻ, മുൻ ഗവൺമെൻ്റ് പ്ലീഡർ അഡ്വ.സുമേഷ്, ചന്ദ്രകുമാർ, ജോയിൻ്റ് കെമിക്കൽ എക്സാമിനർമാരായ പി.കെ. ശോഭ, വി.ബിജു അസിസ്റ്റൻ്റ് കെമിക്കൽ എക്സാമിനർ എം.ആർ. യുറേക്ക എന്നിവർ സംസാരിച്ചു.
by Midhun HP News | Aug 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ തനിക്കെതിരെ ഉയര്‍ന്ന പ്രതിഷേധം പ്രശസ്തിക്ക് വേണ്ടിയെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പാട്ടുകാരി സിനിമാ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ എത്തിയത് എങ്ങനെയാണെന്ന് അറിയില്ലെന്ന് പുഷ്പവതി പൊയ്പാടത്തിനെ പരാമര്‍ശിച്ച് അടൂര്‍ പറഞ്ഞു. അവര്‍ അതില്‍ പങ്കെടുത്തത് അതിശയിപ്പിക്കുന്നതാണ്. സംഗീത നാടക അക്കാദമിക്ക് സിനിമയുമായി യാതൊരു ബന്ധവും ഇല്ല. അവര്‍ക്ക് അഭിപ്രായം പറയാം.
എന്നാല്‍ താന്‍ പറഞ്ഞത് എന്താണെന്ന് അവര്‍ക്ക് അറിയേണ്ടേ?. അത് മനസിലാകാത്ത ആളാണ് എഴുന്നേറ്റ് നിന്ന് ശബ്ദമുണ്ടാക്കുന്നത്. എന്തിനാണ് അത്. ശ്രദ്ധിക്കാന്‍ വേണ്ടി. ഇന്നത്തെ പത്രത്തിലെല്ലാം അവരുടെ പടമില്ലേ?. അതില്‍ കൂടുതല്‍ എന്താണ് വേണ്ടതെന്ന് അടൂര്‍ ചോദിച്ചു. ദളിത് – സ്ത്രീ വിരുദ്ധ പരാമര്‍ശം എവിടെയും നടത്തിയിട്ടില്ലെന്നും അങ്ങനെയുണ്ടെങ്കില്‍ ക്ഷമാപണം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിന് താന്‍ എതിരല്ല. മുന്‍പരിചയം ഇല്ലാത്തവര്‍ക്കാണ് സിനിമയെടുക്കാനായി പണം നല്‍കുന്നത്. സ്ത്രീകളായാലും പിന്നോക്കവര്‍ഗത്തില്‍പ്പെട്ടവരായാലും സിനിമയുടെ സാങ്കേതിക വിദ്യ അല്‍പം പോലും അറിയാതെ ഈ പണിക്ക് പോകുന്നത് ആര്‍ക്കും നല്ലതാവില്ലെന്ന് അടൂര്‍ പറഞ്ഞു. അറിവുകേട് കൊണ്ടാണ് പലരും തന്നെ വിമര്‍ശിക്കുന്നത്. സിനിമയെടുക്കുന്നവര്‍ക്ക് അതിനെ കുറിച്ചുള്ള അറിവ് അനിവാര്യമാണെന്നും അടൂര്‍ പറഞ്ഞു. ലോകസിനിമയില്‍ ദിനംപ്രതി മാറ്റങ്ങള്‍ വരികയാണ്.
അത്തരമൊരു സാഹചര്യത്തില്‍ യാതൊരുപരിചയവുമില്ലാത്തവര്‍ക്ക് സിനിമ എടുക്കാന്‍ പണം കൊടുക്കുമ്പോള്‍ മൂന്ന് മാസത്തെ പരിശീലനം നല്‍കണമെന്നാണ് പറഞ്ഞത്. അതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. കഥയെഴുതുമ്പോഴും കവിതയെഴുതുമ്പോഴും അക്ഷരവിജ്ഞാനം വേണം. അതുപോലെ തന്നെയാണ് സിനിമയുടെ കാര്യവും. സിനിമയുടെ ഭാഷ വേറെയാണ്. നടീനടന്‍മാര്‍ അഭിനയച്ചാല്‍ മാത്രം സിനിമായാവില്ല. അതിന് ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. സര്‍ക്കാര്‍ പണം മുടക്കുന്ന സിനിമകള്‍ക്ക് സാമൂഹിക പ്രസക്തി വേണം. സൗന്ദര്യപരമായും സാങ്കേതികപരമായും മികവുണ്ടാകണം. അത് ഉണ്ടാവണമെങ്കില്‍ പടമെടുക്കുന്നതിനെ കുറിച്ച് നല്ല ധാരണ വേണം.
