by Midhun HP News | Jun 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ഏത്തമിടീച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപികയ്ക്കാണ് ഡി ഇ ഒ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് അധ്യാപിക വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ഏത്തം ഇടീച്ചത്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയതിനായിരുന്നു അധ്യാപികയുടെ ശിക്ഷാനടപടി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബസ് കിട്ടാതെ വരികയും സ്വകാര്യബസില്‍ കയറി വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്താന്‍ വൈകിയതിനെക്കുറിച്ച് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടികള്‍ നടന്ന സംഭവം പറഞ്ഞത്.
തുടര്‍ന്ന് രക്ഷിതാക്കള്‍ വാട്ട്‌സാപ്പിലൂടെ ഇക്കാര്യം അധികൃതരെ അറിയിച്ചു. തുടര്‍ന്നാണ് ഡിഇഒക്ക് പരാതി നല്‍കുകയും ചെയ്തത്. അധ്യാപികയുടെ മറുപടിക്ക് ശേഷമാകും തുടര്‍നടപടിയില്‍ തീരുമാനമെടുക്കുക. ഇത്തരം പ്രാകൃത ശിക്ഷാരീതികള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണണെന്നും മന്ത്രി നിര്‍ദേശിച്ചു.
by Midhun HP News | Jun 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പനച്ചിമൂട് സ്വദേശിയായ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് നാട്ടുകാരുടെ ആരോപണം. പനച്ചിമൂട് സ്വദേശിയായ 48 കാരി പ്രിയംവദയെയാണ് രണ്ടു ദിവസമായി കാണാനില്ലാതായത്. ഇവര്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
പ്രിയംവദയെ കൊന്നുകുഴിച്ചു മൂടിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കാണാതാകുന്നതിന് മുമ്പ് സ്ത്രീയെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് കണ്ടിരുന്നുവെന്നാണ് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
by Midhun HP News | Jun 15, 2025 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്ത് റാങ്ക്. തളര്‍ന്നില്ല. ലക്ഷ്യം നേടാനുറച്ച് ഒരുവര്‍ഷം പൂര്‍ണമായും പരിശീലനത്തിനായി വിനിയോഗിച്ചു. ഡോക്ടര്‍ എന്ന സ്വപ്നത്തിനുപുറകെയുള്ള ദീപ്നിയയുടെ യാത്രയ്ക്ക് മിന്നുന്ന വിജയത്തുടക്കം. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ദൂരം താണ്ടി നീറ്റിലെ സംസ്ഥാനത്തെ ആദ്യ റാങ്കില്‍ ദീപ്നിയ മുത്തമിടുമ്പോള്‍ വീടിനും നാടിനും അഭിമാന നിമിഷം.
പൊതുവിദ്യാലത്തില്‍ പഠിച്ച, വായന ഏറെ ഇഷ്ടമുള്ള കോഴിക്കോട് ആവള സ്വദേശിനി ദീപ്നിയ ചിട്ടയായ പഠനത്തിലൂടെയാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. അഖിലേന്ത്യാതലത്തില്‍ 109-ാം റാങ്കാണ്. ആദ്യ ശ്രമത്തില്‍ ദേശീയതലത്തില്‍ മുപ്പതിനായിരത്തിനടുത്തായിരുന്നു റാങ്ക്. ലക്ഷ്യം നേടാനുറച്ച് ഒരുവര്‍ഷം പൂര്‍ണമായും പരിശീലനത്തിനായി വിനിയോഗിച്ചു. പാലാ ബ്രില്യന്‍സില്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പരിശീലനം. ദിവസം 12 മുതല്‍ 13 മണിക്കൂര്‍ വരെയായിരുന്നു പഠനമെന്ന് ദീപ്നിയ പറയുന്നു.
പോണ്ടിച്ചേരി ജിപ്മറില്‍ പഠിക്കാനാണ് താല്‍പ്പര്യം. ആവള ജിഎംഎല്‍പി, ആവള യുപി, ആവള കുട്ടോത്ത്ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. പാഠ്യേതരവിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.ആവള കുട്ടോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനും മഠത്തില്‍ മുക്കിലെ ആവള ടി ഗ്രന്ഥാലയം സെക്രട്ടറിയുമായ പള്ളിക്കല്‍മീത്തല്‍ പി എം ദിനേശന്റെയും ഇതേ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര അധ്യാപിക എം പി ബിജിയുടേയും മകളാണ്.
by Midhun HP News | Jun 15, 2025 | Latest News, ജില്ലാ വാർത്ത
കെ എസ് ആർ ടി സി ആറ്റിങ്ങൽ ഡിപ്പോയിൽ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർകേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള യായത്രയയപ്പും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ യൂണിയൻ അംഗങ്ങൾക്കുള്ള അവാർഡ് വിതരണവും നടന്നു.
