പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും

സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ നടപടി സ്വീകരിക്കുക പൊലീസാവും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു ചുമതല നൽകും. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയത് തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും.

പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതം കൃത്യമായി പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെ പരിഹരിക്കും. ഗൗരവമായതിൽ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്കു കൈമാറും.

വിഴിഞ്ഞത്ത് കടലിൽ അകപ്പെട്ട എട്ട്‌ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി

വിഴിഞ്ഞത്ത് കടലിൽ അകപ്പെട്ട എട്ട്‌ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്നു മത്സ്യബന്ധനത്തിനു പോയി ഉൾക്കടലിൽ കുടുങ്ങിയ എട്ടു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. വ്യാഴാഴ്ച രാത്രി ശക്തമായ തിരയിൽപ്പെട്ടു മറിഞ്ഞ ഫാത്തിമമാത എന്ന വള്ളത്തിലെ നാലുപേരെ മൂന്നാംദിവസം തമിഴ്‌നാട് ഭാഗത്തെ ഉൾക്കടലിലാണ് കണ്ടെത്തിയത്. എൻജിനുകൾ തകരാറിലായി കടലിൽ അകപ്പെട്ട മറ്റൊരു വള്ളത്തിലുണ്ടായിരുന്ന നാലുപേരെ ഫിഷറീസ് ബോട്ട് കണ്ടെത്തി തീരത്തെത്തിച്ചു. ശനിയാഴ്ച വൈകീട്ട് നാലോടെ മത്സ്യത്തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന വിവരം ലഭിച്ചതോടെയാണ് വിഴിഞ്ഞം തീരത്തെ ആശങ്കയൊഴിഞ്ഞത്. അതേസമയം മറിഞ്ഞ ‘അനു’ എന്ന വള്ളത്തിലുണ്ടായിരുന്ന പുല്ലുവിള സ്വദേശി സ്റ്റെല്ലസിനെ ഇതുവരെ കണ്ടെത്താനായില്ല. ഇദ്ദേഹത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.

എൻജിനുകൾ തകരാറിലായി കടലിൽ അകപ്പെട്ട സഹായമാത എന്ന വള്ളത്തെ കുളച്ചൽ ഭാഗത്തെ ഉൾക്കടലിലാണ് കണ്ടെത്തിയത്. വള്ളത്തിന്റെ ഉടമ റോബിൻസൺ, ഡേവിഡ്‌സൺ, ദാസൻ, യേശുദാസൻ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടവിവരം ഇവർ വെള്ളിയാഴ്ച വീട്ടിൽ അറിയിച്ചിരുന്നു. ബന്ധുക്കൾ മറ്റൊരു വള്ളത്തിൽ അന്വേഷിച്ചുപോയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ ഫിഷറീസ് വകുപ്പിന് ഇവർ ലൊക്കേഷൻ അയച്ചു. ഫിഷറീസിന്റെ ബോട്ടാണ് സ്ഥലം കണ്ടെത്തി വൈകീട്ട് നാലോടെ ഇവരെ തിരിച്ചെത്തിച്ചത്. ഫാത്തിമമാത എന്ന വള്ളത്തിലുണ്ടായിരുന്ന നാലുപേരെ രക്ഷപ്പെടുത്തി എന്ന വിവരം വിഴിഞ്ഞം തീരത്ത് ലഭിക്കുന്നത് ശനിയാഴ്ച വൈകീട്ട് മൂന്നേകാലോടെയാണ്. കന്യാകുമാരിയിൽനിന്നു പോയ ട്രോളിങ്ബോട്ട് രാവിലെ 11-ഓടെയാണ് ഇവരെ കണ്ടെത്തിയത്.

ശക്തമായ തിരയിൽ മറിഞ്ഞ വള്ളത്തിന്റെ മുകളിൽ കയറിയിരിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികൾ. വിഴിഞ്ഞത്തുനിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങളിലെ 17 പേരെയാണ് കാണാതായത്. ഇതിൽ പുല്ലുവിള സ്വദേശി പി. ആന്റണി വള്ളംമറിഞ്ഞ് മരിച്ചു. ഇതേ വള്ളത്തിലുണ്ടായിരുന്ന സ്റ്റെല്ലസിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേർ നീന്തിരക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ളവരെല്ലാം രക്ഷപ്പെട്ടു.

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡ് ആക്കാൻ ജൂൺ 15 വരെ സമയം; വേണ്ട രേഖകൾ ഇവയാണ്, ചെയ്യേണ്ടത് ഇങ്ങനെ

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡ് ആക്കാൻ ജൂൺ 15 വരെ സമയം; വേണ്ട രേഖകൾ ഇവയാണ്, ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂൺ 15 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകുന്നത്. അർഹരായ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴി ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കണം.

റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ ജീവനക്കാരൻ, ആദായ നികുതിദായകൻ, സർവീസ് പെൻഷണർ, 1000ത്തിൽ കൂടുതൽ ചതുരശ്രയടിയുള്ള വീടിന്‍റെ ഉടമ, നാലോ അധികമോ ചക്രവാഹന ഉടമ, പ്രൊഫഷണൽസ്‌ (ഡോക്‌ടര്‍, എൻജിനിയർ, അഭിഭാഷകൻ തുടങ്ങിയവർ), കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കർ സ്ഥലമുള്ളവർ (എസ്.ടി. വിഭാഗം ഒഴികെ), 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാൻ പറ്റില്ല.

