by Midhun HP News | Apr 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകൽ ബൈക്ക് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ് (24), അഖിൽ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്‌ക്ക് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന കഠിനംകുളം സ്വദേശി ഷാരൂഖ് ഖാന്‍റെ ബൈക്ക് മോഷണം പോയത്.
പിന്നാലെ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. സി സി ടി വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലം ഭാഗത്തേയ്ക്കാണ് ബൈക്ക് കൊണ്ടുപോയതെന്ന് കണ്ടെത്തി. തുടർന്ന് കൊല്ലത്തുള്ള ബൈക്ക് മോഷ്ടാക്കളെ നിരീക്ഷിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നമ്പർ മാറ്റി ബൈക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവർ വാഹന മോഷണം, ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
by Midhun HP News | Apr 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവേചനങ്ങളും അടിച്ചമര്‍ത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാര്‍ഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആര്‍ അംബേദ്കറിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിവ്യവസ്ഥ തീര്‍ത്ത അനാചാരങ്ങള്‍ക്കും ഉച്ചനീച്ചത്വങ്ങള്‍ക്കുമെതിരെ അധഃകൃത ജനവിഭാഗങ്ങളെ അണിനിരത്തിയ അംബേദ്കറിന്റെ സമരവീര്യം ഏവര്‍ക്കും പ്രചോദനമേകുന്നതാണെന്നും അംബേദ്കര്‍ ജയന്തി ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തിയും ഫെഡറലിസത്തെ കാറ്റില്‍പ്പറത്തിയും മുന്നോട്ടുപോവുകയാണ് രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍. ഇന്ത്യയുടെ മതനിരപേക്ഷ മനഃസാക്ഷിയെ അപകടത്തിലാക്കിക്കൊണ്ട് വര്‍ഗീയാതിക്രമങ്ങളും നാടുനീളെ അഴിച്ചുവിടുന്നു. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ വാദികള്‍ ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തേണ്ടതുണ്ട്. ഈ അംബേദ്കര്‍ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങള്‍ക്ക് കരുത്തേകട്ടെ.’- പിണറായി വിജയന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
അന്‍വറിനെ ഒപ്പം നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടും; നിലമ്പൂരില്‍ യുഡിഎഫ് വിജയം ഉറപ്പ്; രമേശ് ചെന്നിത്തല
കുറിപ്പ്:
വിവേചനങ്ങളും അടിച്ചമര്‍ത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാര്‍ഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആര്‍ അംബേദ്കറിന്റേത്. ജാതിവ്യവസ്ഥ തീര്‍ത്ത അനാചാരങ്ങള്‍ക്കും ഉച്ചനീച്ചത്വങ്ങള്‍ക്കുമെതിരെ അധഃകൃത ജനവിഭാഗങ്ങളെ അണിനിരത്തിയ അംബേദ്കറിന്റെ സമരവീര്യം ഏവര്‍ക്കും പ്രചോദനമേകുന്നതാണ്. സാമൂഹിക നീതിയിലും തുല്യ പരിരക്ഷയിലുമൂന്നുന്ന നമ്മുടെ ഭരണഘടനക്ക് രൂപം കൊടുക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി.
ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിത്. എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തിയും ഫെഡറലിസത്തെ കാറ്റില്‍പ്പറത്തിയും മുന്നോട്ടുപോവുകയാണ് രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍. ഇന്ത്യയുടെ മതനിരപേക്ഷ മനഃസാക്ഷിയെ അപകടത്തിലാക്കിക്കൊണ്ട് വര്‍ഗീയാതിക്രമങ്ങളും നാടുനീളെ അഴിച്ചുവിടുന്നു. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ വാദികള്‍ ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തേണ്ടതുണ്ട്. ഈ അംബേദ്കര്‍ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങള്‍ക്ക് കരുത്തേകട്ടെ.
by Midhun HP News | Apr 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാലത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി, കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം (BESS) അടുത്ത വേനല്‍ക്കാലത്തിന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചേക്കും. കാസര്‍കോട് ജില്ലയിലെ മൈലാട്ടിയിലാണ് ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നത്. പദ്ധതിക്കായുള്ള ധാരണാപത്രം (MoU) തിരുവനന്തപുരത്ത് കെഎസ് ഇബിയും സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (SECI) തമ്മില്‍ ഒപ്പുവച്ചു.
