by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളതീര പ്രദേശത്തെ കടലിൽ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനം. ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ) 52 ദിവസമാണ് ട്രോളിങ് നിരോധനം.
മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങൾ
തുടർച്ചാനുമതി
റവന്യൂ വകുപ്പിന്റെ കീഴിൽ ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന വിവിധ ഓഫീസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി. ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ഒരു വർഷത്തേക്കാണ് തുടർച്ചാനുമതി.
തസ്തിക
റവന്യൂ വകുപ്പിൽ 2 സ്‌പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ തസ്തികകൾ സൃഷ്ടിക്കും. കെ.എസ്.എഫ്.ഇക്കു വേണ്ടിയാണ് 2 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്. 12 കിഫ്ബി എൽ.എ യൂണിറ്റുകൾക്കായി അധികമായി സൃഷ്ടിച്ചിരുന്ന 62 താൽക്കാലിക തസ്തികകൾക്ക് 2024 നവംബർ പത്ത് മുതൽ ഒരു വർഷത്തേക്കു കൂടി തുടർച്ചാനുമതി നൽകി. സേവന വേതന ചിലവുകൾ കിഫ്ബി വഹിക്കണമെന്നുള്ള വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്.
വേതനം പരിഷ്‌കരിച്ചു
സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പ്രതിമാസ വേതനം പരിഷ്‌കരിച്ചു. 60,000 രൂപയിൽ നിന്നും 70,000 രൂപയാക്കി ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടുകൂടിയാണ് വേതനം പരിഷ്‌ക്കരിച്ചത്. എൻഡിപിഎസ് കോടതി, എസ്‍സി/എസ്ടി കോടതി, അബ്കാരി കോടതി, പോക്‌സോ കോടതി, എൻഐഎ കോടതി എന്നീ പ്രത്യേക കോടതികളിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ വേതനമാണ് പരിഷ്‌കരിച്ചത്.
തോന്നയ്ക്കൽ സയൻസ് പാർക്ക്
തിരുവനന്തപുരം തോന്നയ്ക്കലിൽ കേരള ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്കി (KLIP) ന്റെ ബയോ 360 ലൈഫ് സയൻസ് പാർക്ക്- രണ്ടാം ഘട്ടത്തിൽ 215 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രകാരം കൗൺസിൽ ഓഫ് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (CSIR – NIIST) ഇന്നൊവേഷൻ, ടെക്‌നോളജി, എന്റർപ്രണർഷിപ്പ് എന്നിവയ്ക്കായുള്ള സെന്റർ സ്ഥാപിക്കുന്നതിന് അനുമതി നൽകി. ഇതുകൂടാതെ 10 ഏക്കർ ഭൂമി 90 വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് CSIR – NIIST ന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പാട്ടത്തിനു നൽകാൻ തീരുമാനിച്ചു.
സമുദായ നാമം മാറ്റി
സംസ്ഥാന ഒബിസി പട്ടികയിലെ 19-ാം ഇനമായ ‘ഗണിക’ എന്ന സമുദായ നാമം ‘ഗണിക/ഗാണിഗ’ (Ganika/Ganiga) എന്ന് മാറ്റം വരുത്തും. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശിപാർശ അംഗീകരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് പാർട്ട് I ഷെഡ്യൂൾഡ് ലിസ്റ്റ് III ൽ ഉൾപ്പെട്ട സമുദായമാണിത്.
പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചു
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിക്ക് അനുവദിച്ച 20.7250 ഏക്കർ ഭൂമിയുടെ പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചു. വാർഷിക പാട്ടനിരക്ക് സെന്റ് ഒന്നിന് ഒരു രൂപാ നിരക്കിൽ 2014 മെയ് അഞ്ചു മുതൽ 30 വർഷത്തേക്കാണ് പാട്ടം പുതുക്കി നിശ്ചയിച്ചത്.
ഭരണാനുമതി
‘കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗാൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് സ്ഥാപിക്കൽ’ എന്ന പദ്ധതിക്കായി നിർവ്വഹണ ഏജൻസി സമർപ്പിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ പുതുക്കിയ ഭരണാനുമതി നൽകി. ജിഎസ്ടി ഉൾപ്പെടെ 643.88 കോടി രൂപയുടെ ഭരണാനുമതിക്കാണ് അനുമതി.
പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ കൂട്ടുകടവ് റെഗുലേറ്റർ നിർമ്മാണ പ്രവൃത്തിയുടെ ബാലൻസ് മെക്കാനിക്കൽ പ്രവൃത്തികൾക്ക് DSR 2018+25 ശതമാനം പ്രകാരമുള്ള പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകി.