റേഷൻ കാര്‍ഡ് തരം മാറ്റലിന് ആവശ്യമായ രേഖകള്‍

1. പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട വീടിന്റെ സ്ക്വയർ ഫീറ്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
2. വാടക വീട് ആണെങ്കിൽ വാടക വീടിന്റെ കരാർ പത്രം (200/- രൂപ മുദ്രപത്രത്തിൽ 2 സാക്ഷി ഒപ്പുകൾ സഹിതം)/വാടകക്ക് എന്ന് തെളിയിക്കുന്ന രേഖകൾ.
3. പഞ്ചായത്ത് ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണ് എന്നതിന്റെ പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സർട്ടിഫിക്കറ്റ്.
4. മാരക രോഗങ്ങൾ ഉണ്ടെങ്കിൽ അതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് / വികലാംഗ സർട്ടിഫിക്കറ്റ്
5. സർക്കാർ പദ്ധതി മുഖേന ലഭിച്ച വീട് ആണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്.
6. വയസ്സ് പൂർത്തിയായ പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകൾ ആണെങ്കിൽ നോൺ റീമാരേജ് സർട്ടിഫിക്കറ്റ്.
7. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

അവനവഞ്ചേരി ഗവ സിദ്ധ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം

അവനവഞ്ചേരി ഗവ സിദ്ധ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ അവനവഞ്ചേരി ഗവ. സിദ്ധ ഡിസ്പെൻസറിക്ക് ദേശീയ അക്രഡിറ്റേഷൻ ലഭിച്ചു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണ ജോർജിൽ നിന്നും നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

വൈസ് ചെയർമാൻ തുളസീധരൻപിള്ള, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യാ സുധീർ, അവനവഞ്ചേരി ഗവ. സിദ്ധ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ വി.ബി വിജയകുമാർ എന്നിവർ പങ്കെടുത്തു. ദേശീയ അക്രഡിറ്റേഷൻ ബോർഡിൻ്റെ എൻട്രി ലെവൽ സർട്ടിഫിക്കറ്റ് ലഭിച്ച ഏക സിദ്ധസ്ഥാപനവും അവനവഞ്ചേരി ഗവ സിദ്ധ ഡിസ്പെൻസറിയാണ്.

കൂടാതെ കായകൽപ്പ അവാർഡിന് വേണ്ടി പരിഗണിക്കപ്പെട്ട ഒരു സ്ഥാപനം കൂടിയാണ് അവനവഞ്ചേരി ഗവ. സിദ്ധ ഡിസ്പെൻസറി. ഇത്രയും നേട്ടങ്ങൾ കൈവരിക്കാൻ അശ്രാന്തം പരിശ്രമിച്ച ഈ സിദ്ധ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി.ബി വിജയകുമാറിനെയും മറ്റ് ജീവനക്കാരെയും നഗരസഭ ചെയർപേഴ്സൺ അഭിനന്ദിച്ചു.

എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി കുട്ടികളെ സിപിഐഎം ആദരിച്ചു

എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി കുട്ടികളെ സിപിഐഎം ആദരിച്ചു

ആറ്റിങ്ങൽ: 2025 എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ സിപിഐഎം തച്ചൂർകുന്ന് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. സിപിഐഎം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം. പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി എസ്. കൃഷ്ണദാസ് സ്വാഗതം ആശംസിച്ചു. സിപിഐഎം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശ്രീലത പ്രദീപ്, റ്റി. റ്റി ഷാജി, ടി. ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ അനുപ്രിയ എ.എസ്, എസ്.ജെ പ്രാർത്ഥന, പ്രിജി പിഎസ്, അഭിൻ അർജുൻ, ആദർശ് വി.എൽ, സിബിഎസ്ഇ പരീക്ഷയിൽ 97.6% മാർക്ക് നേടിയ അഞ്ജന എ.ആർ, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ നന്ദന എസ്.എം, സ്നേഹ എസ്പി തുടങ്ങിയവർക്ക് മൊമെന്റോ നൽകി ചടങ്ങിൽ ആദരിച്ചു. കൈരളി ബ്രാഞ്ച് സെക്രട്ടറി അരുൺ നന്ദി രേഖപ്പെടുത്തി.

മേയ് മാസത്തെ റേഷൻ വിതരണം 04.06.2025 (ബുധനാഴ്ച) വരെ നീട്ടിയിട്ടുണ്ട്

മേയ് മാസത്തെ റേഷൻ വിതരണം 04.06.2025 (ബുധനാഴ്ച) വരെ നീട്ടിയിട്ടുണ്ട്

(1) 2025 മേയ് മാസത്തെ റേഷൻ വിതരണം 04.06.2025 (ബുധനാഴ്ച) വരെ നീട്ടിയിട്ടുണ്ട്.

(2) 05.06.2025 (വ്യാഴാഴ്ച), 06.06.2025 (വെള്ളിയാഴ്ച) എന്നീ ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.

(3) 2025 ജൂൺ മാസത്തെ റേഷൻ വിതരണം 07.06.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

(നിലവിലെ കലണ്ടർ അവധി പ്രകാരമാണ് റേഷൻ കടകൾക്കുള്ള അവധി ദിനവും ജൂണിലെ വിതരണം ആരംഭിക്കുന്ന ദിനവും പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്. എന്നാൽ ബക്രീദ് ദിനാവധിയ്ക്കനുസരിച്ച് റേഷൻ കടയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തി കൊണ്ടുള്ള സർക്കാർ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഇതിൽ വ്യത്യാസം വരുന്നതാണ്.)

(4) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 ജൂൺ മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു…