കൺസഷനും ഇനി ഡിജിറ്റലാകും…. കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന് കെ ബി ഗണേഷ്‌കുമാർ

കൺസഷനും ഇനി ഡിജിറ്റലാകും…. കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന് കെ ബി ഗണേഷ്‌കുമാർ

കൺസഷനും മറ്റും ഡിജിറ്റലാക്കുന്നതോടെ കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. കെഎസ്ആർടിസി മാവേലിക്കരയിൽ തുടങ്ങിയ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂളിൻറെയും ടെസ്റ്റിംഗ് ഗ്രൗണ്ടിൻറെയും ഉദ്ഘാടനം റീജിയണൽ വർക്ക് ഷോപ്പിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുന്ന ലേണേഴ്‌സ് ആപ്പിലൂടെ 18 വയസുള്ളവർക്ക് ഡ്രൈവിങ് എളുപ്പത്തിൽ മനസിലാക്കാനാകുമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.സ്വന്തം ഡ്രൈവിങ്ങിനാൽ അപകടം ഉണ്ടാകരുതെന്ന ബോധം നമുക്കുണ്ടാകണം. ലൈസൻസിൻറെ പ്രാധാന്യം ജനങ്ങൾ മനസിലാക്കണമെന്നും പുതു തലമുറയ്ക്ക് ട്രാഫിക്കുമായി ബന്ധപ്പെട്ട ബോധവൽകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സ്റ്റേഷനുകളിലും ക്യാമറയെന്ന ലക്ഷ്യം നടപ്പാക്കുമെന്നും കെഎസ്ആർടിസിയിൽ നഷ്ടം കുറഞ്ഞുതുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിങ് സ്‌കൂളിലെ പുതിയ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ്, രക്ഷാ കർത്താവ് ഇനി സുരക്ഷാ കർത്താവ്, ഡ്രൈവ് എവേ ഫ്രം ഡ്രഗ്‌സ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. മാവേലിക്കര നഗരസഭ അധ്യക്ഷൻ നൈനാൻ സി കുറ്റിശേരിൽ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, നഗരസഭ വൈസ് ചെയർപേഴ്‌സൺ കൃഷ്ണകുമാരി, നഗരസഭാഗം ആർ രാജേഷ്, കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി എസ് പ്രമോജ് ശങ്കർ, ആർടിഒ എ കെ ദിലു, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ലക്ഷ്മി ചന്ദ്രൻ, ഡിപ്പോ എഞ്ചിനീയർ ജി കിഷോർ, എസ്ടിസി പ്രിൻസിപ്പൽ ആർ എസ് സലിംകുമാർ, മാവേലിക്കര എസ്ബിഐ ചീഫ് മാനേജർ വി ടി ശ്രീജ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികാഘോഷത്തിൻറെ ഭാഗമായാണ് ഗതാഗത വകുപ്പിന് മാവേലിക്കരയിൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂൾ അനുവദിച്ചത്. എംഎൽഎയുടെ പ്രാദേശിക വികസന പദ്ധതിയിലാണ് കെഎസ്ആർടിസി മാവേലിക്കര റീജിയണൽ വർക്ക്ഷോപ്പിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് പൂർത്തീകരിച്ചത്.

കപ്പൽ അപകടം; കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്‌നറുകളില്‍ 6 എണ്ണം വീണ്ടെടുത്ത് പോർട്ടിൽ എത്തിച്ചു

കപ്പൽ അപകടം; കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്‌നറുകളില്‍ 6 എണ്ണം വീണ്ടെടുത്ത് പോർട്ടിൽ എത്തിച്ചു

കൊച്ചിയിൽ കപ്പൽ മുങ്ങി കൊല്ലം തീരത്തടിഞ്ഞ 44 കണ്ടെയ്നറുകളിൽ 6 എണ്ണം വീണ്ടെടുത്ത് കൊല്ലം പോർട്ടിൽ എത്തിച്ചു. അതേസമയം കേന്ദ്ര സർക്കാരിന്റെ മെർക്കന്റ് മറൈൻ വകുപ്പ് ഉദ്യോഗസ്ഥരും കൊല്ലത്ത് പരിശോധനയ്ക്കെത്തി.

