കൂന്തള്ളൂർ ഗവ:എൽ.പി.എസ്സിൽ ‘വർണക്കൂടാരം’ പ്രോജക്ട്  നിർമാണോദ്ഘാടനം ചെയ്തു

കൂന്തള്ളൂർ ഗവ:എൽ.പി.എസ്സിൽ ‘വർണക്കൂടാരം’ പ്രോജക്ട് നിർമാണോദ്ഘാടനം ചെയ്തു

ചിറയിൻകീഴ്: കൂന്തള്ളൂർ ഗവ: എൽ.പി.എസ്സിൽ ‘വർണക്കൂടാരം’ പ്രോജക്ട് നിർമാണോദ്ഘാടനം ചിറയിൻകീഴ് എം.എൽ.എ വി.ശശി നിർവഹിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അധ്യക്ഷത വഹിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം കവിത സന്തോഷ്, കിഴുവിലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ സുലഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ വിനീത, വാർഡ് മെമ്പർ ആർ.മനോന്മണി, ആറ്റിങ്ങൽ ബി.പി.സി വിനു.സി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് കുമാരി ഷീല സ്വാഗതവും, പി.ടി.എ പ്രസിഡന്റ് ടോമി നന്ദിയും പറഞ്ഞു.

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ, വേനലവധി ക്യാമ്പിന്റെ സമാപനയോഗം നടന്നു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ, വേനലവധി ക്യാമ്പിന്റെ സമാപനയോഗം നടന്നു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ ഏപ്രിൽ15 മുതൽ 20 വരെ നടന്ന വേനലവധി ക്യാമ്പിന്റെ സമാപനയോഗം ചിറയിൻകീഴ് എം എൽ എ വിശശി ഉദ്ഘാടനം ചെയ്തു. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രന്ഥശാല പ്രസിഡന്റ്‌ കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഷൈനി, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബി രമാഭായി അമ്മ, ഹരിത കേരളമിഷൻ ബ്ലോക്ക് കോർഡിനേറ്റർ ലില്ലി, കെ.രവികുമാർ, എസ് രാജശേഖരൻ, രാജിമോൾ, രേവതി, സിജി ഇന്ദുശ്രീ,ഷാനി ഫാ ബീവി തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ആറു ദിവസം നീണ്ടുനിന്ന “വാക്കും വരയും” കുട്ടികളുടെ കൂടായ്മയിൽ ചിത്രരചന, വായന, എഴുത്ത്, സംഗീതം, അഭിനയം, നാടൻ പാട്ട്, ലഹരിക്കെതിരെ ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്തർ ക്ലാസ് എടുത്തു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി പരിസര മാലിന്യനിർമ്മാർജ്ജനയജ്ഞത്തിന്റെ ഉദ്ഘാടനം സമാപന യോഗത്തിൽ എം എൽ എ നിർവ്വഹിച്ചു. ചടങ്ങിൽ ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കയും, എം എൽ എ ഫണ്ടിൽ നിന്നും ഗ്രന്ഥശാലക്ക് അനുവദിച്ച പതിനായിരം രൂപയുടെ പുസ്തകങ്ങൾ ഗ്രന്ഥശാല ഭാരവാഹികൾക്ക് കൈമാറുകയും ചെയ്തു.

