by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായി 575 പേര്‍ മലയാളികള്‍ കശ്മീരിലുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച വിവരം പങ്കുവച്ചത്. കശ്മീരിലുള്ള സഹായം ആവശ്യമായവര്‍ക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പരില്‍ നിന്ന് വിവരങ്ങള്‍ നല്‍കുന്നതിനും പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും സൗകര്യം ഒരുക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ സര്‍ക്കാരിന് ലഭിച്ച 49 രജിസ്ട്രേഷനിലൂടെയാണ് 575 പേര്‍ കാശ്മീരില്‍ ഉണ്ടെന്ന വിവരം ലഭിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.
യാത്രാ സഹായം, ചികിത്സാ സഹായം, ആഹാരം എന്നിവ വേണ്ടവര്‍ക്ക് അവ സജ്ജമാക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ എത്തുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുള്ള സജ്ജീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. തുടര്‍ യാത്രക്കായി ടിക്കറ്റ് ബുക്കിങ്ങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും സജ്ജമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
പഹല്‍ഗാം ആക്രമണം മാനവരാശിക്ക് തന്നെ എതിരായ കടന്നാക്രമണമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യയുടെ അഭിമാനമായ, മനോഹരമായ കശ്മീരിന്റെ ജീവിതം ഇനിയും രക്തപങ്കിലമായിക്കൂടാ. വിനോദസഞ്ചാരത്തിനെത്തിയ നിരപരാധികളായ മനുഷ്യരാണ് കൊല്ലപ്പെട്ടത്. ജീവന്‍ നഷ്ടമായവരില്‍ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നുണ്ട്. കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ ഉറ്റവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
മനസ്സാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ഇത്തരം ആക്രമണങ്ങളെയും അവര്‍ക്ക് ഇന്ധനമാകുന്ന വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി നാമോരോരുത്തരും ചെറുക്കേണ്ടതുണ്ട്. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകാം എന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ ആലംകോട് ജംഗ്ഷനിൽ ഭീകര വിരുദ്ധ സദസ്സ് സംഘടിപ്പിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് ജംഗ്ഷനിൽ മെഴുകുതിരികൾ തെളിയിച്ചാണ് ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തത്.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈൽ ആലംകോട് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ് കരവാരം മണ്ഡലം പ്രസിഡന്റ് നിയാസ് കല്ലമ്പലം സ്വാഗതം ആശംസിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ചിക്കു സഞ്ജു, കോൺഗ്രസ് കരവാരം മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നസീർ ആലംകോട്, കെഎസ് യു തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് സഹിൽ, കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറി സാദിക്ക്, കെഎസ് യു നേതാക്കളായ നസീബ് ഷാ, ബിലാൽ,ബാദുഷ, സച്ചു, സിനാൻ എന്നിവർ പങ്കെടുത്തു.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
ഫ്ലാറ്റ്, അപ്പാർട്മെന്റ് ഉടമസ്ഥർക്ക് ഇനി കെട്ടിടസമുച്ചയം സ്ഥിതിചെയ്യുന്ന സ്ഥലത്തെ അവർക്ക് അവകാശപ്പെട്ട ഓഹരി അവരുടെ പേരിലാക്കി പോക്കുവരവ് ചെയ്യാം. ഇതിനു വ്യക്തിപരമായി ഭൂനികുതിയും അടയ്ക്കാം. ഇതിനായി വ്യവസ്ഥകളോടെ റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി.
സംസ്ഥാനത്തെ 2 ലക്ഷത്തോളം വരുന്ന ഫ്ലാറ്റ് ഉടമസ്ഥർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിൽ ഫ്ലാറ്റ് ഉടമയുടെയോ അസോസിയേഷന്റെയോ ഒറ്റതണ്ടപ്പേരിൽ ഭൂനികുതി അടയ്ക്കുന്ന സ്ഥിതിയാണ്. ഫ്ലാറ്റുകൾ പണയപ്പെടുത്തി വായ്പയെടുക്കാനും ജപ്തി നേരിടുന്ന ഫ്ലാറ്റുകൾ വിൽക്കാനും മറ്റുമുള്ള തടസ്സങ്ങൾ ഇതോടെ ഒഴിവാകും. ബാങ്ക് ആവശ്യങ്ങൾക്ക് ഫ്ലാറ്റ് ഉടമസ്ഥന് പ്രത്യേക ഭൂനികുതി രസീത് ഹാജരാക്കാനും സാധിക്കും.
ഫ്ലാറ്റുകൾ കൈമാറ്റം ചെയ്യുമ്പോൾ ഭൂമിയുടെ ഉടമസ്ഥാവകാശം കൂടി ആധാരപ്രകാരം കൈമാറിയാലാണ് പോക്കുവരവ് അനുവദിക്കുക. ഭൂമി കൈമാറ്റം നടന്നിട്ടുണ്ടോ എന്ന് ആധാരം പരിശോധിച്ച് റവന്യു അധികൃതർ ഉറപ്പാക്കും. ഫ്ലാറ്റ് ഉടമയുടെയോ സ്ഥാപനത്തിന്റെയോ നിലവിലുള്ള തണ്ടപ്പേർ സബ് നമ്പർ നൽകിയാകും പോക്കുവരവ്.
