സംസ്ഥാനതല മോണോ ആക്ട് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം സുൽജിത്ത്‌ എസ്.ജിയ്ക്ക്

സംസ്ഥാനതല മോണോ ആക്ട് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം സുൽജിത്ത്‌ എസ്.ജിയ്ക്ക്

കർട്ടൻ റൈസർ,ആക്ടിങ് അക്കാദമി തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല മോണോ ആക്ട് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം സുൽജിത്ത്‌ എസ്.ജിയ്ക്ക്. കവി പ്രഭാവർമ്മയിൽ നിന്നുമാണ് മൊമെന്റൊയും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ഏറ്റു വാങ്ങിയത്. നാവായിക്കുളം ജിഎച്ച്എസ്എസ് ലെ അദ്ധ്യാപകനാണ് സുൽജിത്ത്.

രാധാദേവി (77) അന്തരിച്ചു

രാധാദേവി (77) അന്തരിച്ചു

ആറ്റിങ്ങൽ: മാമം പന്തലക്കോട് ലക്‌ഷമിയിൽ രാധാദേവി (77) അന്തരിച്ചു.

ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ (റിട്ടയേർഡ് ചീഫ് ഫോട്ടോഗ്രാഫർ പി.ആർ.ഡി)

മക്കൾ: രാധാകൃഷ്ണൻ (കൃഷ്ണാ ഫോട്ടോസ്,മാമം), ബിജു കെ(ഫാർമസിസ്റ്റ്, ആശ്വാസ്, ചിറയിൻകീഴ്), സജു കെ, രാജലക്ഷ്മി ആർ

മരുമക്കൾ: ദീപ വി.ആർ, നിഷ വി.എസ് (ഫാർമസിസ്റ്റ്, ആശ്വാസ്, ചിറയിൻകീഴ്), ബിന്ദു കുമാരി കെ.എസ് (പഴയകുന്നുമേൽ പഞ്ചായത്ത്), ജയചന്ദ്രൻ ബി (യു.എ.ഇ)

സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.

സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായ ജാഥകളുടെ സംഗമവും പൊതു സമ്മേളനവും നടന്നു

സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായ ജാഥകളുടെ സംഗമവും പൊതു സമ്മേളനവും നടന്നു

ആറ്റിങ്ങൽ: സി.പി.ഐ ആറ്റിങ്ങൽ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായ ജാഥകളുടെ സംഗമവും പൊതു സമ്മേളനവും ആലംകോട് ജംഗ്ഷനിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.മുഹ്സിൻ അധ്യക്ഷത വഹിച്ചു.

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.എസ്.അരുൺ, മനോജ് ബി.ഇടമന, വി.ശശി എം.എൽ.എ, മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ, പി.എസ്.ആൻ്റസ്, മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

മണമ്പൂർ ജീ.ഗോപകുമാർ സ്മൃതി മണ്ഡപത്തിൽ നിന്നും മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി മോഹൻദാസ് നേതൃത്വത്തിൽ എത്തിച്ച പതാക അഡ്വ.എം.മുഹ്സിനും ചാത്തൻപാറ കാസ്ട്രോ ബഷീറിൻ്റെ വീട്ടിൽ നിന്നും എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി.എസ്. ആൻ്റസ് നേതൃത്വത്തിൽ എത്തിച്ച ബാനർ അവനവഞ്ചേരി രാജുവും ഏറ്റുവാങ്ങി. ശനിയാഴ്ച രാവിലെ പത്തിന് ദ്വിദിന പ്രതിനിധി സമ്മേളനം ഹാരിസൺ പ്ലാസ അഡിറ്റോറിയത്തിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.രാജൻ ഉദ്ഘാടനം ചെയ്യും.

