‘സ്റ്റാര്‍ കേരളം’, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍

‘സ്റ്റാര്‍ കേരളം’, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍

തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പുതിയ കണക്കുകളിലാണ് കേരളത്തിന്റെ മുന്നേറ്റം. 2019 മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കണക്കുകളാണ് കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തുവിട്ടത്. പഞ്ചനക്ഷത്ര ഹോട്ടലിന് പുറമെ 4 സ്റ്റാര്‍, 3 സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തുണ്ട്.

വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിന് ഒരുങ്ങുന്ന കേരളത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യം ഒരുക്കുന്നതാണ് പുതിയ കണക്കുകള്‍. വിനോദ സഞ്ചാരികള്‍ക്ക് ഉന്നത നിലവാരമുള്ള താമസ സൗകര്യം ഒരുക്കുക വഴി ടൂറിസം മേഖലയില്‍ മുന്നേറ്റം സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. വ്യവസായിക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയേക്കാള്‍ മുന്നിലാണ് കേരളം എന്നതും ശ്രദ്ധേയമാണ്.

കേരളത്തില്‍ ആകെ 94 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഫോല്‍ സ്റ്റാര്‍ ഹോട്ടലുകള്‍ 420 എണ്ണവും 607 ത്രീസ്റ്റാര്‍ ഹോട്ടലുകളും ആണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 86 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉണ്ട്. എന്നാല്‍ ഫോര്‍സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണം യഥാക്രമം 36, 69 എന്നിങ്ങനെയാണ്. മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തില്‍ ഫൈവ് സ്റ്റാര്‍ 76 ഉം ഫോര്‍ സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ യഥാക്രമം 61 ഉം 120ഉം മാത്രമാണ്.

ഗോവ, കര്‍ണാടക, തലസ്ഥാന നഗരമായ ഡല്‍ഹി എന്നിവയാണ് പട്ടികയില്‍ പീന്നീടുള്ള സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ കണക്കുകളില്‍ ഏറെ പിന്നിലാണ് ഈ സംസ്ഥാനങ്ങള്‍. ഇത് സംസ്ഥാനത്തെ ഹോട്ടല്‍ ബിസിനസ് മേഖലയ്ക്ക് പുത്തനുണര്‍വ് പ്രകടമാക്കുന്നതാണ് ഈ കണക്കുകള്‍.

കേരളത്തില്‍ ബാര്‍ ലൈസന്‍സ് നല്‍കണം എങ്കില്‍ ഹോട്ടലുകള്‍ക്ക് ത്രീ സ്റ്റാര്‍ പദവി വേണമെന്നാണ് നിബന്ധന. ഇതും ഹോട്ടലുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മദ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം ബാര്‍ ലൈസന്‍സ് പരിമിതപ്പെടുത്തിയിരുന്നു. ഇതോടെ ഫോര്‍ സാറ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ വലിയ തുക മുടക്കി ഫൈവ് സ്റ്റാറിലേക്ക് മാറേണ്ടി വന്നു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ ഫോര്‍സ്റ്റാര്‍, ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചു.

‘കൂടുതുറന്നാല്‍ ടെര്‍മിനല്‍ നിറയുന്ന ഗന്ധം’, ഹൈടെക്കായി വിളയുന്ന ലഹരി; എന്താണ് ഹൈബ്രിഡ് കഞ്ചാവ്?

‘കൂടുതുറന്നാല്‍ ടെര്‍മിനല്‍ നിറയുന്ന ഗന്ധം’, ഹൈടെക്കായി വിളയുന്ന ലഹരി; എന്താണ് ഹൈബ്രിഡ് കഞ്ചാവ്?

കൊച്ചി: സെപ്തംബര്‍ 2024- എറണാകുളം റൂറല്‍ പൊലീസിന് കര്‍ണാടക പൊലീസില്‍ നിന്നും ഒരു സന്ദേശം ലഭിച്ചു. കുടക് മേഖലയില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന കാസര്‍കോട് സ്വദേശിയായ മഹ്‌റൂഫ് എറണാകുളത്ത് ഉണ്ടെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക പൊലീസ് അറിയിച്ചിരുന്നു.

വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ പൊലീസ് മേധാവി വൈഭവ് സക്‌സേന മഹറൂഫിനെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ബാങ്കോക്കിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മഹറൂഫ് പിടിയിലായി. ആ സംഭവം കേരള പൊലീസിന് മുന്നില്‍ ഹൈബ്രിഡ് കഞ്ചാവ് എന്നൊരു ലഹരി വസ്തു സംബന്ധിച്ച വിവരം കൂടിയായിരുന്നു തുറന്നിട്ടത്.

കുടകില്‍ 3.31 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയ കേസിലെ മുഖ്യ പ്രതിയായിരുന്നു മഹറൂഫ്. ബാങ്കോക്കില്‍ നിന്നുള്ള ഹൈബ്രിഡ് കഞ്ചാവ് കുടകില്‍ എത്തിക്കുകയും പിന്നീട് രാജ്യത്തിന്റെയും വിദേശത്തെയും വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നത് മഹറൂഫും സംഘവും ആയിരുന്നു. എറണാകുളം പൊലീസ് മഹറൂഫിനെ കര്‍ണാടക പൊലീസിന് കൈമാറി.

