by Midhun HP News | May 3, 2025 | Latest News, ജില്ലാ വാർത്ത
ഇടത്തൊടി ഫിലിംസിൻ്റെ ബാനറിൽ ഇടത്തൊടി കെ ഭാസ്ക്കരൻ നിർമ്മിച്ച്, ലിൻസാ മീഡിയയുടെ സഹകരണത്തോടെ ലിനി സ്റ്റാൻലി രചനയും സംഭാഷണവും സംവിധാനവും നിർവ്വഹിച്ച 22 മിനിറ്റ് ദൈർഘ്യ ഷോർട്ട് മൂവി “സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്സ്” ൻ്റെ കേരളത്തിലെ ആദ്യ സ്ക്രീനിംഗ് തിരുവനന്തപുരം നിള തീയേറ്ററിൽ നടന്നു.
ബഹ്‌റൈനിലും തിരുവനന്തപുരത്തുമാണ് ഇതിന്റെ ചിത്രീകരണം നടന്നത്.
എഐ, ത്രീഡി അനിമേഷൻ ടെക്നോളജി സംയോജിപ്പിച്ച് അവതരിപ്പിച്ച ആദ്യ മലയാളം ഷോർട്ട് മൂവി യാണിത്. AI-3D കൈകാര്യം ചെയ്തിരിക്കുന്നത് അരുണും വിപിനുമാണ് (മായൻസ്, തിരുവനന്തപുരം)
തീർത്തും വൈകാരിക മുഹൂർത്തങ്ങളാൽ സമ്പന്നമായ സിനിമ, ഗർഭച്ഛിദ്രത്തിൻ്റെ പരിണിത ഫലങ്ങളും അതിൻമേലുള്ള ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നത്.
വിനോദ് നാരായണൻ, സമിത മാക്സോ, ആരോൺ സ്റ്റാൻലി, മീനാക്ഷി ഉദയൻ, ഡോ.രാജിമോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഛായാഗ്രഹണം, എഡിറ്റിംഗ് – ജേക്കബ്ബ് ക്രിയേറ്റീവ് ബീസ്, പശ്ചാത്തല സംഗീതം -രാജീവ് ശിവ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ, പിആർഓ – അജയ് തുണ്ടത്തിൽ.
by Midhun HP News | May 3, 2025 | Latest News, ജില്ലാ വാർത്ത
വക്കം, യൂനുസ് മുക്ക് സാജൻ നിവാസിൽ ഷാജഹാന്റെ ഭാര്യ ഷാഹിനയെ കുത്തി കൊലപ്പെടുത്തുകയും കൊല്ലപ്പെട്ട ഷാഹിനയുടെ മരുമകൾ ജസിയയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ വർക്കല, വെട്ടൂർ, റാത്തിക്കൽ ദാറുൽ സലാം വീട്ടിൽ നസിമുദീൻ (44) നെ ആണ് തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി VIIജഡ്ജ് പ്രസൂൻ മോഹൻ കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷിച്ചത്.
കൊല്ലപ്പെട്ട ഷാഹിനയുടെ മരുമകൾ ജസിയയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി നസീമുദീൻ. നസിമുദീനും ഭാര്യയും തമ്മിൽ പിണക്കത്തിലാണ്. ആ വിരോധത്തിലാണ് പ്രതി ഭാര്യ സഹോദരിയെ ആക്രമിക്കാൻ എത്തിയത്. പ്രതിക്കെതിരെ കൊലപാതകത്തിന് ജീവപര്യന്തം തടവും 4.5 ലക്ഷം രൂപ പിഴയും കൊലപാതക ശ്രമത്തിന് 10 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ചു കടന്നതിനു 10 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ദേഹോപദ്രവം ഏൽപ്പിച്ചതിനു 3 വർഷം തടവും 10000/ രൂപ പിഴയും കോടതി ശിക്ഷിച്ചു.
23 വർഷത്തെ ശിക്ഷ കഴിഞ്ഞതിനു ശേഷം പ്രതി നസിമുദീൻ ജീവപര്യന്തം ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു. പ്രൊസീക്യൂഷന് വേണ്ടി അഡ്വ വേണിയാണ് കോടതിയിൽ കേസ് വാദിച്ചത്. കടയ്ക്കാവൂർ സി ഐ ആയിരുന്ന ജി ബി മുകേഷ് ആണ് അന്വേഷണം നടത്തി കുറ്റ പത്രം സമർപ്പിച്ചത്.
by Midhun HP News | May 3, 2025 | Latest News, ജില്ലാ വാർത്ത
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ജനമൈത്രി പോലീസ്, ക്രമസമാധാനം, ലഹരിക്കെതിരെ പോലീസ് എന്നീ തീമുകളിൽ ഏതെങ്കിലും ഒന്നിൽ ഒരു മിനിറ്റിൽ കൂടാത്ത റീൽസ് ചിത്രീകരിച്ച് മെയ് 10നകം താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിലോ മെയിൽ ഐഡിയിലോ അയക്കാവുന്നതാണ്.
