സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71,600 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8950 രൂപയാണ്.

കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. ജൂണ്‍ തുടക്കത്തില്‍ കുതിപ്പോടെ തുടങ്ങിയ വിപണി പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന സൂചനയും നല്‍കുന്നുണ്ട്.

ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തിയ ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതിയും യുവാവും പിടിയില്‍

10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്; തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതിയും യുവാവും പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. 10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശികളായ 23കാരനും 21 വയസുള്ള യുവതിയുമാണ് ഞായറാഴ്ച രാത്രിയില്‍ പിടിയിലായത്. ഇരുവരും വിദ്യാര്‍ഥികള്‍ ആണെന്നാണ് റിപ്പോർട്ട്.

പിടികൂടിയ കഞ്ചാവിന് 10 കോടി രൂപയുടെ വിപണി മൂല്യം വരുമെന്ന് കസ്റ്റംസ് അറിയിച്ചു. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.

തായ്ലന്‍ഡില്‍ നിന്ന് ബാങ്കോക്ക് വഴി സിങ്കപ്പൂര്‍ സ്‌കൂട്ട് എയര്‍വേസില്‍ എത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോഴായിരുന്നു വിദ്യാ‍‍ർഥികളുടെ ബാഗില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. വിമാനത്താവളത്തിനു പുറത്ത് ഇവരെ ഇറക്കിയിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഞ്ചാവിന്റെ ഉറവിടം എവിടെ നിന്ന്, എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത് എന്നീ കാര്യങ്ങളാണ് കസ്റ്റംസ് ചോദിച്ചറിയുന്നത്.

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്; അറിയേണ്ടതെല്ലാം

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇന്നു വൈകീട്ട് അഞ്ചുമണിക്കാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ( ചൊവ്വാഴ്ച) രാവിലെ പത്ത് മണി മുതല്‍ ജൂണ്‍ അഞ്ചിന് ( വ്യാഴാഴ്ച) വൈകീട്ട് അഞ്ച് മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം തേടാം.

ഇതിനോടൊപ്പം മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും, സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. https: // hscap. kerala.gov. in എന്ന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിനിലൂടെ അലോട്ട്മെന്റ് വിവരങ്ങൾ അറിയാനാകും. പ്രവേശന വെബ്‌സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിൽനിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററും അസൽ സർട്ടിഫിക്കറ്റുമായാണ് പ്രവേശനം നേടേണ്ടത്.

ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരപ്രവേശനം നേടണം. ഫീസടച്ചില്ലെങ്കിൽ ഈ സീറ്റുകൾ ഒഴിഞ്ഞതായി കണക്കാക്കും. ഇവർക്ക് പിന്നീട് അവസരം ലഭിക്കില്ല. ബന്ധപ്പെട്ട ബോര്‍ഡില്‍ നിന്നു യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെങ്കില്‍ ഡിജിലോക്കര്‍ അല്ലെങ്കില്‍ ഔദ്യോഗിക വെബ് സൈറ്റില്‍നിന്നുള്ള സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്വീകരിക്കും. പിന്നീട് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശന സമയത്ത് വിടുതല്‍, സ്വഭാവസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്.

രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 10 നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 16 നുമാണ് പ്രസിദ്ധീകരിക്കുക. 2025-26 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി ഓണ്‍ലൈനായി ആകെ ലഭിച്ചത് 4,62,768 അപേക്ഷകളാണ്. ഓപ്ഷനുകള്‍ പരിഗണിച്ചുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24-ന് പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ്‍ വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ശശി വി (69) നിര്യാതനായി

ശശി വി (69) നിര്യാതനായി

കൈലാത്തുകോണം അയിത്തിയിൽ പുതുവൽ വിളവീട്ടിൽ ശശി വി (69)നിര്യാതനായി.

മക്കൾ: അരുൺലാൽ, അനുലാൽ, ആശ
മരുമക്കൾ: സാബു, രജനി
സഞ്ചയനം: ബുധനാഴ്ച്ച (4/6/25) രാവിലെ 8. 30 ന്

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി.. യുവാവ് പിടിയിൽ

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി.. യുവാവ് പിടിയിൽ

തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ച ആൾ പിടിയിൽ. ഹരിലാൽ എന്നയാളാണ് പോലീസിന്റെ പിടിയിലായത്.തമ്പാനൂർ പൊലീസാണ് ഇയാളെ പിടികൂടിയത്.

കൊച്ചി മെട്രോയിൽ ബോബ് വെച്ചെന്ന വ്യാജ സന്ദേശമയച്ചതും ഇതേയാളെന്നാണ് പൊലീസ് സംശയിക്കുന്നത്. ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്. വ്യാജ ഭീഷണി സന്ദേശത്തിന് പിന്നിലെ കാരണമെന്താണെന്നതിൽ വ്യക്തതയായിട്ടില്ല.

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും

സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ നടപടി സ്വീകരിക്കുക പൊലീസാവും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു ചുമതല നൽകും. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയത് തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും.

പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതം കൃത്യമായി പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെ പരിഹരിക്കും. ഗൗരവമായതിൽ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്കു കൈമാറും.