by Midhun HP News | Jul 10, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.പ്ലേസ്മെന്റ് ആന്റ് കരിയർ ഗൈഡൻസ് സെൻറിന്റെ ആഭിമുഖ്യത്തിൽ എൽ & ടി, ബിംലാബ്സ് എന്നീ പ്രമുഖ സ്ഥാപനങ്ങൾ നടത്തിയ ക്യാമ്പസ് ഇൻ്റർവ്യൂവിൽ 75 പേർക്ക് നിയമന ഉത്തരവുകൾ നൽകി. നിലവിൽ വിവിധ ട്രേഡുകളിലായി പഠിച്ചുകൊണ്ടിരിക്കുന്ന 61 പേർക്ക് കാഞ്ചിപുരം എൽ & ടി. യിലും ഡ്രാഫ്റ്റ്മാൻ സിവിൽ/ മെക്കാനിക്കൽ ട്രേഡിലെ 14 പേർക്ക് തിരുവനന്തപുരം ബിംലാബ്സ് എന്ന സ്ഥാപനത്തിലുമാണ് നിയമന ഉത്തരവുകൾ നൽകിയത്.
ജൂലായ്, ആഗസ്ത് മാസങ്ങളിൽ നടക്കുന്ന പരീക്ഷകൾക്ക് ശേഷം സെപ്തംബർ 15 മുതലാണ് നിയമനം നൽകുന്നത്. ഐ.ടി.ഐ.ൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ എം.എൽ.എ. ഒ.എസ്. അംബിക നിയമന ഉത്തരവുകൾ കൈമാറി. വൈസ് പ്രിൻസിപ്പൽ മിനി.കെ, പ്ലേസ്മെൻ്റ് കോർഡിനേറ്ററും ഗ്രൂപ്പ് ഇൻസ്ട്രക്ടറുമായ ഹരികൃഷ്ണൻ.എൻ, പ്ലേസ്മെൻ്റ് ഓഫീസർ അംജിത് ചന്ദ്രൻ, ഗ്രൂപ്പ് ഇൻസ്ട്രക്ടറർമാരായ ഹരിലാൽ, സന്തോഷ്, ഉമേഷ്, സാബു, സ്റ്റാഫ് സെക്രട്ടറി മിഥുൻലാൽ, പി.ടി.എ. വൈസ് പ്രസിഡൻ്റ് ശ്രീകുമാരൻനായർ തുടങ്ങിയവർ പങ്കെടുത്തു. വിദേശത്തും സ്വദേശത്തുമായി കഴിഞ്ഞ വർഷം 576 പേർക്കും ഈ വർഷം 98 പേർക്കും പ്ലേസ്മെൻ്റ് സെല്ലിൻ്റെ നേതൃത്വത്തിൽ നിയമനം നൽകിയിട്ടുണ്ട്.
by Midhun HP News | Jul 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘര്‍ഷം തടയുന്നതിനുള്ള പുതിയ നിയമത്തിന്റെ കരട് തയ്യാറായി വരുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. സംസ്ഥാനത്തിന് നിയമനിര്‍മ്മാണം നടത്താനാകുമോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തി. കണ്‍കറന്റ് ലിസ്റ്റ് ആയതിനാല്‍, ആ പഴുത് ഉപയോഗിച്ച് നിയമനിര്‍മ്മാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് ഉപദേശം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്തു ചേരുന്ന മന്ത്രിസഭായോഗത്തില്‍ കരട് നിയമം സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നിയമം രൂപീകരിക്കാന്‍ തീരുമാനിച്ചത്. അടുത്ത മാസം ചേരുന്ന നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. നിലവില്‍ നിലനില്‍ക്കുന്ന കേന്ദ്രനിയമങ്ങളും അതിലെ ചട്ടങ്ങളും കേരളത്തില്‍ പ്രായോഗികമല്ലെന്നും, സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വനുഷ്യ- വന്യജീവി സംഘര്‍ഷം കൂടുതല്‍ ലഘൂകരിക്കാനും, മനുഷ്യര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന തരത്തിലും നിയമം രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നത്.
നിലവിലെ നിയമങ്ങള്‍ വന്യജീവികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലാണുള്ളത്. പുതിയ നിയമത്തില്‍ അതില്‍ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി സൂചിപ്പിച്ചു. എന്നാല്‍ പുതിയ കരട് നിയമത്തില്‍ മന്ത്രിസഭയിലും ഇടതുമുന്നണിയിലും കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകും. പൊതു സമൂഹത്തിന്റെ കൂടി അഭിപ്രായങ്ങള്‍ കണക്കിലെടുത്ത ശേഷമാകും ബില്ലിന്റെ രൂപത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാനായി അടിയന്തര നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടിരുന്നു. വന്യജീവികളും തെരുവ് നായകളും ഉയര്‍ത്തുന്ന ഭീഷണി മൂലം സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ആളുകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നില്ല. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍, നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയും പുതിയ നിയമനിര്‍മ്മാണം നടത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്`.
