എസ്എസ്എൽസി ഫലം: മെയ് ഒൻപതിന്

എസ്എസ്എൽസി ഫലം: മെയ് ഒൻപതിന്

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കാൻ സാധ്യത. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികളേ പൂർ ത്തിയാകാനുള്ളൂവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച ശേഷം അടുത്ത ദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും. മേയ് മൂന്നാം വാരത്തിനുള്ളിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം.

വർക്കലയിൽ സ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വർക്കലയിൽ സ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വർക്കലയിൽ സ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി പഞ്ചായത്തിൽ മുത്താന ചരുവിള വീട്ടിൽ സുശീല (67) യുടെ മൃതദേഹമാണ്, ഇവരുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറിനുള്ളിൽ നിന്ന് കണ്ടെത്തിയത്. വർക്കല ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്ക് എടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് കിണറ്റിൽ വീണതെന്ന് പോലീസ് അന്വേഷണം നടക്കുന്നു.

ശക്തമായ മഴ തുടരും, ഇടിമിന്നലിനും കനത്ത കാറ്റിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

ശക്തമായ മഴ തുടരും, ഇടിമിന്നലിനും കനത്ത കാറ്റിനും സാധ്യത; കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്നലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ഇടിമിന്നലോടുകൂടിയ മഴയാണ് സംസ്ഥാനത്ത് നിലവില്‍ ലഭിക്കുന്നത്. അതേസമയം പകല്‍ താപനില ഉയരാന്‍ സാധ്യതയുള്ള വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കള്ളക്കടല്‍ മുന്നറിയിപ്പ്

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഏപ്രില്‍ 25 (നാളെ ) രാത്രി 11.30 വരെ 0.8 മുതല്‍ 1.7 മീറ്റര്‍ വരെയും, കന്യാകുമാരി തീരത്ത് 25/04/2025 രാത്രി 11.30 വരെ 0.8 മുതല്‍ 1.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

എസ്എസ്എല്‍സിയില്‍ എഴുത്തുപരീക്ഷയില്‍ 10 ശതമാനം മാര്‍ക്ക് നേടുന്നവരും ജയിക്കുന്ന സ്ഥിതി മാറും

എസ്എസ്എല്‍സിയില്‍ എഴുത്തുപരീക്ഷയില്‍ 10 ശതമാനം മാര്‍ക്ക് നേടുന്നവരും ജയിക്കുന്ന സ്ഥിതി മാറും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 2025-26 മുതല്‍ 5,6,7 ക്ലാസുകളിലും മിനിമം മാര്‍ക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ എട്ടാം ക്ലാസില്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. എട്ടാം ക്ലാസ്സില്‍ വിജയകരമായി സബ്ജക്ട് മിനിമവും തുടര്‍ക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വാര്‍ഷിക എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാനാകാത്തവര്‍ക്കു പുനഃപരീക്ഷ നടത്തും. 30 ശതമാനം മാര്‍ക്ക് നേടാത്തവര്‍ക്കും ഒന്‍പതാം ക്ലാസ് വരെ സ്ഥാനക്കയറ്റം തടയില്ല. എട്ടാം ക്ലാസില്‍ നടപ്പാക്കിയ അതേ രീതിയില്‍ അവധിക്കാലത്തു സ്‌പെഷല്‍ ക്ലാസുകളിലൂടെ പഠനപിന്തുണ നല്‍കി വീണ്ടും പരീക്ഷ എഴുതിക്കും. 30 ശതമാനം മാര്‍ക്കില്ലാത്ത വിഷയത്തില്‍ മാത്രമാകും പുനഃപരീക്ഷ. എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ സ്‌കൂളുകളില്‍ ഇത്തരത്തില്‍ ക്ലാസ് നടക്കുകയാണ്. ഈ മാസം 25 മുതല്‍ 28 വരെയാണു പുനഃപരീക്ഷയെന്നും മന്ത്രി പറഞ്ഞു.

