by Midhun HP News | Apr 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ് എന്നിവയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ നാലു ലക്ഷം രൂപയായിരുന്നു അപകട മരണ ഇന്‍ഷുറന്‍സ് തുക. പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ തുക നിലവിലെ രണ്ടു ലക്ഷം രൂപയെന്നത് മൂന്നു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും ഇനി മുതല്‍ പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കും. മെഡിക്കല്‍ കോഴ്‌സുകളിലേക്ക് എന്‍ആര്‍ഐ സീറ്റില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് അവരുടെ സ്‌പോണ്‍സറുടെ തിരിച്ചറിയല്‍ രേഖയായി നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് സമര്‍പ്പിക്കാമെന്നും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.
പ്രവാസി ഐഡി കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ്, പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നീ സേവനങ്ങളുടെ നിരക്കുകളും പുതുക്കിയിട്ടുണ്ട്. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്, സ്റ്റുഡന്റ് ഐഡി കാര്‍ഡ്, എന്‍ആര്‍കെ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവയുടെ പുതിയ നിരക്ക് ജിഎസ്ടി ഉള്‍പ്പെടെ 408 രൂപ വീതമാണ്(പഴയ നിരക്ക് 372 രൂപ വീതം). പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പോളിസിയുടെ പുതിയ നിരക്ക് ജിഎസ്ടി ഉള്‍പ്പെടെ 661 രൂപയാണ്(പഴയ നിരക്ക് 649 രൂപ). 2025 ഏപ്രില്‍ ഒന്നു മുതല്‍ ഐഡി കാര്‍ഡ്/ എന്‍പിആര്‍ഐ പോളിസി എടുക്കുന്ന പ്രവാസിക്ക് അപകടമരണം സംഭവിക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് 50,000 രൂപയും ഇന്ത്യയ്ക്ക് അകത്തുനിന്നാണെങ്കില്‍ 30,000 രൂപയും ധനസഹായം ലഭിക്കും.കാര്‍ഡുകള്‍ അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും sso.norkaroots.kerala.gov.in സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9567555821, 04712770543.
by Midhun HP News | Apr 28, 2025 | Latest News, ജില്ലാ വാർത്ത
അഖില കേരള അഭിഭാഷക കലോത്‌സവത്തിൽ റണ്ണർ അപ്പ് ആയി ആറ്റിങ്ങൽ ബാർ അസോസിയേഷൻ. കേരളത്തിൽ ആദ്യമായാണ് ഇത്തവണ അഖില കേരള അഭിഭാഷക കലോത്‌സവം നടത്തിയത്.
by Midhun HP News | Apr 28, 2025 | Latest News, ജില്ലാ വാർത്ത
ശ്രീ മഹാദേവ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ് എം ആർ എ കുടുംബത്തിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി “ജീവിതം തന്നെ ലഹരി” എന്ന് വിഷയത്തിൽ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റ്റ്റീവ് ഓഫീസർ (ഗ്രേഡ്) രാധാകൃഷ്ണപിള്ള ബോധവൽക്കരണ ക്ലാസ് നടത്തി.
എഴുപതോളം അംഗങ്ങൾ ഈ ക്ലാസ്സിൽ പങ്കെടുക്കുകയുണ്ടായി എസ്എം ആർ എ പ്രസിഡന്റ് മംഗള കുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സതീഷ് കുമാർ(എസ്എം ആർ എ സെക്രട്ടറി) സ്വാഗതവും ട്രഷറർ ശ്രീദേവി നന്ദിയും രേഖപ്പെടുത്തി. പത്മകുമാരി (വൈസ് പ്രസിഡന്റ്) മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രത്യാഖ്യാതങ്ങളെ കുറിച്ചും, എങ്ങനെ അത് പരിഹരിക്കാം എന്നും സംസാരിച്ചു.
by Midhun HP News | Apr 28, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മൂന്നുമുക്ക് അഭയത്തിൽ സുകുമാരപിള്ളയുടെ മകൻ ഗോപകുമാർ (മധു) (57) അന്തരിച്ചു.
ഭാര്യ: ലക്ഷ്മി ഗോപകുമാർ
മക്കൾ: സീജ ഗോപകുമാർ, സച്ചിൻ ഗോപകുമാർ
മരുമകൻ: സന്തോഷ് കെ എസ്
by Midhun HP News | Apr 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അതിനിടെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
by Midhun HP News | Apr 28, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മണൽ നീക്കത്തിനായി കണ്ണൂർ അഴീക്കലിൽ നിന്നെത്തിച്ച ശേഷികൂടിയ ചന്ദ്രഗിരി ഡ്രജർ മുതലപ്പൊഴി അഴിമുഖ ചാലിൽ എത്തിച്ചു.
