കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ നിക്ഷേപം കേട്ടാല്‍ ഞെട്ടും!; വിവിധ ബാങ്കുകളിലായി 9000 കോടി കടന്നു

കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ നിക്ഷേപം കേട്ടാല്‍ ഞെട്ടും!; വിവിധ ബാങ്കുകളിലായി 9000 കോടി കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വിവിധ ബാങ്കുകളിലായുള്ള നിക്ഷേപം 9,369 കോടി രൂപ. നിക്ഷേപത്തില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെയാണ് ഏറ്റവുമധികം കുതിപ്പ് ഉണ്ടായത്. ഒന്‍പതുവര്‍ഷം കൊണ്ട് കുടുബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ സമ്പാദിച്ച് വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചത് 7,076.06 കോടി രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എല്ലാ അംഗങ്ങളും ആഴ്ചയില്‍ കുറഞ്ഞത് 10 രൂപ നിക്ഷേപിക്കണമെന്ന വ്യവസ്ഥയോടെയാണ് പദ്ധതി ആരംഭിച്ചത്.ആഴ്ചതോറും നല്‍കുന്ന ചെറുതുകയാണ് ഇത്രവലിയ സമ്പാദ്യമായി മാറിയത്. ആഴ്ചസമ്പാദ്യത്തിലൂടെ ഏഷ്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപം കൈവരിക്കുന്ന സ്ത്രീക്കൂട്ടായ്മയെന്ന ഖ്യാതിയും കുടുംബശ്രീ ഇതിലൂടെ നേടി. സാധാരണക്കാരായ സ്ത്രീകളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാനും വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റാനും 1998 മുതല്‍ കുടുംബശ്രീ നടപ്പാക്കുന്ന മൈക്രോഫിനാന്‍സ് പദ്ധതിയുടെ ഭാഗമായാണ് സമ്പാദ്യപദ്ധതി തുടങ്ങിയത്. ഇതുവരെയുള്ള മൊത്തം നിക്ഷേപം 9,369 കോടി രൂപ വരുമെങ്കിലും ഒന്‍പതു വര്‍ഷത്തിനിടെയാണ് വന്‍ കുതിപ്പുണ്ടായത്.

തുടക്കത്തില്‍ ചുരുക്കം ചില ജില്ലകളിലായിരുന്നു അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനം. 2008ഓടെ അത് സംസ്ഥാനമെങ്ങും വ്യാപിപ്പിച്ചു. ഇപ്പോള്‍ 3.17 ലക്ഷം അയല്‍ക്കൂട്ടങ്ങളുണ്ട്. 48 ലക്ഷത്തോളം അംഗങ്ങളും. ആദ്യഘട്ടത്തില്‍ ഓരോ അംഗവും കുറഞ്ഞത് പത്തുരൂപ വീതമാണ് ആഴ്ചതോറും നിക്ഷേപിച്ചത്. ഘട്ടംഘട്ടമായി തുക കൂട്ടി. സാമ്പത്തികശേഷിക്കനുസരിച്ചാണ് ഇപ്പോള്‍ നിക്ഷേപത്തുക നിശ്ചയിക്കുന്നത്. കിട്ടുന്ന തുക ഓരോ ആഴ്ചയും ബാങ്ക് നിക്ഷേപമാക്കും. കൂടാതെ, 2024-25 കാലയളവില്‍ കുടുംബശ്രീ നടത്തിയ സുസ്ഥിര ത്രിഫ്റ്റ് ആന്‍ഡ് ക്രെഡിറ്റ് കാംപെയ്‌നിലൂടെ അയല്‍ക്കൂട്ട അംഗങ്ങളുടെ ശരാശരി പ്രതിവാര സമ്പാദ്യം ഗണ്യമായി വര്‍ദ്ധിച്ചു.