വാട്ട്സാപ്പ് നമ്പർ: 9846254930
മെയിൽ ഐഡി: 35kpoastateconference@gmail.com
തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകുന്നതാണെന്ന് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.
by Midhun HP News | May 3, 2025 | Latest News, ജില്ലാ വാർത്ത
സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ആറ്റിങ്ങൽ നഗരസഭാ ബസ് സ്റ്റാൻഡിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം അകലെ. അനുയോജ്യമായ മറ്റൊരിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിലവിലെ ബസ് സ്റ്റാൻഡ് നവീകരിക്കാനുള്ള പദ്ധതിയും യാഥാർഥ്യമായില്ല. പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുന്നതിന് 2000-ൽ മാമത്തെ ഭൂമിയിൽ ബോർഡ് സ്ഥാപിച്ചിരുന്നു. 2005-ൽ വക്കം പുരുഷോത്തമൻ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിടം നിർമിച്ചു. എന്നാൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിലായതോടെ സ്റ്റാൻഡ് മാറ്റം അനിശ്ചിതത്വത്തിലായി.
ദേശീയപാതയോട് ചേർന്നുള്ള നഗരസഭാ ഭൂമിയിൽ 1957ൽ നിർമിച്ചതാണ് ഇപ്പോഴത്തെ ബസ് സ്റ്റാൻഡ് . 2239.74 ചതുരശ്രമീറ്റർ വിസ്തൃതിയിലായിരുന്നു നിർമാണം. സ്റ്റാൻഡ് ആരംഭിച്ച കാലത്ത് 18 ബസുകളായിരുന്നു സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ ഇരുനൂറോളം ബസുകൾ ആറ്റിങ്ങൽ നഗരസഭ ബസ് ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്നുണ്ട്. ഇടവേളയില്ലാത്ത സർവീസുകൾ കാരണം വൻ തിരക്കാണ്. അതനുസരിച്ചുള്ള സൗകര്യങ്ങൾ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.
ആദ്യകാലത്ത് ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരുന്നു.അതിന്റെ അറ്റകുറ്റപ്പണികൾ അഞ്ച് വർഷം മുൻപ് നടത്തിയെങ്കിലും കെട്ടിടം നാശത്തിന്റെ വക്കിലാണ്. ഇവിടത്തെ ഈ ട്രാഫിക് പരിഷ്കരണം അശാസ്ത്രീയമാണെന്ന പരാതിയുമുണ്ട്. ഇത് ദേശീയപാതയിലുൾപ്പെടെ പലപ്പോഴും വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ടെന്നാണ് ആക്ഷേപം.
by Midhun HP News | May 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: യഥാസമയം വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേറ്റ കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ ഏഴു വയസ്സുകാരിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ എട്ടിന് ഉച്ചയ്ക്കാണ് കുട്ടിയെ വീട്ടുമുറ്റത്തുവച്ച് പട്ടി കടിച്ചത്. അന്നുതന്നെ ആന്‍റീ റാബിസ് സിറവും കുട്ടിക്ക് നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28ന് കുട്ടിക്ക് പനി ബാധിച്ചപ്പോൾ പരിശോധിച്ചപ്പോഴാണ് പേവിഷ ബാധയേറ്റെന്ന് മനസിലായത്. യഥാസമയം വാക്സീനെടുത്തതിനാൽ പേവിഷ ബാധയേൽക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബം. അതിനാൽ തന്നെ പിന്നീടാരും പട്ടിയെ കുറിച്ച് അന്വേഷിച്ചില്ല. നായക്ക് എന്ത് സംഭവിച്ചുവെന്നും വ്യക്തമല്ല.
ദിവസങ്ങൾക്ക് മുൻപാണ് മലപ്പുറം പെരുവള്ളൂർ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പേവിഷബാധയേറ്റ് മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം ആവർത്തിക്കുന്നത്. ഏപ്രിലിൽ മാത്രം ആറ് പേരാണ് പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത്. അതിൽ വാക്സീനെടുത്തവരും ഉൾപ്പെട്ടിരുന്നു.
by Midhun HP News | May 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്മരിച്ചെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പരാമര്‍ശിച്ചില്ലെന്നും ഇതില്‍ താന്‍ ലജ്ജിക്കുന്നുവെന്നും തരൂര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. കേരളം ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ടത് ഉമ്മന്‍ചാണ്ടിയാണെന്നും തരൂരിന്‍റെ കുറിപ്പില്‍ പറയുന്നു
‘വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷന്‍ ചെയ്ത ഈ ദിവസത്തില്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ, യഥാര്‍ത്ഥ കമ്മീഷനിംഗ് കരാറില്‍ ഒപ്പുവെച്ച്, ഇന്ന് നമ്മള്‍ ആഘോഷിച്ച പ്രവൃത്തികള്‍ക്ക് തുടക്കമിട്ട, അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു. ഔദ്യോഗിക പ്രഭാഷകരില്‍ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമര്‍ശിക്കാത്തതില്‍ ലജ്ജിക്കുന്നു – അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ച് സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്ന എനിക്കാണെങ്കില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചതുമില്ല’, തരൂര്‍ എക്സില്‍ കുറിച്ചു.
ഇന്നലെയായിരുന്നു വിഴിഞ്ഞം തുറമുഖം രാജ്യത്തിന് പ്രധാനമന്ത്രി സമര്‍പ്പിച്ചത്. ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ നാള്‍വഴിയെക്കുറിച്ച് വിവരിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ അനുമതിയടക്കം വാങ്ങുകയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയുടെ പേര് അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ശശിതരൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജിആര്‍ അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എഎ റഹിം, എം വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ഉദ്ഘാടന വേദിയില്‍ ഉണ്ടായിരുന്നത്.
Recent Comments