ശക്തമായ മഴ തുടരും; വടക്കന്‍ കേരളത്തില്‍ മഴ കനക്കും, ഇടിമിന്നല്‍ മുന്നറിയിപ്പ്

ശക്തമായ മഴ തുടരും; വടക്കന്‍ കേരളത്തില്‍ മഴ കനക്കും, ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും വടക്കന്‍ കേരളത്തില്‍ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച മലപ്പുറം, വയനാട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ബോട്ട് ജെട്ടി പുനസ്ഥാപിക്കണം

ബോട്ട് ജെട്ടി പുനസ്ഥാപിക്കണം

ദേശീയ ജലപാതയിൽ പുരാതന കാലം മുതലേ നെടുംങ്ങണ്ടയിൽ ഉണ്ടായിരുന്ന ബോട്ട് ജെട്ടി പുനസ്ഥാപിക്കണമെന്ന് സിപിഐഎം നെടുംങ്ങണ്ട ബ്രാഞ്ച് കമ്മിറ്റി അധികാരികളോട് അഭ്യർത്ഥിച്ചു. ജലപാത സജീവമായിരുന്ന കാലങ്ങളിൽ ഇവിടെയുണ്ടായിരുന്ന കടവിൽ കെട്ടുവള്ളങ്ങളിൽ കയറുൾപ്പടെയുള്ള സാധനങ്ങൾ ഇറക്കുകയും, കയറ്റുകയും ചെയ്തിരുന്നു.

ആ കടവ് ഇപ്പോഴും ആ ഭാഗത്ത് നിലനിൽക്കുന്നുണ്ട്. ദേശീയ ജലപാതയുടെ പുനരുദ്ധാരണത്തോട് അനുബന്ധിച്ച് കായിക്കര കടവ് കഴിഞ്ഞാൽ പിന്നെ വെട്ടൂർ ഭാഗത്ത് മാത്രമാണ് ബോട്ട് ജെട്ടി ഉള്ളത്. പ്രകൃതിരമണീയമായ പൊന്നുംതുരുത്ത് മഹാകവി കുമാരനാശാൻ കവിത എഴുതിയ ചെമ്പകത്തറയും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

നിരവധി വിനോദസഞ്ചാരികളാണ് എല്ലാ ദിവസങ്ങളിലും ഈ പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിച്ചേരുന്നത്. ഇവിടെ ഒരു ബോട്ട് ജെട്ടി സ്ഥാപിക്കുകയാണെങ്കിൽ വിനോദസഞ്ചാരികൾക്ക് കൂടുതൽ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും.
അതുവഴി ഈ പ്രദേശത്ത് കൂടുതൽ വികസനം വരികയും ചെയ്യും. നെടുങ്ങണ്ട പ്രദേശത്തിന്റെ വികസനത്തിനും, വിനോദ സഞ്ചാരികളുടെ യാത്രയ്ക്കും സൗകര്യപ്രദം ആകുന്ന രീതിയിൽ ഒന്നാം പാലത്തിനും പുതിയ പാലത്തിനു ഇടയ്ക്ക് ബോട്ട് ജെട്ടി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അംഗം വിജയ് വിമല്‍ ജലഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

ആംകോസിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു

ആംകോസിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ മെസേലേനിയസ് സംഘങ്ങൾക്ക് വേണ്ടി ആംകോസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ വിളയിൽ റസിഡൻസ് സഹകരണ സംഘം ഹാളിൽ വച്ച് ഒരു ഏകദിന ശില്പശാല മെയ് ഒമ്പതിന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ നടത്തുന്നു.

സഹകരണ സംഘങ്ങളിലെ ഫണ്ട് വിനിയോഗിക്കുന്നതിലെ പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ്സ് രാവിലെയും, സംഘം ലാഭത്തിലേക്ക് കൊണ്ടുവരുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലോൺ മാനേജ്മെന്റ് എം എസ് എസിന്റെ നടപടിക്രമങ്ങളും എന്ന വിഷയത്തെക്കുറിച്ച് അധികരിച്ച് ഉച്ച വിശ്രമത്തിന് ശേഷം ക്ലാസ് നടത്തും.

ശില്പശാലയുടെ ഉദ്ഘാടനം ആംകോസ് പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങലും അധ്യക്ഷത ആംകോസ് സെക്രട്ടറി ഇളമ്പ ഉണ്ണികൃഷ്ണനും നിർവഹിക്കും. സഹകരണ വകുപ്പ് ഗ്രേഡ് ഇൻസ്പെക്ടർ സുരേന്ദ്ര ബാബു ശില്പശാലയ്ക്ക് നേതൃത്വം കൊടുക്കും. നാലുമണിക്ക് സർട്ടിഫിക്കറ്റ് വിതരണത്തോടെ ശില്പശാല അവസാനിക്കും. ഒരു സംഘത്തിൽ നിന്നും ഒരു ഭരണസമിതി അംഗവും സെക്രട്ടറിയും ആണ് പങ്കെടുക്കേണ്ടത്.