ഇത്തരത്തില്‍ ഒന്നരക്കോടി കൊടുക്കുമ്പോള്‍ മറ്റ് ആരെങ്കിലുമാകും പടമെടുക്കുക. ഇത്തരത്തില്‍ സിനിമ എടുത്തുകൊടുത്തവര്‍ പലരും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്. ഒന്നരക്കോടി കൊടുത്ത്് നിര്‍മ്മിച്ച നാലഞ്ച് പടങ്ങള്‍ താനും കണ്ടിട്ടുണ്ട്. ഒന്നിനുപോലും ഒരു കോടി പോലും ചെലവാക്കിയിട്ടില്ല. സിനിമയെടുക്കുന്നതിന് മുന്‍പായി ഒരു പ്രീ പ്ലാനിങ് വേണം. അതുകൊണ്ടാണ് പരിശീലനം വേണമെന്ന് പറയുന്നത്. ഇന്നുവരെ താന്‍ എടുത്തിട്ടുള്ള ഒരു സിനിമക്ക് പോലും ഒരു കോടി രൂപ പോലും ചെലവായിട്ടില്ല. അത് തനിക്ക് അതെക്കുറിച്ച് നല്ല ധാരണ ഉള്ളതുകൊണ്ടാണെന്നും അടൂര്‍ പറഞ്ഞു.
ആദ്യാവസരത്തില്‍ സിനിമ എടുക്കാന്‍ സര്‍ക്കാര്‍ പണം ലഭിക്കുന്നതോടെ അവരുടെ സിനിമാ ജീവിതം അതോടെ തീര്‍ന്നുപോകരുത്. ഒരു സിനിമ എടുത്ത് അപ്രത്യക്ഷരാകുന്നതാണ് താന്‍ കാണുന്നത്. അവര്‍ക്ക് പരിശീലനം ലഭിക്കുന്നതോടെ അവരെ ഈ രംഗത്ത് തുടരാന്‍ പ്രാപ്തരാക്കും. സ്ത്രീകളും പിന്നോക്കക്കാരും ഈ രംഗത്ത് തുടരണമെന്നതിന്റെ ഭാഗമായാണ് അങ്ങനെ പറഞ്ഞത്. അവരുടെ ഉന്നമനം എന്റെ ലക്ഷ്യം. അവരെ നികൃഷ്ടരാക്കി കാണുകയല്ല ചെയ്തത്. അതിനെ വ്യാഖ്യാനിച്ച് അധിക്ഷേപിച്ചു എന്ന തരത്തിലാക്കുകയാണ്. സിനിമയെടുക്കണമെങ്കില്‍ അതിന് ആഗ്രഹം മാത്രം പോരാ. അതിന് പഠിക്കുക കൂടി വേണം. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മൂന്നുമാസമെങ്കിലും പരിശീലനം നല്‍കണമെന്ന് അടൂര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും പിന്നോക്കക്കാര്‍ക്കുമാണ് സിനിമയെടുക്കാന്‍ സര്‍ക്കാര്‍ പണം നല്‍കുന്നത്. അതുകൊണ്ടാണ് ആ വിഭാഗത്തെ എടുത്ത് പറഞ്ഞത്. ഇവര്‍ക്കല്ലേ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. തനിക്ക് പണമെടുക്കാന്‍ പണം തരുന്നത് തനിക്ക് അതിനെക്കുറിച്ച് മുന്‍പരിചയം ഉള്ളതുകൊണ്ടാണ്. സര്‍ക്കാര്‍ നല്ല ഉദ്ദേശ്യത്തോടെയാണ് പണം നല്‍കുന്നത്. അത് നല്ല കാര്യവുമാണ്. മന്ത്രി അങ്ങനെ പറഞ്ഞത് മന്ത്രി ഫിലിം മേക്കറല്ലാത്തതുകൊണ്ടാണ്. ആഗ്രഹം കൊണ്ടുമാത്രം സിനിമയെടുക്കാന്‍ കഴിയില്ല, അതിനെക്കുറിച്ച് നല്ല ധാരണയുണ്ടാകണമെന്നും തനിക്കെതിരെ ആര്‍ക്കും പരാതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Aug 4, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലത്ത് കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമണം. വര്‍ക്കല സ്വദേശികളായ കണ്ണന്‍, ആദര്‍ശ് എന്നിവര്‍ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. യാത്രക്കാരനെ മര്‍ദിച്ച ശേഷം വാഹനത്തിന് തീയിട്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പൂതക്കുളം സ്വദേശി ശംഭുവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണ് പരാതി. പരവൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
by Midhun HP News | Aug 4, 2025 | Latest News, ജില്ലാ വാർത്ത
നഗരൂർ: നഗരൂരിൽ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ തണ്ണിക്കോണം കുന്നുവിള വീട്ടിൽ താമസിക്കുന്ന അജയ് ബാബു (26) ആണ് റൂറൽ ഡാൻസഫ് സ്ക്വാഡിന്റെയും നഗരൂർ പൊലീസിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്.
വിളയിൽ കട ജംഗ്ഷനിൽ കാറിൽ ഇരുന്ന് ലഹരിവസ്തുക്കൾ വിൽപ്പനയ്ക്ക് തയ്യാറെടുക്കുകയായിരുന്ന സമയത്താണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രതിയുടെ കൈവശം എം.ഡി.എം.എ എന്ന അപകടകരമായ ലഹരിവസ്‌തു ലഭിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസവും ചെറിയ അളവിൽ എം.ഡി.എം.എ കൈവശം വെച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Recent Comments