സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധനയെന്ന് മന്ത്രി

സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജുമെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധനയെന്ന് മന്ത്രി

തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ എയ്ഡഡ് മാനേജ്മെൻ്റ് സ്കൂൾ കെട്ടിടങ്ങളിലും വീണ്ടും ഫിറ്റ്നസ് പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകും. കുട്ടികളുടെ ഭാഗത്ത് നിന്ന് മാത്രമേ സർക്കാരിന് ചിന്തിക്കാൻ കഴിയൂ. ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, മാനേജ്മെൻ്റ് എന്നിവരെല്ലാം സംഭവത്തിൽ കുറ്റക്കാരാണ്. ആരും ന്യായീകരിച്ച് വരേണ്ടെന്നും പൊലിസ് അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മാനേജുമെൻ്റിന് നോട്ടീസ് നൽകും. മുഖ്യമന്ത്രിയുമായി സാഹചര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. കെഎസ്ഇബിയുടേയും വിദ്യാഭ്യാസവകുപ്പിൻ്റെയും വീഴ്ച പരിശോധിക്കുന്നുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നടപടി ഇന്നുണ്ടാകും. മാനേജ്മെൻ്റിന് ഉത്തരവാദിത്വം ഉണ്ട്. അനാസ്ഥകാരണം നഷ്ടമായത് ഒരു കുഞ്ഞിനെയാണ്. ഫിറ്റ്നസ് ലഭിച്ചത് ഉൾപ്പെടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്, മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്, മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് അതീ തീവ്ര മഴ മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുള്ളത്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും ശക്തമായത്.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ജൂലൈ 19, 20 തീയതികളിൽ അതിതീവ്ര മഴയ്ക്കും; ജൂലൈ 21 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ചയും റെഡ് അലർട്ടാണ്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ 19/07/2025 രാവിലെ 02.30 മുതൽ രാത്രി 08.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) ഇന്ന് ഉച്ചയ്ക്ക് 02.30 മുതൽ 19/07/2025 രാത്രി 08.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

നാവായിക്കുളത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 40 മുട്ടകോഴികൾ ചത്തു

നാവായിക്കുളത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 40 മുട്ടകോഴികൾ ചത്തു

കല്ലമ്പലം: നാവായിക്കുളത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 40 മുട്ടകോഴികൾ ചത്തു. പുതുശ്ശേരിമുക്ക് തലവിള റുക്സാന മൻസിലിൽ സജിയുടെ വീട്ടിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ 10ന് രാത്രി 11ഓടെ കോഴികളുടെ കൂട്ടക്കരച്ചിൽ കേട്ട് വീട്ടുകാർ നോക്കുമ്പോഴാണ് സംഭവമറിയുന്നത്. കൂട് തകർത്ത് അകത്തുകയറിയ പത്തോളം നായ്ക്കൾ കോഴികളെ കടിച്ചു കൊല്ലുകയായിരുന്നു.

നായ്ക്കളെ ഓടിച്ച് വിട്ടെങ്കിലും കോഴികൾ ഭൂരിഭാഗവും ചത്തു. വീട്ടുകാർ വരുമാന മാർഗമായി വർഷങ്ങളായി വളർത്തിയിരുന്ന കോഴികളാണ് നഷ്‌ടപ്പെട്ടത്. പഞ്ചായത്തിൽ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. നാവായിക്കുളം ഡീസന്റ്മുക്ക്‌ മേഖലയിൽ മുൻപും തെരുവു നായ്ക്കൾ നൂറുകണക്കിന് കോഴികളെ കൊന്നൊടുക്കിയിട്ടുണ്ട്.പ്രദേശം കേന്ദ്രീകരിച്ച് തെരുവുനായ്ക്കൾ പെരുകുന്നതായാണ് പരാതി.

