കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍ 29 വരെ; രണ്ടുമണിക്കൂര്‍ മുന്‍പ് ഹാജരാകണം

കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍ 29 വരെ; രണ്ടുമണിക്കൂര്‍ മുന്‍പ് ഹാജരാകണം

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സിലേക്കുള്ള (keam 2025) കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 23 മുതല്‍ 29 വരെയാണ് കീം പരീക്ഷ നടക്കുക. ഇതിനുള്ള സമയക്രമവും മറ്റു വിവരങ്ങളും പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചു.

ഏപ്രില്‍ 23നും 25 മുതല്‍ 28 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ എന്‍ജിനീയറിങ് പരീക്ഷയും 24 ന് 11.30 മുതല്‍ 1 വരെയും 3.30 മുതല്‍ 5 വരെയും 29 ന് 3.30 മുതല്‍ 5 വരെയും ഫാര്‍മസി പരീക്ഷയും നടക്കും. എന്‍ജിനീയറിങ് പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് 2 മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് : www.cee.kerala.gov.in, ഹെല്‍പ് ലൈന്‍ : 0471 2525300

ത്രീസ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാം, അറിയാം കേരളത്തിന്റെ പുതിയ മദ്യനയം

ത്രീസ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാം, അറിയാം കേരളത്തിന്റെ പുതിയ മദ്യനയം

തിരുവനന്തപുരം: വിനോദസഞ്ചാരമേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാന്‍ അനുവദിച്ച് പുതിയ മദ്യനയം. ഇവിടെ കള്ളു വ്യവസായ വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടോഡി പാര്‍ലര്‍ തുടങ്ങാം. സംസ്ഥാന ടൂറിസം വകുപ്പാണു റെസ്റ്റോറന്റുകള്‍ക്കു ക്ലാസിഫിക്കേഷന്‍ നല്‍കുന്നത്. ഇതും വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്ന ഇളവുകളും അടക്കം നിരവധി മാറ്റങ്ങളുമായി 2025-26 സാമ്പത്തിക വര്‍ഷത്തെ മദ്യനയ ഉത്തരവായി.

കേന്ദ്ര ടൂറിസം മന്ത്രാലയം നല്‍കുന്ന ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകള്‍ക്കും പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനും അനുമതി നല്‍കി. ലീറ്ററിനു 2 രൂപ വീതം പെര്‍മിറ്റ് ഫീസ് നല്‍കണം. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും അവരുടെ വളപ്പിലെ തെങ്ങു ചെത്തിയെടുക്കുന്ന കള്ള് അതിഥികള്‍ക്കു വിളമ്പാന്‍ കഴിഞ്ഞ മദ്യനയത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പുറത്തുനിന്നു കള്ളെത്തിച്ചു വിളമ്പാനുള്ള അനുമതിയും നല്‍കിയത്. വിറ്റുപോകാത്ത കള്ളുഷാപ്പുകള്‍ കള്ളു വ്യവസായവികസന ബോര്‍ഡിനോ, കള്ളുഷാപ്പു തൊഴിലാളികളുടെ സഹകരണ സംഘത്തിനോ ഏറ്റെടുത്തു നടത്താവുന്നതാണ്.

മുന്‍വര്‍ഷങ്ങളിലെപോലെ ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയാണ് ഈ വര്‍ഷത്തെ മദ്യനയവുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഘട്ടം ഘട്ടമായുള്ള മദ്യവര്‍ജനമെന്ന നയം തുടരും. മയക്കുമരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നുവെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഒന്നാം തീയതിയും മദ്യം വിളമ്പാം

വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിന് ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിലും പൈതൃക റെസ്റ്റോറന്റുകളിലും ഡ്രൈ ഡേ ഒന്നാം തീയതി മദ്യം നല്‍കുന്നതിന് പ്രത്യേക അനുമതി നല്‍കും. മീറ്റിങ്സ്, ഇന്‍സെന്റീവ്സ്, കോണ്‍ഫറന്‍സ്, എക്സിബിഷന്‍സ്, വിവാഹം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, മറ്റ് സമ്മേളനങ്ങള്‍ എന്നിവയോട് അനുബന്ധിച്ചാണിത്. 50,000 രൂപ ഫീസ് ഈടാക്കി എക്സൈസ് കമീഷണറാണ് അനുമതി നല്‍കുക. ഏഴു ദിവസം മുമ്പ് അപേക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിങ് (ഐആര്‍എസ്) സര്‍ട്ടിഫിക്കറ്റ് ഉള്ളതും കേരള മാരിടൈം ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തതുമായ സ്വകാര്യ യാനങ്ങള്‍ക്ക് വിനോദസഞ്ചാരികള്‍ക്ക് മദ്യം വിളമ്പാന്‍ ലൈസന്‍സ് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍, ജില്ലാതല ജനജാഗ്രത സമിതികള്‍ നിശ്ചിത ഇടവേളകളില്‍ ചേര്‍ന്ന് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവിലയിരുത്തും. തദ്ദേശ സ്ഥാപനതലത്തില്‍ ജനജാഗ്രത സമിതികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.ട്യൂഷന്‍ സെന്ററുകള്‍ കേന്ദ്രീകരിച്ചും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ലഹരി വിരുദ്ധ ക്ലബ്ബുകളിലെ പ്രവര്‍ത്തന മികവ് പരിഗണിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും.സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 25 ശതമാനം തുക വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

ന്യൂനമര്‍ദ്ദം: ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

ന്യൂനമര്‍ദ്ദം: ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും (വെള്ളിയാഴ്ച) ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ മധ്യബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു-വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് പുറമേ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിന് സമീപം അപകടം; മധ്യവയസ്കന് ദാരുണാന്ത്യം

ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിന് സമീപം അപകടം; മധ്യവയസ്കന് ദാരുണാന്ത്യം

കല്ലമ്പലം: ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിന് സമീപം സ്വകാര്യ ബസിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലെ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കഴക്കൂട്ടം കാർത്തിക ബാറിലെ ജീവനക്കാരനായ കുടവൂർ മേൽ തോന്നക്കൽ ഡ്രീം ലാൻഡിൽ ഹജികുമാർ(50)ആണ് മരണപ്പെട്ടത്.

ഇന്ന് (10/04 2025) ഉച്ചയ്ക്ക് 2 മണിയോടെ കെ ടി സി ടി ഹോസ്പിറ്റലിനും തോട്ടയ്ക്കാട് പാലത്തിനുമിടയിൽ ദേശീയപാതയിലാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻതന്നെ ഹജികുമാറിനെ ആംബുലൻസിൽ പാരിപ്പള്ളി ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലമ്പലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച: തിരുവനന്തപുരം, വയനാട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം അടുത്ത 12 മണിക്കൂര്‍ മധ്യബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു-വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

‘5000 രൂപക്ക് വില്‍ക്കാം, എന്നാലും ലാഭം’; ഷൂ വിവാദത്തില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ്

‘5000 രൂപക്ക് വില്‍ക്കാം, എന്നാലും ലാഭം’; ഷൂ വിവാദത്തില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ഷൂ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് പ്രചരിപ്പിച്ചതിന് പിന്നില്‍ സിപിഎം സൈബര്‍ ഹാന്റിലുകളാണ് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

‘ഞാന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണ്. വിദേശത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ട് വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നല്‍കാം, എന്നാലും അത് എനിക്ക് ലാഭമാണ്.’- വി ഡി സതീശന്‍ പ്രതികരിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ‘ക്ലൗഡ് ടില്‍റ്റി’ന്റെ വിലയേറിയ ഷൂസാണ് വിഡി സതീശന്‍ ധരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഈ ബ്രാന്‍ഡ് ഷൂവിന് ഓണ്‍ലൈനില്‍ വില മൂന്ന് ലക്ഷം രൂപയാണ് എന്നും പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി. അടുത്തിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ബാഗുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളോട് ചേര്‍ത്ത് വച്ചായിരുന്നു പല പ്രതികരണങ്ങളും. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.