യുദ്ധകാല അടിസ്ഥാനത്തിലാണ് കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നത് ഇതിനായി നിയോഗിക്കപ്പെട്ട കരാറുകാരുടെ നേതൃത്വത്തിൽ തീരത്തുനിന്ന് കണ്ടെയ്നറുകൾ കൊല്ലം പോർട്ടിൽ എത്തിക്കുന്നത് തുടരുന്നു. കഴിഞ്ഞ 3 ദിവസം കൊണ്ട് 6 കണ്ടെയ്നറുകളും തകർന്ന കണ്ടെയ്നറിലെ ഭാഗങ്ങളുo എത്തിച്ചു.

കടലിൽ നിന്നുള്ള കണ്ടെയ്നർ മാലിന്യ നീക്കം നിരീക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ മെർക്കന്റൈൽ മറൈൻ വകുപ്പ് ഉദ്യോഗസ്ഥർ കൊല്ലം പോർട്ട് സന്ദർശിച്ചു. പ്രതികൂല കാലാവസ്ഥ കണ്ടെയ്നർ വീണ്ടെടുക്കലിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് വാട്ടർ ലൈൻ എം.ഡി. മനോജ് പറഞ്ഞു. അതേസമയം കണ്ടെയ്നറിൽ നിന്ന് കടലിൽ ഒഴുകിയ ബഹുഭൂരിപക്ഷം തടികളും പോളിത്തലൈൻ ഗ്രന്യൂൾസും കസ്റ്റംസ് കണ്ടെടുത്ത് മഹസ്സർ തയാറാക്കി.

വി.പി അഭിജിത്ത് (31) (കേരള പോലീസ് അസോസിയേഷൻ, എസ്.എ.പി) മരണപെട്ടു

വി.പി അഭിജിത്ത് (31) (കേരള പോലീസ് അസോസിയേഷൻ, എസ്.എ.പി) മരണപെട്ടു

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് പ്രമീള നിവാസിൽ വി.പി അഭിജിത്ത് (31) (കേരള പോലീസ് അസോസിയേഷൻ, എസ്.എ.പി) അപകടത്തിൽ മരണപ്പെട്ടു.
ഭാര്യ: അഖില പി.
മകൻ: ആദിദേവ്.

34 -ാമത് പത്മരാജൻ അവാർഡുകൾ വിതരണം ചെയ്ത് മോഹൻലാൽ

34 -ാമത് പത്മരാജൻ അവാർഡുകൾ വിതരണം ചെയ്ത് മോഹൻലാൽ

പത്മരാജൻ ട്രസ്റ്റും എയർ ഇന്ത്യ എക്സ്പ്രസ്സും ചേർന്ന് 34 -ാമത് പത്മരാജൻ അവാർഡുകൾ വിതരണം ചെയ്തു. പുരസ്കാര ജേതാക്കൾ നടൻ മോഹൻലാലിൽ നിന്നുമാണ് അവാർഡുകൾ ഏറ്റുവാങ്ങിയത്. പ്രശസ്തി പത്രവും ക്യാഷ് അവാർഡും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്കാരം.

തൂവാനത്തുമ്പികൾ, കരിയിലക്കാറ്റ് പോലെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ പി പത്മരാജൻ.. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ സിനിമകൾ ഇന്നും മലയാളികൾക്കിടയിൽ സ്വീകരിക്കപ്പെടുന്നു. അതാണ്‌ അദ്ദേഹത്തിന് കാലം കാത്തു വെച്ച ദക്ഷിണയെന്ന് മോഹൻലാൽ പറഞ്ഞു.പത്മരാജന്റെ 80 ആമത് ജന്മ വാർഷികത്തിന്റെ കൂടി ഭാഗമായാണ് അവാർഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചത്. 34 -ാമത് പത്മരാജൻ പുരസ്കാരം എഴുത്തുകാരായ എസ് ഹരീഷും പി എസ് റഫീഖും സംവിധായകൻ ഫാസിൽ മുഹമ്മദും നടൻ മോഹൻലാലിൽ നിന്നും ഏറ്റുവാങ്ങി.