ഉദാഹരണത്തിന് 100 എന്ന തണ്ടപ്പേർ ഭൂമിയിൽ നിൽക്കുന്ന അപ്പാർട്മെന്റിലെ ഒരു ഫ്ലാറ്റ് രാജൻ എന്ന വ്യക്തിയും മറ്റൊന്ന് വിജയനും വാങ്ങിയാൽ രാജന് 100/1 എന്ന തണ്ടപ്പേരും വിജയന് 100/2 എന്ന തണ്ടപ്പേരും നൽകണം. മാതൃ തണ്ടപ്പേരിലെ എല്ലാ സർവേ നമ്പറുകളും ഉപ തണ്ടപ്പേരുകളിലും അതേപടി ചേർക്കും. ഓരോ പുതിയ തണ്ടപ്പേരും രൂപീകരിക്കുമ്പോൾ മാതൃ തണ്ടപ്പേരിൽനിന്നു ഭൂമിയുടെ ആനുപാതിക വിസ്തീർണം കുറവു ചെയ്യും. അങ്ങനെ മുഴുവൻ ഭൂമിയും കൈമാറിക്കഴിയുമ്പോൾ ഭൂമി വിസ്തീർണം ശൂന്യമായി മാതൃ തണ്ടപ്പേർ പ്രവർത്തനരഹിതമാകും.
ഭൂമി അവകാശം കൈമാറാത്ത കേസുകളിൽ ഭൂഉടമ നികുതി അടയ്ക്കുന്ന നിലവിലെ രീതി തുടരും. നിലവിലുള്ള ഫ്ലാറ്റ് ഉടമകൾക്ക് ബാക്ക് ലോഗ് എൻട്രി സംവിധാനത്തിലൂടെ അവരുടെ അവിഭക്ത വിഹിതത്തിന് ഭൂനികുതി അടയ്ക്കാൻ സൗകര്യം നൽകും. മറ്റുള്ളവർ ഭാഗികമായോ മുഴുവനായോ അടച്ചിട്ടുണ്ടോ എന്നു പരിഗണിക്കാതെ തന്നെ എല്ലാ താമസക്കാർക്കും അവരുടെ നികുതി അടയ്ക്കാൻ കഴിയുമെന്ന് ഉറപ്പാക്കും. സൂനാമി ബാധിത പുനരധിവാസ ഫ്ലാറ്റുകളിലെ താമസക്കാരെയും ഇപ്രകാരമാകും ഭൂനികുതി അടയ്ക്കാൻ അനുവദിക്കുക.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വ്ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്സോ കേസ്. പതിനഞ്ചുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതി പ്രകാരം കോവളം പൊലീസിന്റേതാണ് നടപടി.
മോഡലിംഗിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കോവളത്ത് എത്തിച്ച് സമ്മതമില്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു. കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നു.സാമൂഹിക മാധ്യമങ്ങള്‍ വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചെന്ന സംഭവത്തില്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലും നേരത്തെ മുകേഷ് പ്രതിയായിരുന്നു. കൊല്ലത്ത് ഉദ്ഘാടനം ചെയ്ത ബാറിലെ വീഡിയോ പങ്കുവച്ചതിന് ഉള്‍പ്പെടെയായിരുന്നു കേസുകള്‍. കൊട്ടാരക്കരയിലും തിരുവനന്തപുരത്തുമായിരുന്നു കേസുകള്‍.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് അമ്പലമുക്ക് വിനീത കൊലക്കേസില്‍ തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. പ്രതി മുമ്പ് മൂന്ന് മൂന്നു കൊലപാതകം നടത്തിയ ആളാണെന്നും, പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ച് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു കൊലപാതകം. കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പ്രസൂണ്‍ മോഹന്‍ കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ- ശാസ്ത്രീയ തെളിവുകള്‍ പ്രകാരമായിരുന്നു അന്വേഷണം.
118 സാക്ഷികളില്‍ 96 പേരെ വിസ്തരിച്ചു. പ്രതിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവുകള്‍ ഏഴ് യുഎസ്ബികള്‍ എന്നിവ ഹാജരാക്കി. ഇതുകൂടാതെ 222 രേഖകളും കോടതിയില്‍ പരിശോധിച്ചിരുന്നു. പ്രതിയായ രാജേന്ദ്രൻ നേരത്തെ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ വളര്‍ത്തുമകളായ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുമ്പോഴായിരുന്നു നാലര പവന്റെ സ്വർണമാല മോഷ്ടിക്കാനായി വിനീതയെ കൊലപ്പെടുത്തുന്നത്.
by Midhun HP News | Apr 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് നിർദേശം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും.
ഒരോ ഗുണഭോക്താവിനും 3200 രൂപവീതം ലഭിക്കും. കേന്ദ്ര നയങ്ങൾ മൂലം സംസ്ഥാനം നേരിട്ട രൂക്ഷമായ ധന ഞെരുക്കത്തിന്റെ ഭാഗമായി കുടിശികയായ ക്ഷേമ പെൻഷനിലെ ഒരു ഗഡുവാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. അഞ്ചു ഗഡുക്കളാണ് കുടിശികയായത്. അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. അതിൽ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്‌തു. ബാക്കി മൂന്നു ഗഡുക്കൾ ഈ സാമ്പത്തിക വർഷം നൽകാനാണ് നിശ്ചയിച്ചിട്ടുള്ളത്. അതിൽ ഒരു ഗഡുവാണ് ഇപ്പോൾ അനുവദിക്കുന്നത്. 62 ലക്ഷത്തോളം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്. ഏപ്രിലിലെ പെൻഷൻ വിഷുവിന് മുന്നോടിയായി വിതരണം ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം മാർച്ചു മുതൽ അതാത് മാസംതന്നെ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്.
Recent Comments