കരാർ അനുമതി
കാസർഗോഡ് ബേദടുക്ക താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി സമർപ്പിച്ച ടെൻഡർ അംഗീകരിച്ചു. 12,68,65,399.62/ രൂപയുടെ ടെൻഡറിനാണ് അനുമതി നൽകിയത്.
ജല വിഭവ വകുപ്പിന്റെ കീഴിൽ ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി, വാത്തിക്കുടി, വണ്ണപുരം എന്നീ പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച ബിഡ്ഡിന് അനുമതി നൽകി. 18,07,67,446.56/ രൂപയുടെ പ്രവൃത്തിക്കുള്ള ബിഡ്ഡാണ് അനുവദിച്ചത്.
കൊച്ചി കോർപ്പറേഷന്റെ കീഴിലെ ചളിക്കവട്ടം, തമ്മനം മേഖലകളിലെ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച ടെൻഡറിന് അനുമതി നൽകി. 1,62,57,067 രൂപയ്ക്കാണ് അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തിക്ക് ടെൻഡർ അനുമതി നൽകിയത്.
പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര, ഓമല്ലൂർ പഞ്ചായത്തുകളിലെ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച ബിഡ്ഡിന് അനുമതി നൽകി. 13,33,62,974 രൂപയുടെ ബിഡ്ഡിനാണ് അനുമതി നൽകിയത്.
എറണാകുളം കളമശ്ശേരി മുൻസിപ്പാലിറ്റിയിലെ കുട്ടിയുടെ വിവിധ പ്രവർത്തികൾക്ക് ഉള്ള ടെൻഡറിന് അംഗീകാരം നൽകി.അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതിക്ക് 11,95,85,482 കോടി രൂപയുടെ ടെൻഡറിനാണ് അംഗീകാരം നൽകിയത്.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ എംഎസ്‍സി എല്‍സ- 3 ചരക്കുകപ്പലിലെ കണ്ടെയ്നറുകളിലുള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. 13 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡാണ്. 60 കണ്ടെയ്‌നറുകളില്‍ പോളിമര്‍ അസംസ്‌കൃത വസ്തുക്കളാണ്. 46 കണ്ടെയ്നറുകളില്‍ തേങ്ങയും കശുവണ്ടിയുമാണ്. 87 കണ്ടെയ്നറുകളില്‍ തടിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ കപ്പലിലുണ്ടായിരുന്ന വസ്തുക്കളുടെ പട്ടിക പുറത്തുവിട്ടത്. ‘കാഷ്’ എന്നെഴുതിയ നാലു കണ്ടെയ്നറുകളില്‍ കശുവണ്ടിയാണുണ്ടായിരുന്നത്. 39 കണ്ടെയ്നറുകളില്‍ തുണി നിര്‍മ്മാണത്തിനുള്ള പഞ്ഞിയാണ്. 71 കണ്ടെയ്‌നറുകളില്‍ സാധനങ്ങളുണ്ടായിരുന്നില്ല. കപ്പലില്‍ 643 കണ്ടെയ്‌നറുകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പുറത്തുവിട്ട പട്ടികയിലുള്ളത് 640 എണ്ണമാണ്.
കാല്‍സ്യത്തിന്റെയും കാര്‍ബണിന്റെയും സംയുക്തമായ കാല്‍സ്യം കാര്‍ബൈഡാണ് 13 കണ്ടെയ്‌നറുകളിലുള്ളത്. ഇവയില്‍ 8 എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്‌നറുകള്‍ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്. 13 കണ്ടെയ്നറുകളില്‍ ഏഴെണ്ണമാണ് കടലില്‍ വീണത്. ബാക്കിയുള്ളവ കപ്പലില്‍ തന്നെയാണുള്ളത്. കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി ചേര്‍ന്നാല്‍ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിന്‍ വാതകമായി മാറും. അസെറ്റിലീന്‍ വാതകം മനുഷ്യശരീരത്തിന് ഹാനികരമാണ്.