പദ്ധതി പൂര്‍ത്തികരിക്കാന്‍ 18 മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും, ഒമ്പതു മാസം മുമ്പേ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പദ്ധതി നേരത്തെ പൂര്‍ത്തികരിക്കല്‍ ഇന്‍സെന്റീവായി പ്രഖ്യാപിച്ച 8.40 കോടിയുടെ ഫണ്ടാണ്, പ്രോജക്ടിന്റെ അതിവേഗത്തിലുള്ള പൂര്‍ത്തിയാകലിന് സഹായകമായത്.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, അടുത്ത വേനല്‍ക്കാലത്തിന് മുമ്പ് പീക്ക് അവര്‍ വൈദ്യുതി ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാന്‍ സഹായകമാകും. മൈലാട്ടി പബ്ലിക് െ്രെപവറ്റ് പാര്‍ട്ണര്‍ഷിപ്പ് (പിപിപി) പദ്ധതിക്ക് നേരത്തെ കേന്ദ്രത്തില്‍ നിന്ന് 135 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിന് അനുമതി ലഭിച്ചിരുന്നു.
ഇതുകൂടാതെ, നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് 125 മെഗാവാട്ട് / 500 മെഗാവാട്ട് മണിക്കൂര്‍ ശേഷിയുള്ള മറ്റൊരു BESS കൂടി സ്ഥാപിക്കുന്നുണ്ട്. തുടര്‍ന്ന് ശ്രീകണ്ഠപുരം (40 മെഗാവാട്ട്), പോത്തന്‍കോട് (40 മെഗാവാട്ട്), അരീക്കോട് (30 മെഗാവാട്ട്), മുള്ളേരിയ (15 മെഗാവാട്ട്) എന്നിവിടങ്ങളിലായി ആകെ 125 മെഗാവാട്ട് ശേഷിയുള്ള നാല് പദ്ധതികള്‍ ആരംഭിക്കും.
by Midhun HP News | Apr 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പി വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് ഡിജിപിയുടെ ശുപാര്‍ശ. വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്റെ മൊഴി. അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി. വിജയന്‍ നല്‍കിയ പരാതിയിലാണ് ഡിജിപി നിലപാട് അറിയിച്ചിരിക്കുന്നത്. ഗുരുതരമായ ക്രിമിനല്‍ കുറ്റത്തില്‍ തെറ്റായ മൊഴി നല്‍കിയെന്നും തെറ്റായ മൊഴി ഒപ്പിട്ടും നല്‍കിയെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും ഡിജിപി വ്യക്തമാക്കി.
കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു അജിത് കുമാര്‍ ഡിജിപിക്ക് നല്‍കിയ മൊഴി. എന്നാല്‍ സുജിത് ദാസ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പി വിജയന്‍ നിയമനടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
അതേസമയം, ഡിജിപിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ എഡിജിപി എംആര്‍ അജിത്കുമാര്‍ നല്‍കിയ മൊഴിക്കെതിരേയാണ് എഡിജിപി പി വിജയന്‍ പരാതി നല്‍കിയിരുന്നത്. മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും പോലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ വിജയന്‍ ആവശ്യപ്പെട്ടു. കത്തില്‍ സര്‍ക്കാര്‍ അഭിപ്രായം ഡിജിപിയോട് ചോദിക്കുകയും തുടര്‍ന്നാണ് അജിത് കുമാറിനെതിരെ നടപടിയെടുക്കാമെന്ന് അറിയിക്കുകയും ചെയ്തത്.
by Midhun HP News | Apr 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന്( തിങ്കളാഴ്ച) രാത്രി 11.30 വരെ 0.4 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇതുമൂലം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കള്ളക്കടല്‍ ജാഗ്രതാനിര്‍ദേശം:
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
പീക്ക് അവര്‍ പ്രതിസന്ധിക്ക് പരിഹാരം?; കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം അടുത്ത വേനല്‍ക്കാലത്തോടെ
ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം:
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
by Midhun HP News | Apr 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് രാത്രി അഞ്ച് ജില്ലകളിൽ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Recent Comments