മൊബൈൽ ഫോൺ അഡിക്ഷൻ, മാനസിക നില തകരാറിലായി; മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു

മൊബൈൽ ഫോൺ അഡിക്ഷൻ, മാനസിക നില തകരാറിലായി; മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു

തിരുവനന്തപുരം: മാനസിക നില തകരാറിലായ മകന്റെ മർദ്ദനമേറ്റ പിതാവ് മരിച്ചു. അതിയന്നൂർ വെൺപകലിനു സമീപം പട്ട്യക്കാല സംഗീതിൽ സുനിൽകുമാറാണ് മരിച്ചത്. സംഭവത്തിൽ മകൻ സിജോയി സാമുവേലിനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ സിജോയിയെ റിമാൻഡ് ചെയ്തു.

അമിതമായ മൊബൈൽ ഫോൺ ഉപയോഗവും വീഡിയോ ഗെയിം ആസക്തിയും മൂലമാണ് മകൻ സിജോയിയുടെ മാനസിക നില തകരാറിലായതെന്നാണ് റിപ്പോർട്ട്. മൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ കൂടുതല്‍ ചൊടിപ്പിച്ചിരുന്നു. സുനിൽകുമാർ- ലളിതകുമാരി ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനാണ് സിജോയി.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സിജോയിയുടെ മാനസികനില തകരാറിലായിരുന്നു. ഇടയ്ക്ക് ചികിത്സ നടത്തുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നെങ്കിലും ആക്രമണം തുടർന്നു. ഇതോടെ സുനിൽ കുമാറും ഭാര്യ ലളിത കുമാരിയും കാഞ്ഞിരംകുളത്ത് വാടകയ്ക്ക് താമസം മാറി. എന്നാൽ സിജോയിക്ക് ദിവസവും ഇവർ ഭക്ഷണം എത്തിച്ചിരുന്നു.

ഭക്ഷണവുമായി എത്തിയ പിതാവിനോട്, ഇയാൾ പണം ആവശ്യപ്പെടുകയും അതു ലഭിക്കാതെ വന്നതോടെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ് വീണ സുനിൽ കുമാറിനെ നാട്ടുകാരാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കാൽതെറ്റി വീണെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ വീഴ്ചയിലേറ്റ പരിക്കല്ലെന്ന് മനസ്സിലാക്കിയ ഡോക്ടർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

അടുത്തിടെ സിജോയ് ആവശ്യപ്പെട്ടതുപ്രകാരം രക്ഷിതാക്കള്‍ ബൈക്ക് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍, ഇതിന് മൈലേജില്ലെന്ന് പറഞ്ഞ് മറ്റൊരു ബൈക്ക് വാങ്ങിത്തരാന്‍ സിജോയ് വാശിപിടിച്ചിരുന്നു. ബേക്കറി ഉടമയായ സുനില്‍കുമാര്‍ എല്ലാദിവസവും മകന് പോക്കറ്റ് മണിയായി 150 രൂപയും നല്‍കിയിരുന്നു. വീഡിയോ ഗെയിമുകളും കൂടാതെ ഇന്റര്‍നെറ്റ് വഴിയുള്ള പല സാമ്പത്തിക ഇടപാടുകളും സിജോയിക്ക് ഉണ്ടായിരുന്നോയെന്നും സംശയമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിച്ചു വരികയാണ്. സുനില്‍കുമാര്‍ മരിച്ചതോടെ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് അവാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കേരള ആയുഷ് കായകല്‍പ്പ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് സ്ഥാപനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആയുഷ് മേഖലയുടെ പുരോഗതിയ്ക്കായി ഈ സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തുന്നത്. അതിന്റെ ഫലമായി ഈ സര്‍ക്കാരിന്റെ കാലത്ത് 250 ആയുഷ് സ്ഥാപനങ്ങള്‍ക്കാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഐ.എസ്.എം., ഹോമിയോപ്പതി വകുപ്പുകളില്‍ ജില്ലാ ആശുപത്രി, സബ് ജില്ലാ ആശുപത്രി, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. ജില്ലാ ആശുപത്രി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 5 ലക്ഷം രൂപയുമാണ് അവാര്‍ഡ്. 1.5 ലക്ഷം രൂപ വീതമാണ് കമന്‍ഡേഷന്‍ അവാര്‍ഡ്. സബ് ജില്ലാ ആശുപത്രി തലത്തില്‍ ഒന്നാം സ്ഥാനം 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം 3 ലക്ഷം രൂപയുമാണ്. 1 ലക്ഷം രൂപ വീതമാണ് കമന്‍ഡേഷന്‍ അവാര്‍ഡ്. ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് ജില്ലാതലത്തില്‍ ഒന്നാം സമ്മാനം 1 ലക്ഷം രൂപയും കമന്‍ഡേഷനായി 30000 രൂപ വീതവും നല്‍കുന്നു.