മെയ് 25നാണ് കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ (70.37 കിലോമീറ്റര്‍) അകലെ, അറബിക്കടലിൽ എംഎസ്‍സി എല്‍സ – 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് അപകടം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകപ്പൽ അറബിക്കടലില്‍ മുങ്ങിയത്. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തക്ഷശില ലൈബ്രറിയുടെ “എൻ്റെ കേരളം ഹരിത കേരളം” പദ്ധതിയുടെ തുടക്കം ജി വി ആർ എം യു പി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടുകൊണ്ട് തക്ഷശിലയുടെ പ്രസിഡന്റ് ജയകുമാറും സെക്രട്ടറി രഞ്ജിത്ത് കുമാറും ചേർന്ന് നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം നന്ദു നാരായൺ, ശ്യം കൃഷ്ണ, വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി പി ജി ഉഷ എന്നിവർ ആശംസകൾ നേർന്നു.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
ഓട്ടോ ഓടിക്കാതെ പ്രതിമാസം എട്ട് ലക്ഷം രൂപ വരെ സമ്പാദിച്ച് ഓട്ടോ ഡ്രൈവർ. മുംബയിലെ യുഎസ് കോൺസുലേറ്റിന് പുറത്താണ് ഈ ഓട്ടോ ഡ്രൈവറെ കാണാനാവുക. വ്യത്യസ്‌തമായ ഈ ഓട്ടോ ഡ്രൈവറുടെ ബിസിനസ് തന്ത്രം ലെൻസ്‌കാർട്ടിന്റെ പ്രോഡക്‌ട് ലീഡർ രാഹുൽ രൂപാണിയാണ് ലിങ്ക്‌ഡ് ഇന്നിൽ പോസ്റ്റ് ചെയ്‌തത്. പോസ്റ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വിസയുടെ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് ആളുകളാണ് യുഎസ് കോൺസുലേറ്റിലെത്തുന്നത്. വളരെ ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നവർ ഏറെയാണ്. ഇവരുടെ കൈവശം വലിയ ബാഗുകളുണ്ടാകും. കോൺസുലേറ്റിലെ നിയമങ്ങൾ കർശനമായതിനാൽ, ഈ ബാഗുകൾ അകത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. ഇവ സൂക്ഷിക്കുന്നതിന് കോൺസുലേറ്റിന് പുറത്ത് ലോക്കർ സംവിധാനങ്ങളും ലഭ്യമല്ല. അതിനാൽ, ഇലക്‌ട്രോണിക് വസ്‌തുക്കളും രേഖകളും ഉൾപ്പെടെ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് വളരെയേറെ വെല്ലുവിളികൾ ആളുകൾക്ക് നേരിടേണ്ടി വരാറുണ്ടായിരുന്നു.
ഈ സാഹചര്യത്തെയാണ് ഓട്ടോ ഡ്രൈവർ ബുദ്ധിപൂർവം ഉപയോഗിച്ചത്. ബാഗും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളും സൂക്ഷിക്കുന്ന സംവിധാനം ഈ ഓട്ടോ ഡ്രൈവർ ആരംഭിച്ചു. 1,000 രൂപയാണ് ഒരാളിൽ നിന്ന് വാങ്ങുന്നത്. യുഎസ് കോൺസുലേറ്റിൽ എത്തുന്ന ഒരാൾക്ക് ഈ തുക ഒരു പ്രശ്‌നമായിരിക്കില്ല എന്നാണ് ഓട്ടോ ഡ്രൈവർ പറയുന്നത്. ദിവസേന കുറഞ്ഞത് 20 മുതൽ 30 ഉപഭോക്താക്കൾ വരെ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രതിദിനം 20,000 മുതൽ 30,000 രൂപ വരെ സമ്പാദിക്കാം. കോർപ്പറേറ്റ് ജോലി ചെയ്യുന്ന മുതിർന്ന പ്രൊഫഷണലുകളെക്കാൾ വളരെ ഉയർന്ന വരുമാനമാണിത്. ഈ ഓട്ടോ ഡ്രൈവറുടെ പേരും മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അവനി വാഴ്‌വ് കിനാവ് എന്ന പരിപാടി അഞ്ചുതെങ്ങ് കായിക്കരയിൽ സംഘടിപ്പിച്ചു. വൃക്ഷത്തൈ നടൽ, തീര ശുചീകരണം
പ്രകൃതി നടത്തം എന്നിവയായിരുന്നു പരിപാടികൾ.
അഞ്ചുതെങ്ങ് കായിക്കര മഹാകവി കുമാരനാശാൻ സ്മാരകത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി മിത്രം അവാർഡ് ജേതാവ് ഐ ബി സതീഷ് എംഎൽഎ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന തീര ശുചീകരണ പ്രവർത്തനങ്ങൾ എസ്എഫ്ഐ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവി ഷാജി ഉദ്ഘാടനം ചെയ്തു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.നന്ദൻ, പ്രസിഡന്റ് ആർ.അവിനാഷ്, സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ ആശിഷ്, ഭാഗ്യ മുരളി, ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ, ആനന്ദ് എപി, സഞ്ജയ് സുരേഷ്, ആനന്ദ് ഉഴമലയ്ക്കൽ, അർജുൻ, അബിൻ രെത്ന, അർജുൻ കല്ലിങ്ങൽ, ആദിത്യ ശങ്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, അഞ്ചുതെങ്ങ് സുരേന്ദ്രൻ, എസ്. പ്രവീൺ ചന്ദ്ര, ആർ. ജെറാൾഡ് എന്നിവർ പങ്കെടുത്തു.