വെള്ളിയാഴ്ച മുതലപ്പൊഴിയിലെത്തിച്ച് കടലിൽ തുടർന്ന ഡ്രജറിനെ മൂന്ന് ബോട്ടുകളുടെ സഹായത്തോടെയാണ് പൊഴിമുഖത്തേക്ക് കയറ്റിയത്. ഡ്രജർ പൊഴിക്കുള്ളിലേക്ക് കയറ്റുന്നതിനിടെ തൊഴിലാളിക്ക് പരിക്കേറ്റു. വേലിയേറ്റ സമയം കൂടി കണക്കിലെടുത്ത് ഇന്നലെ രാവിലെ പത്തിനൊന്ന് മണിയോടെയാണ് ഡ്രജറിനെ പൊഴിക്കുള്ളിലേക്ക് കയറ്റിയത്.
കായലിൽ നിന്നുള്ള ഒഴുക്ക് ശക്തമായതിനാൽ ഡ്രജർ രണ്ടുദിവസം മുതലപൊഴി കടലിൽ നങ്കൂരമിട്ടിരുന്നു. മൂന്ന് ബോട്ടുകളുടെ സഹായത്തോടെയാണ് കയർ കെട്ടിവലിച്ചാണ് ഡ്രജറിനെ പൊഴിയിലേക്ക് പ്രവേശിപ്പിച്ചത്. കയർ കെട്ടുന്നതിനിടെയുണ്ടായ തിരമാലയിൽപ്പെട്ട് കടലിൽ വീണ് തൊഴിലാളിക്ക് പരിക്കേറ്റു. പെരുമാതുറ സ്വദേശി ഷഹീറിനാണ് പരിക്കേറ്റത്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തുറമുഖത്ത് മണലടിഞ്ഞ് മത്സ്യബന്ധനം രണ്ടാഴ്ചയായി തടസ്സപ്പെട്ടിരുന്നു. പൊഴിമുറച്ചാണ് ഡ്രജറിനെ അകത്തേക്ക് പ്രവേശിപ്പിച്ചത്. പൊഴി മുറിച്ചതോടെ താങ്ങുവല വള്ളങ്ങൾ ഉൾപ്പെടെ പൊഴിമുഖം വഴി മത്സ്യബന്ധനത്തിന് പോയി തുടങ്ങി. കട്ടർ സെക്ഷൻ ഡ്രജറായ ചന്ദ്രഗിരിക്ക് മണൽ, ചരൽ, ചെറിയ പാറ കഷ്ണങ്ങൾ അടക്കം നീക്കം ചെയ്യാനാകും. കൂടാതേ 10 മീറ്റർ വരെ ആഴത്തിലും മണിക്കൂറിൽ 400 ക്യൂബിക് മീറ്റർ മണൽ ചന്ദ്രഗിരിക്ക് നീക്കം ചെയ്യാൻ കഴിയും. ഡ്രജറിന്റെ മണൽ നീക്കം ആരംഭിക്കണമെങ്കിൽ ക്രെയിൻ ഉപയോഗിച്ച് സോയിൽ പൈപ്പുകൾ യോജിപ്പിക്കേണ്ട പ്രവർത്തികളാണ് പ്രധാനമായും ഇനി പൂർത്തിയാക്കേണ്ടത്. ഇതിന് കുറഞ്ഞത് മൂന്നു ദിവസമെങ്കിലും വേണ്ടിവരും എന്നാണ് അധികൃതർ നൽകുന്ന വിവരം. ഡ്രജർ പ്രവർത്തനക്ഷമമായാൽ രണ്ട് ഷിഫ്റ്റുകളിലായി മുഴുവൻ സമയവും വിനിയോഗിച്ച് മണൽ നീക്കം ചെയ്യും. കുഴിച്ചെടുക്കുന്ന മണൽ തീരശോഷണമുള്ള താഴമ്പള്ളി ഭാഗത്ത് നിക്ഷേപിക്കും. നിലവിൽ മുതലപ്പൊഴിയിലുള്ള മിനി ഡ്രജർ ഉപയോഗിച്ചും മണൽ നീക്കം തുടരും. മത്സ്യബന്ധനത്തിന് തടസ്സമില്ലാതെ മണൽ നീക്കം നടത്താണ് തീരുമാനം
Recent Comments