2026-27 മുതല്‍ എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങളിലും എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടിയാല്‍ മാത്രമേ ഉപരിപഠന യോഗ്യത ലഭിക്കൂ. തുടര്‍മൂല്യനിര്‍ണയത്തിന്റെ പേരില്‍ കിട്ടുന്ന 20 ശതമാനം മാര്‍ക്കിനുപുറമേ എഴുത്തുപരീക്ഷയില്‍ 10 ശതമാനം മാര്‍ക്ക് മാത്രം നേടുന്നവരും ജയിക്കുന്ന നിലവിലെ രീതിക്ക് ഇതോടെ അവസാനമാകും. പത്താം ക്ലാസില്‍ മോഡല്‍ പരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് നേടാനാകാത്തവര്‍ക്കായി എസ്എസ്എല്‍സി പരീക്ഷയ്ക്കു മുന്‍പ് സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി; വീണ്ടെടുത്തത് തോട്ടില്‍ നിന്ന്

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം: നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി; വീണ്ടെടുത്തത് തോട്ടില്‍ നിന്ന്

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ നിര്‍ണായക തെളിവെന്ന് കരുതുന്ന ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി.പ്രതിയെ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍, വീടിന് പിന്നിലുള്ള തോട്ടില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്. ഹാര്‍ഡ് ഡിസ്‌ക് തോട്ടില്‍ ഉപേക്ഷിച്ചതായി പ്രതി അമിത് ഉറാങ് പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെ വൈദ്യപരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു

കൊലപാതകക്കേസിലെ പ്രതി അമിത് ഉറാങ് എന്ന അസം സ്വദേശിയെ തൃശൂര്‍ മാളയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഝാര്‍ഖണ്ഡ് സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാളുണ്ടായിരുന്നത്. പത്തിലധികം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ മാറ്റി മാറ്റി ഉപയോഗിക്കുകയായിരുന്നു ഇയാള്‍. കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈല്‍ ഫോണ്‍ ഇയാള്‍ അപഹരിച്ചിട്ടുണ്ടായിരുന്നു. അതില്‍ ഒരു ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ഉപയോഗത്തിലുള്ള ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. രാത്രി 12.30യ്ക്കാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.

കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയുമാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന് പുറമേ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.

വന്‍ ഡിമാന്‍ഡ്, വിഷു ബമ്പറിന് വില്‍പന 23 ലക്ഷം; മുന്നില്‍ പാലക്കാട്

വന്‍ ഡിമാന്‍ഡ്, വിഷു ബമ്പറിന് വില്‍പന 23 ലക്ഷം; മുന്നില്‍ പാലക്കാട്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ഭാഗ്യക്കുറിക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡ്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ 12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന വിഷു ബമ്പറിന്റെ വില്‍പന ഇരുപത്തി രണ്ട് ലക്ഷം പിന്നിട്ടു.

ഏപ്രില്‍ രണ്ടിനാണ് വിഷു ബമ്പര്‍ വില്‍പനക്കെത്തിയത്. വിപണിയില്‍ എത്തിയ 24 ലക്ഷം ടിക്കറ്റുകളില്‍ 22,70,700 ടിക്കറ്റുകള്‍ ഏപ്രില്‍ -23 വൈകീട്ട് നാലു മണിക്കുള്ളില്‍ വിറ്റു പോയി. 4,87,060 ടിക്കറ്റുകള്‍ വിറ്റ പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നില്‍. തിരുവനന്തപുരം (2,63,350), തൃശൂര്‍ (2,46,290) എന്നീ ജില്ലകള്‍ പിന്നിലായുണ്ട്.

12 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറു പരമ്പരകള്‍ക്കും നല്‍കുന്നത് ഇത്തവണത്തെ വിഷു ബമ്പറിന്റെ പ്രത്യേകതയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം ആറു പരമ്പരകള്‍ക്കും നല്‍കുന്നുണ്ട്. കൂടാതെ 5000 ല്‍ തുടങ്ങി ടിക്കറ്റു വിലയായ 300 രൂപ വരെ സമ്മാന പട്ടികയിലുണ്ട്. വിഷു ബമ്പര്‍ (ആഞ 103) മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുക്കുന്നത്.