.
by Midhun HP News | Jun 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ സ്ഥാപിച്ച കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം. ചിത്രം നീക്കം ചെയ്യണമെന്ന് കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. എന്നാല്‍ രാജ്ഭവന്‍ അതിനു വഴങ്ങാതിരുന്നതോടെ പരിപാടിയുടെ വേദി ദര്‍ബാള്‍ ഹാളിലേക്കു മാറ്റി.
ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരാതംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വേദി മാറ്റിയതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കൃഷിവകുപ്പിന്റെ പരിപാടിയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ കൊടിയുമായി വന്നാല്‍ എന്തായിരിക്കും സ്ഥിതിയെന്നും മന്ത്രി ചോദിച്ചു. രാജ്ഭവന്‍ സങ്കുചിത രാഷ്ട്രീയത്തിന്റെ വേദിയാക്കരുതെന്നും പുതിയ ഗവര്‍ണര്‍ചുമതലയേറ്റ ശേഷമാണ് ഇത്തരമൊരു ചിത്രം സെന്‍ട്രല്‍ ഹാളിലെ വേദിയില്‍ വച്ചതെന്നു പി പ്രസാദ് പറഞ്ഞു.
പരിപാടിയുടെ ഭാഗമായി വേദിയില്‍ വച്ച ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം മാറ്റണമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും അത് മാറ്റാനാവില്ലെന്നാണ് രാജ്ഭവന്‍ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. പൊതുപരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഭാരതമാതാവിന്റെ ചിത്രമാണെങ്കില്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. എന്നാല്‍ രാജ്ഭവനില്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം വച്ചത് ഭരണഘടനാ വിരുദ്ധമായ നടപടിയാണെന്ന് പ്രസാദ് പറഞ്ഞു. ഇത്തവണത്തെ സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രാജ്ഭവനില്‍ വച്ച് നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പ്രോഗ്രം നിശ്ചിയിച്ച് നല്‍കി. എന്നാല്‍ പൊടുന്നനവെ അത് മാറ്റേണ്ട സാഹചര്യമുണ്ടായതിനെ തുടര്‍ന്നാണ് പരിപാടി സെക്രട്ടേറിയറ്റിലെ ദര്‍ബാള്‍ ഹാളിലേക്ക് മാറ്റേണ്ടിവന്നതെന്ന് മന്ത്രി പറഞ്ഞു.
രാജ്ഭവനിലെ സെന്‍ട്രല്‍ ഹാളിലെ വേദിയില്‍ വച്ച ചിത്രം ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരാതാംബയുടെ ചിത്രമാണ്. അതിന് മുന്നില്‍ പുഷ്പാര്‍ച്ച നടത്തി സര്‍ക്കാരിന്റെ പരിപാടി നടത്താനാകില്ല. ഭരണഘടനാപദവിയുള്ള സ്ഥലത്ത് ഇത്തരമൊരു ചിത്രം ഉപയോഗിക്കുന്നത് ശരിയുമല്ല. അക്കാര്യം രാജ്ഭവനെ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രം മാറ്റാനാവില്ലെന്ന് രാജ്ഭവന്‍ അറിയിച്ചു. അതോടെയാണ് പരിപാടി അവിടെ നിന്ന് മാറ്റിയതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടിയില്‍ ഒരുമതവിഭാഗത്തിന്റെയോ ഒരുരാഷ്ട്രീയപാര്‍ട്ടികളുടെയോ ആളുകള്‍ മാത്രമല്ല എത്തുന്നത്. അവിടെ സങ്കുചിത മനോഭാവത്തോടെ പ്രവര്‍ത്തിക്കാനാവില്ല. നേരത്തെ രാജ്ഭവനിലെ വേദിയില്‍ ഇത്തരമൊരു ചിത്രം ഉണ്ടായിരുന്നില്ല. പുതിയ ഗവര്‍ണര്‍ എത്തിയതോടെയാണ് ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടതെന്നും പി പ്രസാദ് പറഞ്ഞു.
പരിപാടിയുടെ ഭാഗമായി മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ഇന്നലെ വൈകീട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ രാജ്ഭവനില്‍ എത്തിയതോടെയാണ് ഈ ചിത്രം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇക്കാര്യം മന്ത്രിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചിത്രം മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ചിത്രം മാറ്റാനാവില്ലെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
Recent Comments