പത്തോളം വിവാഹങ്ങൾ, വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ

പത്തോളം വിവാഹങ്ങൾ, വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ

തിരുവനന്തപുരം: സിനിമയെ വെല്ലുന്ന തിരക്കഥ മെനഞ്ഞ് കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ യുവാക്കളെ വിവാഹം കഴിച്ചു മുങ്ങിയ യുവതി അറസ്റ്റിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പിടിയിലായത്. പത്ത് പേരെയാണ് രേഷ്മ ഇത്തരത്തിൽ വിവാഹം കഴിച്ചു മുങ്ങിയത്. അടുത്ത വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നില്‍ക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ് നടന്നത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്.

45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.‌ പരിശോധനയിൽ മുൻപ് വിവാഹം രേഖകൾ കണ്ടെത്തിയിരുന്നു.

വിവാഹ പരസ്യങ്ങൾ നൽകുന്ന ​ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29 നാണ് കോൾ വരുന്നത്. രേഷ്മയുടെ അമ്മയെന്നാണ് ആ സ്ത്രീ സ്വയം പരിചയപ്പെടുത്തിയത്. രഷ്മയുടെ നമ്പർ ഇദ്ദേഹത്തിന് കൈമാറുകയും തുടർന്ന് ഇവർ പരസ്പരം സംസാരിക്കുകയും ചെയ്തു. തന്നെ ദത്തെടുത്തതാണെന്നും വിവാഹത്തിന് അമ്മയ്ക്ക് എതിർപ്പാണെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചു.

വിവാഹം ഉറപ്പിച്ച ശേഷം, തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും. രേഷ്മയ്ക്ക് രണ്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസ് പറയുന്നു.

തിരുവനന്തപുരത്ത് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരത്ത് സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പിഎംജിയിൽ സ്കൂട്ടർ ഷോറൂമിൽ വൻ തീപിടിത്തം. പുലർച്ചെ 3.45ലോടെയാണ് അപകടം. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പിഎംജിയിൽ പ്രവർത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. താഴത്തെ നിലയിലെ തീ അണച്ചു. മുകൾ നിലയിലെ തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗോഡൗൺ മുകൾ നിലയിലാണ്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ ഉണ്ടായിരുന്നില്ല. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. സ്കൂട്ടറുകളും സ്പെയർപാട്സും സർവീസ് കേന്ദ്രവും കെട്ടിടത്തിലുണ്ടായിരുന്നു. കൂടുതൽ നഷ്ടം സ്പെയർ പാർട്സിനാണ്. പുതിയ സ്കൂട്ടറുകള്‍ക്ക് അടക്കം വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്.

ഒന്നേമുക്കാൽ കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഉടമ പറയുന്നു. തിരുവനന്തപുരത്ത് നിന്ന് നാല് യൂണിറ്റ്, ചാക്ക നിന്ന് മൂന്ന് യൂണിറ്റ്, വിഴിഞ്ഞം ഒരു യൂണിറ്റ്, കഴക്കൂട്ടം ഒരു യൂണിറ്റ്, നെടുമങ്ങാട് ഒരു യൂണിറ്റ് എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മഹാത്മാഗാന്ധി-ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികം സംഘടിപ്പിച്ചു

മഹാത്മാഗാന്ധി-ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: മഹാത്മാഗാന്ധി-ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികം കെപിസിസി വിചാർ വിഭാഗ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ വെച്ച് നടത്തി. മുൻ കെ.പി.സി.സി പ്രസിഡന്റും, എം.പി യുമായിരുന്ന കെ. മുരളീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.

വിചാർ വിഭാഗം ആറ്റിങ്ങൽ നിയോജക മണ്ഡലം ചെയർമാൻ രഘു റാം അധ്യക്ഷൻ ആയിരുന്നു. വിചാർ വിഭാഗം തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിനോദ് സെന്‍ മുഖ്യ പ്രഭാഷണം നടത്തി. മുൻ എം. എൽ. എ വർക്കല കഹാർ ഡി.സി.സി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, ജോസഫ്‌ പെരേര, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് പി. ജയചന്ദ്രൻ നായർ, മുൻ ബ്ലോക്ക്‌ പ്രഡിഡന്റ് ടി. പി. അംബിരാജ, ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ. എസ്. പ്രശാന്ത്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ കെ.മുരളീധരന്‍ ആദരിച്ചു.