യുണിയന്റെ സംസ്ഥാന ഓഡിറ്റ് കമ്മിറ്റി അംഗം ശ്യാം കുമാർ വി എസ് അധ്യക്ഷൻ ആയ യോഗത്തിൽ ഐ എൻ ടി യു സി ദേശീയ നിർവഹക സമിതി അംഗം അജിത് കുമാർ വി എസ് ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട് വർക്കേഴ്സ് യൂണിയന്റെ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഷിബു എസ്, ജില്ലാ പ്രസിഡന്റ് അഭിലാഷ്, യുണിറ്റ് സെക്രട്ടറി രാജീവ് ടി യു, ഊരുപോയ്ക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ കുമാർ എസ്, ഐ എൻ ടി യു സി സംസ്ഥാന കമ്മിറ്റി അംഗം ശ്രീരംഗൻ എന്നിവർ പങ്കെടുത്തു.
by Midhun HP News | Jun 14, 2025 | Latest News, ജില്ലാ വാർത്ത
മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയി ച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.
ഉച്ച മുതൽ അതിശക്തമായ മഴയാണ് ശബരിമല സന്നിധാനത്ത് പെയ്യുന്നത്. കനത്ത മഴയിലും ആയിരങ്ങളാണ് ഭഗവാനെ കണ്ട് വണങ്ങാൻ കാത്തു നിന്നത്. മിഥുനമാസം ഒന്നിന് നാളെ രാവിലെ അഞ്ചുമണിക്ക് നട തുറക്കും. ഒന്നു മുതൽ എല്ലാ ദിവസവും ഗണപതിഹോമം, ഉഷപൂജ, നെയ്യഭിഷേകം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും. ഇവയ്ക്ക് പുറമേ എല്ലാദിവസവും ദീപാരാധനയ്ക്കു ശേഷം പതിനെട്ടാം പടിയിൽ പടി പൂജയും നടക്കും.
മിഥുനുമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് നടയടക്കും. ഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദർശനം ഒരുക്കുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡും കേരള സർക്കാരും ചേർന്ന് സ്വീകരിച്ചിട്ടുണ്ട്.
by Midhun HP News | Jun 14, 2025 | Latest News, ജില്ലാ വാർത്ത
ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം നേടി ദക്ഷിണാഫ്രിക്ക വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രമെഴുതി. ഫൈനലില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടത്തില്‍ മുത്തമിട്ടു. 1998ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു.
ഒന്നാം ഇന്നിങ്സില്‍ 212 റണ്‍സില്‍ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റണ്‍സില്‍ അവസാനിപ്പിച്ച് 74 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്‌സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് 207 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നില്‍ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റണ്‍സ് കണ്ടെത്തിയാണ് ലോര്‍ഡ്‌സില്‍ ചരിത്രമെഴുതിയത്.
3 ദിവസം മുന്നില്‍ നില്‍ക്കെ കരുതലോടെ ബാറ്റ് വീശിയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കിയത്.
ഓപ്പണറായി ഇറങ്ങി ഒന്നാം ഇന്നിങ്‌സില്‍ പൂജ്യത്തില്‍ മടങ്ങേണ്ടി വന്ന മാര്‍ക്രം രണ്ടാം ഇന്നിങ്‌സില്‍ ക്ലാസ് ശതകവുമായി ഒരറ്റം കാത്താണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. വിജയത്തിനു ആറ് റണ്‍സ് അകലെയാണ് താരം 136 റണ്‍സ് സ്വന്തമാക്കി മടങ്ങിയത്. എട്ടാം ടെസ്റ്റ് സെഞ്ച്വറിയിലേക്ക് 14 ഫോറുകള്‍ സഹിതമാണ് മാര്‍ക്രം എത്തിയത്. കളി ജയിക്കുമ്പോള്‍ 21 റണ്‍സുമായി ഡേവിഡ് ബഡിങ്ഹാമും 4 റണ്‍സുമായി കെയ്ല്‍ വരെയ്‌നുമായിരുന്നു ക്രീസില്‍.
ബവുമ 66 റണ്‍സെടുത്തു മടങ്ങി. വിയാന്‍ മള്‍ഡര്‍ (27), റിയാന്‍ റിക്കല്‍ടന്‍ (6), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റുകള്‍ വീഴ്ത്തി. കമ്മിന്‍സ്, ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
74 റണ്‍സിന്റെ നിര്‍ണായക ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസീസ് 28 റണ്‍സ് വരെ വലിയ പ്രശ്നമില്ലാതെ പോയി. എന്നാല്‍ 28 റണ്‍സില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ വീണത് അവര്‍ക്ക് തിരിച്ചടിയായി. പിന്നീട് വിക്കറ്റുകള്‍ കൊഴിയുന്ന കാഴ്ചയായിരുന്നു. ഒരു ഘട്ടത്തില്‍ ഓസീസ് 100 കടക്കുമോ എന്നു പോലും സംശയിച്ചു. മുന്‍നിര ബാറ്റര്‍മാരെല്ലാം അതിവേഗം മടങ്ങിയപ്പോള്‍ അവര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തി.