വലിയ നടപടിക്രമങ്ങളില്ലാതെ നാലുശതമാനം പലിശയ്ക്ക് അംഗങ്ങള്‍ക്ക് അവരുടെ നിക്ഷേപത്തിന് ആനുപാതികമായി വായ്പയെടുക്കാനുള്ള സൗകര്യവുമുണ്ട്. സ്വന്തം നിക്ഷേപത്തെക്കാള്‍ കൂടുതല്‍ വായ്പയെടുക്കാന്‍ മറ്റംഗങ്ങളുടെ സമ്മതം മതി. പരസ്പര ജാമ്യത്തിലും വായ്പയെടുക്കാം. ഈ വായ്പകള്‍ നേടുന്നതിലൂടെ, സ്വകാര്യ വായ്പാ ദാതാക്കളുടെ കടക്കെണി ഒഴിവാക്കാനും കഴിയും. ഇന്നുവരെ, 28,723.89 കോടി രൂപ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ആഭ്യന്തര വായ്പകളുടെ രൂപത്തില്‍ വിതരണം ചെയ്തിട്ടുണ്ട്.

എല്ലാ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും സ്വന്തമായി ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇതുവരെ 3.07 ലക്ഷം അയല്‍ക്കൂട്ട അക്കൗണ്ടുകള്‍ ബാങ്കുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് സ്വന്തമായി ബാങ്കിങ് ഇടപാടുകള്‍ നടത്താനും ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താനും പ്രാപ്തമാക്കി. ”സാധാരണ സ്ത്രീകളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി 1998 മുതല്‍ കുടുംബശ്രീ നടപ്പിലാക്കി വരുന്ന മൈക്രോ-ഫിനാന്‍സ് പദ്ധതിയുടെ ഭാഗമാണ് അയല്‍ക്കൂട്ട തലത്തില്‍ സമ്പാദ്യം സൃഷ്ടിക്കല്‍. ഇതുവരെ അയല്‍ക്കൂട്ട അംഗങ്ങള്‍ നടത്തിയ വലിയ നിക്ഷേപമാണ് കുടുംബശ്രീയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്,” – കുടുംബശ്രീ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

എസ്എസ്എൽസി പരീക്ഷാ ഫലം മെയ് ഒൻപതിന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

തിരുവനന്തപുരം – മംഗളൂരു സെപ്ഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം – മംഗളൂരു സെപ്ഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കു പരിഗണിച്ച് തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച റെയില്‍വേ. പൂര്‍ണമായും ജനറല്‍ കോച്ചുകള്‍ മാത്രമുള്ള സ്‌പെഷല്‍ ട്രെയിനാണ് ഓടിക്കുക. 06163 തിരുവനന്തപുരംമംഗളൂരു ജങ്ഷന്‍ സ്‌പെഷല്‍ ട്രെയിന്‍ തിങ്കളാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 6.50ന് മംഗളൂരുവിലെത്തും.

മേയ് 5 മുതല്‍ ജൂണ്‍ 9 വരെയാണു സര്‍വീസ്. മടക്ക ട്രെയിന്‍ (06164) മംഗളൂരു ജങ്ഷനില്‍ നിന്ന് ചൊവ്വാഴ്ചകളില്‍ വൈകിട്ട് 6ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മേയ് 6 മുതല്‍ ജൂണ്‍ 10 വരെയാണു സര്‍വീസ്.

7 ജില്ലകളിൽ കൊടും ചൂട്; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

7 ജില്ലകളിൽ കൊടും ചൂട്; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴയും ഇടിമിന്നലും 29 വരെ തുടരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനില

ഇന്ന് പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്.

ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

സ്വകാര്യബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെയുള്ള സ്റ്റേജ് ക്യാരേജ് വാഹനങ്ങളിൽ ജീവനക്കാരായി നിയമിതരാകുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ്. ജനുവരി 24ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർ‌ക്കുലർ.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമം, നരഹത്യ, നരഹത്യാ ശ്രമം, മാരകമായ മുറിവേൽപിക്കൽ, കലാപം , ലഹള, വിധ്വംസക പ്രവർത്തനങ്ങൾ, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, അപകടകരമായി വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, ജീവഹാനിക്ക് കാരണമായ അപകടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ഉൾപ്പെട്ടിട്ടുള്ളവർ, വ്യാജരേഖ ചമയ്ക്കൽ, ലഹരിമരുന്നു കേസുകളിൽ ഉൾപ്പെട്ടവർ, അബ്കാരി കേസുകളിൽ ഉൾപ്പെട്ടവർ, വാഹനമോഷണം, ഭവനഭേദനം തുടങ്ങിയ മോഷണക്കേസുകളിൽ ഉൾപ്പെട്ടവർ എന്നിവരെ കെഎസ്ആർടിസി, സ്വകാര്യബസുകളിൽ കണ്ടക്ടറും ഡ്രൈവറുമായി നിയമിക്കാൻ പാടില്ല. അതിർത്തി തർക്കം, കുടുംബക്കോടതി വ്യവഹാരങ്ങൾ എന്നീ കേസുകളിൽപെട്ടവർക്ക് നിയമനം കൊടുക്കുന്നതിൽ പ്രശ്നമില്ലെന്നുമാണ് സർക്കുലർ.