സംസ്ഥാന തലത്തില്‍ ജില്ലാ ആശുപത്രി വിഭാഗത്തില്‍ ഐഎസ്എം വകുപ്പില്‍ 95.91% മാര്‍ക്ക് നേടി എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രി ഒന്നാം സ്ഥാനവും 94.61% മാര്‍ക്കോടെ കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹോമിയോപ്പതി വകുപ്പ് ജില്ലാ ആശുപത്രികളില്‍ 99.17% മാര്‍ക്ക് നേടി തൃശൂര്‍ ജില്ലാ ഹോമിയോപ്പതി ആശുപത്രി ഒന്നാം സ്ഥാനവും 98.22% മാര്‍ക്കോടെ എറണാകുളം ജില്ലാ ഹോമിയോപ്പതി ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ 80 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ 3 ഐഎസ്എം, 3 ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍ കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.

ഐഎസ്എം വകുപ്പ് സബ് ജില്ലാ ആശുപത്രികളില്‍ 98.97% മാര്‍ക്ക് നേടി പാലക്കാട് ജില്ല, ഒറ്റപ്പാലം ഗവ. ആയുര്‍വേദ ആശുപത്രി ഒന്നാം സ്ഥാനവും 95.50% മാര്‍ക്കോടെ കണ്ണൂര്‍ ജില്ല, ചെറുകുന്ന് ഗവ. ആയുര്‍വേദ ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹോമിയോപ്പതി വകുപ്പ് സബ് ജില്ലാ ആശുപത്രികളില്‍ 92.86% മാര്‍ക്ക് നേടി കോട്ടയം ജില്ല, കുറിച്ചി ഗവ. ഹോമിയോപ്പതി ആശുപത്രി ഒന്നാം സ്ഥാനവും 91.78% മാര്‍ക്കോടെ തിരുവനന്തപുരം ജില്ല, നെയ്യാറ്റിന്‍കര ഗവ. ഹോമിയോപ്പതി ആശുപത്രി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന തലത്തില്‍ 80 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടിയ 3 ഐഎസ്എം, 3 ഹോമിയോപ്പതി സബ് ജില്ലാ ആശുപത്രികള്‍ കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.

കേരളത്തിലെ 14 ഐഎസ്എം, 14 ഹോമിയോപ്പതി ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും 42 ഐഎസ്എം 42 ഹോമിയോപ്പതി സ്ഥാപനങ്ങള്‍ കമന്‍ഡേഷന്‍ അവാര്‍ഡുകളും നേടിയിട്ടുണ്ട്.

കേരളത്തിലെ എല്ലാ ആയുര്‍വേദ, ഹോമിയോപ്പതി ജില്ലാ ആശുപത്രികള്‍, സബ് ജില്ലാ/താലൂക്ക് ആയുഷ് ആശുപത്രികള്‍, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ (എ.എച്ച്.ഡബ്ല്യൂ.സി.) എന്നിവയില്‍ നിന്ന് പല ഘട്ടങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് ആയുഷ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധാ നിയന്ത്രണം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലനം ലഭിച്ച അസ്സസര്‍മാര്‍ നടത്തിയ മൂല്യ നിര്‍ണയം ജില്ലാ/ സംസ്ഥാന കായകല്‍പ്പ് കമ്മിറ്റികള്‍ വിലയിരുത്തുകയും സമാഹരിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് കായകല്‍പ്പ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏറ്റവും മികച്ച സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ട്രാക്ടറിൽ കയറിയത് എഡിജിപി, ഡ്രൈവർക്കെതിരെ കേസ്; ഹൈക്കോടതി വിധി ലം​ഘിച്ചെന്ന് എഫ്ഐആർ

ട്രാക്ടറിൽ കയറിയത് എഡിജിപി, ഡ്രൈവർക്കെതിരെ കേസ്; ഹൈക്കോടതി വിധി ലം​ഘിച്ചെന്ന് എഫ്ഐആർ

പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ ശബരിമല യാത്ര നടത്തിയ സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പമ്പ പൊലീസാണ് കേസെടുത്തത്. എഫ്‌ഐആറില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെപ്പറ്റി പരാമര്‍ശമില്ല. ഹൈക്കോടതി വിധി ലംഘിച്ച് ട്രാക്ടറിൽ ആളെ കയറ്റി എന്നതാണ് പ്രധാനകുറ്റം. ഗതാഗത നിയമവുമായി ബന്ധപ്പെട്ട വകുപ്പുകളും ഡ്രൈവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

പൊലീസിന്റെ ട്രാക്ടറിലാണ് എജിഡിപി എം ആര്‍ അജിത് കുമാര്‍ ശബരിമല യാത്ര നടത്തിയത്. ഈ ട്രാക്ടറിന്റെ ആര്‍സി ഉടമ സംസ്ഥാന പൊലീസ് മേധാവിയാണ്. പൊലീസിന്റെ എഫ്‌ഐആറില്‍ ട്രാക്ടറില്‍ യാത്ര ചെയ്ത വിഐപിയെക്കുറിച്ചോ, അതിന് പ്രേരിപ്പിച്ച ഘടകങ്ങളെപ്പറ്റിയോ പരാമര്‍ശമില്ല. ഹൈക്കോടതി വിധി ലംഘിച്ച്, ആളുകള്‍ക്ക് അപായമുണ്ടാക്കുന്ന രീതിയില്‍ അലക്ഷ്യമായി വാഹനം ഓടിച്ച് മോട്ടോര്‍ വാഹന നിയമം ലംഘിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