എന്‍ജിനീയറിങ് പ്രവേശനം: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നാളെ വരെ; കീം കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എന്‍ജിനീയറിങ് പ്രവേശനം: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നാളെ വരെ; കീം കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നാളെ വൈകീട്ട് നാലുമണി വരെ നടത്താം. ഷെഡ്യൂള്‍ പ്രകാരം തന്നെ ആദ്യ അലോട്ട്‌മെന്റ് നടക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

പുതിയ പ്രോഗ്രാമുകള്‍ക്ക് കോളജുകള്‍ അഫിലിയേഷന്‍ തേടിയിട്ടുള്ളതിനാല്‍ ഓഗസ്റ്റ് 2 വരെ ഓപ്ഷന്‍ സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പുതിയ പ്രോഗ്രാമുകളിലേക്ക് രണ്ടാം അലോട്ട്‌മെന്റിനു ശേഷം പുതുതായി ഓപ്ഷന്‍ നല്‍കാന്‍ സൗകര്യം ഉണ്ടാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്ക് ( കീം 2025) അപേക്ഷ നല്‍കിയവരില്‍ കാറ്റഗറി/ കമ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അര്‍ഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്. www.cee.kerala.gov.in

എഴുത്തുപുര ശില്പശാല സംഘടിപ്പിച്ചു

എഴുത്തുപുര ശില്പശാല സംഘടിപ്പിച്ചു

ചെമ്പൂർ എൽപിഎസ് വിദ്യാരംഗം ക്ലബ്ബിൻ്റേയും, തണൽ സ്കൂൾ ഓപ്പൺ ലൈബ്രറിയുടടേയും നേതൃത്വത്തിൽ കുട്ടികൾക്കായി എഴുത്തുപുര ശില്പശാല വേറിട്ട അനുഭവമായിരുന്നു. എഴുത്തിൻ്റെ വഴികളിലൂടെ സഞ്ചരിക്കുന്നതിനെക്കുറിച്ചുള്ള കുഞ്ഞു ചോദ്യങ്ങൾക്ക് കവിതകളിലൂടെയും കഥകളിലൂടെയും എഴുത്തുകാർ മറുപടി പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും എഴുത്തുപുരയുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പള്ളിയറ ശശി നിർവഹിച്ചു. വാർഡ് മെമ്പർ ലീലാമ്മ മുഖ്യപ്രഭാഷണം നടത്തി. എസ്. എം .സി ചെയർമാൻ പ്രവീൺ ഹരിശ്രീ അധ്യക്ഷനായിരുന്ന ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ദിനേശ് എം ബി, പി.ടി.എ വൈസ് പ്രസിഡൻ്റ് അനിൽ ചന്നൂർ, സീനിയർ അസിസ്റ്റൻ്റ് മോളി ഡി എസ്, അധ്യാപകരായ ശബരി, സാബു എന്നിവർ സംസാരിച്ചു.

ശില്പശാലയിൽ യുവ എഴുത്തുകാരായ ബിനു വേലായുധൻ, സുനിൽ വെഞ്ഞാറമൂട്, മഞ്ജു ഗിരീഷ്, ഊർമ്മിള അഗസ്ത്യ, ആശാ ദേവി എന്നിവർ പങ്കെടുത്തു. വായന മാസാചരണത്തിന്റെ ഭാഗമായി നടന്ന ശില്പശാലയിൽ എഴുത്ത് വഴികളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാർ കുട്ടികളുമായി സംവദിച്ചു. പിടിഎ, എസ് എം സി, എം പി ടി എ അംഗങ്ങൾ പങ്കെടുത്തു.

കെ. ലക്ഷ്മിക്കുട്ടി അമ്മ (96) അന്തരിച്ചു

കെ. ലക്ഷ്മിക്കുട്ടി അമ്മ (96) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി വടക്കതിൽ വീട്ടിൽ (എം.എൻ.ആർ.എ:81) പരേതനായ എൻ. ശിവശങ്കരപ്പിള്ളയുടെ (റിട്ടയേർഡ് അധ്യാപകൻ) സഹധർമ്മിണി കെ ലക്ഷ്മിക്കുട്ടി അമ്മ (96) അന്തരിച്ചു.

മക്കൾ: എസ് ഭാസി രാജ് (റിട്ടയേർഡ് പ്രൊഫസർ,നിലമേൽ എൻ.എസ്.എസ് കോളേജ്), പരേതനായ എസ് ബേബി രാജ്.
മരുമകൾ: രാധ എം.ആർ (റിട്ടയേർഡ് അധ്യാപിക,ഗവ:എൽ.പി.എസ് പരവൂർക്കോണം).
സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക്.