എന്നാല്‍, മഹറൂഫ് ഒരു തുടക്കം മാത്രമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം സ്വദേശി 4.23 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. വിപണിയില്‍ 2.5 കോടി വിലവരുന്ന കഞ്ചാവായിരുന്നു ഭക്ഷണ പാക്കറ്റുകളിലാക്കി കടത്താന്‍ ശ്രമിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സെപ്തംബര്‍ 2024 മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മാത്രം 70.5 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. 13 പേരാണ് ഏഴോളം കേസുകളായി പിടിയിലായത്. ഇതിനിടെ കൊച്ചിയിലെ ഇന്റര്‍നാഷണല്‍ പോസ്റ്റ് ഓഫീസില്‍ നിന്നും ഒരു കിലോ ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. കാക്കനാട് സ്വദേശിയുടെ വിലാസത്തില്‍ ആയിരുന്നു കഞ്ചാവ് എത്തിയത്. ഇതുവരെയുള്ള എല്ലാ കേസുകളുടെയും ഒരു അറ്റം ബാങ്കോക്കില്‍ എത്തി നില്‍ക്കുന്നു എന്നതാണ് മറ്റൊരു വസ്തുത.

ആറ്റിങ്ങൽ മനോമോഹന വിലാസം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ  സാജു അസ്സീസിന് തുക കൈമാറി

ആറ്റിങ്ങൽ മനോമോഹന വിലാസം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സാജു അസ്സീസിന് തുക കൈമാറി

ആറ്റിങ്ങൽ മനോമോഹന വിലാസം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹൃദയ സംബന്ധമായും വൃക്കകൾ തകരാറിലുമായ സാജു അസ്സീസിന് 35,000 രൂപ കൈമാറി. അസോസിയേഷൻ സെക്രട്ടറി പ്രിയ സാബു, വൈസ് പ്രസിഡന്റ് മുകുന്ദൻ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

സഹായിക്കാൻ സുമനസ്സുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ തുക അയക്കാം
മൊബൈൽ നമ്പർ: 9744851532

തിരുവനന്തപുരത്ത് കോളറ മരണം

തിരുവനന്തപുരത്ത് കോളറ മരണം

തിരുവനന്തപുരം: കവടിയാറില്‍ കോളറ ബാധിച്ച് 63കാരന്‍ മരിച്ചു. ഏഴ് ദിവസം മുന്‍പായിരുന്നു മരണം. ആരോഗ്യവകുപ്പ് അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഏപ്രില്‍ 20വരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി, വയറിളക്കം, ഛര്‍ദ്ദി എന്നിവയെ തുടര്‍ന്നാണ് തുടര്‍ന്നാണ് 63കാരനായ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.

ഏപ്രില്‍ 20ാം തീയതിയാണ് കവടിയാര്‍ മുട്ടട സ്വദേശി ചികിത്സയിലിരിക്കെ മരിച്ചത്. ഇയാളുടെ മരണം കോളറ ബാധിച്ചാണെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.

ശനിയാഴ്ച മാത്രം 123 ലഹരിമരുന്ന് കേസുകള്‍, ഓപ്പറേഷന്‍ ഡി-ഹണ്ടില്‍ അറസ്റ്റിലായത് 125 പേര്‍

ശനിയാഴ്ച മാത്രം 123 ലഹരിമരുന്ന് കേസുകള്‍, ഓപ്പറേഷന്‍ ഡി-ഹണ്ടില്‍ അറസ്റ്റിലായത് 125 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്നുകള്‍ക്ക് എതിരായ നടപടി ശക്തമാക്കുന്നതിനിടെ ശനിയാഴ്ച മാത്രം അറസ്റ്റിലായത് 125 പേര്‍. ഡി ഹണ്ടിന്റെ ഭാഗമായാണ് നടപടി. ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി മലയാളത്തിലെ യുവ സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ശനിയാഴ്ച നടത്തിയ ഓപ്പറേഷന്‍ ഡി-ഹണ്ട് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പങ്കുവച്ചത്.

ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2256 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 123 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 125 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.0321 കിലോ ഗ്രാം), കഞ്ചാവ് (25.178 കിലോ ഗ്രാം), കഞ്ചാവ് ബീഡി (73 എണ്ണം) എന്നിവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് യുവ സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നിവരില്‍ നിന്നും പൊലീസ് സംഘം കണ്ടെടുത്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും പുലര്‍ച്ചെ രണ്ടുമണിയോടെ ഇവര്‍ പിടിയിലായത്. തല്ലുമാല, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍.

ഡിജിപിയായി സ്ഥാന കയറ്റം; മനോജ് ഏബ്രഹാം അഗ്‌നിരക്ഷാസേനാ മേധാവി

ഡിജിപിയായി സ്ഥാന കയറ്റം; മനോജ് ഏബ്രഹാം അഗ്‌നിരക്ഷാസേനാ മേധാവി

തിരുവനന്തപുരം: മനോജ് ഏബ്രഹാം അഗ്‌നിരക്ഷാസേനാ മേധാവി. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാന കയറ്റം നല്‍കിയാണ് നിയമനം. അഗ്‌നിരക്ഷാസേനാ മേധാവിയായിരുന്ന കെ. പത്മകുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

1994 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. ഇന്റലിജന്‍സ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അടൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ എഎസ്പി ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആയി ഏഴ് വര്‍ഷം പ്രവര്‍ത്തിച്ചു.

പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്തോ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷോ ആണ് മനോജ് ഒഴിയുമ്പോള്‍ ക്രമസമാധാന ചുമതലയിലേയ്ക്ക് പരിഗണിക്കുന്നവര്‍. എന്നാല്‍ ഇവര്‍ക്ക് പകരമൊരാളെ നിയമിക്കണമെങ്കില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ദിനേന്ദ്ര കശ്യപ് ആഗസ്റ്റില്‍ തിരിച്ചെത്തണം. മറ്റ് എഡിജിപിമാരെല്ലാം പ്രധാന തസ്തികയിലാണ്. ക്രമസമാധാന ചുമതലയിലേക്ക് എം ആര്‍ അജിത്കുമാര്‍ തിരിച്ചെത്താനും സാധ്യതയില്ല.