കേരളാ പൊലീസില്‍ കമ്മ്യുണിറ്റി പൊലീസ് വിഭാഗത്തില്‍ എഎസ്ഐ സുൽഫത്ത് അന്തരിച്ചു

കേരളാ പൊലീസില്‍ കമ്മ്യുണിറ്റി പൊലീസ് വിഭാഗത്തില്‍ എഎസ്ഐ സുൽഫത്ത് അന്തരിച്ചു

ഭരതന്നൂര്‍ ധര്‍ഭവിള കളിയില്‍ വീട്ടില്‍ സുല്‍ഫത്ത്(51) അന്തരിച്ചു. കേരളാ പൊലീസില്‍ കമ്മ്യുണിറ്റി പൊലീസ് വിഭാഗത്തില്‍ എഎസ്ഐ ആയിരുന്നു. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍, ബാഡ്ജ് എന്നിവ ലഭിച്ചിട്ടുണ്ട്. ഹജ്ജ് വോളണ്ടിയറായും പ്രവര്‍ത്തിച്ചു. സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകള്‍ക്കും പെണ്‍കുട്ടികള്‍ക്ക് സെല്‍ഫ് ഡിഫന്‍സിലുമുള്ള പരിശീലനങ്ങള്‍ക്കും നേതൃത്വം നൽകിയിട്ടുണ്ട്. ജോലി സംബന്ധമായി തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മരണം.

വെളളിയാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച മൃതദേഹം താജ് എല്‍പി. സ്‌കൂളിലും കുടുംബ വീട്ടിലും പൊതു ദര്‍ശനത്തിന് വച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ്, പാങ്ങോട് എസ്എച്ച്ഒ. ജെ. ജിനേഷ്, എസ്‌ഐ. വിജിത്.കെ.നായര്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം. പിതാവ് അബ്ദുല്‍ഹമീദ്, മാതാവ് നുസൈഫാ ബീവി. മക്കള്‍. അമന്‍ അബ്ദുളള.(കെ ഫോണ്‍), അമന്‍ യാസീന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി) സഹോദരങ്ങള്‍. ബെനസീര്‍, ഷൈമ, ഷൈജ.

മാനേജറെ തല്ലിയെന്ന പരാതി; ഉണ്ണി മുകുന്ദന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

മാനേജറെ തല്ലിയെന്ന പരാതി; ഉണ്ണി മുകുന്ദന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്‍റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്നു വീണ്ടും പരിഗണിക്കും. നടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് ഇന്ന് നിലപാടറിയിക്കും. മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ് നടൻ കഴിഞ്ഞദിവസം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും തന്റെ പേര് ദുരുപയോഗം ചെയ്തതിനെ തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലെ പ്രതികാരമാണ് പരാതിക്ക്‌ പിന്നിലെന്നുമാണ് ഹർജിയിൽ ഉണ്ണി മുകുന്ദന്‍റെ വാദം.

ഉണ്ണി മുകുന്ദൻ തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൻ്റെ ഒന്നാം നിലയിലുള്ള ആളൊഴിഞ്ഞ പാർക്കിംഗ് സ്ഥലത്തേക്ക് തന്നെ വിളിച്ചു വരുത്തി യാതൊരു പ്രകോപനവും കൂടാതെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ തൻ്റെ മുഖത്തിരുന്ന വിലയേറിയ കൂളിംഗ് ഗ്ലാസ്സ് എടുത്ത് വലിച്ചെറിഞ്ഞ് ഉടച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.ഉണ്ണി മുകുന്ദൻ ശത്രുത പുലർത്തുന്ന മറ്റൊരു നടൻ തനിക്ക് സമ്മാനമായി നൽകിയതായിരുന്നു കൂളിംഗ് ഗ്ലാസ് . ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമയായ ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ട സാഹചര്യത്തിൽ മറ്റൊരു സിനിമയെ പുകഴ്ത്തി സേഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്.

തൻ്റെ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെ നടൻ അണിയറ പ്രവർത്തകരുമായി അകൽച്ചയിലാണെന്നും പരാതിക്കാരൻ പറഞ്ഞു. ഇതിനിടെയാണ് ടൊവിനൊ ചിത്രമായ നരിവേട്ടയെ പ്രശംസിച്ച് താൻ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു. പരാതിക്കാരൻ്റെ വിശദമായ മൊഴി ഇൻഫോ പാർക്ക് പൊലീസ് രേഖപ്പെടുത്തി. പൊലീസിന് പുറമെ സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ 6 വർഷമായി ഉണ്ണി മുകുന്ദൻ്റെ മാനേജരായി പ്രവർത്തിച്ചുവരുകയാണ് പരാതിക്കാരൻ.