വർക്കലയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം

വർക്കലയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം

വർക്കല: ചെറുന്നിയൂരിൽ കാർ നിയന്ത്രണം വിട്ടു പാഞ്ഞു കയറി തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഇന്ന് ചെറുന്നിയൂർ അച്ചുമ മുക്കില്‍ ആണ് അപകടം നടന്നത്. പ്രദേശവാസിയായ ശാന്ത എന്ന തൊഴിലുറപ്പ് തൊഴിലാളിയാണ് മരണപ്പെട്ടത്.

ജോലിക്കിടെ റോഡരികിൽ വിശ്രമിക്കവെ അതുവഴി പാഞ്ഞു വന്ന കാർ നിയന്ത്രണം വിട്ട് ശാന്തയുടെ ദേഹത്തിടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി ഗവ:മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

‘എന്‍റെ കൃഷിയിടം ജപ്തി ചെയ്യരുതേ…’; പരിസ്ഥിതി പുരസ്‌കാരം വാങ്ങുന്നതിനിടെ മുഖ്യമന്ത്രിയോട് നാലാം ക്ലാസുകാരി

‘എന്‍റെ കൃഷിയിടം ജപ്തി ചെയ്യരുതേ…’; പരിസ്ഥിതി പുരസ്‌കാരം വാങ്ങുന്നതിനിടെ മുഖ്യമന്ത്രിയോട് നാലാം ക്ലാസുകാരി

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ അടുത്തുകണ്ടാല്‍ ഒരു നാലാം ക്ലാസുകാരിയുടെ മനസില്‍ എന്തായിരിക്കും? ലോക പരിസ്ഥിതിദിനാചരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു നാലാം ക്ലാസുകാരിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് നിന്ന ദൃശ്യങ്ങള്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ജപ്തി ഭീഷണി നേരിടുന്ന സ്വന്തം പുരയിടത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു പരിസ്ഥിതിമിത്രം പ്രത്യേക ജൂറി അവാര്‍ഡ് സ്വീകരിച്ച കോഴിക്കോട് മലാപ്പറമ്പ് ലിറ്റില്‍ കിങ്‌സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനി കെ പി ദേവിക മുഖ്യമന്ത്രിയോട് പങ്കുവച്ചത്.

ആറ് സെന്റ് മാത്രം വരുന്ന മലാപ്പറമ്പ് വേങ്ങേരിയിലെ പുരയിടത്തിലെ കൃഷിയാണ് കെ പി ദേവികയെ പരിസ്ഥിതിമിത്രം പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. അതേ പുരയിടം നേരിടുന്ന ജപ്തിഭീഷണിയെ കുറിച്ചുള്ള ആശങ്കയായിരുന്നു പുരസ്‌കാരം സ്വീകരിച്ച് മുഖ്യമന്ത്രിയോട് പങ്കുവച്ചത്. നാലാം ക്ലാസുകാരിയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കാന്‍ മുഖ്യമന്ത്രിയും തയ്യാറായി. വായ്പയുടെ വിരങ്ങളും ഇടപെടല്‍ ആവശ്യപ്പെടുന്ന കത്തും ദേവിക മുഖ്യമന്ത്രിക്ക് നല്‍കി. വിഷയം പരിശോധിക്കാമെന്ന് വാക്കുനല്‍കിയാണ് മുഖ്യമന്ത്രി ദേവികയെ മടക്കി അയച്ചത്.

തയ്യല്‍ തൊഴിലാളിയായ ദേവികയുടെ അച്ഛന്‍ കെ പി ദീപക് ജോലി വിപുലീകരിക്കുന്നതിനും വീടുപണിക്കും വേണ്ടിയായിരുന്നു വായ്പ എടുത്തത്. സഹകരണബാങ്ക്, എസ്ബിഐ എന്നിലയില്‍ നിന്നും സ്വന്തമാക്കിയ ആറരലക്ഷം രൂപ വായ്പ കോവിഡ് പ്രതിസന്ധിയും അപകടവും ഉള്‍പ്പെടെ ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിനിടെ ദേവിക അസുഖബാധിതയായതും ദീപകിന് വാഹനാപകടം സംഭവിച്ചതും പ്രതിസന്ധി വര്‍ധിപ്പിച്ചു. വായ്പ മുടങ്ങിയതോടെ ബാങ്കുകള്‍ തുടര്‍നടപടിക്ക് മുതിരുകയായിരുന്നു. ഇക്കാര്യമാണ് ദേവിക മുഖ്യമന്ത്രിക്ക് മുന്നില്‍ ബോധിപ്പിച്ചത്.

വീട്ടുവളപ്പിലും ടെറസിലുമായി ഒരുക്കിയ കൃഷിത്തോട്ടമാണ് ദേവിക പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കൃഷിത്തോട്ടം നേരിട്ടെത്തി വിലയിരുത്തിയാണ് പരിസ്ഥിതി-കാലാവസ്ഥാ ഡയറക്ടറേറ്റ് സംസ്ഥാന പരിസ്ഥിതിമിത്രം പ്രത്യേക ജൂറി പുരസ്‌കാരത്തിനായി ദേവികയെ തെരഞ്ഞെടുത്തത്. അച്ഛന്‍ ദീപകും അമ്മ സിന്‍സിയും കുഞ്ഞനിയന്‍ നിലനും ഒപ്പമാണ് ദേവിക പുരസ്‌കാരം വാങ്ങാന്‍ തിരുവനന്തപുരത്ത് എത്തിയത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷനാണ്.

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന തെന്നലയുടെ ആരോഗ്യനില രാവിലെ വഷളായി. തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം കൂടിയാണ്.

രണ്ടു തവണ തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായിരുന്നു. 1998 ലും 2004 ലും കെപിസിസി അധ്യക്ഷനായി. 1977ലും, 1982 ലും അടൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1981 മുതല്‍ 1992 വരെ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. 1991-1992, 1992-1998, 2003-2009 എന്നിങ്ങനെ മൂന്നു തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്. കെ കരുണാകരന്‍- എ കെ ആന്റണി പോര് മൂര്‍ച്ഛിച്ചു നിന്നപ്പോള്‍, ഹൈക്കമാന്‍ഡ് ഏറെ ആശ്രയിച്ചിരുന്നത് തെന്നലയെയായിരുന്നു. 1998-ൽ വയലാർ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി പ്രസിഡൻറാകുന്നത്. 2001-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെന്നലയുടെ നേതൃത്വത്തിൽ യുഡിഎഫ് വൻ വിജയം നേടി. പിന്നീട് 2001-ൽ കെ മുരളീധരന് വേണ്ടി കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞു. 2004 ൽ പി പി തങ്കച്ചൻ ഒഴിഞ്ഞപ്പോൾ വീണ്ടും തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായി. കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിലാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ ജനനം.

താൽക്കാലിക ഒഴിവ്

താൽക്കാലിക ഒഴിവ്

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായുള്ള അഭിമുഖം 2025 ജൂൺ 11 (ബുധൻ) രാവിലെ 11 മണി മുതൽ ആരംഭിക്കുന്നതാണ്.
ഗണിതം – 1
ഫിസിക്കൽ സയൻസ് – 1
സോഷ്യൽ സയൻസ് – 1
എഫ് ടി എം – 1
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

ആറ്റിങ്ങലിൽ ഹോട്ടലിന് തീപിടിച്ചു

ആറ്റിങ്ങലിൽ ഹോട്ടലിന് തീപിടിച്ചു

ആറ്റിങ്ങൽ: ചിറയിൻകീഴ് റോഡിലെ ഹോട്ടൽ ചില്ലിസിന് തീപിടുത്തം. രാവിലെ 11 മണിയോടെ ഇലക്ട്രിക് ലൈനുകളിൽ നിന്നാണ് തീയും പുകയും ഉയർന്നത്. ആറ്റിങ്ങൽ നിന്ന് രണ്ട് യൂണിറ്റ് എത്തി തീകെടുത്തൽ ആരംഭിച്ചു.

ആറ്റിങ്ങൽ ബാർ അസോസിയേഷനും ഗ്രീൻ ക്ലബും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി

ആറ്റിങ്ങൽ ബാർ അസോസിയേഷനും ഗ്രീൻ ക്ലബും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി

ആറ്റിങ്ങൽ ബാർ അസോസിയേഷനും ഗ്രീൻ ക്ലബും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി. ബാർ അസോസിയേഷൻ പ്രസിഡൻറ് ജി.കെ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പോക്സോ ജഡ്ജ് ബിജു കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രീൻ ക്ലബ് കൺവീനർ അഡ്വക്കേറ്റ് രാജമോഹൻ സ്വാഗതവും എം.എ. സി.റ്റി .ജഡ്ജ് ശ്രീകുമാർ, അസോസിയേഷൻ സെക്രട്ടറി രാജേഷ് ബി നായർ എന്നിവർ ആശംസകൾ നേർന്നു. ഗ്രീൻ ക്ലബ്ബ് കൺവീനർ ലിഷാരാജ് നന്ദി പറഞ്ഞു. തുടർന്ന് കോടതി പരിസരത്ത് ജഡ്ജ് ബിജു കുമാർ വൃക്ഷത്തൈ നട്ടു.