പിറന്നാൾ ദിനത്തിൽ യാത്രയയപ്പ്; ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ പോലീസിൽ നിന്ന് പടിയിറങ്ങി

പിറന്നാൾ ദിനത്തിൽ യാത്രയയപ്പ്; ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ പോലീസിൽ നിന്ന് പടിയിറങ്ങി

ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ പോലീസിൽ നിന്ന് പടിയിറങ്ങി. മലപ്പുറത്ത്‌ എംഎസ്‌പി അസി. കമാൻഡന്റ്‌ ആയ വിജയന്‌ പൊലീസ്‌ സേന യാത്രയയപ്പ്‌ നൽകി. ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന്‌ സല്യൂട്ട്‌ സ്വീകരിച്ചതോടെ കേരള പൊലീസ്‌ ഫുട്‌ബോൾ ടീമിലെ സുവർണ നിരയിലെ അവസാന കണ്ണിയും പടിയിറങ്ങി. മലപ്പുറത്തു നിന്ന്, അതും ജീവിതത്തിൻ്റെ ഭാഗമായി മാറിയ എംഎസ്പിയിൽ നിന്ന് പിറന്നാൾ ദിനത്തിൽ യാത്രയയപ്പ് ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് അദ്ദേഹം.

1987ൽ പതിനെട്ട്‌ വയസ്സ്‌ പൂർത്തിയായപ്പോൾ പൊലീസ്‌ കോൺസ്‌റ്റബിളായി ജോലിയിൽ പ്രവേശിച്ചു. 1991ൽ പൊലീസ്‌ വിട്ട്‌ കൊൽക്കത്ത മോഹൻബഗാനിലേക്ക്‌ കളിക്കാൻ പോയി. 1992ൽ പൊലീസിൽ തിരിച്ചെത്തി. അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ്റെ നിർബന്ധത്തിലാണ് തിരിച്ചെത്തിയതെന്ന് പ്രസംഗത്തിൽ അനുസ്മരിച്ചു.

1993ൽ വീണ്ടും പൊലീസ്‌ വിട്ട വിജയൻ മോഹൻ ബഗാൻ, ഈസ്‌റ്റ്‌ ബംഗാൾ, ജെസിടി മിൽസ്‌ ഫഗ്‌വാര, എഫ്‌സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്‌സ്‌ ക്ലബ്ബുകളിൽ കളിച്ചു.1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ഫുട്‌ബോൾ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. 2000–-2004 കാലത്ത്‌ ഇന്ത്യൻ ക്യാപ്റ്റൻ. 2006ൽ കൊൽക്കത്ത ഈസ്റ്റ്‌ ബംഗാളിൽനിന്ന്‌ ഇറങ്ങിയതോടെ പ്രൊഫഷണൽ ഫുട്‌ബോളിൽനിന്ന്‌ വിടവാങ്ങി. എഎസ്‌ഐ ആയാണ്‌ തിരികെ പൊലീസിൽ പ്രവേശിക്കുന്നത്‌. 2021ൽ എംഎസ്‌പി അസി. കമാൻഡന്റ്‌ ആയി. 2002ൽ അർജുനയും 2025ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. പോലിസിൽ നിന്നിറങ്ങിയാലും ഫുട്ബോൾ മൈതാനത്ത് കാണാമെന്നു പറഞ്ഞാണ് വിജയൻ പടിയിറങ്ങുന്നത്.