നിയമം ലംഘിച്ച് ട്രാക്ടറില്‍ ശബരിമല ദര്‍ശനം നടത്തിയ എഡിജിപി എം ആര്‍ അജിത് കുമാറിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എഡിജിപിയുടെ യാത്ര മനപ്പൂര്‍വമാണെന്ന് വ്യക്തമാണ്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആര്‍ അജിത് കുമാറിന്റെ പ്രവൃത്തി. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയി. എഡിജിപി അജിത് കുമാറിന് ആരോഗ്യപ്രശ്‌നമുണ്ടോ? ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ ആംബുലന്‍സില്‍ പോയിക്കൂടേ എന്നും ഹൈക്കോടതി ചോദിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം ജോലി നോക്കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. അതുകൊണ്ടു തന്നെ നിയമങ്ങളെല്ലാം അദ്ദേഹത്തിന് വ്യക്തമായി അറിയാവുന്നതാണ്. സ്വാമി അയ്യപ്പന്‍ റോഡില്‍ ചരക്കു കൊണ്ടു പോകാന്‍ മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് നേരത്തെ തന്നെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. സംഭവത്തില്‍ പത്തനംതിട്ട എസ് പിയോട് കോടതി റിപ്പോര്‍ട്ട് തേടി. സ്വാമി അയ്യപ്പന്‍ റോഡില്‍ ഒരു തരത്തിലും നിയമവിരുദ്ധ യാത്ര അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പമ്പ-സന്നിധാനം റോഡില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് എഡിജിപി അജിത്കുമാര്‍ ലംഘിച്ചുവെന്നാണ് ദേവസ്വം സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. ഞായറാഴ്ച സന്നിധാനത്തു നടന്ന നവഗ്രഹക്ഷേത്ര പ്രതിഷ്ഠ തൊഴാനാണ് എഡിജിപി ശനിയാഴ്ച വൈകീട്ട് എത്തിയത്. പമ്പയില്‍നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത്കുമാർ ട്രാക്ടറിൽ യാത്ര നടത്തിയത്.

തെരുവുനായ്ക്കളെ ദയാവധം നടത്താം, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി

തെരുവുനായ്ക്കളെ ദയാവധം നടത്താം, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടലുമായി സര്‍ക്കാര്‍. രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താമെന്ന തീരുമാനമായി. മൃഗസംരക്ഷണ- തദ്ദേശ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ നായകളെ ദയാവധത്തിന് വിധേയമാക്കാം. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. കേന്ദ്രചട്ടങ്ങള്‍ പാലിച്ചാകും ദയാവധം നടത്തുകയെന്നും മന്ത്രിമാരായ എം ബി രാജേഷും ജെ ചിഞ്ചുറാണിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏതെങ്കിലും മൃഗത്തിന് രോഗം പടർത്താൻ കഴിയുന്ന തരത്തിൽ അസുഖമുണ്ടെന്ന് കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരിനോ ബോധ്യപ്പെട്ടാൽ, അത്തരം രോഗം നിയന്ത്രിക്കുന്നതിനായി അവയെ ദയാവധത്തിന് വിധേയമാക്കുന്നതിന് 2023 ലെ ആനിമൽ ഹസ്ബൻഡറി പ്രാക്ടീസ് ആൻഡ് പ്രോസീജ്യർ റൂളിൽ അനുമതി നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സെപ്തംബറില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് വാക്‌സിനേഷനും ലൈസന്‍സ് എടുക്കാനുമുള്ള ക്യാംപ് നടത്തും. വളര്‍ത്തുനായ്ക്കള്‍ക്ക് ഇലക്ട്രോണിക് ചിപ്പും ഘടിപ്പിക്കും. ഓഗസ്റ്റില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്‌സിനേഷനും നടത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

സംസ്ഥാനത്ത് എല്ലായിടത്തും മഴ മുന്നറിയിപ്പ്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് എല്ലായിടത്തും മഴ മുന്നറിയിപ്പ്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമാണുള്ളത്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

കേരളത്തില്‍ അടുത്ത 5 ദിവസത്തേക്കുള്ള ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ ഇങ്ങനെ

ഓറഞ്ച് അലര്‍ട്ട്

16/07/2025: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

17/07/2025: കണ്ണൂര്‍, കാസറഗോഡ്

18/07/2025: കണ്ണൂര്‍, കാസറഗോഡ്

19/07/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

20/07/2025: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

യെല്ലോ അലര്‍ട്ട്

16/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം

17/07/2025: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

18/07/2025: ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

19/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്

20/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്

എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു

വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു

കിളിമാനൂർ: വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലിരുന്ന വീട്ടമ്മയായ യുവതി മരിച്ചു. കിളിമാനൂർ പനപ്പാംകുന്ന് മഞ്ജുവിലാസത്തിൽ വിഷ്ണുപ്രിയ (27) ആണ് മരിച്ചത്.