മുളവന ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി

മുളവന ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി

കഴിഞ്ഞ ആഴ്ച പെയ്ത ചെറു വേനൽ മഴയിൽ പോലും മരപ്പാലം മുളവന ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറി താമസക്കാർ ദുരിതം അനുഭവിക്കുന്ന കാഴ്ച നേരിട്ടു കണ്ടതാണ്. പട്ടം തോടിന്റെ രണ്ടു വശങ്ങളിൽ ഒരിടത്തു മാത്രം സംരക്ഷണ ഭിത്തി കെട്ടിയതു കാരണമാണ് മുളവന ബണ്ട് കോളനിക്കാർക്ക് ഇരട്ടി ദുരിതം അനുഭവിക്കേണ്ടി വരുന്നത്. കാലവർഷത്തിന് മുൻപ് ഇവരുടെ ദുരിതത്തിന് പരിഹാരമാകുമോ എന്നാണ് ഇനി അറിയേണ്ടത്.4.83 കോടി രൂപ ചെലവഴിച്ചാണ് പട്ടം തോടിന്റെ നവീകരണ പ്രവൃത്തികൾ നടത്തുന്നത്. മുളവന പാലം വരെ മണ്ണിടിച്ചിൽ സാധ്യതയുള്ള തോടിന്റെ രണ്ടു വശത്തും സംരക്ഷണ ഭിത്തി കെട്ടുകയും ബലക്ഷയമുള്ള സംരക്ഷണ ഭിത്തികൾ ബലപ്പെടുത്തുകയും ചെയ്തു. എന്നാൽ പാലത്തിന് ഇപ്പുറം തോട് രണ്ടു വാർഡുകളുടെ പരിധിയിലാണ്. വലതു വശത്ത് പട്ടം വാർഡും ഇടതു വശത്ത് കുന്നുകുഴി വാർഡും. പട്ടം വാർഡിന്റെ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമാണം പുരോഗമിക്കുകയാണ്. ഇതാണ് മറുവശത്തുള്ള മുളവന കോളനിയെ വെള്ളപ്പൊക്ക ഭീതിയിലാഴ്ത്തുന്നത്.

കഴിഞ്ഞ ആഴ്ച പെയ്ത മഴയിൽ കോളനിയിലെ മിക്ക വീടുകളിലും വെള്ളം കയറി. മഴ പെട്ടെന്ന് തോർന്നതിനാൽ കാര്യമായ നാശനഷ്ടമുണ്ടായില്ലെന്ന് താമസക്കാർ പറഞ്ഞു. ജൂണിൽ കാലവർഷം വരാനിരിക്കെ, എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണിവർ.

കുടപ്പനക്കുന്ന്, ചെട്ടിവിളാകം, കിണവൂർ, മുട്ടട, കേശവദാസപുരം, നന്തൻകോട്, പട്ടം, കുന്നുകുഴി, കണ്ണമ്മൂല എന്നീ വാർഡുകളിലൂടെ ഒഴുകി ആമയിഴഞ്ചാൻ തോട്ടിലാണ് പട്ടം തോട് സംഗമിക്കുന്നത്. തോട്ടിൽ അടിഞ്ഞു കൂടിയിരിക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്യുക, ആവശ്യമായ ഇടങ്ങളിൽ സംരക്ഷണ ഭിത്തി നിർമിക്കുക, നിലവിലുള്ള സംരക്ഷണ ഭിത്തിക്ക് ഉയരം കൂട്ടുക, കോൺക്രീറ്റ് ലൈനിങ് നൽകുക, തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിന് വേലി സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികളാണ് തോട് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നവീകരണ ചുമതല.

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേരളത്തിന്റെ അമ്പതാമത് ചീഫ് സെക്രട്ടറിയായി എ ജയതിലകിനെ തെരഞ്ഞെടുത്തു. ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കാനിരിക്കെ, ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

നിലവില്‍ ധനകാര്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ജയതിലക്. 2026 ജൂണ്‍ വരെ ജയതിലകിന് ഈ സ്ഥാനത്ത് തുടരാന്‍ സാധിക്കും. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകളാണ് ഉയര്‍ന്നുവന്നത്. പുതിയ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് കേരള കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഡല്‍ഹിയില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുമുളള മനോജ് ജോഷിയെയാണ് നിര്‍ദ്ദേശിച്ചത്. അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കാതെ വന്നതോടെയാണ് ജയതിലകിനെ തെരഞ്ഞെടുത്തത്.

1991 ബാച്ച് ഉദ്യോഗസ്ഥനാണ് എ ജയതിലക്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മില്‍ നിന്ന് പിജി സര്‍ട്ടിഫിക്കറ്റ് കോഴ്സും പൂര്‍ത്തിയാക്കി. മാനന്തവാടി സബ് കളക്ടറായാണ് സിവില്‍ സര്‍വീസ് കരിയര്‍ തുടങ്ങിയത്. കൊല്ലത്തും കോഴിക്കോടും ജില്ലാ കളക്ടറായ ജയതിലക് കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുമായി. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോള്‍ സ്പൈസസ് ബോര്‍ഡിന്റെയും മറൈന്‍ എക്സ്പോര്‍ട്ട് ബോര്‍ഡിന്റെയും ചുമതല വഹിച്ചു. സംസ്ഥാനത്തെ ഐഎഎസ് പോരില്‍ എന്‍ പ്രശാന്ത് പരസ്യമായി പോര്‍മുഖം തുറന്നത് എ ജയതിലകുമായിട്ടാണ്.