ജല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ വളരെപ്പെട്ടെന്നു തന്നെ നിയമം പാസ്സാക്കി. അതുപോലെ, മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെയും തെരുവ് നായ്ക്കളുടെ ശല്യത്തിന്റെയും വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യണം എന്നാണ് ജോസ് കെ മാണി ആവശ്യപ്പെട്ടത്.
by Midhun HP News | Jul 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും( വ്യാഴാഴ്ച) നാളെയും ( വെള്ളിയാഴ്ച) ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. നേരത്തെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഒരു ജില്ലയിലും ഇന്നും നാളെയും അലര്‍ട്ട് ഇല്ല.
അതേസമയം ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ശനിയാഴ്ച വടക്കന്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച എട്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.തിങ്കളാഴ്ചയും വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
by Midhun HP News | Jul 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമരം ജനാധിപത്യ വിരുദ്ധമാണെന്നും സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി പറഞ്ഞിട്ടാണ് സമയമാറ്റം. അതിനാല്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെയാണ് സമീപിക്കേണ്ടത്. മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
‘സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ എല്ലാ കുട്ടികളെയും ബാധിക്കുന്ന തരത്തിലേ എടുക്കാന്‍ പറ്റുകയുള്ളു. ഏതെങ്കിലും ഒരുവിഭാഗത്തിന് വേണ്ടി പരീക്ഷ മാറ്റിവയ്ക്കുക, ക്ലാസ് ടൈം മാറ്റിവയ്ക്കുക, പ്രത്യേകം അവധി നല്‍കുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന് ചെയ്യാനാവില്ല. ഈ ആവശ്യം ജനാധിപത്യ വിരുദ്ധമാണ്. ഇത് സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന സമ്പ്രദായമാണെന്നും ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിലെ സമയക്രമത്തിനുസരിച്ച് അവര്‍ സമയം ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തില്‍ ഒരോ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഈ വിഷയത്തില്‍ എന്ത് ചര്‍ച്ച നടത്താനിരിക്കുന്നു. ഓരോരുത്തരും അവരുടെ മതവും ജാതിയും വിശ്വാസങ്ങളും പൊതുസമൂഹത്തെ ബാധിക്കുന്ന തരത്തിലേക്ക് കൊണ്ടുവന്നാല്‍ ആതൊന്നും അംഗീകരിക്കാന്‍ പറ്റില്ല. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാഭ്യാസരംഗത്ത് പുരോഗമനനിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നതിനെ അംഗീകരിക്കാന്‍ പറ്റില്ല’ ശിവന്‍ കുട്ടി പറഞ്ഞു.
അതേസമയം, സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധിച്ച് ഇകെ വിഭാഗം സമസ്തയുടെ സമരപ്രഖ്യാപനം ഇന്ന് കോഴിക്കോട് നടക്കും. മദ്രസ വിദ്യാഭ്യാസത്തെ താളം തെറ്റിക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം. കേരളത്തിലെ പതിനൊന്നായിരം മദ്രസകളുടെ പ്രവര്‍ത്തനത്തെയും 12 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ മതപഠനത്തെയും തീരുമാനം ബാധിക്കുമെന്നാണ് സമസ്തയുടെ പരാതി.
by Midhun HP News | Jul 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗതീരുമാനം. മകന് സര്‍ക്കാര്‍ ജോലി നല്‍കാനും വീട് നന്നാക്കി കൊടുക്കുനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. നേരത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീട്ടിലെത്തിയപ്പോള്‍ മകന് സര്‍ക്കാര്‍ ജോലി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. നേരത്തെ മന്ത്രി വിഎന്‍ വാസവനും കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് അറിയിച്ചിരുന്നു.
ജൂലൈ 3ന് നടന്ന അപകടത്തിൽ തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത്കുന്നേല്‍ ഡി ബിന്ദു (52) ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. ബിന്ദുവിന്റെ വീട് നിർമാണം പൂർത്തിയാക്കാൻ 12.5 ലക്ഷം രൂപ സർക്കാർ സഹായം അറിയിച്ചിരുന്നു. മകളുടെ ചികിത്സാ ചിലവുകൾ കണ്ടെത്തുന്നതിലും സർക്കാർ സഹായം ഉറപ്പ് നൽകിയിരുന്നു.
by Midhun HP News | Jul 10, 2025 | Latest News, ജില്ലാ വാർത്ത
കണിയാപുരം കല്ലിങ്കര ഷാൻ മൻസിലിൽ പരേതനായ അബ്ദുറഹ്മാൻ ഹലിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഷെഹിൻ കഴിഞ്ഞ ദിവസം ദുബൈയിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഷെഹിൻ കുടുംബത്തോടൊപ്പം ദുബൈയിലാണ്. മൃതദേഹം നാട്ടിൽ കൊണ്ട് വരുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
Recent Comments