എന്നാല്‍ എട്ടാം വിക്കറ്റിലെ വീരോചിത ചെറുത്തു നില്‍പ്പുമായി അലക്സ് കാരിയും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്നു പോരാട്ടം പ്രോട്ടീസ് പാളയത്തിലേക്ക് നയിച്ചതോടെ ഓസീസിനു അല്‍പ്പം ആശ്വാസമായി. സഖ്യം സ്‌കോര്‍ 100 കടത്തുകയും ലീഡ് 200 കടത്തിയുമാണ് പിരിഞ്ഞത്. ഇരുവരും ചേര്‍ന്നു ഉയര്‍ത്തിയത് 61 റണ്‍സിന്റെ വിലപ്പെട്ട റണ്‍സുകള്‍. സ്‌കോര്‍ 134ല്‍ നില്‍ക്കെ അലക്സ് കാരി മടങ്ങി. താരം 43 റണ്‍സാണ് എടുത്തത്.
പിന്നീട് മിച്ചല്‍ സ്റ്റാര്‍ക്ക് ജോഷ് ഹെയ്‌സല്‍വുഡിനെ കൂട്ടുപിടിച്ചു നടത്തിയ ചെറുത്തു നില്‍പ്പും നിര്‍ണായകമായി. ഇരുവരും ചേര്‍ന്ന് പത്താം വിക്കറ്റില്‍ 59 റണ്‍സും ചേര്‍ത്തു. മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ടാം ഇന്നിങ്‌സില്‍ ടീമിന്റെ ടോപ് സ്‌കോററായത്. താരം 58 റണ്‍സെടുത്തു. ഹെയ്‌സല്‍വുഡ് 53 പന്തുകള്‍ ചെറുത്ത് 17 റണ്‍സും കണ്ടെത്തി.
ആദ്യ ഇന്നിങ്സില്‍ 5 ഓസീസ് വിക്കറ്റുകള്‍ പിഴുത കഗിസോ റബാഡ രണ്ടാം ഇന്നിങ്സില്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി നേട്ടം ഒന്‍പതാക്കി ഉയര്‍ത്തി. റബാഡയ്ക്കൊപ്പം രണ്ടാം ഇന്നിങ്സില്‍ ലുന്‍ഗി എന്‍ഗിഡിയും ഓസീസിനെ വിറപ്പിച്ചു. താരവും 3 വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കോ യാന്‍സന്‍, വിയാന്‍ മള്‍ഡര്‍, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മാരക പേസുമായി കളം വാണപ്പോള്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു. ബൗളര്‍മാര്‍ നല്‍കിയ മേല്‍ക്കൈ മുതലാക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. കമ്മിന്‍സ് വെറും 28 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകളാണ് പിഴുതത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ജോഷ് ഹെയ്‌സല്‍വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി. കേശവ് മഹാരാജ് റണ്ണൗട്ടായി.
ഓസീസിനെ 212 റണ്‍സില്‍ പുറത്താക്കി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്. ആദ്യ ദിനത്തില്‍ 30 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ടെംബ ബവുമയും ഡേവിഡ് ബഡിങ്ഹാമും ചേര്‍ന്നു കൂടുതല്‍ നഷ്ടങ്ങളില്ലാതെയാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്.
രണ്ടാം ദിനത്തിലെ ആദ്യ സെഷനിലും ഇരുവരും കരുതലോടെ നീങ്ങി. സ്‌കോര്‍ 94ല്‍ നില്‍ക്കെ കമ്മിന്‍സാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. കമ്മിന്‍സ് ബവുമയെ മടക്കി. ബവുമ- ബെഡിങ്ഹാം സഖ്യം അഞ്ചാം വിക്കറ്റില്‍ 64 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ മികച്ച കൂട്ടുകെട്ടും ഇതുതന്നെ.
ബഡിങ്ഹാമാണ് ടോപ് സ്‌കോറര്‍. താരം 111 പന്തില്‍ 45 റണ്‍സെടുത്തു. ബവുമ 84 പന്തില്‍ 36 റണ്‍സും കണ്ടെത്തി. 16 റണ്‍സെടുത്ത റിയാന്‍ റിക്കല്‍ടന്‍, 13 റണ്‍സെടുത്ത കെയ്ല്‍ വരെയ്ന്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ആദ്യം ബാറ്റിങിന് ഇറങ്ങിയ ഓസീസിനെ ഒന്നാം ഇന്നിങ്‌സില്‍ കഗിസോ റബാഡയാണ് വെള്ളം കുടിപ്പിച്ചത്. പ്രോട്ടീസിനായി റബാഡ 5 വിക്കറ്റുകളും മാര്‍ക്കോ യാന്‍സന്‍ 3 വിക്കറ്റുകളും നേടി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ സ്പിന്നര്‍മാരായ കേശവ് മഹാരാജും എയ്ഡന്‍ മാര്‍ക്രവും നേടി.
മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യ ദിനത്തില്‍ വീണ 14ല്‍ 12 വിക്കറ്റുകളും പേസ് ബൗളര്‍മാര്‍ സ്വന്തമാക്കി
ഒന്നാം ഇന്നിങ്സില്‍ ഓസീസിനായി ബ്യു വെബ്സ്റ്ററും മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ച്വറികള്‍ നേടി. മറ്റാരും കാര്യമായി പൊരുതിയില്ല. വെബ്സ്റ്റര്‍ 72 റണ്‍സും സ്മിത്ത് 66 റണ്‍സും കണ്ടെത്തി.
Recent Comments