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: സിപിഐ ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ സമ്മേളനം 2025 ഏപ്രിൽ 25 26 തീയതികളിൽ കരിച്ചിയിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എസ്കെയ്സ് വെൽനസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ ജീവിതശൈലി രോഗ നിർണയമാണ് പ്രധാനമായും നടന്നത് .

നൂറുകണക്കിന് പേർ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി രോഗനിർണയം നടത്തി. മഹാദേവ തമ്പോല കലാസമിതി ഓഫീസിൽ സംഘടിപ്പിച്ച ക്യാമ്പിൽ സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അവനവഞ്ചേരി രാജു എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എസ് ആന്റസ്, ലോക്കൽ കമ്മറ്റി സെക്രട്ടറി എല്‍ നസീർ ബാബു, ബ്രാഞ്ച് സെക്രട്ടറി ജഗൻ ജെ, അസിസ്റ്റന്റ് സെക്രട്ടറി വിഷ്ണു വേണു കുമാർ, പ്രതീഷ് എന്നിവർ നേതൃത്വം കൊടുത്തു

ചിറയിൻകീഴ് എം ഡി എം എ യുമായി ഒരാൾ പിടിയിൽ

ചിറയിൻകീഴ് എം ഡി എം എ യുമായി ഒരാൾ പിടിയിൽ

മാരക മയക്ക് മരുന്നായ എം ഡി എം എ യുമായി ഒരാളെ റൂറൽ ഡാൻസാഫ് സംഘവും ചിറയിൻകീഴ് പോലീസും ചേർന്ന് പിടികൂടി. ശാർക്കര പുളുന്തുരുത്തി പുതുവൽ വീട്ടിൽ സുശാന്ത് (വയസ്സ് 34) ആണ് പിടിയിലായത്. ഇയാളിൽ നിന്നും നാല് ഗ്രാമോളം എം ഡി എം എ കണ്ടെടുത്തു. ഇയാളുടെ താമസ സ്ഥലത്തിന് സമീപ പ്രദേശത്ത് പ്രവർത്തിക്കുന്ന കൊളേജിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് ഇയാൾ ലഹരി വ്യാപാരം നടത്തി വന്നിരുന്നത്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി കെ എസ്സ് സുദർശനൻ ഐ പി എസ്സിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ ഡാൻസാഫ് സംഘത്തിന്റ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു.

ലഹരി വ്യാപനത്തിന് എതിരെ സംസ്ഥാന പോലീസ് തുടർന്ന് വരുന്ന ഡി ഹണ്ടിന്റെ ഭാഗമായി ശക്തമായ നടപടികൾ ആണ് ലഹരി സംഘങ്ങൾക്ക് എതിരെ നടപ്പിലാക്കി വരുന്നത്.

നർക്കോട്ടിക്ക് ഡി വൈ എസ്സ് പി കെ. പ്രദീപ്, ആറ്റിങ്ങൽ ഡി വൈ എസ്സ് പി മഞ്ജു ലാൽ എന്നിവരുടെ നിർദ്ദേശ പ്രകാരം ചിറയികീഴ് പോലീസ് ഇൻസ്‌പെക്ടർ വി എസ്സ് വിനീഷ് സബ്ബ് ഇൻസ്‌പെക്ടർ മനു ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർമാരായ എഫ്. ഫയാസ്സ്, ബി ദിലീപ്, എ എസ്സ് ഐ രാജീവൻ സി പി ഒ മാരായ സുനിൽരാജ്,റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇയാളെ അറസ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജറാക്കിയ ഇയാളെ റിമാന്റ് ചെയ്തു.