ക്രിസ്തു മതത്തിലെ നികുതി അടയ്ക്കാത്തവരുടെ റിപ്പോര്‍ട്ട് തേടി; നാലു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

ക്രിസ്തു മതത്തിലെ നികുതി അടയ്ക്കാത്തവരുടെ റിപ്പോര്‍ട്ട് തേടി; നാലു ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ആദായ നികുതി അടയ്ക്കാത്ത ക്രിസ്ത്യന്‍ ജീവക്കാരുണ്ടെങ്കില്‍ രണ്ടുദിവസത്തിനുള്ളില്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന മലപ്പുറം അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ വിവാദ നിര്‍ദേശം റദ്ദ് ചെയ്തതായി മന്ത്രി വി ശിവന്‍കുട്ടി. 2025 ഫെബ്രുവരി 13ന് നിര്‍ദ്ദേശം ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട് എന്നിവരെയും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, അവധിയിലായിരുന്ന അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് എന്നിവരെയും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇത് സംബന്ധിച്ച് ഇറക്കിയ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഒരു പരാതിയുമായി മുന്നോട്ടു വന്ന അബ്ദുല്‍ കലാമിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

ഏപ്രില്‍ 22ന് എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് പ്രധാന അധ്യാപകര്‍ക്കാണ് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസര്‍ കത്തയച്ചത്. ‘താങ്കളുടെ സ്‌കൂളില്‍നിന്നു സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ലഭ്യമാക്കണം’ എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം മലപ്പുറം ഡിഡിഇ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

നവംബറില്‍ കോഴിക്കോട്ടുനിന്ന് ഡിപിഐക്കു ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഉപവിദ്യാഭ്യാസ ഡയറക്ടര്‍മാരോട് ഇതു സംബന്ധിച്ച് വിവരം നല്‍കാന്‍ ആവശ്യപ്പെട്ടത്. കത്തോലിക്കാ പുരോഹിതര്‍ക്ക് നല്‍കിയ ആദായ നികുതി ഇളവുകളായിരുന്നു പരാതിക്ക് ആധാരം.

കേരളത്തിൽ 102 പാകിസ്ഥാൻ പൗരൻമാർ; ഉടൻ തിരിച്ചു പോകാൻ നിർദ്ദേശം

കേരളത്തിൽ 102 പാകിസ്ഥാൻ പൗരൻമാർ; ഉടൻ തിരിച്ചു പോകാൻ നിർദ്ദേശം

തിരുവനന്തപുരം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ എടുക്കുന്നതിന്റെ ഭാ​ഗമായി പാക് പൗരൻമാരോട് രാജ്യം വിടാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലുള്ള 102 പാക് പൗരൻമാർക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലുള്ള പാക് പൗരൻമാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി.

കേരളത്തിലെത്തിയ പാക് പൗരൻമാരിൽ പകുതി പേരും ചികിത്സാ സംബന്ധമായ മെഡിക്കൽ വിസയിൽ എത്തിയവരാണ്. കുറച്ചാളുകൾ വ്യാപര ആവശ്യങ്ങൾക്കെത്തി. മെഡിക്കൽ വിസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നു മുൻപും രാജ്യം വിടണമെന്ന നിർദ്ദേശമാണു നൽകിയിട്ടുള്ളത്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം പാക് പൗരൻമാരെ അറിയിച്ചു.

പാക് പൗരൻമാർക്കുള്ള എല്ലാത്തരം വിസ സേവനങ്ങളും ഇന്ത്യ സസ്പെൻഡ് ചെയ്തിരുന്നു. വിദ്യാർഥി, മെഡിക്കൽ വിസകളിൽ എത്തിയവരും രാജ്യം വിടണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരൻമാർക്കും നിർദ്ദേശമുണ്ട്. പാക് പൗരൻമാർക്കു നിൽവിൽ അനുവ​ദിച്ച എല്ലാ വിസകളുടേയും കാലാവധി ഈ മാസം 27നു അവസാനിച്ചതായി കണക്കാക്കും. മെഡിക്കൽ വിസ ലഭിച്ചവർക്കും മടങ്ങാൻ 29 വരെ സമയമുണ്ട്. ഹിന്ദുക്കളായ പാക് പൗരൻമാർക്കുള്ള ​ദീർഘകാല വിസയ്ക്കു മാത്രം വിലക്കില്ല.

സാർക്ക് വിസ ഇളവ് പദ്ധതിയിലൂടെ പാക് പൗരൻമാർക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്നും അത്തരത്തിൽ എത്തിയവർ 48 മണിക്കൂറികം രാജ്യം വിടണമെന്നും കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഇവർക്കുള്ള സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.

മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍; സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും

മാര്‍പാപ്പയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍; സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി പങ്കെടുക്കും

വത്തിക്കാന്‍: അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അവസാനമായി ഒരുനോക്കുകാണാന്‍ ലോകമെമ്പാടു നിന്നും വത്തിക്കാനിലേക്ക് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിന് വെച്ച മാര്‍പാപ്പയുടെ ഭൗതികദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക.

വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് ചടങ്ങുകള്‍ നടത്തുക. ലോക രാഷ്ട്ര തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. സംസ്‌കാരത്തിന് തൊട്ടു മുമ്പ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസാന അവസരം അശരണരുടെ സംഘത്തിന് ആയിരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പ്പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. നാളെ നടക്കുന്ന കബറടക്ക ചടങ്ങിലും രാഷ്ട്രപതി സംബന്ധിക്കും. മാര്‍പ്പാപ്പയുടെ കബറടക്കം നടക്കുന്ന നാളെ ഇന്ത്യയില്‍ ദുഃഖാചരണം ആയിരിക്കും.

പി.എസ്.എസ്.എൽ മൂന്നാം സീസണ് ഏപ്രിൽ 26 ന് കിക്കോഫ്

പി.എസ്.എസ്.എൽ മൂന്നാം സീസണ് ഏപ്രിൽ 26 ന് കിക്കോഫ്

പെരുമാതുറ: ‘Say no to drugs, Play football, Unity football ‘ എന്ന മുദ്രാവാക്യമുയർത്തി പെരുമാതുറ സൂപ്പർ സോക്കർ ലീഗ് (പി.എസ്.എസ്.എൽ) മൂന്നാം സീസണ് തുടക്കം. ഏപ്രിൽ 26 ന് പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ ഇന്ത്യൻ ബീച്ച് ഫുട്ബാൾ ടീം ക്യാപ്റ്റൻ റോഹിത്ത് യേശുദാസ് മൂന്നാം സീസൺ കിക്കോഫ് ചെയ്യും.

വൈകുന്നേരം 4.30 ന് പെരുമാതുറ മുതലപ്പൊഴിയിൽ നിന്നാരംഭിക്കുന്ന മാർച്ച് പാസ്റ്റ് റോഹിത്ത് ഫ്ലാഗ് ഓഫ് ചെയ്യും. 5.30 ന് വെൽഫെയർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സാമൂഹിക സാംസ്‌കാരിക നായകർ അണിനിരക്കും. ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ടാർഗറ്റ് എഫ്.സി പെരുമാൾ ഫൈറ്റേഴ്സിനെ നേരിടും. എല്ലാ മത്സരങ്ങളും ഫ്ലഡ്‌ലിറ്റിലാണ് നടക്കുക. 8 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ ഗോൾഡൻ സ്‌ക്വാഡ് നെക്സസ് യുണൈറ്റഡിനെ നേരിടും. ലാ മാസിയ, മൈറ്റി വാരിയേഴ്സ്, സ്‌കൈ കിംഗ്സ് എഫ്.സി, ജാഗ്വേഴ്സ് എഫ്.സി എന്നിവയാണ് മറ്റ് ടീമുകൾ. മേയ് 25 നാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ കലാശപ്പോരാട്ടം നടക്കുക.

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നും നാളെയും (വ്യാഴം, വെള്ളി) മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ (വെള്ളിയാഴ്ച) രാത്രി 11.30 വരെ 0.8 മുതല്‍ 1.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

സിഎംആര്‍എല്‍- എക്‌സാലോജിക് തട്ടിപ്പില്‍ വീണയ്ക്ക് മുഖ്യപങ്ക്; എസ്എഫ്‌ഐഒ കുറ്റപത്രം

സിഎംആര്‍എല്‍- എക്‌സാലോജിക് തട്ടിപ്പില്‍ വീണയ്ക്ക് മുഖ്യപങ്ക്; എസ്എഫ്‌ഐഒ കുറ്റപത്രം

കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയെന്ന് എസ്എഫ്‌ഐഒ കുറ്റപത്രം. തട്ടിപ്പില്‍ വീണയ്ക്ക് മുഖ്യപങ്കെന്നും എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പ്രതിമാസം അഞ്ച് ലക്ഷം രൂപ വീണയുടെ പേരില്‍ എത്തി. എക്‌സാലോജിക് കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസം എത്തിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.

കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് ഏഴാം നമ്പര്‍ കോടതിയിലാണ് എസ് എഫ് ഐ ഒ കുറ്റപത്രം നല്‍കിയത്. എക്സാലോജിക് കമ്പനി തുടങ്ങിയ ശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നു. പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യവരുമാനം.

എക്‌സാലോജിക് സിഎംആര്‍എല്ലിന് സേവനം നല്‍കിയതിന് തെളിവില്ല. ഇല്ലാത്ത സേവനത്തിന്റെ പേരില്‍ 2.78 കോടി രൂപ സിഎംആര്‍എല്‍ നിന്ന് വീണ കൈപ്പറ്റിയെന്നാണ് എസ് എഫ് ഐ ഒ കണ്ടെത്തല്‍. വീണയും ശശിധരന്‍ കര്‍ത്തയും ചേര്‍ന്ന് ഒത്തുകളിച്ചാണ് ഈ തുക തട്ടിയത്. കേസില്‍ വീണ 11-ാം പ്രതിയാണ്. സിഎംആര്‍എല്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.