ഫയർ ഡേ- ബാഡ്ജ് ഓഫ് ഓണർ അവാർഡ് ലഭിച്ചു

ഫയർ ഡേ- ബാഡ്ജ് ഓഫ് ഓണർ അവാർഡ് ലഭിച്ചു

ആറ്റിങ്ങൽ: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്സ് ഡയറക്ടർ ജനറലിന്റെ ഈ വർഷത്തെ ബാഡ്ജ് ഓഫ് ഓണർ ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫീസർ അഖിൽ എസ്സ് ബി യ്ക്ക് ലഭിച്ചു. ഓരോ വർഷത്തെയും അഗ്നിശമന രക്ഷാ പ്രവർത്തനമികവിനുള്ള അംഗീകരമായാണ് ഈ പുരസ്‌കാരം നൽകുന്നത്. പുളിമാത്ത് പഞ്ചായത്ത്‌ കൊടുവഴന്നൂർ സ്വദേശിയായ ഇദ്ദേഹം രോഹിണി ഭവനിൽ സുദേവന്റെയും ബേബിയുടെയും മകനാണ്. ഭാര്യ ദീപ്തി റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ്.

മുതിർന്ന വ്യാപാരികളെ ആദരിച്ചു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റ്

മുതിർന്ന വ്യാപാരികളെ ആദരിച്ചു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റ്

ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ യൂണിറ്റിലെ മുതിർന്ന വ്യാപാരിയായ രാജേന്ദ്രൻ നായരെ (മുരുക പെയിൻ്റ്സ്) ആദരിക്കുകയും ആറ്റിങ്ങൽ വ്യാപാര ഭവന് സമീപം പൂക്കട നടത്തുന്ന വാവയ്ക്ക് ധനസഹായവും വിതരണവും ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് ഭാരവാഹികളായ പൂജ ഇക്ബാൽ, കണ്ണൻ ചന്ദ്രപ്രസ്, അനിൽകുമാർ, അനില്‍ ഏജൻസി തുടങ്ങിയവർ പങ്കെടുത്തു.

‘വീട്ടിലെ പ്രശ്‌നങ്ങള്‍ ഓഫീസില്‍ തീര്‍ക്കരുത്; ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ ഉപദേശം

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും വീട്ടിലെ പ്രശ്‌നങ്ങള്‍ ഓഫീസിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ ഉപദേശം. പൊതുമേഖലാസ്ഥാപനങ്ങളുടെ ശാക്തീകരണ ശില്‍പശാലയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

”മനുഷ്യര്‍ക്ക് ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകും. അത് സ്വാഭാവികമാണ്. അവയെ സംഘര്‍ഷങ്ങളായിത്തന്നെ കണ്ട് മാറ്റിനിര്‍ത്തണം. ഇത്തരം വിഷയങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കാന്‍ ശ്രമിക്കരുത്” – എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

തങ്ങളുടെ സ്ഥാപനത്തെ അഭിവൃധി എല്ലാ ജീവനക്കാരുടെയും ചുമതലയാണ്. സ്ഥാപന മേധാവിമാര്‍ക്ക് ഇതിനുള്ള ഉത്തരവാദിത്തമുണ്ട്. എത്ര കഴിവുള്ളവരെങ്കിലും മേധാവിമാര്‍ തനിച്ച് പ്രവര്‍ത്തിച്ചാല്‍ സ്ഥാപനം വളരില്ല. അതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. നേരത്തേ നഷ്ടത്തിലായിരുന്ന കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ ശരിയായ പാതയില്‍ മുന്നേറുകയാണ്. ചില പൊതു മേഖലാ സ്ഥാപനങ്ങൾ മികവില്‍ താഴോട്ട് പോകുന്ന നിലയുണ്ടായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ശില്‍പശാലയുടെ സമാപനയോഗത്തില്‍ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനായി. നിയുക്ത ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയായ ‘ഹോപ്’ ചടങ്ങില്‍ മുഖ്യമന്ത്രിക്കു സമ്മാനിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍, വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂലാ തോമസ്, ആസൂത്രണ സാമ്പത്തിക വകുപ്പ് അണ്ടര്‍ സെക്രട്ടറി എ കെ സുദര്‍ശനന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.